‘സൂക്ഷിക്കണം. ചുമരുകള്‍ക്ക് പോലും കണ്ണും കാതുമുള്ള കാലമാണ്. നാവുണ്ടായിരുന്നെങ്കില്‍ ആ ചുമരുകള്‍ ഈ മുറിയില്‍ നടന്ന കഥ പറയുമായിരുന്നു.’
നിര്‍ജീവങ്ങളും നിശ്ചലങ്ങളുമായ വസ്തുക്കളെ മുന്‍നിര്‍ത്തി നാം ഇങ്ങനെയൊക്കെ ചിന്തിക്കാറുണ്ടല്ലോ. മരണത്തിനുപോലും ജീവന്‍ നല്‍കി നാം സംവദിക്കുന്നു.
ആ ന്യായങ്ങളിലൂന്നി ‘നാല്‍ക്കവല’യെ ഒരു കഥാപാത്രമാക്കിയിരിക്കുന്നു, ഈ നാടകത്തില്‍.
കവലപ്പാര്‍വതി ഒരു മധ്യവയസ്‌കയാണ്. വിലകുറഞ്ഞ ഒരു കൈലിയും ബ്ലൗസും മേല്‍മുണ്ടുമാണ് വേഷം. അനുഭവങ്ങളാല്‍ മരവിച്ചുപോയ ഒരു മനസ്സിന്റെ ഉടമസ്ഥ. എങ്കിലും സ്‌നേഹവാത്സല്യങ്ങളില്‍ ഉണര്‍ന്നുപോകാവുന്ന നിസ്സഹായ.
മധ്യവയസ്സ് പിന്നിടുന്ന ഗോപാലന്‍ പാവപ്പെട്ടവനാണ്. ജീവിതഭാരം തളര്‍ത്തിയ ശരീരം. മുണ്ടും അയവുള്ള ബനിയനുമാണ് വേഷം. ദുഃഖം സ്ഥായിയായ ഭാവം. മാധവന്‍ കവലച്ചട്ടമ്പിയാണ്. യുവാവാണ്. ഭീരുത്വത്തിന്മേല്‍ അഹങ്കരിക്കുന്ന ചട്ടമ്പിത്തരം.
പാന്റ്‌സും കൈകള്‍ മടക്കിവെച്ച ഫുള്‍ഷര്‍ട്ടുമാണ് ജയദേവന്റെ വേഷം. യുവാവാണ്. ദീര്‍ഘമായ ഒരു യാത്രയുടെ ക്ഷീണഭാവം. അതിലേറെ അസ്വസ്ഥമാണ് മനസ്സ്. എന്നാലും ശക്തമായ ഒരു ചിന്തയുടെ അടിയൊഴുക്ക് വാക്കുകളിലും ചലനങ്ങളിലും കാണാം.
അശ്വതി കവലപ്പാര്‍വതിയുടെ പ്രായം തികഞ്ഞ മകളാണ്. ദാവണിക്കാരിയാണ്. സ്ത്രീത്വത്തിന്റെ പരിശുദ്ധി കാത്തുസൂക്ഷിക്കാനുള്ള പരിഭ്രാന്തിയോടെയാണ് കവലയില്‍ ഓടിയെത്തുന്നത്.
പോലീസ് വകുപ്പിനെക്കുറിച്ച് കേള്‍ക്കുന്ന ദുഷ്‌പേരുകളുടെ പ്രതിനിധിയായ പോലീസുകാരന്‍ കൊമ്പന്‍ കുറുപ്പ്-പ്രായം അമ്പതിനോടടുത്ത്.
യുവാവാണ് പോലീസുകാരനായ വാസു. ദുഃഖത്തിലുയര്‍ന്ന, പ്രതികാരത്തിന് പ്രതിജ്ഞയെടുത്ത, ദാര്‍ഢ്യമുണ്ടെങ്കിലും ഒരു നല്ല പോലീസുകാരന്റെ കൃത്യബോധം പുലര്‍ത്താന്‍ ശ്രമിക്കുന്നു.
ഒരു കൊലപാതകത്തിന്റെ ഉത്തരവാദിത്വം ആരോപിക്കപ്പെട്ടതിനാല്‍ ഒളിവില്‍ കഴിയുന്ന കുടുംബസ്ഥനായ കേശവന്‍ കടലിനും പിശാചിനും ഇടയ്ക്കാണ്. അമ്പതും കടന്നുപോയ പ്രായം. ഉല്‍ക്കണ്ഠയും ഭയവും സംശയങ്ങളുമാണ് എപ്പോഴും ആ മുഖത്ത്.
യുവതിയായ വിധവയാണ് സുധ. വൈവാഹിക ജീവിതം പെട്ടെന്ന് തകര്‍ന്നുപോയപ്പോള്‍ മാനസികാവസ്ഥ തകരാറിലായി. നിറപ്പകിട്ടില്ലാത്ത സാരിയും ബ്ലൗസും വേഷം.
നാലുവഴികള്‍ കൂടിച്ചേരുന്ന, ഇടയ്ക്കിടെ കത്തുകയും കെടുകയും ചെയ്യുന്ന തെരുവുവിളക്കിന്റെ പശ്ചാത്തലത്തില്‍ ഒരു രാത്രി ഈ കഥ നടക്കുന്നു.
നാലു വഴിയില്‍ കേള്‍ക്കുന്ന ഗാനത്തിന്റെ രചയിതാവ് പ്രസിദ്ധ കവിയായ ശ്രീ. ഒ.എന്‍.വി. കുറുപ്പാണെന്ന് നന്ദിയോടെ രേഖപ്പെടുത്തുകയും ചെയ്യട്ടെ.
നാടകകൃത്ത്
Reviews
There are no reviews yet.