- Home
- Brands
- Krishna Prasad

കര്‍ഷകശ്രീ കൃഷ്ണപ്രസാദ്
കോട്ടയം ജില്ലയില്‍ ചങ്ങനാശ്ശേരി താലൂക്കില്‍ പെരുന്ന നിരണത്ത് വിവേകാനന്ദാലയത്തില്‍ പരേതരായ എന്‍.പി. ഉണ്ണിപ്പിള്ളയുടെയും എം.ജി. ഇന്ദിരാഭായിയുടെയും ഇളയമകനായി ജനനം. പെരുന്ന എന്‍.എസ്.എസ്.സ്‌കൂള്‍, പെരുന്ന എന്‍.എസ്.എസ് കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. എം.ജി. യൂണിവേഴ്‌സിറ്റി കലോത്സവത്തില്‍ രണ്ടുവര്‍ഷം തുടര്‍ച്ചയായി ബെസ്റ്റ് ആക്ടറായിരുന്നു. 1980 കളില്‍ അഭിനയജീവിതവും 2007 മുതല്‍ നെല്‍ കാര്‍ഷികജീവിതവും ആരംഭിച്ചു. കെ.എസ്. സേതുമാധവന്‍ – എം.ടി ടീമിന്റെ വേനല്‍ക്കിനാവുകളില്‍ നായകനായിട്ടാണ് അഭിനയജീവിതത്തിന്റെ തുടക്കം. 200 ഓളം സിനിമകളിലും 300ല്‍ പരം സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. കേരള ചലച്ചിത്ര അക്കാഡമി എക്‌സിക്യുട്ടീവ് അംഗം, കേരള ലളിതകലാ അക്കാഡമി അംഗം, കേന്ദ്ര ഫിലിം സെന്‍സര്‍ബോര്‍ഡ് അംഗം, ടെലികോം അതോറിറ്റി കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. കഴിഞ്ഞ പത്തുവര്‍ഷമായി സെന്‍സര്‍ബോര്‍ഡ് അംഗമായി പ്രവര്‍ത്തിക്കുന്നു. 2000ല്‍ മികച്ച നടനുള്ള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ്, 2010ല്‍ യുവ നെല്‍കര്‍ഷകനുള്ള അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ആലപ്പുഴ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നെല്‍കര്‍ഷക സംരക്ഷണസമിതി, പാലക്കാട്ടെ കര്‍ഷക സംരക്ഷണസമിതി എന്നിവയുടെ രക്ഷാധികാരിയും കൊല്ലത്ത് ചാത്തങ്കരി പാടശേഖരത്തിന്റെ പ്രസിഡന്റും കേരള കര്‍ഷകവേദിയുടെ സംസ്ഥാന ചെയര്‍മാനുമാണ്. ഭാര്യ: രശ്മി. എസ്. നായര്‍. മക്കള്‍: പ്രാര്‍ത്ഥന കൃഷ്ണ, പ്രപഞ്ച കൃഷ്ണ.