ജ്ഞാനപീഠരചനകള്‍
(സാഹിത്യം)
എഡിറ്റര്‍ ഡോ. ആര്‍സു
ഭാരതത്തിലെ പരമോന്നതമായ ജ്ഞാനപീഠ പുരസ്‌കാരം നേടിയ അതുല്യ പ്രതിഭകളുടെ വ്യത്യസ്ത രചനകളുടെ സമാഹാരം. കാലത്തെയും ജീവിതത്തെയും അടയാളപ്പെടുത്തിയ ഓരോ എഴുത്തുകാരുടെയും നാട്ടുമഹിമയും, മണ്ണിന്റെ മണവുമുള്ള നാട്ടുഭാഷയും, സാമൂഹികസ്ഥലികളും, ജീവിത യാഥാര്‍ഥ്യങ്ങളും, വിഭിന്ന ആശയങ്ങളും എല്ലാം ചേര്‍ന്ന് ഒരു പുഴപോലെ നമുക്ക് മുന്നിലൂടെ ഒഴുകുകയാണ്. ആ ഒഴുക്കിന് ഒരു നാദമുണ്ട്, സംഗീതമുണ്ട്, നാനാത്വത്തില്‍ ഏകത്വവും, ഭാരതീയത എന്ന ഏകശിലയും അതില്‍ തെളിയുന്നു.
ഭാരതീയ ജ്ഞാനപീഠം: ഉദ്ഭവവും വളര്‍ച്ചയും
ഡോ. ആര്‍സു
ഭാരതത്തിന്റെ സാംസ്‌കാരികനവോത്ഥാനം ലക്ഷ്യംവെച്ചുകൊണ്ട് സാര്‍ഥകമായ സേവനമനുഷ്ഠിക്കുന്ന പ്രസ്ഥാനങ്ങളില്‍ ഭാരതീയജ്ഞാ നപീഠം അഗ്രിമസ്ഥാനമലങ്കരിക്കുന്നു. ഭാരതീയ സംസ്‌കാരത്തിന്റെ അന്തഃസത്തയെ ഇന്നത്തെ സാഹചര്യത്തില്‍ പരിപോഷിപ്പിക്കാനുള്ള സമുചിതസരണി ഏതാണെന്നു കൂലങ്കഷമായി മനസ്സിലാക്കിയാണ് ജ്ഞാനപീഠം അതിന്റെ സേവനവീഥികള്‍ തിരഞ്ഞെടുത്തത്. ഭാരത്തില്‍ ഇന്നു ഭാരതീയ സാഹിത്യകാരന്മാര്‍ക്ക് ഏറ്റവും സമുന്നതമായ അംഗീകാരവും പുരസ്‌കാരവും നല്കുന്നതു ഭാരതീയജ്ഞാനപീഠം എന്ന ഈ സ്ഥാപനമാണ്.
ഭാരതീയ ജ്ഞാനപീഠത്തിന്റെ പിറവി എങ്ങനെയായിരുന്നുവെന്നു പ്രത്യേകം അറിയേണ്ടതുണ്ട്. 1944-ല്‍ ബനാറസില്‍വച്ച് അഖില ഭാരതീയ പ്രാച്യവിദ്യാപരിഷത്തിന്റെ (ഓള്‍ ഇന്ത്യാ ഓറിയന്റല്‍ കോണ്‍ഫറന്‍സ്) 12-ാമതു സമ്മേളനം നടക്കുകയുണ്ടായി. പ്രാകൃത – അപഭ്രംശഭാഷകളിലെ സാഹിത്യകൃതികള്‍ പാടേ അവഗണിക്കപ്പെടുന്നു. ഒരു പ്രാച്യഭാഷ എന്ന നിലയില്‍ അല്പമെങ്കിലും അംഗീകാരമുള്ളതു സംസ്‌കൃതത്തിനു മാത്രമാണ്. നാളേറെ ചെല്ലുംമുന്‍പ് അതും നാമാവശേഷമാകും. ഭാരതീയദര്‍ശനം, സംസ്‌കാരം, സാഹിത്യം എന്നിവയ്ക്കു പരമ പ്രാധാന്യം നല്കി പ്രവര്‍ത്തിക്കുന്ന ഒരു പ്രസ്ഥാനമുണ്ടായാലേ ഈ ദുരവസ്ഥയില്‍ നിന്നൊരു മോചനം സാധ്യമാകുവെന്ന് ബനാറസ് സമ്മേളനത്തില്‍ പങ്കെടുത്ത പരിണതപ്രജ്ഞരായ വ്യക്തികള്‍ അഭിപ്രായപ്പെടുകയുണ്ടായി. എന്നാല്‍, അങ്ങനെയൊരു പ്രസ്ഥാനത്തിന് ആരു പൗരോഹിത്യം വഹിക്കും? സമ്മേളന പ്രതിനിധികളെ ഈ ചോദ്യം അലോസരപ്പെടുത്തി. വ്യവസായ പ്രമുഖനായ ശാന്തിപ്രസാദ് ജൈനിനെ സമീപിച്ചുനോക്കുക എന്നൊരു നിര്‍ദേശം ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞുവന്നു. പ്രശ്‌നം ശാന്തിപ്രസാദ് ജൈനിന്റെ മുന്‍പാകെ അവതരിപ്പിക്കപ്പെട്ടു. ഭാരതീയ സംസ്‌കാരത്തോട് അതീവ മമതയും മതിപ്പും പ്രകടിപ്പിച്ചുപോന്ന ആ സാത്വികന് ഈ നിര്‍ദേശം ഏറെ നിര്‍വൃതിദായകമായി തോന്നി. അങ്ങനെയായിരുന്നു ഈ പ്രസ്ഥാനത്തിന്റെ ബീജാവാപം. കൃത്യമായി പറഞ്ഞാല്‍ 1944 ഫിബ്രുവരി 14നാണ് ഭാരതീയജ്ഞാനപീഠം ഒരു ട്രസ്റ്റായി കല്‍ക്കത്തയില്‍ നിലവില്‍ വന്നത്. അതിന്റെ പ്രമാണരേഖയില്‍ ‘വിലുപ്തവും അനുപലബ്ധവും അപ്രകാശിതവുമായ വിജ്ഞാനസാമഗ്രികളെക്കുറിച്ചുള്ള അനുസന്ധാനവും ജനക്ഷേമകരമായ മൗലികസാഹിത്യത്തിന്റെ സൃഷ്ടിയും’ പ്രത്യേക ലക്ഷ്യങ്ങളാണെന്നു കുറിച്ചുവെച്ചിട്ടുണ്ട്. ശാന്തിപ്രസാദ് ജൈനും അദ്ദേഹത്തിന്റെ സഹധര്‍മിണി രമാജൈനും ജ്ഞാനപീഠത്തെ വളര്‍ത്തുന്നതില്‍ അതീവ ശുഷ്‌കാന്തി കാണിക്കുകയുണ്ടായി. ഇപ്പോള്‍ ഇന്ദു ജൈന്‍ ആണ് ജ്ഞാനപീഠത്തിന്റെ അധ്യക്ഷ.
പ്രസ്ഥാനത്തിന്റെ ലക്ഷ്യങ്ങള്‍ എന്തെല്ലാമായിരിക്കണമെന്നു പ്രമാണ രേഖയില്‍ വ്യക്തമാക്കപ്പെട്ട ശേഷം പ്രാരംഭപ്രവര്‍ത്തനമെന്ന നിലയ്ക്കു രണ്ടു പ്രത്യേക ഗ്രന്ഥപരമ്പരകള്‍ പ്രസിദ്ധീകരിക്കാന്‍ തീരുമാനിക്കുകയുണ്ടായി. ‘മൂര്‍ത്തീദേവി ഗ്രന്ഥമാല’, ലോകോദയ ഗ്രന്ഥമാല’ എന്നിങ്ങനെയാണ് അവ നാമകരണം ചെയ്യപ്പെട്ടത്. ശാന്തിപ്രസാദ് ജൈനിന്റെ വന്ദ്യമാതാവിന്റെ പേരിലായിരുന്നു പ്രഥമ ഗ്രന്ഥപരമ്പര തുടങ്ങിയത്. സംസ്‌കൃതം, പ്രാകൃതം, അപഭ്രംശം, ഹടേഗന്നഡ, തമിഴ് എന്നീ ഭാഷകളിലെ അപൂര്‍വങ്ങളായ സാഹിത്യ കൃതികള്‍ കണ്ടെത്തി അവ ശാസ്ത്രീയമായി സംരക്ഷിച്ചുവെക്കുക, അവയെക്കുറിച്ചുള്ള ഗഹനങ്ങളായ ഗവേഷണങ്ങള്‍ നടത്തുക എന്നിവയായിരുന്നു മൂര്‍ത്തീദേവി ഗ്രന്ഥമാലയുടെ പ്രധാന ലക്ഷ്യങ്ങള്‍.
ദക്ഷിണാഞ്ചലത്തിലുള്ള (കര്‍ണാടകം) മൂടബിദ്രയിലെ ഒരു ക്ഷേത്രത്തില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള കുറെ താളിയോലക്കുറിപ്പുകള്‍ സൂക്ഷിച്ചുപോന്നിരുന്നു. ദൂരദിക്കുകളില്‍നിന്നു ഭക്തജനങ്ങള്‍ ഇതു കാണാനായി വരാറുണ്ടായിരുന്നു. ഇതിലെ ലിപിയും പ്രതിപാദ്യവിഷയവും മറ്റും അവര്‍ക്ക് അജ്ഞാതങ്ങളായിരുന്നുവെങ്കിലും ജ്ഞാനപീഠത്തിന്റെ പ്രയത്‌നഫലമായി ചില കാര്യങ്ങള്‍ അറിവായി. ഇതിലെ ലിപി ഹടേഗന്നടയും പ്രതിപാദ്യവിഷയം കര്‍മസിദ്ധാന്തുവുമാണ്. 11-ാം നൂറ്റാണ്ടിലെ ജൈനാചാര്യനായ ഭാഗവന്ത്ഭൂതബലി പ്രാകൃതഭാഷയില്‍ രചിച്ചതാണ് ഈ കൃതി. ഉദ്ദേശം 90,000 രൂപ മുടക്കി ഇതിന്റെ ലിപ്യന്തരണവും വിവര്‍ത്തനവും തയ്യാറാക്കി ഏഴു ഭാഗങ്ങളായി ഇതു ഗ്രന്ഥരൂപത്തില്‍ പ്രസിദ്ധീകരിക്കാന്‍ ജ്ഞാനപീഠത്തിനു സാധിച്ചു. മൂര്‍ത്തീദേവി ഗ്രന്ഥമാലയിലെ പ്രഥമകൃതി ഈ താളിയോലക്കുറിപ്പു കളുടെ ഭാഷാന്തരമാണ് മൂര്‍ത്തിദേവി ഗ്രന്ഥമാലയില്‍ നൂറില്‍പ്പരം കൃതികള്‍ ഇതിനകം പ്രസിദ്ധീകരിച്ചു.
പ്രാചീന സാഹിത്യത്തിന്റെ സംരക്ഷണത്തിനുള്ള നയോപായങ്ങളാണ് ജ്ഞാനപീഠത്തിന്റെ ആരംഭകാലനേട്ടമെന്നു പറയാം. ഈ രംഗത്ത് ആസൂത്രിതവും ക്രമബദ്ധവുമായ കുറെ പ്രവര്‍ത്തനങ്ങള്‍ നടന്നു. മൂര്‍ത്തീദേവി, കന്നഡ, മാണിക്യചന്ദ്ര എന്നീ പേരുകളില്‍ തുടക്കമിട്ട ഗ്രന്ഥപരമ്പരകള്‍ ഇതിന്റെ നിദര്‍ശനങ്ങളാണ്. നാനാവിഷയങ്ങളില്‍ പ്രാചീനകാലത്തെ ഭാരതീയപണ്ഡിതന്മാര്‍ ആര്‍ജിച്ച അറിവിന്റെ അക്ഷയഖനികള്‍ ഈ ഗ്രന്ഥങ്ങളിലൂടെ നമുക്കു കണ്ടെത്താനാകും.
പ്രാചീനതയുടെ മാറാപ്പു മാത്രം പേറിനടക്കുന്നതുകൊണ്ട് പ്രയോജനമില്ല. വര്‍ത്തമാനകാലസാഹിത്യം (ലിവിങ് ലിറ്ററേച്ചര്‍) ഒരു കാരണവശാലും അവഗണിക്കപ്പെടരുത്. ഉണര്‍വിന്റെയും ഉന്മേഷത്തിന്റെയും അന്തരീക്ഷത്തിനു സമകാലിക സാഹിത്യബോധവും അനിവാര്യമാണ്. ഈ സങ്കല്പത്തോടെ ജ്ഞാനപീഠം വേറെയും രണ്ടു പ്രസിദ്ധീകരണപദ്ധതികള്‍ക്കു തുടക്കംകുറിച്ചു. ഹിന്ദിയിലെ മികച്ച കൃതികള്‍ പ്രസിദ്ധീകരിക്കാന്‍ തുടക്കംകുറിച്ചു. ഹിന്ദിയിലെ മികച്ച കൃതികള്‍ പ്രസിദ്ധീകരിക്കാന്‍ ‘ലോകോദയ ഗ്രന്ഥമാല’ ആരംഭിച്ചു. മുക്തിബോധ്, അജ്ഞേയ്, ധര്‍മവീര്‍ഭാരതി, വീരേന്ദ്രകുമാര്‍ ജൈന്‍, ജൈനേന്ദ്രകുമാര്‍ എന്നിവരുടെ കൃതികളാണ് തുടക്കത്തില്‍ പ്രസിദ്ധീകരിച്ചത്. ഇന്ന് ഹിന്ദിയിലെ ഉന്നതരായ പല എഴുത്തുകാരുടെയും മികച്ച കൃതികള്‍ ജ്ഞാനപീഠം വഴി പ്രകാശിതമാകുന്നുണ്ട്.
‘ഭാരതീയ ഭാഷകള്‍ അവയുടെ സ്‌നേഹഹസ്തങ്ങള്‍ നീട്ടുന്ന വിശാലവേദി’യെന്ന് കന്നഡ കവി കുവെമ്പു ജ്ഞാനപീഠത്തെ വിലയിരുത്തുകയുണ്ടായി. ഭാഷകളുടെ സഹവര്‍ത്തിത്വം ഭാരതത്തിന്റെ സാംസ്‌കാരിക പുരോഗതിക്ക് അനിവാര്യമാണ്. പരിഭാഷകളിലൂടെ സൗഹൃദബന്ധം പുഷ്ടിപ്പെടുത്തേണ്ടതുണ്ട്. അതിനായി തുടങ്ങിവെച്ച ‘രാഷ്ട്രഭാരതി ഗ്രന്ഥമാല’ വളരെയധികം പുരോഗതി നേടി. ഹിന്ദീതര ഭാഷകളിലെ ഈടുറ്റ കൃതികള്‍ ഹിന്ദിയിലേക്കു കൊണ്ടുവരുവാന്‍ ഈ പദ്ധതി ഉതകുന്നു. ഭാരതീയ സാഹിത്യത്തിന്റെ ഗഹനതയും വൈവിധ്യവും ഏകതയും മൂല്യസങ്കല്പവുമൊക്കെ ഇതില്‍ പ്രതിഫലിക്കുന്നുണ്ട്.
സാഹിതീയ പത്രപ്രവര്‍ത്തനരംഗത്ത് ജ്ഞാനപീഠത്തിന്റെ മികച്ച സംഭാവന ജ്ഞാനോദയ് മാസികയായിരുന്നു. ഈ ഹിന്ദി മാസിക സമകാലിക ഭാരതീയ സാഹിത്യത്തിന്റെ പ്രവണതകളെക്കുറിച്ചറിയാനുള്ള ഒരു മാധ്യമമായിരുന്നു. യുവതലമുറിയിലെ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതായിരുന്നു ഇതിന്റെ നയം. അയോധ്യാപ്രസാദ് ഗോയാല്‍ ഇതിന്റെ പ്രഥമ പത്രാധിപരായിരുന്നു. ലക്ഷ്മീചന്ദ്ര ജൈന്‍, ശരദ് ദേവഡ, രമേശ് ബക്ഷി, മുദ്രാരാക്ഷസ്, ജഗദീശ് എന്നീ പ്രഗല്‍ഭ സാഹിത്യകാരന്മാരുടെ സേവനവും ഈ മാസികയ്ക്കു ലഭിച്ചു. ‘ജ്ഞാനപീഠ് സമാചാര’ പുതുതായി ആരംഭിച്ച വിവരണികയാണ്.
അല്പകാലം മുടങ്ങിപ്പോയ ജ്ഞാനോദയ് മാസിക ഡോ. പ്രഭാകര്‍ ശ്രോത്രീയ് ഡയറക്ടറായപ്പോള്‍ പുനരാരംഭിച്ചു. നയാ ജ്ഞാനോദയ് എന്നാണ് ഇപ്പോള്‍ ഇതിന്റെ പേര്. ഇന്നത് ഹിന്ദിയിലെ ശ്രദ്ധേയ മാസികയാണ്.
യുവതലമുറയ്ക്കുവേണ്ടി
ഹിന്ദിയിലെ യുവതലമുറയിലെ എഴുത്തുകാരുടെ പ്രഥമകൃതി ഒരു മത്സരത്തിലൂടെ വിലയിരുത്തി മികച്ച കൃതികള്‍ പ്രസിദ്ധീകരിക്കുന്ന ഒരു പരിപാടിയും (1985) ജ്ഞാനപീഠം ആവിഷ്‌കരിച്ചു. ഡോ. ഋതാശുക്ല, വിനോദ് ദാസ്, ഡോ. ഹരീഷ് നവള്‍ എന്നിവര്‍ ഈ പുരസ്‌കാരം നേടി യവരില്‍പ്പെടുന്നു. ഇവരുടെ കൃതികള്‍ ഇന്ന് ഉന്നതരായ എഴുത്തുകാരുടെ ഇടയില്‍പ്പോലും ചര്‍ച്ചാവിഷയമാണ്.
ഓരോ വര്‍ഷവും ഭിന്ന ഭാരതീയ ഭാഷകളിലെ ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചുവരുന്ന മികച്ച കഥകളും കവിതകളും ശേഖരിച്ച് അവ വാര്‍ഷികചയനികളായി പ്രസിദ്ധീകരിക്കുന്ന ഒരു പരിപാടി 1983-ല്‍ നിലവില്‍ വന്നു. ഈ സമാഹാരങ്ങള്‍ ഇന്നത്തെ ഭാരതീയ സാഹീത്യാന്തരീ ക്ഷത്തിന്റെ സവിശേഷതകളുടെ വിശ്വസ്തദര്‍പ്പണമാണ്. വിവര്‍ത്ത കരുടെ കൂട്ടായ്മയാണ് ഈ പ്രവര്‍ത്തനങ്ങളുടെ വിജയത്തിനു നിദാനം. ഹിന്ദിയിലെ പ്രശസ്ത കവി ബാലസ്വരൂപ് രാഹി സെക്രട്ടറിയായിരിക്ക വേയാണ് പുതിയ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്ന പ്രസിദ്ധീകരണ പരിപാടികള്‍ക്കു രൂപം നല്കിയത്.
ജ്ഞാനപീഠം അവാര്‍ഡ് (1965), മൂര്‍ത്തീദേവി അവാര്‍ഡ് (1983) എന്നിവ ഭാരതീയ സാഹിത്യത്തെ പ്രോത്സാഹിപ്പിക്കുവാനുള്ള മികച്ച സംഭാവനകളാണ്. ഭാരതീയ ജീവിതമൂല്യങ്ങള്‍ക്ക് ഊന്നല്‍ നല്കുന്ന കൃതികളാണ് മൂര്‍ത്തീദേവി അവാര്‍ഡിന്റെ പരിഗണനയില്‍ വരുന്നത്. സി.കെ. നാഗരാജറാവു (കന്നഡ പട്ടമഹാദേവി ശാന്തള), വീരേന്ദ്രകുമാര്‍ ജൈന്‍ (ഹിന്ദി മുക്തിദൂത്), മനുഭായ് പഞ്ചോലി (ഗുജറാത്തി- ത്‌ധേര്‍തോപീന്താ ഛേ ജാണി ജാണി), കനയ്യലാല്‍ – സേഠിയ (ഹിന്ദി നിര്‍ഗ്രന്ഥ്), വിഷ്ണുപ്രഭാകര്‍ (ഹിന്ദി – സത്താ ആര്‍ പാര്‍), വിദ്യാനിവാസ് മിശ്ര (ഹിന്ദി മഹാഭാരത് കേ കാവ്യാര്‍ഥ്), മുനിശ്രീ നാഗരാജ് (ഹിന്ദി ആഗം ഔര്‍ ത്രിപഠക്), പ്രതിഭാറായ് (ഒറിയ – യജ്ഞസേനി) കുബേര്‍നാഥ് റായ് (ഹിന്ദി-കാമധേനു), ശിവാജി സാവന്ത് (മറാഠി-മൃത്യുഞ്ജയ്), നിര്‍മല്‍ വര്‍മ, ഗോവിന്ദചന്ദ്ര പാണ്ഡേ, രാമമൂര്‍ത്തി ത്രിപാഠി, യശദേവ് ശല്യ, കല്യാണ്‍ മല്‍ ലോഢ, നാരായണല്‍ ഭേഗായ്, രാമാമൂര്‍ത്തി ശര്‍മ, കൃഷ്ണബിഹാ മിശ്ര, വീരപ്പമൊയ്‌ലി, അക്കിത്തം എന്നിവരാണ് ഇതിനകം മൂര്‍ത്തിദേവി അവാര്‍ഡ് നേടിയ എഴുത്തുകാര്‍)
ജ്ഞാനപീഠത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ സെമിനാറുകളും മറ്റും സാഹിത്യ സാംസ്‌കാരിക രംഗങ്ങളില്‍ വലിയ ചലനം സൃഷ്ടിച്ചു. ‘സൃജന്‍ പര്‍വ്’, ‘കഥാപര്‍വ്’, ‘കാവ്യോത്സവ്’ എന്നീ പരിപാടികളില്‍ ഭിന്നഭാഷകളിലെ സാഹിത്യനായകന്മാര്‍ പങ്കെടുത്തു. ‘സാമൂഹിക മാറ്റത്തില്‍ സാഹിത്യകാരന്റെ പങ്ക്’, ‘കവിതയിലെ ദേശീയനാദവും ഇന്നത്തെ കവിതയും’ എന്നീ വിഷയങ്ങളെ ആസ്പദിച്ചു നടത്തിയ സെമിനാറുകളും വിവിധ വീക്ഷണക്കാരായ എഴുത്തുകാരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി.
പുരസ്‌കാരത്തിന്റെ പിന്നില്‍
‘ഭാരതീയസാഹിത്യത്തിലെ നോബല്‍ പ്രൈസ് എന്ന് വിശേഷിപ്പിക്കാവുന്ന ജ്ഞാനപീഠം അവാര്‍ഡ് 1965-ലാണ് നിലവില്‍ വന്നത്. ഈ അവാര്‍ഡിന്റെ ഉദ്ഭവത്തെക്കുറിച്ച് ചില കാര്യങ്ങള്‍ വ്യക്തമാക്കുന്നത് ഇവിടെ സംഗതമായിരിക്കും. 1961 മെയ് 21-ന് ശാന്തിപ്രസാദ് ജൈനിന്റെ 50-ാം പിറന്നാള്‍ ആഘോഷിക്കുകയായിരുന്നു. അന്ന് കുടുംബാംഗങ്ങള്‍ ഒത്തുചേര്‍ന്നപ്പോള്‍ രമാജൈന്‍ ഒരു ആശയം മുന്നോട്ടു വെച്ചു. ഇന്ത്യയില്‍ നിരവധി ഭാഷകളുണ്ടല്ലോ. അവയില്‍ പലതും സാഹിത്യസമൃദ്ധങ്ങളുമാണ്. അവയില്‍ മികച്ച ഒരു കൃതിക്കു വര്‍ഷം തോറും ദേശീയതലത്തില്‍, വലിയൊരു സമ്മാനം നല്കുന്നത് നന്നായി രിക്കും. ഇതായിരുന്നു അവരുടെ ആശയത്തിന്റെ പൊരുള്‍. ‘കാന്താ സമ്മിത തയോപദേശയുജേ’ എന്നാണല്ലോ പ്രമാണം. ശാന്തിപ്രസാദിന് ഈ ആശയം ഇഷ്ടപ്പെട്ടു. മികച്ച കൃതി ആര്, എങ്ങനെ തിരഞ്ഞെടുക്കുമെന്ന കാര്യങ്ങളെക്കുറിച്ചു ചര്‍ച്ചയായി. 1961 സപ്തംബര്‍ 16ന് ട്രസ്റ്റിന്റെ ഒരു യോഗം ഭാരതീയ ക്ലാസിക്കുകളെയും അവയുടെ പരിഭാഷകളെയും കുറിച്ച് ചര്‍ച്ച ചെയ്യുകയായിരുന്നു. ഈ വേളയില രമാജൈന്‍ തന്റെ മനസ്സിലുള്ള പുരസ്‌കാരത്തന്റെ പ്രാധാന്യം അവിടെ അവതരിപ്പിച്ചു. ട്രസ്റ്റ് അംഗങ്ങളും സാഹിത്യനായകന്മാരും അതേക്കുറിച്ച് ഔപചാരികമായും അനൗപചാരികമായും ചര്‍ച്ചകള്‍ നടത്തി. നവംബര്‍ 22-ന് സാഹിത്യകാരന്മാരുടെ ഒരു ചര്‍ച്ചായോഗം നടന്നു. ആചാര്യ കാകാ കാലേല്‍ക്കര്‍, ഹരിവംശറായ് ബച്ചന്‍, രാംധാരി സിംഹ് ദിന്‍കര്‍, ജൈനേന്ദ്രകുമാര്‍, അക്ഷയ്കുമാര്‍, ജൈന്‍, പ്രഭാകര്‍ മാച്ച്‌വേ എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. അവിടെനിന്ന് ലഭിച്ച ആശയങ്ങള്‍ ക്രോഡീകരിച്ച് ശാന്തിപ്രസാദ്, ഡോ. രാജേന്ദ്രപ്രസാദിനെ ചെന്നുകണ്ട് കാര്യങ്ങള്‍ ധരിപ്പിച്ചു. പ്രശംസനീയമായ പ്രവര്‍ത്തനമാണിതെന്നും ഇതിനു തന്റെ സഹകരണവും പ്രോത്സാഹനവും സദാ പ്രതീക്ഷിക്കാമെന്നും ഡോ. രാജേന്ദ്രപ്രസാദ് പറഞ്ഞു.
1961 ഡിസംബര്‍ 6-ന് ബംഗാളി എഴുത്തുകാര്‍ ഈ ആശയത്തെക്കുറിച്ച് ചര്‍ച്ച നടത്തി. 1962 ജനുവരിയില അഖില ഭാരതീയ ഗുജറാത്തി പരിഷദ്, ഭാതീയ ഹിന്ദി പരിഷദ് സമ്മേളനപ്രതിനിധികളും ഇതേക്കുറിച്ച് ആശയവിനിമയം നടത്തി. തുടര്‍ന്ന് സാഹിത്യരംഗത്തെ സംഘടനകള്‍ക്കും വ്യക്തികള്‍ക്കും 4500-ഓളം കത്തുകള്‍ അയച്ച് പ്രതികരണമാരാഞ്ഞു. വിവിധ അഭിപ്രായങ്ങള്‍ സമാഹരിക്കാന്‍ സാധിച്ചതോടെ ചില വഴികള്‍ തെളിഞ്ഞുവന്നു. 1962 ഏപ്രില്‍ 1, 2 തീയതികളില്‍ ടൈംസ് ഓഫ് ഇന്ത്യയും ജ്ഞാനപീഠവും ചേര്‍ന്ന് ഒരു ചര്‍ച്ചാസമ്മേളനം നടത്തി. രമാജൈന്‍ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. ഇരുനൂറോളം സാഹിത്യകാരന്മാര്‍ ഇതില്‍ പങ്കെടുത്തു.
പുരസ്‌കാരത്തിന്റെ നിര്‍ണയരീതി, തുക ഇവയെക്കുറിച്ചും പല പ്രതികരണങ്ങളുണ്ടായി. ഒരു ലക്ഷം രൂപ ഒരെഴുത്തുകാരനു നല്കുക. പത്തുപേര്‍ക്ക് പതിനായിരം രൂപ വീതം നല്കുക. നാലുപേര്‍ക്ക് ഇരുപത്തയ്യായിരം രൂപ വീതം നല്കുക ഇങ്ങനെ പല അഭിപ്രായങ്ങള്‍ ഉയര്‍ന്നുവന്നു. നിസീം എസക്യല്‍, ഡോ. സുനീതികുമാര്‍ ചാറ്റര്‍ജി, മുല്‍ക്‌രാജ് ആനന്ദ്, സുരേന്ദ്ര മൊഹന്തി, ദേവേശ്ദാസ്, ദിന്‍കര്‍, ഉദയശങ്കര്‍ഭട്ട്, സിയാരാംശരണ്‍ ഗുപ്ത, ലക്ഷ്മീചന്ദ്ര ജൈന്‍, ഗജദീശ് ചന്ദ്ര മാഥൂര്‍, ഡോ. രാംകുമാര്‍ വര്‍മ, ഡോ. നാഗേന്ദ്ര, ഡോ. ബേന്ദ്രേ, ജൈനേന്ദ്രകുമാര്‍, മന്മദ്‌നാഥ് ഗുപ്ത എന്നിവരാണ് ഈ ചര്‍ച്ചയില്‍ പങ്കെടുത്ത പ്രമുഖര്‍. ഇങ്ങനെ അനേക ഘട്ടങ്ങളില്‍ നടന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ അവാര്‍ഡ് ഏര്‍പ്പെടുത്താനുള്ള വിജ്ഞാപനം 1962 ഏപ്രില്‍ 2നു പുറത്തുവന്നു.
അവാര്‍ഡ് പദ്ധതി നടപ്പാക്കാനായി ഒരു പ്രവര പരിഷദ് രൂപവത്കരിക്കുകയുണ്ടായി. മികച്ച കൃതി നിര്‍ദേശിക്കുവാന്‍ ഭാഷാസമിതികളുടെ ശിപാര്‍ശ ആദ്യം തേടും. വ്യക്തികളില്‍നിന്നും സംഘടനകളില്‍നിന്നും നിശ്ചിത ഫോറത്തില്‍ ലഭിക്കുന്ന ശിപാര്‍ശകള്‍ പരിഗണിച്ചാണ് ഭാഷാ സമിതികള്‍ തീരുമാനമെടുക്കുന്നത്. താരതമ്യവിലയിരുത്തലിനുശേഷം അന്തിമതീരുമാനമെടുക്കുന്നത് പ്രവര പരിഷത്താണ്. രാജേന്ദ്രപ്രസാദായിരുന്നു പ്രവര പരിഷത്തിന്റെ പ്രഥമ ചെയര്‍മാന്‍. ഡോ. സമ്പൂര്‍ണാനന്ദ, ഡോ. ഗോപാല്‍ റെഡ്ഡി, നിഹാര്‍ രഞ്ജന്‍ റേ, ഉമാശങ്കര്‍ ജോഷി, വി.കെ. ഗോകാക്, പി.വി നരസിംഹറാവു, ഡോ. കരണ്‍സിംഹ് എന്നിവരായിരുന്നു പിന്‍ഗാമികള്‍. ഇപ്പോഴത്തെ പ്രവര പരിഷത്ത ചെയര്‍മാന്‍ ഡോ. സീതാകാന്ത് മഹാപാത്രയാണ്.
ശാന്തിപ്രസാദ് ജൈന്‍, രമാ ജൈന്‍, ശ്രേയസ് പ്രസാദ് ജൈന്‍, അശോക് കുമാര്‍ ജൈന്‍ എന്നിവര്‍ ട്രസ്റ്റിന്റെ ചെയര്‍മാന്‍മാര്‍ ആയിരുന്നു. ഇപ്പോള്‍ ട്രസ്റ്റ് ചെയര്‍മാനായി ഇന്ദു ജൈന്‍ സേവനമനുഷ്ഠിക്കുന്നു.
1965 മുതല്‍ 2012 വരെ ജ്ഞാനപീഠം അവാര്‍ഡ് നേടിയവരുടെ പട്ടിക അന്യത്ര കൊടുത്തിട്ടുണ്ട്. ആദ്യപുരസ്‌കാരം മഹാകവി ജി. ശങ്കരക്കുറിപ്പിന്റെ ഓടക്കുഴല്‍ കാവ്യസമാഹാരത്തിനു ലഭിച്ചു. 1966 നവംബര്‍ 19-ന് ഡല്‍ഹിയിലെ വിജ്ഞാന്‍ഭവനില്‍ ചേര്‍ന്ന ചടങ്ങില്‍വെച്ച് അദ്ദേഹം ഡോ. സമ്പൂര്‍ണാനന്ദില്‍നിന്ന് അവാര്‍ഡ് സ്വീകരിച്ചു. ജ്ഞാനപീഠം പുരസ്‌കാരത്തെക്കുറിച്ച് വിലയിരുത്തിക്കൊണ്ട്: ഡോ. പണ്ഡുരംഗറാവു ഇങ്ങനെ രേഖപ്പെടുത്തിയിട്ടുണ്ട് ‘മലയാനിലനെപ്പോലെ മുഗ്ധവും മധുരവുമായ മലയാളഭാഷയില്‍ നിന്നായിരുന്നു ജ്ഞാനപീഠം അവാര്‍ഡിന്റെ ഹരിശ്രീ കുറിച്ചത്. ആധ്യാത്മികചേതനയെ ഭാരതമാകെ വ്യാപിപ്പിക്കുവാനുള്ള പ്രാരംഭപ്രവര്‍ത്തനം നടത്തിയത് കേരളമണ്ണില്‍ പിറന്ന ശങ്കരാചാര്യരായിരുന്നുവല്ലോ. അതുപോലെ മലയാള മനീഷിയായ ജി. ശങ്കരക്കുറുപ്പിന്റെ ഓടക്കുഴലിന്റെ മുഗ്ധസ്വരത്താലാണ് ജ്ഞാനപീഠ പുരസ്‌കാരത്തിന്റെ സ്വരവും ഇന്ത്യയാകെ മുഖരിതമായത് (ജ്ഞാനപീഠ സംവാദങ്ങള്‍ – അവതാരിക)
1994-ല്‍ ഭാരതീയ ജ്ഞാനപീഠത്തിന്റെ സുവര്‍ണജൂബിലി വര്‍ഷമായിരുന്നു. ഇതിനകം (2017 വരെ) 53 അവാര്‍ഡുകള്‍ നല്കിയിട്ടുണ്ട്. 1967, 1973, 1999, 2006, 2009 വര്‍ഷങ്ങളില്‍ അവാര്‍ഡ് വീതിക്കപ്പെട്ടു. അങ്ങനെ 58 പേര്‍ അവാര്‍ഡ് സ്വീകരിച്ചിട്ടുണ്ട്. ഇതില്‍ എട്ടുപേര്‍ വനിതകളാണ്. അവാര്‍ഡ് ലഭിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ പ്രായമുണ്ടായിരുന്നത് മാസ്തി വെങ്കടേശ് അയ്യങ്കാര്‍ക്കായിരുന്നു. 90 കഴിഞ്ഞശേഷമാണ് അദ്ദേഹത്തിനു പുരസ്‌കാരം ലഭിച്ചത്. ഏറ്റവും കുറഞ്ഞ പ്രായത്തില്‍ അവാര്‍ഡ് ലഭിച്ചത് തമിഴ് നോവലിസ്റ്റ് അഖിലനായിരുന്നു. 52-ാം വയസ്സില്‍. നാലു തവണ വിദേശാതിഥികള്‍ അവാര്‍ഡ് വിതരണച്ചടങ്ങില്‍ മുഖ്യാതിഥികളായി പങ്കെടുത്തു. അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി മാര്‍ഗരറ്റ് താച്ചര്‍ മഹാദേവീ വര്‍മ്മയ്ക്ക് 1983 നവംബര്‍ 23ന് അവാര്‍ഡ് നല്‍കി. തകഴി ശിവശങ്കരപ്പിള്ള മെക്‌സിക്കന്‍ കവി ഒക്ടാവിയാ പാസില്‍നിന്നും 1985 നവംബര്‍ 14ന് അവാര്‍ഡ് സ്വീകരിച്ചു. മഹാശ്വേതാദേവി ’96ലെ അവാര്‍ഡ് സ്വീകരിച്ചത് നെല്‍സണ്‍ മണ്ടേലയില്‍നിന്നാണ്. സംസ്‌കൃതകവി സത്യവ്രത് ശാസ്ത്രിക്ക് പുരസ്‌കാരം നല്കിയത് തായ്‌ലാന്‍ഡ് രാജകുമാരിയായിരുന്നു. മരണാനന്തരമായി ഇതുവരെ ആര്‍ക്കും അവാര്‍ഡ് നല്കിയിട്ടില്ല. 1965-ല്‍ തുടങ്ങുമ്പോള്‍ ഒരു ലക്ഷം രൂപയായിരുന്നു സമ്മാനത്തുക. പിന്നീട് ഒന്നര ലക്ഷമായും രണ്ടു ലക്ഷമായും അത് ഉയര്‍ത്തി. ഇപ്പോള്‍ ജ്ഞാനപീഠം അവാര്‍ഡു തുക ഏഴു ലക്ഷം രൂപയാണ്. 1981 വരെ മികച്ച ഒരു കൃതിയെ മുന്‍നിര്‍ത്തിയായിരുന്നു അവാര്‍ഡ് നല്കിയത്. 1982 മുതല്‍ സാഹിത്യരംഗത്ത് മൊത്തം സംഭാവനകള്‍ പരിഗണിക്കാന്‍ തുടങ്ങി.
സവര്‍ണജൂബിലി വര്‍ഷത്തില ജ്ഞാനപീഠം വിവിധ സമ്മേളനങ്ങള്‍ നടത്തി. പ്രതിഷ്ഠാപന്‍പര്‍വ് (ബനാറസ്), ഭാഷപര്‍വ് (ബംഗ്ലൂര്‍), സംസ്‌കൃതി പര്‍വ് (ബോംബെ), ജ്ഞാനപീഠ് മഹോത്സവ് (കോഴിക്കോട്), വാങ്മയ പര്‍വ് (കൊല്‍ക്കത്ത) ഇവയാണ് ഇന്ത്യയുടെ ഭിന്നഭാഗങ്ങളില്‍ നടത്തിയ പരിപാടികള്‍. ഇന്ത്യന്‍ എഴുത്തുകാരും ഇംഗ്ലണ്ടിലെ എഴുത്തുകാരും തമ്മില്‍ നടത്തുന്ന ഒരു സംവാദം ലണ്ടനില്‍വെച്ചു നടന്നു. ‘വിശ്വഭാരതി’, ‘സര്‍വഭാരതി’ എന്നീ രണ്ടു പ്രസിദ്ധീകരണപരമ്പരകള്‍ക്ക് ജൂബിലി വര്‍ഷത്തില്‍ തുടക്കം കുറിച്ചു. വിശ്വസാഹിത്യത്തിലെ പ്രധാനകൃതികള്‍ ഭാരതീയഭാഷകളില്‍ എത്തിക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളതാണ്. ‘വിശ്വഭാരതി’, ഭാരതീയ ഭാഷകളിലെ കൃതികള്‍ ഹിന്ദിയില്‍ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിക്കുന്നതാണ്. ‘സര്‍വഭാരതി’ ഇത് നേരത്തേ നടപ്പാക്കിയ ‘രാഷ്ട്രഭാരതി’യുടെ തുടര്‍ച്ചയായിരിക്കും.
ജ്ഞാനപീഠം മലയാളത്തില്‍
ജ്ഞാനപീഠവുമായി മലയാളത്തെ തുടക്കത്തില്‍ ബന്ധപ്പെടുത്തിയ പ്രധാനപ്പെട്ട രണ്ടു വ്യക്തികള്‍ ഡോ. നാരായണമേനോനും എന്‍.വി. കൃഷ്ണവാരിയരുമാണ്. പ്രവര പരിഷത്ത് അംഗമെന്ന നിലയില്‍ നാരായണമേനോന്റെ പ്രവര്‍ത്തനം വളരെ ശ്ലാഘനീയമായിരുന്നു. ജിയുടെ കവിത പരിഗണനയ്ക്കു വരുമ്പോള്‍ മലയാളത്തില്‍ നിന്നുതന്നെ ചില പ്രതികൂലമായ അഭിപ്രായങ്ങളുമുണ്ടായിരുന്നു. എന്നാല്‍, അതിന്റെ മഹത്ത്വം മനസ്സിലാക്കാന്‍ എന്‍.വി.യുടെ പഠനം വളരെ ഫലപ്രദമായിരുന്നു. ഡോ. കെ. സച്ചിദാനന്ദന്‍ ഇപ്പോള്‍ പ്രവര പരിഷത്ത് അംഗമാണ്. മലയാളത്തിലെ എല്ലാ അവാര്‍ഡുജേതാക്കളുടെയും കൃതികള്‍ ഹിന്ദിയില്‍ പ്രസിദ്ധീകരിച്ചുവന്നിട്ടുണ്ട്. ഓടക്കുഴല്‍, ബാംസുരി എന്ന പേരിലാണ് ഹിന്ദിയില്‍ ജ്ഞാനപീഠം പ്രസിദ്ധീകരിച്ചത്. കഥാ ഏക് പ്രാന്തര്‍കി എന്ന ശീര്‍ഷകത്തിലാണ് പൊറ്റെക്കാട്ടിന്റെ നോവല്‍ ഹിന്ദിയില്‍ വന്നത്. തകഴിയുടെ തിരഞ്ഞെടുത്ത കഥകള്‍ ജ്ഞാനപീഠം പ്രസിദ്ധീകരിച്ചു. എം.ടിയുടെ തിരഞ്ഞെടുത്ത കഥകള്‍ പ്രസിദ്ധീകരിച്ചു. ജി.എന്‍. പിള്ള, പി. നാരായണക്കുറുപ്പ്. ചാത്തുക്കുട്ടി മാസ്റ്റര്‍, സി. രാധാകൃഷ്ണന്‍, കെ.രാധാകൃഷ്ണന്‍, എന്‍.ഇ. വിശ്വനാഥ അയ്യര്‍ എന്നിവര്‍ ജ്ഞാനപീഠം അവാര്‍ഡു നേടിയവരുടെ കവിതകള്‍ പരിഭാഷപ്പെടുത്തിയവരാണ്. കഥ, നോവല്‍ ശാഖകളിലെ കൃതികള്‍ വിവര്‍ത്തനം ചെയ്തവരില്‍ പി. മാധവന്‍ പിള്ള, വി.ഡി. കൃഷ്ണന്‍ നമ്പ്യാര്‍, പി. കൃഷ്ണന്‍, സുധാംശു ചതുര്‍വേദി, സി.എ. ബാലന്‍, കെ. രാമാ, വി. ബാലകൃഷ്ണന്‍, സി. രാഘവന്‍, കെ.പി. ശങ്കരന്‍ എന്നിവര്‍ പ്രമുഖരാണ്. കേരള ഹിന്ദി സാഹിത്യമണ്ഡല്‍ പൊറ്റെക്കാട്ട്, തകഴി എന്നിവരെക്കുറിച്ച് ഹിന്ദിയില്‍ രണ്ടു പഠനഗ്രന്ഥങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. കേരളത്തിലെ ഹിന്ദി അധ്യാപകരുടെ അക്കാദമിക് വേദിയായ കോളേജ് ഹിന്ദി ടീച്ചേഴ്‌സ് ഫോറം ജ്ഞാനപീഠം മരീചികള്‍ എന്ന ശീര്‍ഷകത്തില്‍ ഒരു റഫറന്‍സ് ഗ്രന്ഥം പുറത്തിറക്കിയിട്ടുണ്ട്. 1990 ഡിസംബര്‍ 28, 29 തീയതികളില്‍ തലയോലപ്പറമ്പ് ഡി.ബി. കോളേജില്‍ സംഘടിപ്പിച്ച സെമിനാറില്‍ അവതരിപ്പിച്ച പ്രബന്ധങ്ങള്‍ ഇതില്‍ സമാഹരിച്ചിരിക്കുന്നു. അവാര്‍ഡ് നേടിയ എഴുത്തുകാരുമായി ഈ ലേഖകന്‍ നടത്തിയ സംഭാഷണങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള കൃതിയാണ് ജ്ഞാനപീഠസംവാദങ്ങള്‍. കേരള സാഹിത്യ അക്കാദമിയുടെ പ്രസിദ്ധീകരണമായ സാഹിത്യത്തിന്റെ 1985 ഏപ്രില്‍-ജൂണ്‍ ലക്കം ജ്ഞാനപീഠം വിശേഷാല്‍പ്പതിപ്പായി പ്രസിദ്ധീകരി ച്ചിട്ടുണ്ട്. വാര്‍ഷികചയനികളിലേക്കുള്ള മലയാള കവിതകളും കഥകളും തിരഞ്ഞെടുക്കുന്നതില്‍ സച്ചിദാനന്ദന്റെ സേവനം ജ്ഞാനപീഠ ത്തിന് ലഭിച്ചിട്ടുണ്ട്. ഭാഷാസമിതികളിലെ അംഗങ്ങളുടെ സേവനവും വിലപ്പെട്ടതാണ്. ഒ.എന്‍.വി.യുടെ ഉജ്ജയിനി എന്‍.ഇ. വിശ്വനാഥയ്യര്‍ ഹിന്ദിയിലേക്ക് പരിഭാഷപ്പെടുത്തി.
ജ്ഞാനപീഠത്തിന്റെ ആഭിമുഖ്യത്തില്‍ രണ്ട് പ്രധാന പരിപാടികള്‍ കേരളത്തില്‍ നടത്തിയിട്ടുണ്ട്. 1994 നവംബര്‍ 5,6 തീയതികളില്‍ ഇന്ത്യന്‍ യൂത്ത് അസോസിയേഷന്റെ പങ്കാളിത്തത്തോടെ ജ്ഞാനപീഠമഹോത്സവം കോഴിക്കോട് ടൗണ്‍ഹാളില്‍ സംഘടിപ്പിക്കുകയുണ്ടായി. ജ്ഞാനപീഠം ഡയറക്ടര്‍ ഡോ. പാണ്ഡുരംഗറാവു, 1988ലെ അവാര്‍ഡ് ജേതാവായ തെലുങ്ക് കവി ഡോ. സി. നാരായണറെഡ്ഡി എന്നിവര്‍ ഇതില്‍ പങ്കെടുക്കുകയുണ്ടായി. ജ്ഞാനപീഠം അവാര്‍ഡ് നേടിയ കൃതികളുടെ പ്രദര്‍ശനം, ഭാരതീയ സാഹിത്യചര്‍ച്ച, പ്രശ്‌നോത്തരി, പ്രബന്ധമത്സരം, വിവര്‍ത്തകസംഗമം എന്നിവ മഹോത്സവപരിപാടിയിലെ പ്രധാന ഇനങ്ങളായിരുന്നു. ജ്ഞാനപീഠം അവാര്‍ഡ് നേടിയ എഴുത്തുകാരുടെ സംവാദങ്ങള്‍ സമാഹരിച്ചുകെണ്ടുള്ള ഈ ലേഖകന്റെ പുസ്തകം 1991-ല്‍ പുറത്തുവന്നു. ജ്ഞാനപീഠത്തിന്റെ സുവര്‍ണജൂബിലിവേളയില്‍ മലയാളത്തില്‍ മറ്റൊരു പുസ്തകംകൂടി പുറത്തിറങ്ങി. അതുവരെയുള്ള അവാര്‍ഡ് ജേതാക്കള്‍ അവാര്‍ഡ് സ്വീകരണവേളയില്‍ ചെയ്ത പ്രസംഗങ്ങളുടെ വിവര്‍ത്തനമായ ജ്ഞാനപീഠപ്രസംഗങ്ങള്‍ അനന്തമൂര്‍ത്തിയുടെ അവാര്‍ഡ്ദാനച്ചടങ്ങില്‍വെച്ച് പ്രധാനമന്ത്രി പി.വി. നരസിംഹറാവു പുറത്തിറിക്കി. ഈ ലേഖകനാണ് പ്രസംഗങ്ങള്‍ പരിഭാഷപ്പെടുത്തിയത്. എം.ടി, ഒ.എന്‍.വി. എന്നിവരുടെ അവാര്‍ഡ് വിതരണം തിരുവനന്തപുരത്തുവെച്ചാണ് നടന്നത്. ഇതു കേരളീയരെ സംബന്ധിച്ചിടത്തോളം അവിസ്മരണീയമായ മറ്റൊരു നേട്ടമാണ്.
സ്വാതന്ത്ര്യപ്രാപ്തിക്കുശേഷമുള്ള ഭാരതീയ സാഹിത്യരംഗത്ത് ഒരു ജാഗരണമുണ്ടാക്കാന്‍ ജ്ഞാനപീഠത്തിന്റെ സാരസ്വതസേവനങ്ങള്‍ക്കു കഴിഞ്ഞിട്ടുണ്ട്. സ്വന്തം ഭാഷയില്‍ മാത്രം അറിയപ്പെട്ടിരുന്ന പല എഴുത്തുകാര്‍ക്കും ഭാരതീയതലത്തില്‍ അംഗീകാരം ലഭിക്കാനും അവരുടെ കൃതികള്‍ക്കു ഭിന്നഭാഷകളില്‍ പരിഭാഷകളുണ്ടാക്കാനും സാഹചര്യ മുണ്ടായി. വിവര്‍ത്തനങ്ങള്‍ താരതമ്യ സാഹിത്യപഠനത്തെ സുഗമമാക്കി. ആശയതലത്തില്‍ എഴുത്തുകാര്‍ തമ്മിലുള്ള സാമ്യംപോലും ഭാഷയുടെ അന്തരം കാരണം നേരത്തേ മനസ്സിലാക്കാന്‍ സാധിക്കാതെ പോയിരുന്നു. ഇപ്പോള്‍ ഭാഷകള്‍ തമ്മിലുള്ള അപരിചിതത്വത്തിനു മാറ്റം വന്നിട്ടുണ്ട്. ജി. ശങ്കരക്കുറുപ്പ് സൂചിപ്പിച്ചതുപോലെ ഭാഷാസാഹിത്യങ്ങളുടെ ഒരു കോമണ്‍വെല്‍ത്ത് എന്ന നിലയില്‍ വളരുകയാണ് ഈ സാരസ്വത സ്ഥാപനം.














Reviews
There are no reviews yet.