മുഷിയാത്ത നോട്ടുകള്‍
(ബാങ്കിംഗ് ജീവിതത്തെ ആഴത്തില്‍ സ്പര്‍ശിക്കുന്ന മലയാളത്തിലെ ആദ്യനോവല്‍)
പ്രകാശന്‍ ചുനങ്ങാട്
ഒരു ബാങ്കുജീവനക്കാരന്റെ കഥയാണ് മുഷിയാത്ത നോട്ടുകള്‍. എളിയ നിലയില്‍ നിന്ന് തുടങ്ങി കഠിന പരിശ്രമംകൊണ്ട് പടവുകളോരോന്നും കയറുന്നു വാസുദേവന്‍. കോഴിക്കോട്, മൂന്നാര്‍, ആലപ്പുഴ, അയിലൂര്‍. കുടക് എന്നീ പ്രദേശങ്ങളില്‍ ജോലി ചെയ്തപ്പോഴുണ്ടായ അനുഭവങ്ങളും ഭിന്ന പ്രകൃതികളായ മനുഷ്യരും എല്ലാം ചേര്‍ന്ന് ഈ നോവല്‍ നൂതനവും വ്യത്യസ്തവുമായ വായനാനുഭവം പ്രദാനം ചെയ്യുന്നു.
അവതാരിക
മുഷിയാത്ത നോട്ടുകള്‍ – ബാങ്കിങ്ങ് വിഷയമാക്കിയ മലയാളത്തിലെ ആദ്യ നോവല്‍. ഒരു പുരുഷായുസ്സു മുഴുവന്‍ ബാങ്കിന്റെ ലോകത്തായിരുന്നു. നര്‍മ്മത്തില്‍ ചാലിച്ചാണ് ഇതെഴുതിയത്. ഇത്ര രസമുള്ളതാണോ, ബാങ്കിന്റെ ലോകം? ഇത് വായിക്കുന്ന ആരും സംശയിച്ചുപോകും.
വായിച്ചാലറിയാം പരമാര്‍ത്ഥം.
പ്രകാശന്‍ ചുനങ്ങാട്, മുകളില്‍ പ്രസ്താവിച്ചപോലെ, എഴുത്തില്‍ കന്നി അയ്യപ്പനല്ല. അനുഭവത്തില്‍ ‘പെരിയ സ്വാമി ആണ്. അനുഭവഹിമക്കട്ടയുടെ ഒരു തുഞ്ച് – അതാണ് ഈ കൃതിയിലെ പ്രതിപാദ്യം. ബിരുദമെടുത്തു. ജോലി തേടി. ആദ്യം പറഞ്ഞത് എളുപ്പം. അതിന്റെ രണ്ടാം ഘട്ടം അതി കഠിനയത്‌നം. നിരാശയാവും ഫലം. ചുണ്ടിനും കോപ്പയ്ക്കുമിടയില്‍ അട്ടിമറിയുണ്ടാകാം. അതിലെ രണ്ടാമത്തേത് അങ്ങനെയുള്ള ഘട്ടം. അതു പിന്നിട്ടാണ് പ്രകാശന്‍ ചുനങ്ങാട് ജോലിയില്‍ പ്രവേശിച്ചത്. കഥയില്‍ കഥാകാരന്‍ വാസുദേവന്‍ ആണ്. ജോലി ചെയ്തത് നാഷണല്‍ ബാങ്കിലാണ്. യാഥാര്‍ത്ഥ്യത്തോട് ഭാവന കൂട്ടിച്ചേര്‍ക്കുമ്പോഴാണ് ഫിക്ഷന്‍ ഉണ്ടാകുന്നത്. വാസുദേവന്റെ ബാങ്ക് കൃതി പാരമാര്‍ത്ഥികതയ്ക്ക് മുന്‍തൂക്കമുള്ള ഫിക്ഷനാകുന്നു. എഴുതുന്നത് പരമാര്‍ത്ഥമായ കാര്യങ്ങളെപ്പറ്റിയാണ്.
കൃതിയുടെ ആദ്യഭാഗത്ത് ബാങ്കിലെ മറ്റൊരുദ്യോഗസ്ഥനായ ശ്രീകുമാരന്റെ ഡയറിയെപ്പറ്റി പറയുന്നുണ്ട്. ഡയറിയുടെ നല്ല മാതൃകയാണത്. എന്നാല്‍, അത് സാഹിത്യമാകുന്നില്ല. അതിനെ വാര്‍ത്ത എന്നാണ്, ആലങ്കാരിക ഭാഷയില്‍, പറയുക. വാര്‍ത്തയെ കാവ്യമാക്കുന്നതിന് വക്രോ ക്തിക്ക് പങ്കുണ്ട്. ലോകസിദ്ധമല്ലാത്ത ഒരു സംഗതി പ്രതിഭാവൈഭവംകൊണ്ട് നിര്‍മ്മിക്കപ്പെടുന്നു. അതിനെയാണ് കവിതയെന്നും സാഹിത്യമെന്നും പറയുന്നത്. സ്വാനുഭവങ്ങളെ രചനാവൈശിഷ്ട്യം കൊണ്ട് ഉത്തമ സാഹിത്യമായവതരിപ്പിക്കുന്നു, പ്രകാശന്‍ ചുനങ്ങാട്. പ്രകാശന്‍ തന്റെ പേര് നോവലില്‍ വാസുദേവന്‍ എന്നാക്കിയത് വക്രോക്തിയുടെ ആദ്യപ്രരോഹം. ബാങ്കിന്റെ പേരിലെ മാറ്റവും അതുതന്നെ.
II
വാസുദേവന്റെ ആദ്യനിയമനം കോഴിക്കോട്ടായിരുന്നു. കോഴിക്കോടന്‍ ഭാഷ വാസുദേവനെ വിഷമിപ്പിച്ചു. ബസ്സില്‍ കണ്ടക്ടര്‍ പറഞ്ഞു: വയ്യോട്ടു മാറിക്കേ. വയ്യോട്ട് എന്താണെന്ന് വാസുദേവന് മനസ്സിലായില്ല. പിന്നീട് കേട്ടത്: വയ്യോട്ട് നിക്കടൊ മാഷെ. പിന്നോട്ടു മാറി നില്‍ക്കാനായിരുന്നു ആജ്ഞ. കോഴിക്കോടന്‍ ഭാഷയിലെ ആദ്യപാഠം.
ബ്രാഞ്ചില്‍ കയറിയതും, സഹപ്രവര്‍ത്തകന്മാര്‍ വാസുദേവനെ വളഞ്ഞു. പ്രൊബേഷന്‍ കഴിയുന്നതുവരെ അഞ്ചു മണിക്കുശേഷവും ബ്രാഞ്ചിലിരിക്കുക എന്നുണ്ടല്ലോ. അതൊന്നും വേണ്ടെന്ന് പ്രസ്താവിച്ചത് യൂണിയന്‍ പ്രവര്‍ത്തകരും നേതാവുമാണ്.
പിന്നീട്, സമരം. മെക്കനൈസേഷന്‍ ആയിരുന്നു എതിര്‍കക്ഷി. കാല്‍ക്കുലേറ്റര്‍ ഉപയോഗിക്കാന്‍ പാടില്ല. യൂണിയന്‍ തീരുമാനമുണ്ട്. സമരം ഇരമ്പി. മുദ്രാവാക്യങ്ങള്‍ മുഴങ്ങി.
അടിയുടെ, ഇടിയുടെ, വെടിയുടെ നടുവില്‍
ചിക്കാഗോവിന്‍ തെരുവീഥികളില്‍….
തെരുവീഥികളില്‍ എന്തു സംഭവിച്ചു? അത് ആര്‍ക്കും അറിയുമായിരുന്നില്ല.
പലതും പുല്ലാണ് എന്നു വിളിച്ച കൂട്ടത്തില്‍, ആവേശം മൂത്തപ്പോള്‍ വിളിച്ചു:
ശമ്പളം ഞങ്ങള്‍ക്കു പുല്ലാണ്…’
പക്ഷേ ആരും ഏറ്റു വിളിച്ചില്ല.
കൂട്ടത്തില്‍ മുതിര്‍ന്ന ഭടന്‍ കുഞ്ഞിക്കണ്ണേട്ടന്‍ പറഞ്ഞു:
അത് വിട്ടാളാ മോനെ’
ആ മുദ്രാവാക്യം പിന്നീട് ഉയര്‍ന്നില്ല.
തുടര്‍ന്നു വന്നത്, ചട്ടപ്പടി സമരം. അത് സമരക്കാര്‍ക്ക് സ്വയം ചങ്ങലയ്ക്കിട്ടപോലെയായി. സമരമായാലും, സമരമില്ലെങ്കിലും, ബാങ്കില്‍ എല്ലാവര്‍ക്കും ഇഷ്ടപ്പടി പോകാമായിരുന്നു. ചട്ടപ്പടിയില്‍ അതു വയ്യ. മുഴുവന്‍ സമയവും കസേരയിലിരിക്കണം.
പിന്നീട്, സമരം വിജയിച്ചു. മെക്കനൈസേഷന്‍’യൂണിയനും അംഗീകരിച്ചു, ആനുകൂല്യങ്ങള്‍ കിട്ടുകയും ചെയ്തു.
ബാങ്ക് കഥയില്‍ ഒരു സംഭവം: അറബിയുടെ സക്കാത്ത്. വരുന്നവര്‍ക്കൊക്കെ നൂറിന്റെ നോട്ട് കയ്യില്‍. കിട്ടിയവര്‍ വീണ്ടും കൈ നീട്ടി. കിട്ടാത്തവര്‍ കാത്തുനിന്നു. ഒരു വൃദ്ധ മാതാവിന്റെ പ്രതിഷേധ പ്രസ്താവന:
മാങ്ങ്യോര് മാങ്ങ്യോര് മാങ്ങ്യാല് മാങ്ങാത്തോല്ക്ക് മാങ്ങണ്ടെ.’
വൃദ്ധമാതാവ് പറഞ്ഞത്, സക്കാത്ത് വാങ്ങിയവര് മാറി നിന്നാലല്ലേ വാങ്ങാത്തവര്‍ക്ക് വാങ്ങാനാവൂ.
പഠിപ്പുകാര്‍ക്കാണ് ഭാഷാശങ്ക. പഠിപ്പില്ലാത്തവര്‍ കണ്ണും പൂട്ടി സംസാരിക്കുന്നു. അവര്‍ പറയുന്നത് കേള്‍വിക്കാര്‍ക്ക് മനസ്സിലാവാതെയില്ല. വാമൊഴിയാണ് ശുദ്ധ ഭാഷ. വരമൊഴി കൃത്രിമമെന്ന് ഭാഷാശാസ്ത്രകാരന്‍.
III
വാസുദേവന് ആദ്യത്തെ ശമ്പളം. ഒക്‌ടോബര്‍ 28 ആണ് ശമ്പളദിവസം. ലഡുവും ജിലേബിയും വാങ്ങി എല്ലാവരേയും സല്‍ക്കരിച്ചു. പക്ഷേ, അതുകൊണ്ടായില്ല. കുപ്പി പൊട്ടിക്കണം. അതെന്താണെന്ന് വാസുദേവന് അറിയുമായിരുന്നില്ല. അറിവില്ലായ്മയ്ക്ക് പരിഹാരമുണ്ടായി, സത്വരം. കൂടിയിരുന്ന്, കുപ്പി തുറന്ന്, ഒരു പെഗ്ഗ്, രണ്ടു പെഗ്ഗ്, മൂന്നു പെഗ്ഗ് – കഴിവുപോലെ കഴിക്കുക. നോവലില്‍ പറയുന്നു: 1979 ഒക്‌ടോബര്‍ 28 – ഞാന്‍ മദ്യപാനം തുടങ്ങിയ ദിവസം. മധുപാനം നാഗരിക ജീവിതത്തില്‍ ഉല്ലാസമാണ്. ബാങ്കിലെ നല്ല ശമ്പളമുള്ള ചെറുപ്പക്കാര്‍, അധികം പേരും അവിവാഹിതര്‍ – അവര്‍ക്ക് മറ്റെന്തുണ്ട് കമ്പനിക്ക്? മദ്യം പാശ്ചാത്യരുടെ ജീവിതത്തില്‍ ഒരു സാധാരണ കാര്യമാണ്. മദ്യം ഒരു കോലാഹല വിഷയമാകുന്നത് ഇന്ത്യപോലെയുള്ള പിന്‍നിര രാജ്യങ്ങളിലാണ്. സന്മാര്‍ഗ്ഗ പ്രവണത ഒരു വ്യഗ്രതയാണവിടെ. ഇന്ത്യയില്‍ ഗാന്ധിജിയും നാണുഗുരുവും മദ്യം വിലക്കിയിട്ടുണ്ട്. ഗുരുവും ഗാന്ധിജിയും പറഞ്ഞതൊന്നും നാം ജീവിതത്തിലേക്കു പകര്‍ത്തുന്നില്ല. പക്ഷേ, മദ്യം ഒരു ആവേശവിഷയമാണ് ഇരുപക്ഷത്തും. വിശുദ്ധിവ്രതന്മാരാണ് ജനങ്ങള്‍, പൊതുവേ. രാഷ്ട്രീയ നേതാക്കന്മാര്‍ മാര്‍ക്കടിക്കുന്നത് മദ്യ വിരോധത്തില്‍. കേരളത്തില്‍ മദ്യം തിരഞ്ഞെടുപ്പില്‍ ഒരു സ്ഥിരവിഷയമാകാന്‍ പോകയാണ്. വാസുദേവന്റെ കഥയില്‍ കാണുംപ്രകാരം മദ്യം നിരുപദ്രവമായ ഒരു വിനോദോപാധിയാണ്. അത് മറിച്ചും പറയാം.
വാസുദേവന് കോഴിക്കോട്ടുനിന്ന് മൂന്നാറിലേക്കു മാറ്റം. നല്ല കാലാവസ്ഥയാണവിടെ. നിശ്ചിത കാലയളവു മാത്രം അവിടെ തുടര്‍ന്നു. പിന്നെ ഗുരുവായൂരിലേക്കു മാറ്റം. ഗുരുവായൂരില്‍ മാനേജര്‍ മോഹനകൃഷ്ണന്‍. അങ്ങാടിപ്പുറത്തുകാരന്‍. ഒറ്റപ്പാലവും അങ്ങാടിപ്പുറവും തമ്മില്‍ നല്ല യോജിപ്പ്. ഒരു ചോദ്യം: ഭക്തിയുള്ള കൂട്ടത്തിലാണോ? അത്യാവശ്യം. വാസുദേവന്റെ മറുപടി. അത്യാവശ്യം പോരാ. ഗുരുവായൂരപ്പനില്‍ ഉറച്ച വിശ്വാസം വേണം. ഗുരുവായുരപ്പനാണ് നമ്മുടെ മെയിന്‍ ക്‌ളയന്റ്, മോഹനകൃഷ്ണന്‍.
നാഷണല്‍ ബാങ്കിന്റെ ഒരു ഡെപ്പോസിറ്റ് ബ്രാഞ്ചാണ് ഗുരുവായൂര്‍.
എപ്പോഴും ചിരിക്കുന്ന, എല്ലാവരോടും ചിരിക്കുന്ന മാനേജര്‍ മോഹനകൃഷ്ണനെ ബാങ്കിലെ ഉദ്യോഗസ്ഥന്മാര്‍ക്ക് അത്ര ഇഷ്ടമല്ല. മാനേജര്‍ ദുഷ്ടനത്രെ. അതിന്റെ കാരണങ്ങള്‍:
മുന്‍കൂട്ടി അനുവാദം വാങ്ങാതെ ലീവെടുക്കരുത്.
അങ്ങനെ ലീവെടുത്താല്‍ ആബ്‌സെന്റു മാര്‍ക്കു ചെയ്യും.’
10 മണിക്കു മുമ്പ് സ്റ്റാഫ് ബ്രാഞ്ചിലെത്തണം.
എത്തിയാല്‍ പോരാ; കാഷ്യര്‍ ക്യാഷ് ക്യാബിനിലുണ്ടാകണം.’
എന്തു കാരണംകൊണ്ടായാലും, കസ്റ്റമേര്‍സ് വെയ്റ്റു ചെയ്യാന്‍ പാടില്ല.
സ്ഥാപനത്തെ നന്നായി കൊണ്ടുനടക്കാന്‍ ഉത്തരവാദപ്പെട്ടവന്‍ മാനേജര്‍. എന്തെങ്കിലും സ്വാര്‍ത്ഥമോ ദുരുദ്ദേശമോ ഉണ്ടായിട്ടല്ല, ചില ചിട്ടകള്‍ എല്ലാവര്‍ക്കും ബാധകമാണെന്ന് മാനേജര്‍ പറയുന്നത്. അതില്‍ ശത്രുതയെന്തെങ്കിലും ഉണ്ടെന്ന് വിചാരിക്കേണ്ട. മേലുദ്യോഗസ്ഥനും കീഴുദ്യോഗസ്ഥരും അന്യോന്യം അറിഞ്ഞും കരുതലോടെയും ബഹുമാനത്തോടെയും ഒത്തു പോവുക. അതിലേക്ക് താനുള്ളേടത്തൊക്കെ വാസുദേവന്‍ മനസ്സിരുത്തിയിട്ടുണ്ട്, അതിന് ഫലവും ഉണ്ടായിട്ടുണ്ട്. വാസുദേവന്‍ കോഴിക്കോട്ടും മൂന്നാറിലും ഗുരുവായൂരും മടിക്കേരിയിലും ആലപ്പുഴയിലും അയിലൂരും ഉണ്ടായിരുന്നു. ഗുരുവായൂരിലും ആലപ്പുഴയിലും അക്കൗണ്ടന്റായിരുന്നു. അയിലൂരില്‍ മാനേജരും. എല്ലായിടത്തും ബാങ്കുമായി ബന്ധപ്പെട്ടവരില്‍ സ്‌നേഹവിശ്വാസങ്ങള്‍ ഉണ്ടാവാന്‍, വാസുദേവന്‍ തന്റെ ചെറിയ അളവില്‍ കാരണമായി.
IV
വാസുദേവന്‍ അയിലൂരിലായിരുന്നപ്പോള്‍, രണ്ടു സംഗതികളാല്‍ തന്റെ പേരും കഥയും ജനസാമാന്യത്തിന് പ്രിയപ്പെട്ടതായി. ഒന്ന്, ഒരു പ്രസവം. ഗര്‍ഭിണിയെ ആസ്പത്രിയില്‍ കൊണ്ടുപോകാനും ശുശ്രൂഷാ കാര്യങ്ങള്‍ വേണ്ടപോലെ ചെയ്യാനും സഹായിച്ചു.
കാറ്റിന്റെ വേഗത്തിലാണ് നാട്ടുമ്പുറങ്ങളില്‍ വാര്‍ത്ത പരക്കുന്നത്. വേലിയരുകില്‍, കുളക്കടവില്‍, ചായക്കടയില്‍, നാലാള്‍ കൂടുന്നേടത്തെവിടെയും അതായി ചര്‍ച്ച.
ഇപ്പൊ വന്ന മാനേജരില്ലേ, വാസുദേവന്‍ സാറ്. സാറാണ് ആ പെണ്ണിന്റെ ജീവന്‍ രക്ഷിച്ചത്. നിറവയറോടെ പാവം ചത്തുപോണ്ടതാ. നാലുമണിക്ക് ഏതെങ്കിലും ബാങ്കിച്ചെന്നാ പണയം വെയ്ക്കാന്‍ പറ്റ്വോ? ആരു കൊടുക്കും ആയിരം ഉറുപ്പിക ഇതാ, ഇത്ര പോന്ന കമ്മലിന്? കമ്മല് മടക്കിക്കൊടുത്തു. പൈസ കൊടുക്കേം ചെയ്തു. ടാക്‌സിക്കാശും സാറാത്രെ കൊടുത്തത്.
നൂറു പറയ്ക്ക് നെല്‍ക്കൃഷി. പത്തായം നിറയെ നെല്ല്. പെട്ടി നിറയെ പണം. മുതുമുത്തച്ഛന്റെ കാലം തൊട്ടുള്ള ഭൂമിയാണ്. നിയമം വന്നപ്പൊ എല്ലാം പോയി. ഒരു സൂചനപോലും കിട്ടിയില്ല. എങ്കില്‍, പകുതിയെങ്കിലും ഒഴിപ്പിച്ചു വാങ്ങാമായിരുന്നു. ചോദിച്ചാല്‍ അന്നാണെങ്കില്‍ കൃഷ്ണന്‍ തരും. തരാതിരിക്കില്ല.
ആര്?’
എന്റെ പാട്ടക്കുടിയാന്‍. കൃഷ്ണന്‍ നല്ലവന്‍. മര്യാദക്കാരന്‍. പകുതി കൃഷിഭൂമി വിട്ടു തരണം കൃഷ്ണാ, ഞാന്‍ നടത്തിക്കോളാം എന്നു പറഞ്ഞാല്‍ അവന്‍ സമ്മതിക്കും.’
സ്വാമിക്ക് ഇപ്പോഴും ചോദിക്കാം.’
നിയമം വന്താച്ച്. കൃഷിഭൂമി കൃഷിക്കാരന്. സ്വന്തമായിക്കിട്ടിയ ഭൂമി ആരെങ്കിലും തരുമോ? ചോദിക്കാന്‍ പോയില്ല.
വൃദ്ധനായ സ്വാമിയും വൃദ്ധയായ മാമിയും കൂടി ബാങ്കു മാനേജരെ കണ്ടു. കൊണ്ടാട്ടം ഉണ്ടാക്കി വിറ്റ് ദിവസം പത്തു രൂപയെങ്കിലും വരുമാനമുണ്ടാക്കാന്‍, ലോണ്‍ നല്‍കുമോ എന്നറിയാനായിരുന്നു അവര്‍ ബാങ്കില്‍ ചെന്നത്. വിവരമെല്ലാമറിഞ്ഞപ്പോള്‍, കൊണ്ടാട്ടം വേണ്ട സ്വാമീ, സ്വീറ്റുണ്ടാക്കി വില്‍ക്കൂ എന്ന് ബാങ്കു മാനേജര്‍ പറഞ്ഞു. നല്ല നെയ്യില്‍ നന്നായിട്ടുണ്ടാക്കിയാല്‍ സ്വാമിയുടെ സ്വീറ്റിന് ആവശ്യക്കാരുണ്ടാവില്ലേ? നെന്മാറ, കൊടുവായൂര്, കൊല്ലങ്കോട്, ചിറ്റൂര്, പാലക്കാട് – എത്ര ഹോട്ടലുകളും ബേക്കറികളും കാണും. പട്ടന്മാരുണ്ടാക്കുന്ന സ്വീറ്റു വാങ്ങാന്‍ ആളുകള്‍ ക്യൂ നില്‍ക്കും. ശ്രമിച്ചു നോക്കിയാലോ സ്വാമി?’
സ്വാമി ശ്രമിച്ചു.
അടുത്ത ആഴ്ചതന്നെ സ്വാമിക്ക് ലോണ്‍ കൊടുത്തു. സ്വീറ്റുണ്ടാക്കാന്‍, ഇരുപത്തയ്യായിരം.
ഒരു വര്‍ഷം കൊണ്ട് സ്വാമി ഇരുപത്തയ്യായിരവും പലിശയും തിരിച്ചടച്ചു. സ്വാമിക്ക് അമ്പതിനായിരത്തിന്റെ ലോണ്‍ സാങ്ഷന്‍ ചെയ്തു. ലോണിലടയ്ക്കാനുള്ള പൈസ മുടങ്ങാതെ എല്ലാ ദിവസവും സ്വാമി ബാങ്കിലെത്തിച്ചു. സ്വാമിയുടെ പാരവശ്യരൂപം മാറി. സ്വാമിക്ക് കുടവയറുണ്ടായി. മാമിയും ഒന്നു മിനുങ്ങി.
കേരളത്തിലെ ഭൂനിയമ പരിഷ്‌കാരം ഒരു പുണ്യകര്‍മ്മമായിട്ടാണ് എണ്ണപ്പെടുന്നത്. മുകളില്‍ കണ്ട വൃദ്ധബ്രാഹ്‌മണരെ അത് ദുരിതത്തിലാക്കി. ഭൂമിയില്‍ പണിയെടുത്തവരല്ല ബ്രാഹ്‌മണര്‍. അവര്‍ ഭൂമിയെ സ്വത്തായിക്കണ്ടു. ഭൂമി പാട്ടത്തിനു നല്‍കി. പാട്ടം വാങ്ങി ജീവിച്ചു. മറ്റു വരുമാനമില്ലാത്തവരുണ്ടായിരുന്നു, അവരുടെ കൂട്ടത്തില്‍. അവരെ കണ്ടില്ല, നിയമനിര്‍മ്മാതാക്കള്‍. ഭൂമിയില്‍, യഥാര്‍ത്ഥത്തില്‍ ജോലി ചെയ്തത്, സ്വാമി പറഞ്ഞ പാട്ടക്കുടിയാന്‍ കൃഷ്ണനല്ല. കണ്ടത്തിലിറങ്ങി കിളയ്ക്കുകയും ഉഴുതുകയും ഞാറു നടുകയും കള പറിക്കുകയും കൊയ്യുകയും ചെയ്തവര്‍ സമുദായത്തിന്റെ താണപടിയില്‍ കിടന്നവരായിരുന്നു. കൃഷിഭൂമി കൃഷിക്കാരന് എന്നാണെങ്കില്‍, ആ വിഭാഗത്തിനാണ് ഭൂമിയില്‍ ഉടമസ്ഥത നല്‍കേണ്ടിയിരുന്നത്. നമ്മുടെ രാജ്യത്ത് വിപ്‌ളവ കക്ഷികളും പ്രസ്ഥാനങ്ങളും ഇടത്തട്ടുകാരുടേയും അവരിലെ മേല്‍ത്തട്ടുകാരുടേയും സ്വാധീനത്തിന്‍കീഴിലാണ്. കോണ്‍ഗ്രസ് ഇടത്തരക്കാരുടെ പ്രസ്ഥാനമാണെന്ന് ജവഹര്‍ലാല്‍ നെഹറു സ്വാതന്ത്ര്യപ്പോരാട്ടക്കാലത്തിനിടയ്ക്ക് പറഞ്ഞു. കോണ്‍ഗ്രസ് ജന്മി-മുതലാളികളുടെ സംഘടനയാണെന്ന കമ്മ്യൂണിസ്റ്റു വാദത്തെ ഡോ. കെ.എന്‍.രാജ് ഖണ്ഡിച്ചിട്ടുണ്ട്. അതുകൊണ്ടാണ്, ഭൂനിയമ പരിഷ്‌കാരത്തില്‍ ശരിക്കും ഭൂമിയില്‍ പണിയെടുക്കുന്ന വിഭാഗങ്ങള്‍ക്ക് പരിഗണന കിട്ടാതെ പോയത്.
കൊണ്ടാട്ടം ഉണ്ടാക്കി വിറ്റ് നിത്യച്ചെലവിന് 10ക. ഉണ്ടാക്കാന്‍ ആഗ്രഹിച്ച പട്ടര്‍ ദമ്പതികള്‍ക്ക് ഉപജീവനമാര്‍ഗ്ഗം ഉണ്ടാക്കിക്കൊടുത്ത വാസുദേവന്റെ തീരുമാനം ശ്‌ളാഘനീയമാകുന്നു.
V
വാസുദേവന്‍, ബാങ്കിന്റെ ഗുരുവായൂര്‍ ബ്രാഞ്ചിലായിരുന്ന നാളുകള്‍. ചിരിയില്‍ പിശുക്കു കാണിക്കാത്ത മാനേജര്‍ മോഹനകൃഷ്ണന്റെ കൂടെ കസ്റ്റമേഴ്‌സിനെ പിടിക്കാന്‍ വാസുദേവനും പോകുമായിരുന്നു. അതു സംബന്ധിച്ച്, മോഹനകൃഷ്ണന്‍ നടത്തിയിരുന്ന അശ്രാന്ത പരിശ്രമത്തിന് ഫലമുണ്ടായി. ഹാജ്യാരുടെ ഒന്നരക്കോടിയുടെ ഫിക്‌സഡ് ഡെപ്പോസിറ്റ്് ചെറുതല്ല. ബാങ്കുകാരെ കാണാന്‍ കൂട്ടാക്കാതിരുന്ന ഹാജിയാര്‍ മോഹനകൃഷണനേയും വാസുദേവനേയും വിളിച്ചിരുത്തി സല്‍ക്കരിച്ചു. ആരോടും പറയാത്ത തന്റെ സ്വകാര്യങ്ങള്‍ പറയുകയും ചെയ്തു.
”ബോംബേല് പൊറോട്ട അടിക്കലാര്ന്ന് ഞമ്മടെ പണി. മഞ്ചീലാണ് ആദ്യം ദുബായിക്ക് പോയത്. പാസ്‌പോര്‍ട്ടൂല്ല ഒരു കുന്തോല്ല. അന്ന് ചെക്കിങ്ങൂല്ല. പോലീസും പിടിക്കൂല്ല. ഒരറബീന്റെ തോട്ടത്തില് ആടിനെ മേച്ചിട്ടും ഒട്ടകത്തിനെ കറന്നിട്ടും അങ്ങനെ കഴിഞ്ഞൂ കൊറേക്കാലം. ആ അറബിക്ക് ഞമ്മളെ പെരുത്ത് പുടിച്ച്. ഓര് നല്ല മനുഷ്യനാര്ന്ന്. അയാക്ക് ഈന്തപ്പഴത്തിന്റെ കച്ചോടണ്ടാര്ന്ന്. ഓര് മരിക്കണേന്റെ മുമ്പേ ആ കച്ചോടം ഞമ്മക്ക് വിട്ടു തന്ന്. പടച്ചോന്റെ കൃപണ്ടായിട്ട് അവ്ട്ന്നങ്ങട്ട് കേറ്റം തന്നേര്ന്ന്. നോക്കീ മാനേജരെ. ഇപ്പഴൂണ്ട് പൊറോട്ട അടിച്ച തയമ്പ്. ഒരീസം അമ്പത് കിലോന്റെ മാവ് കൊയക്കണം. തമാശക്കള്യാ?””
ഗുരുവായൂരിലെ ബ്രാഞ്ചിന് രണ്ട് മേജര്‍ കളയന്റ്മാരാണുള്ളത്. ഹാജ്യാരെപ്പറ്റി പറഞ്ഞിട്ടുണ്ട്; ഇതര കളയന്റിനെപ്പറ്റി ഇനിപ്പറയാം.
അത്യാവശ്യം ദൗര്‍ബ്ബല്യങ്ങളൊക്കയുള്ള ആളാണ് കൃഷ്ണന്‍. കുറൂരമ്മയെ എത്ര ബുദ്ധിമുട്ടിച്ചിരിക്കുന്നു. ആപല്‍ബാന്ധവനാണ്. ഏതാപത്തില്‍നിന്നും കരകേറ്റും. വൃന്ദാവനത്തില്‍ ഓടിക്കളിച്ചും കാലി മേച്ചും നടന്ന ആ പോക്കിരിച്ചെക്കനാണ് ശ്രീകോവിലിനകത്തിരുന്ന് ചിരിക്കുന്നത്. ഭഗവാനോട് ഭക്തിയേക്കാളേറെ സ്‌നേഹവും വാത്സല്യവുമാണ് ഭക്തജനങ്ങള്‍ക്ക്.
വാസുദേവന്‍ ബാങ്കു ജോലിയില്‍ സംതൃപ്തനായിരുന്നു. അധികാരികളുമായി ഇടഞ്ഞില്ല, വാസുദേവന്‍. അവരെ വിശ്വാസത്തിലെടുത്ത്, അവരിലെ ദുര്‍ബ്ബുദ്ധിയുടെ മുന തേച്ചുരച്ചു കളയാന്‍ വാസുദേവനു കഴിഞ്ഞു. നിഴല്‍ കണ്ടു പേടിച്ച കുതിരയെ അലക്‌സാണ്ടര്‍ അടക്കി നിര്‍ത്തി. അതുപോലെ, എവിടെയാണ് പിഴവ് എന്ന് കണ്ടുപിടിച്ച്, നയത്തില്‍ അതില്ലാതാക്കുകയാണ് വാസുദേവന്‍ ചെയ്തുകൊണ്ടിരുന്നത്. പാര്‍ട്ടിസിപ്പേറ്ററി മാനേജ്‌മെന്റ്(Participatory Management) തുടങ്ങിയ ആശയങ്ങള്‍ ഇപ്പോള്‍ പ്രചാരത്തിലുണ്ടല്ലോ. അത്, ഉദ്യോഗലബ്ധിക്കു മുമ്പുള്ള കാലത്ത്, വീട്ടില്‍ പ്രായോഗികമായി അനുവര്‍ത്തിച്ച ആളാണ് വാസുദേവന്‍. വീട്ടിലെ പല പണികള്‍ ചെയ്യാന്‍ ആളു വരും. അവരുടെ കൂടെയിറങ്ങും വാസുദേവന്‍. അതിന്റെ ഗുണഫലം, പണിക്കാരന് ഉത്സാഹം. പങ്കാളിത്തപ്പണിയില്‍ ഗൃഹസ്ഥന് സംതൃപ്തി.
വാസുദേവന്‍ പറയുന്നത്, താനൊരു നാട്ടുമ്പുറത്തുകാരന്‍ ആണെന്നാണ്. നാട്ടുമ്പുറത്തുകാരന് അല്പംകൊണ്ട് തൃപ്തനാകാന്‍ കഴിയും. നാഗരികന് അതാവില്ല. അയാള്‍, സ്വഭാവേന, വെട്ടിപ്പിടുത്തക്കാരനാണ്. നാഗരികന്മാരുടെ കൂടാരത്തിലായിരുന്നു, വാസുദേവന്‍. പരുക്കുകള്‍ കൂടാതെ സ്വതന്ത്രനായി തിരിച്ചു വന്ന വാസുദേവനെ അനുമോദിക്കുക.
അനംഗനടി
24-12-2014 എം.ആര്‍. ചന്ദ്രശേഖരന്‍
Reviews
There are no reviews yet.