- Home
- Brands
- SK Pottekkatt
എസ്.കെ. പൊറ്റെക്കാട്ട്
ജ്ഞാനപീഠപുരസ്‌കാരം നേടിയ മലയാള നോവലിസ്റ്റും,സഞ്ചാരസാഹിത്യകാരനും കവിയുമാണ് എസ്.കെ. പൊറ്റെക്കാട് എന്ന ശങ്കരന്‍കുട്ടി കുഞ്ഞിരാമന്‍ പൊറ്റെക്കാട്(മാര്‍ച്ച് 14, 1913-ഓഗസ്റ്റ് 6, 1982)[1]. ഒരു ദേശത്തിന്റെ കഥ എന്ന നോവലിനെ മുന്‍നിറുത്തിയാണ് 1980ല്‍ ഇദ്ദേഹത്തിന് ജ്ഞാനപീഠപുരസ്‌കാരം ലഭിച്ചത്[2].
1913 മാര്‍ച്ച് 14 കോഴിക്കോട് ജനിച്ചു. അച്ഛന്‍ കുഞ്ഞിരാമന്‍ പൊറ്റെക്കാട്ട് ഒരു ഇംഗ്ലീഷ് സ്‌കൂള്‍ അദ്ധ്യാപകന്‍ ആയിരുന്നു.കോഴിക്കോട് ചാലപ്പുറം ഗണപത് സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. കോഴിക്കോട് സാമൂതിരി കോളേജില്‍ നിന്നും ഇന്റര്‍മീഡിയറ്റ് നേടിയ ശേഷം കോഴിക്കോട്ടെ ഗുജറാത്തിവിദ്യാലയത്തില്‍ 1937-1939 വര്‍ഷങ്ങളില്‍ അദ്ധ്യാപകനായി പ്രവര്‍ത്തിച്ചു. ഇക്കാലത്താണ് അദ്ദേഹത്തിന് യാത്രകളില്‍ താല്പര്യം ജനിച്ചത്. 1939ല്‍ ബോംബേയിലേക്കുള്ള യാത്രയില്‍ നിന്നാണ് പില്‍ക്കാലത്ത് അദ്ദേഹത്തിന്റെ കീര്‍ത്തിയുടെ അടിസ്ഥാനമായ ലോകസഞ്ചാരങ്ങള്‍ ആരംഭിക്കുന്നത്. കുറച്ചു കാലം ബോംബേയില്‍ ജോലി ചെയ്തു. ഇന്ത്യയിലുടനീളം സഞ്ചരിക്കുവാന്‍ ഈ കാലയളവില്‍ അദ്ദേഹം പരിശ്രമിച്ചു. തന്റെ ജീവിതാവബോധവും സാഹിത്യാഭിരുചിയും നവീകരിച്ച അനുഭവങ്ങളാണ് സഞ്ചാരങ്ങളിലൂടെ പൊറ്റെക്കാട്ടിന് കൈവന്നത്. 1949ല്‍ കപ്പല്‍മാര്‍ഗ്ഗം ആദ്യത്തെ വിദേശയാത്ര നടത്തി. യൂറോപ്പ്, ആഫ്രിക്ക, അമേരിക്ക, ദക്ഷിണേഷ്യ, പൂര്‍വേഷ്യ എന്നിവിടങ്ങളിലെ മിക്ക രാജ്യങ്ങളും പല തവണ സന്ദര്‍ശിക്കുകയും ഓരോ സ്ഥലത്തെയും സാമാന്യ മനുഷ്യരുമായി ഇടപഴകുകയും ചെയ്തു. മലയാളത്തിനു ഏറെക്കുറെ നവീനമായ യാത്രാവിവരണ സാഹിത്യശാഖയ്ക്ക് എസ്. കെയുടെ സംഭാവനകള്‍ വിലപ്പെട്ടതാണ്.
1957ല്‍ തലശ്ശേരിയില്‍ നിന്നും ലോകസഭയിലേക്കു മല്‍സരിച്ചെങ്കിലും 1000 വോട്ടിനു പരാജയപ്പെട്ടു. പിന്നീട് 1962ല്‍ തലശ്ശേരിയില്‍ നിന്നു തന്നെ സുകുമാര്‍ അഴീക്കോടിനെ 66,000 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി ലോകസഭയിലേക്കു പൊറ്റെക്കാട്ട് തെരഞ്ഞെടുക്കപ്പെട്ടു. തെരഞ്ഞെടുപ്പിലൂടെ ലോക്സഭയിലെത്തിയ അപൂര്‍വ്വം സാഹിത്യകാരന്മാരില്‍ ഒരാളായിരുന്നു പൊറ്റെക്കാട്ട്. സ്വതന്ത്ര സമര സേനാനി ആയിരുന്നു.
ജയവല്ലിയായിരുന്നു പൊറ്റെക്കാട്ടിന്റെ ഭാര്യ. 1950-ലായിരുന്നു ഇവരുടെ വിവാഹം. ഈ ബന്ധത്തില്‍ ഇവര്‍ക്ക് നാലുമക്കളുണ്ടായി – രണ്ട് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളും. 1980-ലുണ്ടായ ജയവല്ലിയുടെ മരണം പൊറ്റെക്കാട്ടിനെ തളര്‍ത്തി. കടുത്ത പ്രമേഹബാധിതന്‍ കൂടിയായിരുന്ന അദ്ദേഹം, മസ്തിഷ്‌കാഘാതത്തെത്തുടര്‍ന്ന് 1982 ഓഗസ്റ്റ് 6-ന് കോഴിക്കോട്ടുവച്ച് അന്തരിച്ചു. 69 വയസ്സായിരുന്നു . മൃതദേഹം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.
കോഴിക്കോട് സാമൂതിരി കോളേജ് മാഗസിനില്‍ വന്ന രാജനീതി എന്ന കഥയായിരുന്നു ആദ്യം പ്രസിദ്ധീകരിച്ച കഥ. 1929-ല്‍ കോഴിക്കോട്ടുനിന്നുള്ള ആത്മവിദ്യാകാഹളത്തില്‍ മകനെ കൊന്ന മദ്യം എന്ന ഒരു കവിത പ്രസിദ്ധപ്പെടുത്തി. 1931-ല്‍ എറണാകുളത്തുനിന്നു മൂര്‍ക്കോത്ത് കുമാരന്റെ പത്രാധിപത്യത്തിലുള്ള ദീപം എന്ന മാസികയില്‍ ഹിന്ദു മുസ്ലിം മൈത്രി എന്ന കഥയും പുറത്തു വന്നു. തുടര്‍ന്നു മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ തുടര്‍ച്ചയായി കഥകള്‍ പ്രസിദ്ധീകരിച്ചു തുടങ്ങി. . 1939-ല്‍ ബോംബേയില്‍ വച്ചാണ് ആദ്യത്തെ നോവല്‍ നാടന്‍പ്രേമം എഴുതുന്നത്. കാല്പനികഭംഗിയാര്‍ന്ന ഈ രചന ഇദ്ദേഹത്തിന് മലയാളത്തിലെ പ്രശസ്തരായ എഴുത്തുകാരോടൊപ്പം സ്ഥാനം നേടിക്കൊടുത്തു.1940ല്‍ മലബാറിലേക്കുള്ള തിരുവിതാംകൂറില്‍ നിന്നുള്ള കുടിയേറ്റത്തിന്റെ പശ്ചാത്തലത്തില്‍ വയനാടിന്റെ കഥ പറയുന്ന വിഷകന്യക പ്രസിദ്ധീകരിച്ചു. മദിരാശി സര്‍ക്കാരിന്റെ പുരസ്‌കാരം ഈ നോവലിന് ലഭിച്ചു. ഒരു തെരുവിന്റെ കഥയ്ക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് (1962), ഒരു ദേശത്തിന്റെ കഥയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും (1973), സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം അവാര്‍ഡും (1977), ജ്ഞാനപീഠ പുരസ്‌കാരവും (1980) ലഭിച്ചു.
നാടന്‍ പ്രേമം, മൂടുപടം,പുള്ളി മാന്‍,ഞാവല്‍പ്പഴങ്ങള്‍ എന്നീ കൃതികള്‍ സിനിമയാക്കിയിട്ടുണ്ട്.