ആമുഖം
ഒരു യഥാര്‍ത്ഥ ജീവിതകഥ അഥവാ എന്റെ ജീവിതകഥ എഴുതാനുള്ള ഉദ്യമമല്ല എന്റേത്. സത്യത്തെ അടിസ്ഥാനമാക്കിയുള്ള എന്റെ വിവിധ പരീക്ഷണങ്ങളുടെ കഥ പറയുക മാത്രമാണ് ലക്ഷ്യം. എന്റെ ജീവിതത്തില്‍ ആ പരീക്ഷണങ്ങളല്ലാതെ മറ്റൊന്നും ഇല്ലാത്തതിനാല്‍ കഥ ഒരു ആത്മകഥയുടെ രൂപം കൈക്കൊള്ളുമെന്നത് ശരിയാണ്. രാഷ്ട്രീയരംഗത്തുള്ള എന്റെ പരീക്ഷണങ്ങള്‍ ഇപ്പോള്‍ അറിയപ്പെടുന്നുണ്ട്. എന്നാല്‍, എന്റെ ആത്മീയമണ്ഡലത്തിലെ പരീക്ഷണങ്ങള്‍ വിവരിക്കാന്‍ തീര്‍ച്ചയായും ഞാനിഷ്ടപ്പെടുന്നു. അവ എനിക്കു മാത്രമേ അറിയൂ. അവയില്‍നിന്നാണ് രാഷ്ട്രീയരംഗത്തു പ്രവര്‍ത്തിക്കാന്‍ എനിക്കുള്ള ശക്തി ഞാന്‍ സമാര്‍ജ്ജിച്ചത്. ഞാന്‍ പറയാന്‍ പോകുന്ന പരീക്ഷണങ്ങള്‍ ആത്മീയമാണ്. ശരിക്കു പറഞ്ഞാല്‍ ധാര്‍മ്മികമാണ്. മതത്തിന്റെ സാരസര്‍വസ്വം ധാര്‍മികതയാണല്ലോ.
പ്രായമായവര്‍ക്കെന്നപോലെ കുട്ടികള്‍ക്കും ഗ്രഹിക്കാവുന്ന മതകാര്യങ്ങള്‍ മാത്രമേ ഈ ആത്മകഥയില്‍ ഉള്‍പ്പെടുത്തൂ. അവയെ വിനയത്തോടും പക്ഷപാതരഹിതമായും വിവരിക്കാന്‍ എനിക്കുകഴിഞ്ഞാല്‍ ഇത്തരം പരീക്ഷണങ്ങളില്‍ ഏര്‍പ്പെടുന്ന മറ്റുള്ളവര്‍ തങ്ങളുടെ പുരോഗതിക്കു സഹായകരമായ വല്ലതും അതില്‍ കണ്ടെത്തിയേക്കും.
എം.കെ ഗാന്ധി
സബര്‍മതി ആശ്രമം
നവംബര്‍ 25, 1925
1. ജനനം, മാതാപിതാക്കള്‍
എന്റെ അച്ഛന്‍ കരംചന്ദ് ഗാന്ധി പോര്‍ബന്തറിലെ പ്രധാനമന്ത്രിയായിരുന്നു. അദ്ദേഹം കുടുംബസ്‌നേഹമുള്ളവനും സത്യസന്ധനും ധീരനും ഉദാരമതിയും അതോടൊപ്പം മുന്‍കോപിയുമായിരുന്നു.
അച്ഛന് സമ്പത്ത് കുന്നുകൂട്ടാന്‍ യാതൊരാഗ്രഹവുമുണ്ടായിരുന്നില്ല. അതിനാല്‍ ഞങ്ങള്‍ക്കായി കാര്യമായൊന്നും സമ്പാദിച്ചു വെച്ചിരുന്നില്ല.
അച്ഛന് പറയത്തക്ക വിദ്യാഭ്യാസമൊന്നുമുണ്ടായിരുന്നില്ല. ഗുജറാത്തി അഞ്ചാംക്ലാസ് വരെ പരമാവധി പഠിച്ചിട്ടുണ്ടാവുമെന്ന് പറയപ്പെടുന്നു. ചരിത്രവും ഭൂമിശാസ്ത്രവും തീരെ അറിയില്ലായിരുന്നു. പക്ഷേ തികഞ്ഞ പ്രായോഗികാനുഭവ പരിചയം എത്ര സങ്കീര്‍ണമായ പ്രശ്‌നവും പരിഹരിക്കുന്നതിനും നൂറുകണക്കിനാളുകളെ കൈകാര്യം ചെയ്യുന്നതിനും അദ്ദേഹത്തെ പ്രാപ്തനാക്കി. മതപരമായ പരിശീലനവും അദ്ദേഹത്തിനുണ്ടായിരുന്നില്ല. എന്നാല്‍, ഇടക്കിടെ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുകയും മതപ്രസംഗങ്ങള്‍ കേള്‍ക്കുകയും ചെയ്യുന്നതിലൂടെ മിക്ക ഹിന്ദുക്കള്‍ക്കും കിട്ടിവരുന്ന മതസംസ്‌കാരം അദ്ദേഹത്തിനും ലഭിച്ചിരുന്നു.
എന്റെ അമ്മ ഓര്‍മ്മയില്‍ അവശേഷിപ്പിച്ചിട്ടുള്ള മുന്തിയ മുദ്ര ആത്മവിശുദ്ധിയുടേതാണ്. അമ്മ ആഴമേറിയ മതാത്മകജീവിതം നയിച്ചു. തന്റെ പതിവുപ്രാര്‍ത്ഥന നടത്താതെ ഭക്ഷണം കഴിക്കുന്നതിനെപ്പറ്റി അവര്‍ക്കു ചിന്തിക്കാനേ കഴിയുമായിരുന്നില്ല. ഹവേലി (വിഷ്ണു ക്ഷേത്രം) യിലേയ്ക്ക് പോവുക അവരുടെ ദിനകൃത്യങ്ങളിലൊന്നായിരുന്നു. എന്റെ ഓര്‍മ്മയില്‍പെട്ടിടത്തോളം അവര്‍ ചതുര്‍മാസവ്രതം (വര്‍ഷകാലനോയ്മ്പ്) ഒരിക്കലും തെറ്റിച്ചിട്ടില്ല. അവര്‍ കഠിനമായ വ്രതങ്ങള്‍ ആചരിച്ചിരുന്നു. എന്തൊക്കെ സംഭവിച്ചാലും വ്രതങ്ങള്‍ മുടക്കാന്‍ അവര്‍ തയ്യാറായിരുന്നില്ല. ഇക്കാര്യത്തില്‍ രോഗങ്ങള്‍ പോലും അവര്‍ക്ക് പ്രശ്‌നമായിരുന്നില്ല. ഒരിക്കല്‍ ചന്ദ്രായണവ്രതമനുഷ്ഠിക്കെ രോഗബാധിതയായതും വ്രതം മുടക്കാതെ മുഴുമിപ്പിച്ചതും ഞാനോര്‍ക്കുന്നു. രണ്ടുമൂന്നുദിവസം തുടര്‍ച്ചയായി ഉപവസിക്കാന്‍ അവര്‍ക്ക് ഒരു പ്രയാസവുമില്ലായിരുന്നു. ചതുര്‍മാസവ്രതകാലത്ത് ദിവസത്തില്‍ ഒരിക്കല്‍ മാത്രമേ അവര്‍ ഭക്ഷിച്ചിരുന്നുള്ളൂ. അതുകൊണ്ടും തൃപ്തയാകാതെ ചതുമാര്‍സകാലത്ത് ഒന്നിടവിട്ട ദിവസങ്ങളില്‍ അവര്‍ ഉപവസിച്ചു. മറ്റൊരു ചതുര്‍മാസ വ്രതത്തില്‍ സൂര്യനെ കാണാതെ ഭക്ഷണം കഴിക്കില്ലെന്ന് അവര്‍ ശപഥം ചെയ്തു. ആ ദിവസങ്ങളില്‍, സൂര്യന്‍ പ്രത്യക്ഷപ്പെടുന്നത് അമ്മയെ വിളിച്ചറിയിക്കാന്‍ വേണ്ടി ഞങ്ങള്‍ കുട്ടികള്‍ ആകാശത്തു കണ്ണുംനട്ടു നില്‍ക്കുക പതിവായിരുന്നു. മഴക്കാലത്തിന്റെ മൂര്‍ദ്ധന്യത്തില്‍ സൂര്യന്‍ മുഖംകാണിക്കാന്‍, മിക്കപ്പോഴും കനിവുകാട്ടാറില്ലെന്ന് അറിയാമല്ലോ. സൂര്യന്‍ പെട്ടെന്ന് പ്രത്യക്ഷമായത് കണ്ട് ഓടിച്ചെന്ന് അക്കാര്യം അമ്മയെ അറിയിച്ച ദിവസങ്ങള്‍ ഞാനോര്‍ക്കുന്നു. സ്വന്തം കണ്ണുകൊണ്ട് സൂര്യനെ ദര്‍ശിക്കാന്‍ അവര്‍ ഓടിവരും. അപ്പോഴേക്ക് അമ്മയുടെ ഭക്ഷണം നഷ്ടപ്പെടുത്തിക്കൊണ്ട് സൂര്യന്‍ മറഞ്ഞുകഴിഞ്ഞിരിക്കും.! ”അതു സാരമില്ല.” അവര്‍ ആഹ്ലാദത്തോടെ പറയും. ”ഇന്നു ഞാന്‍ ഭക്ഷണം കഴിക്കരുതെന്നാണ് ഈശ്വരനിശ്ചയം.” അനന്തരം അവര്‍ തന്റെ ജോലികളില്‍ മുഴുകും.
സാമാന്യബുദ്ധിയുള്ള സ്ത്രീയായിരുന്നു എന്റെ അമ്മ. രാജ്യകാര്യങ്ങളെപ്പറ്റി അവര്‍ക്കു തികഞ്ഞ അറിവുണ്ടായിരുന്നു.
ഈ മാതാപിതാക്കളുടെ സന്താനമായി 1869 ഒക്‌ടോബര്‍ 2-ാം തീയതി സുദാമാപുരി എന്നും അറിയപ്പെടുന്ന പോര്‍ബന്തറില്‍ ഞാന്‍ പിറന്നു.
Reviews
There are no reviews yet.