കേരളത്തിലെ പ്രശസ്തനായ ഒരു സാഹിത്യവിമർശകനും ഗ്രന്ഥകാരനും പ്രഭാഷകനും സാമൂഹ്യ നിരീക്ഷകനും വിദ്യാഭ്യാസചിന്തകനുമായിരുന്നു സുകുമാർ അഴിക്കോട് (മേയ് 12 1926 –ജനുവരി 24 2012[2] ). സഞ്ചരിക്കുന്ന മനസാക്ഷിയാകും പ്രഭാഷണ കലയുടെ കുലപതിയായും ഇദ്ദേഹം അറിയപ്പെട്ടു.പ്രൈമറിതലം മുതൽ സർവ്വകലാശാലാതലം വരെ അദ്ധ്യാപകനായി പ്രവർത്തിച്ച ഇദ്ദേഹം കാലിക്കറ്റ് സർവ്വകലാശാലയിൽ പ്രോ വൈസ് ചാൻസിലറുമായിരുന്നു. മുപ്പത്തഞ്ചിലേറെ കൃതികളുടെ കർത്താവാണ്. കേന്ദ്ര-കേരള സാഹിത്യ അക്കാദമികളിൽ ജനറൽ കൗൺസിൽ, എക്സിക്യൂട്ടിവ് കൗൺസിൽ എന്നിവയിൽ അംഗമായിരുന്നു. ഇതിനു പുറമേ പല പ്രസിദ്ധീകരണങ്ങളുടേയും പത്രാധിപരായും ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഗാന്ധിയൻ, ഗവേഷകൻ, ഉപനിഷത് വ്യാഖ്യാതാവ് എന്നീ നിലകളിലും ഇദ്ദേഹം ശ്രദ്ധേയനായിരുന്നു.2012 ജനുവരി 24 ന് അർബുധ ബാധയെ തുടർന്ന് അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞു.
സെന്റ് ആഗ്നസ് കോളേജിൽ മലയാളം അദ്ധ്യാപകനായിരുന്ന പനങ്കാവിൽ വീട്ടിൽ വിദ്വാൻ പി. ദാമോദരന്റെയും കോളോത്ത് തട്ടാരത്ത് മാധവിയമ്മയുടെയും ആറു മക്കളിൽ നാലാമനായി 1926 മേയ് 12-ന് കണ്ണൂർ ജില്ലയിലെ അഴീക്കോട് എന്ന ഗ്രാമത്തിൽ കെ.ടി. സുകുമാരൻ എന്ന സുകുമാർ അഴീക്കോട് ജനിച്ചു. അച്ഛൻ അധ്യാപകനായിരുന്ന അഴീക്കോട് സൗത്ത് ഹയർ എലിമെന്ററി സ്കൂൾ , ചിറക്കൽ രാജാസ് ഹൈസ്കൂൾ എന്നിവിടങ്ങളിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. 1941-ൽ ചിറക്കൽ രാജാസ് ഹൈസ്കൂളിൽ നിന്ന് ഇന്റർമീഡിയറ്റ് പാസായി. കോട്ടക്കൽ ആയുർവേദകോളേജിൽ ഒരു വർഷത്തോളം വൈദ്യപഠനം നടത്തി.[1] 1946-ൽ മംഗലാപുരം സെന്റ് അലോഷ്യസ് കോളേജിൽ നിന്നു വാണിജ്യശാസ്ത്രത്തിൽ ബിരുദം നേടി.[3] കണ്ണൂരിൽ ഇന്ത്യൻ ഓവർസീസ് ബാങ്കിൽ ജോലി ലഭിച്ചെങ്കിലും സാഹിത്യതാല്പര്യം കാരണം വേണ്ടെന്നുവച്ചു.[4] തുടർന്ന് കോഴിക്കോട് ഗവൺമെന്റ് ട്രെയിനിങ്ങ് കോളേജിൽ നിന്നു[3] അദ്ധ്യാപക പരിശീലനം പൂർത്തിയാക്കിയ അഴീക്കോട് 1948ൽ കണ്ണൂരിലെ ചിറക്കൽ രാജാസ് ഹൈസ്കൂളിൽ അദ്ധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു.[5] മലയാളത്തിലും സംസ്കൃതത്തിലും സ്വകാര്യപഠനത്തിലൂടെ ബിരുദാനന്തരബിരുദവും നേടി. 1952-ൽ കോഴിക്കോട് ഗവ. ട്രെയിനിങ് കോളേജിൽനിന്ന് ബിഎഡ് ബിരുദമെടുത്തു. 1981-ൽ കേരള സർവ്വകലാശാലയിൽ നിന്നും മലയാളസാഹിത്യവിമർശനത്തിലെ വൈദേശികപ്രഭാവം എന്ന വിഷയത്തിൽ മലയാളസാഹിത്യത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി. കോഴിക്കോട് സെന്റ് ജോസഫ്സ്ദേവഗിരി കോളെജിൽ മലയാളം ലൿചററായരുന്നു.[3] ഇതിനു പുറമേ മംഗലാപുരം സെന്റ് അലോഷ്യസ് കോളേജിലും അദ്ധ്യാപകനായിരുന്നു.[1] പിന്നീട് മൂത്തകുന്നം എസ്.എൻ.എം ട്രെയ്‌നിംഗ് കോളേജിൽ പ്രിൻസിപ്പലായി. കോഴിക്കോട് സർവകലാശാല സ്ഥാപിച്ചപ്പോൾ മലയാളവിഭാഗം മേധാവിയും പ്രൊഫസറുമായി നിയമിതനായി. 1974-78 ൽ കാലിക്കറ്റ് സർവകലാശാല പ്രോ-വൈസ് ചാൻസലറായും ആക്ടിങ് വൈസ് ചാൻസലറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1986-ൽ അദ്ധ്യാപനരംഗത്തു നിന്ന് വിരമിച്ചു.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ആദ്യത്തെ എമരിറ്റസ് പ്രഫസർ, യു.ജി.സിയുടെ ഭാരതീയ ഭാഷാപഠനത്തിന്റെ പാനൽ അംഗം, കേന്ദ്ര-കേരള സാഹിത്യ അക്കാദമികളിൽ നിർവാഹക സമിതി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. നാഷണൽ ബുക്ക്ട്രസ്റ്റ് ചെയർമാനായും ചുമതല വഹിച്ചിട്ടുണ്ട്.1962-ൽ കോൺഗ്രസ് പ്രതിനിധിയായി തലശേരിയിൽ നിന്ന് പാർലമെന്റിലേക്ക് മത്സരിച്ചെങ്കിലും എസ്. കെ. പൊറ്റെക്കാട്ടിനോട് പരാജയപ്പെട്ടു.
അർബുദരോഗബാധയെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം 2012 ജനുവരി 24 ന് രാവിലെ ആറരയോടെ തൃശ്ശൂരിലെ അമല മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് അന്തരിച്ചു.[2][3] ജീവിതകാലം മുഴുവൻ അദ്ദേഹം അവിവാഹിതനായിരുന്നു. മൃതദേഹം പിറ്റേ ദിവസം ജന്മനാടായ കണ്ണൂരിലെ പയ്യാമ്പലം കടപ്പുറം ശ്മശാനത്തിൽ സ്വദേശാഭിമാനി രാമകൃഷ്ണപിള്ള, എ.കെ. ഗോപാലൻ, ഇ.കെ. നായനാർ തുടങ്ങിയവരുടെ അന്ത്യവിശ്രമസ്ഥാനത്തിനടുത്ത് സംസ്കരിച്ചു.
Reviews
There are no reviews yet.