- Home
- Brands
- T.A. RASAK
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയിലെ തുറക്കലില്‍ ടി.എ.ബാപ്പു, വാഴയില്‍ ഖദീജ ദമ്പതികളുടെ മൂത്ത മകനായി 1958 ഏപ്രില്‍ 25-ന് റസാഖ് ജനിച്ചു. കൊളത്തൂര്‍ എഎംഎല്‍പി സ്‌കൂള്‍, കൊണ്ടോട്ടി ഗവണ്‍മെന്റ് ഹൈസ്‌ക്കൂള്‍ എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഹൈസ്‌കൂള്‍ കാലത്തുതന്നെ നാടകപ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു. പില്‍ക്കാലത്ത് ‘വര’ എന്ന പേരില്‍ ഒരു സമാന്തര പ്രസിദ്ധീകരണം നടത്തി. കെഎസ്ആര്‍ടിസിയില്‍ ക്ലര്‍ക്കായ് കുറച്ചു കാലം ജോലി ചെയ്തു. 1987 ല്‍ ധ്വനി എന്ന സിനിമയില്‍ സംവിധായകന്‍ എ.ടി.അബുവിന്റെ സംവിധാന സഹായിയായാണ് റസാഖ് സിനിമയിലെത്തിയത്. പിന്നീട് തിരക്കഥാ രചനയിലേക്ക് വഴിമാറിയ അദ്ദേഹം സിബി മലയില്‍, കമല്‍, ജയരാജ്, ജി.എസ്.വിജയന്‍, വി.എം.വിനു തുടങ്ങിയവര്‍ക്കായി തിരക്കഥകള്‍ രചിച്ചു. 1991 ല്‍ വിഷ്ണുലോകം എന്ന ചലച്ചിത്രത്തിനാണ് അദ്ദേഹം ആദ്യം കഥ, തിരക്കഥ, സംഭാഷണം എഴുതിയത്. 2016ല്‍ പുറത്തിറങ്ങിയ സുഖമായിരിക്കട്ടെ എന്ന ചിത്രമാണ് അദ്ദേഹം അവസാനമായി തിരക്കഥ എഴുതിയ ചിത്രം. അന്തരിച്ച തിരക്കഥാകൃത്ത് ടി.എ. ഷാഹിദ് അദ്ദേഹത്തിന്റെ അനുജനായിരുന്നു. 2016 ജൂലൈ അവസാനവാരത്തില്‍ കൊച്ചിയിലെ അമൃത ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം അവിടെവച്ച് ആ വര്‍ഷത്തെ ഇന്ത്യന്‍ സ്വാതന്ത്ര്യദിനത്തില്‍ കരള്‍ സംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് വച്ച് അന്തരിച്ചു. 58 വയസ്സായിരുന്നു അദ്ദേഹത്തിന്. മൃതദേഹം ജന്മനാടായ കൊണ്ടോട്ടിയില്‍ മാതാപിതാക്കളുടെയും അനുജന്റെയും ശവകുടീരങ്ങള്‍ക്കടുത്ത് കബറടക്കി. പരേതയായ ഖൈറുന്നീസ, ഷാഹിദ എന്നിവരായിരുന്നു ഭാര്യമാര്‍. നാല് മക്കളുണ്ട്.