Product Filter

കെ.ടി. മുഹമ്മദ്
മലയാള നാടകവേദിക്കും നാടക സാഹിത്യത്തിനും മികച്ച സംഭാവന നല്‍കിയ കെ.ടി.മുഹമ്മദ് നമ്മുടെ സാമ്പ്രദായിക നാടകസങ്കല്പങ്ങളെ തിരുത്തിയെഴുതിയ വ്യക്തിയാണ്. സാഹിത്യത്തിനും രംഗഭാഷയ്ക്കും ഇത്രയേറെ പ്രാധാന്യം നല്‍കിയ വ്യക്തി വേറെയില്ല. 1949ല്‍ ‘ഊരും പേരും’ (വെളിച്ചം വിളക്കന്വേഷിക്കുന്നു) നാടകത്തിലൂടെ രംഗപ്രവേശനം നടത്തിയ കെ.ടി.യുടെ അമ്പതുവര്‍ഷത്തെ കലാപ്രവര്‍ത്തനം, കേരളത്തിന്റെ സാമൂഹ്യ-സാംസ്‌കാരിക-രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ അമ്പതുവര്‍ഷത്തെ ചരിത്രമാണ്. സമുദായ പരിഷ്‌കരണം ഒരു വ്രതമാക്കി മാറ്റിയ വി.ടി.യുടെ പിന്‍ഗാമിയായി വന്ന കെ.ടി. കാലത്തിന്റെ ഉള്‍വിളികേട്ട് നവീനമായൊരു രംഗഭാഷ തയ്യാറാക്കി. മുസ്ലീം സമുദായത്തിലെ അനാചാരങ്ങള്‍ക്കെതിരായുള്ള നാടകങ്ങളിലൂടെ മാനവസമൂഹത്തെ ഒന്നായി കാണുവാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. മനുഷ്യമഹത്വത്തെ ഉയര്‍ത്തിക്കാട്ടുന്നവയാണ് അദ്ദേഹത്തിന്റെ നാടകങ്ങള്‍. പ്രചരണാംശത്തിന്റെ ആധിപത്യം കലാമൂല്യം നഷ്ടപ്പെടുത്തുമെന്ന ധാരണ പാടെ മാറ്റിയത് കെ.ടി.യുടെ ‘ഇത് ഭൂമിയാണ്’, ‘ കാഫര്‍’ തുടങ്ങിയ നാടകങ്ങളാണ്. സോദ്ദേശസൃഷ്ടികള്‍ക്ക് ഉദാത്തമായ കലാസൃഷ്ടിയാകാന്‍ കഴിയുമെന്ന് തെളിയിച്ചത് കെ.ടി. യാണ്.
1929-ല്‍ മഞ്ചേരിയില്‍ (ഏറനാട്) കടത്തിങ്കല്‍ തൊടികയില്‍ വീട്ടിലാണ് കെ.ടി. മുഹമ്മദ് ജനിച്ചത്. പിതാവ്: പോലീസ് കോണ്‍സ്റ്റബിള്‍ കെ. കുഞ്ഞയമ്മു. മാതാവ്: കെ. ഫാത്തിമക്കുട്ടി. വിദ്യാഭ്യാസം എട്ടാം ക്ലാസ്. 1969വരെ തപാല്‍ വകുപ്പില്‍ പാക്കറായും പോസ്റ്റ്മാനായും ക്ലാര്‍ക്കായും മറ്റും ജോലി. 1952-ല്‍ ‘കണ്ണുകള്‍’ എന്ന ചെറുകഥ അന്താരാഷ്ട്ര കഥാമത്സരത്തില്‍ ഒന്നാം സമ്മാനം നേടിയതോടെ സാഹിത്യരംഗത്ത് പ്രശസ്തനായി.
ഇത് ഭൂമിയാണ്, കാഫര്‍, കറവറ്റപശു, തീക്കനല്‍, സൃഷ്ടി, സ്ഥിതി, സംഹാരം, സാക്ഷാത്കാരം, സമന്വയം, സനാതനം, സൂത്രധാരന്‍, നാല്‍ക്കവല, കൈനാട്ടികള്‍, ജീവപര്യന്തം, വെള്ളപ്പൊക്കം തുടങ്ങിയ നാല്പതോളം നാടകങ്ങള്‍ ഇതിനകം രചിച്ചിട്ടുണ്ട്. കടല്‍പ്പാലം, അച്ഛനും ബാപ്പയും, തുറക്കാത്ത വാതില്‍ തുടങ്ങി പതിനഞ്ചോളം ചലച്ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതിയിട്ടുണ്ട്. മാംസപുഷ്പങ്ങള്‍, കാറ്റ് എന്നീ നോവലുകളും ചിരിക്കുന്ന കത്തി, കളിയും കാര്യവും, ശബ്ദങ്ങളുടെ ലോകം എന്നീ കഥാസമാഹാരങ്ങളും കെ.ടി.യുടേതായുണ്ട്. കേരള സംഗീത നാടക അക്കാദമി ചെയര്‍ മാന്‍, കേരള സ്റ്റേറ്റ് ഫിലിം ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചു. മദ്രാസ് സാഹിത്യ അക്കാദമി അവാര്‍ഡ്, പുഷ്പശ്രീ അവാര്‍ഡ്, പി.ജെ. ഫൗണ്ടേഷന്‍ അവാര്‍ഡ്, ലളിതാംബിക അന്തര്‍ജ്ജനം അവാര്‍ഡ്, പാട്യം ഗോപാലന്‍ അവാര്‍ഡ്, പത്മപ്രഭാ പുരസ്‌കാരം, ദുബായ് ആര്‍ട്‌സ് ലവേഴ്‌സ് അസോസിയേഷന്‍ (ദല) പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്.

 

Showing the single result