- Home
- Brands
- Sir Sohan Roy

സര്. സോഹന്‍ റോയ്
പുനലൂര്‍ ഐക്കരക്കോണം ശ്രീവിലാസത്തില്‍ അദ്ധ്യാപക ദമ്പതിമാരായിരുന്ന ശ്രീ. കൃഷ്ണശാസ്ത്രിയുടേയും ശ്രീമതി കസ്തൂരിഭായിയുടെയും മകനായി 1967 മാര്‍ച്ച് 28 ന് ജനനം. കൊച്ചിന് യൂണിവേഴ്സിറ്റിയില്‍ നിന്നു നേവല്‍ ആര്ക്കിടെക്ക്ച്ചറില് ബിരുദം എടുത്തതിനു ശേഷം ഏരിസ് മറൈന്‍ എന്ന പേരില്‍ ഒരു സ്ഥാപനം ആരംഭിക്കുകയും അതിനെ ഇരുപത്തിയൊന്‍പത് രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന എണ്‍പതോളം കമ്പനികള്‍ അടങ്ങുന്ന ഒരു ആഗോള വ്യവസായ സ്ഥാപനമായി വികസിപ്പിക്കുകയും ചെയ്തു.
സമുദ്ര സംബന്ധിയായ വ്യാവസായിക മേഖലയില്‍ ആഗോളതലത്തിലെ മുന്‍നിരക്കാരായി മാറിയ ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ഫൗണ്ടര്‍ ചെയര്‍മാനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമാണ് ഇപ്പോള്‍ അദ്ദേഹം. ലോകം ഉറ്റു നോക്കുന്ന ഫോബ്സ് മാഗസിന്റെ അറബ് ലോകത്തിലെ ഇന്ത്യന്‍ വ്യവസായ പ്രമുഖരുടെ പട്ടികയിലും അദ്ദേഹം ഇടം പിടിച്ചിട്ടുണ്ട്.
ഇന്ന് സാമുദ്രിക വിപണിയില്‍, അഞ്ചു വിഭാഗങ്ങളില്‍ ലോകത്തിലെ ഒന്നാം നമ്പര്‍ സ്ഥാനവും, പത്ത് വിഭാഗങ്ങളില്‍ ഗള്‍ഫ് മേഖലയിലെ ഒന്നാം നമ്പര്‍ സ്ഥാനവും ഏരീസ് ഗ്രൂപ്പിനാണ്.
ഇത് കൂടാതെ, ഭാരതത്തിലെ സിനിമാ മേഖലയെ ഒരു കുടക്കീഴില് ഒന്നിപ്പിച്ച് ഹോളിവുഡ് മാതൃകയില്‍ ‘ഇന്‍ഡിവുഡ്’ എന്ന ബ്രാന്‍ഡിന് കീഴില്‍ അണിനിരത്തുക എന്നതും അദ്ദേഹത്തിന്റെ സ്വപ്നമാണ്.
ഇതിനായി പത്ത് ബില്ല്യണ്‍ അമേരിക്കന്‍ ഡോളര്‍ നിക്ഷേപ മൂല്യമുള്ള ‘പ്രൊജക്റ്റ് ഇന്‍ഡിവുഡ്’ എന്ന ഒരു പദ്ധതിക്കും അദ്ദേഹം തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി, ഇന്ത്യയിലെ ഏറ്റവും വലിയ ത്രീഡി മോഷന്‍ & അനിമേഷന്‍ സ്റ്റുഡിയോ ആയ ഏരീസ് എപ്പിക്ക, ഇന്ത്യയിലെ ഏറ്റവും വലിയ ശബ്ദമിശ്രണ സ്റ്റുഡിയോകളില്‍ ഒന്നായ ഏരീസ് വിസ്മയാസ് മാക്സ്, തിരുവനന്തപുരത്തെ അത്യന്താധുനിക സംവിധാനങ്ങളോട് കൂടിയ ഏരീസ് പ്ലെക്സ് എന്ന മള്‍ട്ടിപ്ലക്സ് തീയറ്റര്‍, പ്രിവ്യൂ തീയേറ്ററുകള്‍ മുതലായവയും അദ്ദേഹം ആരംഭിച്ചു. ദൃശ്യ മേഖലയിലെ സാന്നിധ്യമായി മാറിയ മറൈന്‍ ബിസ് ടിവി, മെഡിബിസ് റ്റി വി, ഇന്‍ഡി വുഡ്റ്റി വി എന്നീ ടെലിവിഷന്‍ ചാനലുകളും ഇന്ന് അദ്ദേഹത്തിന്റെ സ്ഥാപനങ്ങളുടെ ഭാഗമാണ്. അദ്ദേഹം രൂപം നല്കിയ 144 അടി നീളത്തില്‍ 141 തുഴക്കാര്ക്ക് ഇരിക്കാനാകുന്ന ‘ഏരീസ് പുന്നമട ചുണ്ടന്’ ലോകത്തിലെ തന്നെ ഏറ്റവും നീളം കൂടിയ ചുണ്ടന് വള്ളമെന്ന ഗിന്നസ് വേള്‍ഡ് റിക്കോര്‍ഡ് കരസ്ഥമാക്കിയിട്ടുണ്ട്. രണ്ടായിരത്തി അഞ്ഞൂറിലധികം കപ്പലുകളെ പാരിസ്ഥിതിക സൗഹൃദപരമായ രീതിയിലേക്ക് മാറ്റിയെടുക്കാനും അദ്ദേഹത്തിന്റെ സ്ഥാപനമായ ഏരീസ് ഗ്രൂപ്പിന് സാധിച്ചു.
സോഹന്‍ റോയ് സംവിധാനം ചെയ്ത ഹോളിവുഡ് സിനിമയായ ‘ഡാം 999’, മൂന്നു വിഭാഗങ്ങളിലായി അഞ്ച് പുരസ്കാരങ്ങള്‍ക്ക് ഓസ്കാറിന്റെ ചുരുക്കപ്പട്ടികയില്‍ ഇടം നേടിയിരുന്നു. അദ്ദേഹം തന്നെ എഴുതിയ പ്രസ്തുത സിനിമയുടെ തിരക്കഥ, ഓസ്കാര്‍ ലൈബ്രറിയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. പരിസ്ഥിതി സംബന്ധമായ വിവിധ പ്രശ്നങ്ങളെ വിഷയമാക്കിയ അദ്ദേഹത്തിന്റെ ‘ഡാംസ് – ദ ലെത്തല്‍ വാട്ടര്‍ ബോംബ്സ്’ എന്ന ഡോക്യുമെന്ററി, 23 അന്താരാഷ്ട്ര പുരസ്കാരങ്ങള്‍ സ്വന്തമാക്കിയിരുന്നു. 2021 ല്‍ ആലപ്പാട് കരിമണല്‍ ഖനനം പ്രമേയമാക്കി അദ്ദേഹം സംവിധാനം ചെയ്ത ‘ബ്ലാക്ക് സാന്‍ഡ്’ എന്ന മറ്റൊരു ഡോക്യുമെന്ററി, ഇതുവരെ ഏഴുപത്തിയഞ്ചോളം അന്താരാഷ്ട്ര പുരസ്കാരങ്ങളും കരസ്ഥമാക്കി.
അദ്ദേഹം രൂപം നല്കിയ ഏരീസ് മാരിടൈം റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (എ.ഐ.എം.ആര്.ഐ), ഇന്ന് ലോകത്തെ വിദ്യാഭ്യാസവും വ്യവസായ രംഗത്തെ പ്രൊഫഷണല്‍ സാങ്കേതിക വൈദഗ്ദ്ധ്യമുള്ളവരും തമ്മിലുള്ള വിടവ് ഇല്ലാതാക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുന്‍പന്തിയിലാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ആധുനിക വെര്‍ച്വല്‍ സാങ്കേതികവിദ്യയും സമന്വയിപ്പിച്ചുകൊണ്ട് രൂപം നല്കിയ ഇന്‍ഡസ്ട്രിയല്‍ മെറ്റാവേഴ്സ് യൂണിവേഴ്സിറ്റി, പുതുതലമുറ വിദ്യാഭ്യാസത്തെ വിപ്ലവാത്മകമായ രീതിയില്‍ മാറ്റിയെടുത്തിട്ടുണ്ട്.
ട്രൈബല്‍ വിദ്യാര്‍ത്ഥികള്‍ ധാരാളമുള്ള അട്ടപ്പാടിയിലെ അഗളി സര്‍ക്കാര്‍ സ്കൂളില്‍ ഒരു പുതിയ എഡ്യൂക്കേഷണല്‍ ത്രീഡി തിയേറ്റര്‍ സ്ഥാപിച്ചുകൊണ്ട്, ആധുനിക ദൃശ്യ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി പരമ്പരാഗത സ്കൂള്‍ വിദ്യാഭ്യാസ രീതിയെ ക്രിയാത്മകമായി നവീകരിക്കാനുള്ള ഒരു പദ്ധതിയുടെ മാതൃകയും അദ്ദേഹം സൃഷ്ടിച്ചു. നിരവധി സാമൂഹിക പ്രതിബദ്ധതാപദ്ധതികളും ജീവനക്കാരുടെ ക്ഷേമം ലക്ഷ്യമിട്ടുള്ള നിരവധി നയങ്ങളും തന്റെ സ്ഥാപനത്തില്‍ അദ്ദേഹം നടപ്പില്‍ വരുത്തിയിട്ടുണ്ട്.
ജീവനക്കാരുടെ രക്ഷകര്‍ത്താക്കള്‍ക്ക് പെന്ഷന്, അവരുടെ ജോലിയില്ലാത്ത പങ്കാളികള്‍ക്ക് ശമ്പളം, ശിശു സംരക്ഷണ അവധി, പെന്‍ഷനോടുകൂടിയ നേരത്തെയുള്ള വിരമിക്കല്‍ പദ്ധതികള്‍, വനിതാ സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള സാമ്പത്തിക സഹായം, അന്‍പത് ശതമാനം ഓഹരികള്‍ ജീവനക്കാര്‍ക്കായി സംവരണം ചെയ്തിരിക്കുന്നത്, വനിതാ കേന്ദ്രീകൃതമായ ഓഫീസുകള്‍, സ്ത്രീധനം, ലിംഗ വിവേചനം, ജാതി എന്നിവയ്ക്ക് എതിരെയുള്ള ശക്തമായ നയങ്ങള്‍ തുടങ്ങിയവയെല്ലാം മറ്റ് ഏതൊരു സ്ഥാപന മേധാവിയില്‍ നിന്നും അദ്ദേഹത്തെ വേറിട്ടു നിര്‍ത്തുന്ന വസ്തുതകളാണ്.
സമൂഹമാധ്യമങ്ങളില്‍ കഴിഞ്ഞ ഏഴു വര്‍ഷത്തിലേറെയായി, ആനുകാലിക വിഷയങ്ങളെ ആസ്പദമാക്കി ‘അണുകാവ്യം’ എന്ന പേരില്‍ എല്ലാ ദിവസവും മുടങ്ങാതെ അദ്ദേഹം പങ്കുവയ്ക്കാറുള്ള നാലുവരിക്കവിതകള്‍, വേള്‍ഡ് ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടംനേടിയിട്ടുണ്ട്. ആയിരത്തൊന്ന് കവിതകള്‍ ഉള്‍പ്പെടുത്തി ‘അണുമഹാകാവ്യം’ ഉള്‍പ്പെടെ നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചു. രണ്ടായിരത്തി ഇരുപത്തി മൂന്നിലെ മാരിടൈം പേഴ്സണാലിറ്റി എന്ന ബഹുമതി, ഇന്റര്‍ നാഷണല്‍ അക്കാദമി ഓഫ് ടെലിവിഷന്‍ ആര്‍ട്സ് & സയന്‍സ് അംഗം, 2017ലെ പ്രവാസി എക്സ്പ്രസ്സ് നല്കിയ മലയാളി രത്ന പുരസ്കാരം, 2016ലെ നാഷണല്‍ അച്ചീവേഴ്സ് അവാര്‍ഡ്, സരസ്വതി വിദ്യാലയത്തിന്റെ ഇന്‍സ്പയറിംഗ് ഐക്കണ്‍ അവാര്‍ഡ്, ഏറ്റവും നല്ല തൊഴില്‍ ദാതാവിനുള്ള ‘ആചാര്യ ഹസ്തി കരുണ എംപ്ലോയര്‍ അവാര്‍ഡ്, വയലാര്‍ പ്രവാസി സാഹിത്യ പുരസ്കാരം, ജര്‍മ്മന്‍ ഗ്ലോബല്‍ മലയാളി ഫെഡറേഷന് പ്രവാസി പുരസ്കാരം, ഗാന്ധിഭവന് ട്രസ്റ്റിന്റെ സത്യന് നാഷണല്‍ ഫിലിം പുരസ്കാരം, മലയാള പുരസ്കാരം, ലളിതാംബിക അന്തര്‍ജ്ജനം ഫൌണ്ടേഷന് പുരസ്കാരം, ഗോള്‍ഡന്‍ ബുക്ക് പുരസ്കാരം, വാഗ്ദേവതാ പുരസ്കാരം എന്നിങ്ങനെയുള്ള നിരവധി മറ്റു ബഹുമതികളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ‘സര്’ പദവിയായ ഇറ്റലിയിലെ ‘നൈറ്റ്ഹുഡ് ഓഫ് പാര്‍ട്ടെ ഗ്വെല്‍ഫ’ കരസ്ഥമാക്കുന്ന ആദ്യ ഇന്ത്യക്കാരന് കൂടിയാണ് അദ്ദേഹം.
പ്രശസ്ത ഫാഷന്‍ ഡിസൈനറും ഏരീസ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടറും ആയ അഭിനി സോഹന്‍ റോയ് ആണ് ഭാര്യ.
മക്കള്‍: നിവേദ്യ സോഹന്‍, നിര്‍മ്മാല്യ സോഹന്‍. മരുമകന്: ഗില്‍ബെര്‍ട്ടോ.

