Product Filter

നെല്‍സണ്‍ പുതിയെടത്ത്

1949 മാര്‍ച്ച് 22-ന് കോഴിക്കോട്ട് ജനിച്ചു. പിതാവിന്റെ ഔദ്യോഗിക ജീവിതവുമായി ബന്ധപ്പെട്ട് തുടരെ നടന്ന സ്ഥലംമാറ്റങ്ങളുടെ ഭാഗമായി മലബാറിലെ വിവിധ പ്രദേശങ്ങളില്‍ ശൈശവ – ബാല്യ – കൗമാരജീവിതം. അക്കാലത്തു തന്നെ ബംഗാള്‍ സംസ്ഥാനത്ത് 24 പര്‍ഗാന ജില്ലയിലുള്‍പ്പെടെ പല പ്രദേശങ്ങളിലും ഗ്രാമങ്ങളിലും കല്‍ക്കത്താ മഹാനഗരത്തിലുമായി ഏതാനും വര്‍ഷത്തെ ജീവിതകാലം. കേരളത്തിലേക്ക് മടങ്ങിയ ശേഷം പില്‍ക്കാലത്ത് പ്രീഡിഗ്രി വിദ്യാഭ്യാസം നേടി. തുടര്‍ന്ന് ചരിത്രം പ്രധാന വിഷയമായെടുത്ത് ബി.എയ്ക്ക് ചേര്‍ന്നെങ്കിലും പല കാരണങ്ങളാല്‍ പൂര്‍ത്തീകരിക്കാനായില്ല. 1968-ല്‍ കേരളത്തിലെ രണ്ടാമത്തേതായി നിലവില്‍ വന്ന കോഴിക്കോട് സര്‍വ്വകലാശാലയില്‍ പ്രഥമ സ്റ്റാഫിലെ അംഗമായി സര്‍വ്വീസില്‍ പ്രവേശിച്ചു. 32 വര്‍ഷത്തെ സര്‍വ്വീസ് പൂര്‍ത്തിയാക്കി 2000 ഡിസംബറില്‍ പെന്‍ഷന്‍ പറ്റി പിരിഞ്ഞു. സര്‍വ്വീസില്‍ ഇരുന്ന കാലത്തും അതിനു മുന്‍പും പിന്‍പും രാഷ്ട്രീയ – സംഘടനാ വേദികളിലായി നിരവധി പ്രക്ഷോഭ സമരങ്ങളില്‍ നിറസാന്നിദ്ധ്യം. യൂണിവേഴ്‌സിറ്റി ക്യാമ്പസ് ഉള്‍പ്പെടെ മലപ്പുറം ജില്ലയുടെയും കോഴിക്കോട് നഗരത്തിന്റെയും വിവിധ ഭാഗങ്ങങ്ങളില്‍ രാഷ്ട്രീയ – കലാ – സാംസ്‌ക്കാരിക മുന്നേറ്റങ്ങളില്‍ സജീവ പങ്കാളിത്തം. 1975 – 77 കാലത്ത് അടിയന്തിരാവസ്ഥ നാളുകളില്‍ അന്ന് നിലവിലിരുന്ന പുരോഗമന സാംസ്‌കാരിക വേദിയായ ദേശാഭിമാനി സ്റ്റഡിസര്‍ക്കിളിന്റെയും ശാസ്ത്രസാഹിത്യ പരിഷത്തിന്റെയും നേതൃത്വത്തില്‍ കലാ – സാംസ്‌ക്കാരിക പ്രവര്‍ത്തനങ്ങളിലൂടെ അടിയന്തിരാവസ്ഥ വിരുദ്ധ ചെറുത്തുനില്‍പ്പിലും പോര്‍മുഖങ്ങളിലും ഇഴുകിച്ചേര്‍ന്നു. നാടന്‍ കലാരൂപങ്ങള്‍ നാടന്‍ പാട്ടുകള്‍ എന്നിവയുടെ രചനയിലും, നാട്ടിന്‍പുറങ്ങളിലെ അവതരണങ്ങളിലും മുഴുകി. കാലിക്കറ്റ് യൂനിവേഴ്‌സിറ്റി എംപ്ലോയീസ് യൂണിയന്റെ സ്ഥാപക പ്രവര്‍ത്തകരില്‍ ഒരാളെന്ന നിലയില്‍ ആരംഭിച്ച സംലടനാ പ്രവര്‍ത്തനം ദീര്‍ഘകാലം തുടര്‍ന്നു. സംഘടനയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം, ഓഫീസ് സെക്രട്ടറി, രചനാ കലാ – സാംസ്‌ക്കാരിക വേദി സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. സമര – പ്രക്ഷോഭ രംഗങ്ങളിലെ മുന്‍നിരയില്‍ സജീവമായി ഏര്‍പ്പെടുക വഴി പലപ്പോഴായി അറസ്റ്റും ലോക്കപ്പും മര്‍ദ്ദനങ്ങളും നേരിടേണ്ടി വന്നു. മാക്‌സിം ഗോര്‍ക്കിയുടെ ‘അമ്മ’, ചെറുകാടിന്റെ ‘ശനിദശ’, എം.കെ. ഗംഗാധരന്റെ ‘കൂടുവിട്ടവര്‍ കൂട്ടം തെറ്റിയവര്‍’ എന്നീ നോവലുകളെ ആസ്പദമാക്കി കഥാപ്രസംഗങ്ങളും വില്ലടിച്ചാം പാട്ട് ശില്പങ്ങളും രചിച്ച് വേദികളില്‍ അവതരിപ്പിച്ചു. ‘പൊന്‍കിരണങ്ങള്‍’, ‘ഉദയകിരണങ്ങള്‍’, ‘മൃഗായനം’ തുടങ്ങിയ സംഗീത നാടക ശില്പങ്ങള്‍ രചിച്ച് അരങ്ങില്‍ അവതരിപ്പിച്ചു. നിരവധി ഗാനങ്ങളുടെയും, ‘ലഗ്യോണ്‍’, ‘വെട്ടുകിളികള്‍’ എന്നീ നാടകങ്ങളുടെയും രചന നിര്‍വ്വഹിച്ചു. പ്രഥമ നോവല്‍: കനല്‍ ബീജങ്ങളുടെ കര്‍മ്മകാണ്ഡം. ഭാര്യ: പ്രേമലത. മക്കള്‍: നവീന്‍കുമാര്‍, രന്‍ജിത്ത് കുമാര്‍, ജിഷാബിന്ദു.
വിലാസം : പാവിട്ടു മീത്തല്‍ പറമ്പ്,
പനാത്തു താഴം, കോട്ടൂളി (പി.ഒ.), കോഴിക്കോട്.

 

Showing the single result