മലയാളസാഹിത്യത്തിലെ ഒരു ജനപ്രിയ എഴുത്തുകാരനായിരുന്നു മുട്ടത്തുവര്‍ക്കി. മദ്ധ്യകേരളത്തിലെ സാധാരണക്കാരായ ജനങ്ങളുടെ ജീവിതം അവലംബിച്ച് സാഹിത്യരചന നടത്തിയിരുന്ന മുട്ടത്തു വര്‍ക്കിയാണ് മലയാളസാഹിത്യത്തെ ജനകീയവല്‍ക്കരിച്ചത്. സാഹിത്യ ലോകത്തിലേക്ക് മലയാളികളെ നയിച്ച ആദ്യപടി മുട്ടത്തുവര്‍ക്കിയാണെന്നും മുട്ടത്തു വര്‍ക്കിയെ വായിച്ചതിന് ശേഷമാണ് മലയാളി തകഴിയിലേക്കെത്തിയതെന്നും എന്‍.വി. കൃഷ്ണവാര്യര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ‘മലയാളിക്ക് വായനയുടെ വാതായനങ്ങള്‍ തുറന്നിട്ട അനശ്വരപ്രതിഭയാണ് മുട്ടത്തു വര്‍ക്കി’ എന്ന് കേസരി ബാലകൃഷ്ണപിള്ള അഭിപ്രായപ്പെട്ടിട്ടുണ്ട്.
താനെഴുതുന്നതു മുഴുവന്‍ പൈങ്കിളികളാണെന്ന് തുറന്നു പറയാന്‍ അദ്ദേഹം മടികാണിച്ചില്ല. തുഞ്ചന്‍ പറമ്പിലെ തത്തയുടെ പാരമ്പര്യമാണ് തന്നെ നയിക്കുന്നതെന്നും പൈങ്കിളികള്‍ കെട്ടിപ്പൊക്കിയ സാമ്രാജ്യത്തില്‍ കാലന്‍ കോഴിക്കും മൂങ്ങയ്ക്കും സ്ഥാനമില്ലെന്നും വിളിച്ചുപറയാനും ധൈര്യം കാട്ടിയ എഴുത്തുകാരനായിരുന്നു മുട്ടത്തുവര്‍ക്കി.
മുട്ടത്തുവര്‍ക്കി: ജീവിതരേഖ
ജനനം: 1913 ഏപ്രില്‍ 28 – ചങ്ങനാശേരിക്കടുത്ത് ചെത്തിപ്പുഴ ഗ്രാമത്തില്‍ കല്ലുകളത്തിലായ മുട്ടത്തു ചാക്കോ മത്തായി – അന്നമ്മ ദമ്പതികളുടെ എട്ടു മക്കളില്‍ മൂന്നാമന്‍. വിദ്യാഭ്യാസം: വടക്കേക്കര ഗവ. സ്‌കൂള്‍, ചങ്ങനാശേരി എസ്.ബി. ഹൈസ്‌കൂള്‍, എസ്.ബി. കോളജ്. നിയമപഠനത്തിന് തിരുവനന്തപുരം ലോകോളജില്‍ ചേര്‍ന്നെങ്കിലും പൂര്‍ത്തിയാക്കിയില്ല. കര്‍മകാണ്ഡം: എസ്. ബി. ഹൈസ്‌കൂളില്‍ അധ്യാപകന്‍ • ചങ്ങനാശേരി സെന്റ് ജോസഫ്‌സ് പ്രസില്‍ പ്രൂഫ് റീഡര്‍ മുണ്ട ക്കയം പൊട്ടംകുളം തടിമില്ലില്‍ കണക്കെഴുത്ത് • എം. പി. പോള്‍ ട്യൂട്ടോറിയലില്‍ അധ്യാപകന്‍ • ഒപ്പം ചെറുകഥാമാസികയുടെ പ്രസി ദ്ധീകരണസഹായി • ദീപിക പത്രാധിപസമിതിയംഗം (1948). 1974-ല്‍ വിരമിച്ചു. മരണം: 1989 മെയ് 28 കുടുംബം: തിരുവല്ല കാവുംഭാഗം പീടിയേക്കല്‍ ഔസേഫ് – മറിയാമ്മ മകള്‍ സാറാമ്മ (തങ്കമ്മ) ആറ് ആണും മൂന്നു പെണ്ണുമായി ഒന്‍പതു മക്കള്‍. ഭാര്യ തങ്കമ്മ. മക്കളില്‍ പ്രഫ. ലീലാമ്മ, മാത്യു, രാജന്‍ എന്നിവര്‍ അന്തരിച്ചു.