രാജസേനൻ
കുടുംബചലച്ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട ഒരു മലയാളചലച്ചിത്ര സംവിധായകനാണ് രാജസേനൻ (ജനനം: 1958 മേയ് 28). ജയറാമിനെ നായകനാക്കി സംവിധാനം ചെയ്ത ചലച്ചിത്രങ്ങളിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്. ഇദ്ദേഹം തന്നെ സംവിധാനം ചെയ്ത ഭാര്യ ഒന്ന് മക്കൾ മൂന്ന് എന്ന ചിത്രത്തിൽ നായകകഥാപാത്രമായി അഭിനയിച്ചതും രാജസേനനായിരുന്നു. 1993-ൽ പുറത്തിറങ്ങിയ മേലേപ്പറമ്പിൽ ആൺവീട് ആണ് രാജസേനന് ചലച്ചിത്രസംവിധായകൻ എന്ന നിലയിൽ സ്ഥിരപ്രതിഷ്ഠ നല്കിയത്. പിന്നീട് അനിയൻ ബാവ ചേട്ടൻ ബാവ, സ്വപ്നലോകത്തെ ബാലഭാസ്കരൻ, കഥാനായകൻ തുടങ്ങി ഒട്ടേറെ ഹിറ്റ് ചിത്രങ്ങൾ ഇദ്ദേഹം സംവിധാനം ചെയ്തു. 2016-ൽ അരുവിക്കര നിയോജകമണ്ഡലത്തിൽ നിന്ന് ഭാരതീയ ജനതാ പാർട്ടി സ്ഥാനാർത്ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂടിൽ മരുതൂർ അപ്പുക്കുട്ടൻനായരുടെയും രാധാമണിയമ്മയുടെയും മകനായി 1958 മേയ് 28-നാണ് രാജസേനൻ ജനിച്ചത്. പി.കെ. ജോസഫിന്റെ സഹായിയായി മലയാളചലച്ചിത്രലോകത്തെത്തിയ ഇദ്ദേഹം 1984-ൽ സ്വതന്ത്രസംവിധായകനായി. ദേവൻ, മേനക എന്നിവർ നായകനും നായികയുമായി അഭിനയിച്ച ആഗ്രഹമായിരുന്നു ആദ്യചിത്രം.[1] പിന്നീട് നിരവധി ചിത്രങ്ങൾ ഇദ്ദേഹം സംവിധാനം ചെയ്തു. ഏതാനും ചിത്രങ്ങൾക്ക് കഥയുമെഴുതിയിട്ടുണ്ട്. ഭാര്യ ഒന്ന് മക്കൾ മൂന്ന് എന്നീ ചിത്രത്തിലൂടെ അഭിനേതാവായും അരങ്ങേറ്റം കുറിച്ചു.
ശ്രീലതയാണ് രാജസേനന്റെ ഭാര്യ. ദേവിക ഏക മകളാണ്.
Reviews
There are no reviews yet.