- Home
- Brands
- K.B. KUTTY
കെ.ബി. കുട്ടി
കോഴിക്കോട് ജില്ലയിലെ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക മേഖലകളില്‍ സജീവമായി പ്രവര്‍ത്തിച്ചുവരുന്ന വ്യക്തിയാണ് കെ.ബി കുട്ടി. പ്രേംനസീര്‍ സാംസ്‌കാരിക വേദിയുടെ പ്രസിഡന്റ്, അരങ്ങില്‍ ശ്രീധരന്‍ സോഷ്യലിസ്റ്റ് പഠനകേന്ദ്രത്തിന്റെ സെക്രട്ടറി, ജനതാദള്‍ (എസ്) ബേപ്പൂര്‍ നിയോജകമണ്ഡലം പ്രസിഡന്റ്, LDF ബേപ്പൂര്‍ നിയോജകമണ്ഡലം കമ്മിറ്റി മെമ്പര്‍, കോഴിക്കോട് താലൂക്ക് വികസനസമിതി മെമ്പര്‍, കോഴിക്കോട് ഖാസി ഫൗണ്ടേഷന്‍ മെമ്പര്‍, ചെറുവണ്ണൂര്‍ വില്ലേജ് വികസന സമിതിയിലെ ഖഉട മെമ്പര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. ബേപ്പൂര്‍ നിയോജകമണ്ഡലം മുന്‍ കര്‍ഷക കോണ്‍ഗ്രസ് പ്രസിഡന്റ്, സഞ്ജയ് യൂത്ത് സെന്റര്‍ പ്രഥമ വൈസ് പ്രസിഡന്റ്, പ്രതിഭ കലാസാംസ്‌കാരിക സമിതിയുടെ പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.
1962 ജൂണ്‍ 15ന് കോഴിക്കോട് ജില്ലയില്‍ (ഫറോക്ക്) ചെറുവണ്ണൂര്‍ വില്ലേജില്‍ കൊളത്തറ പനയത്തട്ട് പ്രദേശത്ത് കളത്തിങ്ങല്‍ മമ്മയിസ ഹാജിയുടെയും പുതിയപുരയില്‍ കുഞ്ഞീബിയുടെയും അഞ്ച് മക്കളില്‍ അഞ്ചാമനായി ജനനം.
ചെറുവണ്ണൂര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1972ല്‍ ചെറുവണ്ണൂര്‍ കോട്ടലാടയില്‍ രൂപീകരിച്ച ബാലസംഘത്തിന്റെ പ്രസിദ്ധീകരണമായ ‘വെളിച്ചം’ കയ്യെഴുത്തുമാസികയില്‍ ചെറുകഥയെഴുതിയാണ് കലാജീവിതത്തിന്റെ അരങ്ങേറ്റം. സ്‌കൂള്‍ കാലയളവില്‍ തന്നെ സാഹിത്യത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ചിരുന്നു. സ്‌കൂള്‍ യുവജനോത്സവങ്ങളില്‍ അവതരിപ്പിക്കുന്നതിനുവേണ്ടി ശവപ്പെട്ടി, സൂക്ഷിച്ചോളൂ കള്ളന്മാരുണ്ട്, പുകഞ്ഞകൊള്ളി പുറത്ത്, അഭിമാനം എന്നീ നാടകങ്ങള്‍ എഴുതി സംവിധാനം ചെയ്തു. ‘അഭിമാനം’ നാടകത്തിന് ജില്ലാ സ്‌കൂള്‍ യുവജനോത്സവത്തില്‍ (1980ല്‍ ചേളന്നൂര്‍ ഗവ.സ്‌കൂള്‍) ഏറ്റവും മികച്ച നാടകരചനയ്ക്കുള്ള പ്രോത്സാഹന സമ്മാനമായി ഗവര്‍ണര്‍ ജ്യോതി വെങ്കിടാചലത്തില്‍ നിന്നും ഒരു ഹീറോപെന്‍ ലഭിച്ചു. കുടുംബാസൂത്രണം (കഥാപ്രസംഗം), ലോട്ടറി ടിക്കറ്റ്, ഒരു മെയ്മാസ പുലരിയില്‍ (ചെറുകഥകള്‍), പാവം ജയന്‍, ഗള്‍ഫുകാരന്‍ കോയ എന്നീ ഓട്ടന്‍തുള്ളലുകളും മഴത്തുള്ളി (കവിത) എന്നിവയും എഴുതി. (മഴത്തുള്ളി ‘സ്ഥിരത’ പത്രത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു.)
ഭാര്യ: നാലകത്ത് സുലൈഖ. മക്കള്‍: സഈദ് (ബി-സണ്‍ ഫുഡ് പ്രൊഡക്ട്), അംജദ് (ന്യൂ ബി-സണ്‍ എന്റര്‍പ്രൈസസ്).