- Home
- Brands
- ANTONY KANAYAMPLACKAL

സ്‌നേഹാഞ്ജലി
ആമുഖം
ഗ്രീക്ക് നാടകക്കാരന്‍ സോഫോക്ലിസിന്റെ ഒരു വാക്യം ഉള്ളില്‍ തെളിഞ്ഞുവരുന്നു: ”മരിച്ചുപോയവരോട് നമുക്ക് ജീവിച്ചിരിക്കുന്നവരോട് ഉള്ളതില്‍ അധികം കടപ്പാടുണ്ട്” അങ്ങനെ ഈ പുസ്തകം സ്‌നേഹത്തിന്റെ ആവിഷ്‌കാരമായിത്തീരുന്നു.
ഡോ. എം. എന്‍. കാരശ്ശേരി എഴുതിയ ബൈലൈന്‍ 2ന്റെ അവതാരികയുടെ അവസാനത്തെ വരികളില്‍ നിന്നും ഞാന്‍ എന്റെ ആമുഖം തുടങ്ങട്ടെ.
സാമൂഹിക നീരിക്ഷണത്തിന്റെ ഉസ്താദായ കാരശ്ശേരിമാസ്റ്റര്‍ ഈ സമാഹാരത്തെ രണ്ടു വരിയില്‍ കൃത്യമായി നിര്‍വ്വചിച്ചിരിക്കുന്നു. തീര്‍ച്ചയായും അതുതന്നെയാണ് ഈ സംരംഭത്തിന്റെ ഉദ്ദേശ്യം.
മണ്‍മറഞ്ഞ സഹപ്രവര്‍ത്തകരെ ഈ തലമുറയ്ക്കും വരും തലമുറകള്‍ക്കുമായി രേഖപ്പെടുത്തിവയ്ക്കാനുള്ള എളിയ ശ്രമം. ‘മണ്‍മറഞ്ഞ സഹപ്രവര്‍ത്തകക്കുള്ള സ്‌നേഹാഞ്ജലിയാണ് ഈ ഓര്‍മക്കുറിപ്പുകള്‍. സഹപ്രവര്‍ത്തകര്‍ക്കുവേണ്ടി രചിച്ച പുസ്തകങ്ങള്‍ വേറെയും ഉണ്ടാകും. സഹപ്രവര്‍ത്തകരുടെ കൂട്ടായ്മ ഒരുമിച്ചെഴുതി പ്രസിദ്ധീകരിക്കുന്ന ഓര്‍മ്മപ്പുസ്തകം ആദ്യമായിട്ടായിരിക്കണം. ബൈലൈന്‍ ഒന്നിലെ എന്റെ ആമുഖത്തിന്റെ ആദ്യ വരികള്‍. ആ അനന്യ പുസ്തക ശ്രേണിയിലേക്ക് ഇതാ ഒരു വലിയ കണ്ണികൂടി, ബൈലൈന്‍ 2.
മോഹന്‍ലാലിന്റെ ‘ദൃശ്യം 2’ ആണ് മലയാളി സമീപകാലത്തു നെഞ്ചേറ്റിയ ഒരു തുടര്‍ച്ച. അത് കഥയുടെ തുടര്‍ച്ചയായിരുന്നെങ്കില്‍ ബൈലൈന്‍ 2 നായകന്മാരുടെ തുടര്‍ച്ചയാണ്. പതിനേഴു പത്രപ്രവര്‍ത്തക ഇതിഹാസങ്ങളുടെ ജീവിതവും കാലവും വരുംതലമുറയ്ക്കു വേണ്ടി രേഖപ്പെടുത്തിയ ബൈലൈനിന് ശേഷം ഇതാ 37 നായകന്മാരുമായി ബൈലൈന്‍ 2. രണ്ടു പുസ്തകങ്ങളിലുമായി അന്‍പത്തിനാല് സഹപ്രവര്‍ത്തകരെ അവതരിപ്പിച്ച സഹപ്രവര്‍ത്തകകൂട്ടായ്മ ലോകത്ത് ആദ്യമായിരിക്കണം.
‘മനോരമ’യില്‍ നിന്നും വിരമിച്ചവരുടെ ഒരു കൂട്ടായ്മയ്ക്ക് ഇത്രയും സര്‍ഗ്ഗശക്തിയുള്ള സൃഷ്ടിപരമായ സംരംഭത്തിനു തുടക്കം കുറിക്കാനും അത് വിജയത്തില്‍ എത്തിക്കാനും സാധിച്ചത് ദൈവകൃപയും ഒത്തൊരുമയും കരുതലുംകൊണ്ടാണ്. ജീവിതകാലമത്രയും തീഷ്ണമായ അഭിനിവേശത്തോടുകൂടി വ്യാപൃതനായിരുന്ന, ജോലിയിലെ ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന അനുഭവമായിരുന്നു എന്റെ സഹപ്രവര്‍ത്തകര്‍ക്ക് രചനയുടെയും പുസ്തകത്തിനായുള്ള നീണ്ട കാത്തിരിപ്പിന്റെയും നാളുകള്‍. അവരെ കോര്‍ത്തിണക്കുന്ന വേദി സജ്ജമാക്കാന്‍ എനിക്ക് സാധിച്ചതിന്റെ ആത്മസംതൃപ്തി പങ്കുവയ്ക്കുന്നു.
ബൈലൈന്‍ ഒന്നിനുശേഷം പ്രശസ്ത സ്‌പോര്‍ട്‌സ് ജേണലിസ്റ്റ് അബുവിനെക്കുറിച്ചുള്ള ‘കീപ്പര്‍ അബു-കളി എഴുത്തിന്റെ ഉസ്താദ്’, വിഖ്യാത പത്രപ്രവര്‍ത്തകന്‍ തോമസ് ജേക്കബിനെക്കുറിച്ചുള്ള ‘ഒരേ ഒരു തോമസ് ജേക്കബ്’ എന്നീ പ്രസിദ്ധീകരണ സംരംഭങ്ങള്‍കൂടി പൂര്‍ത്തിയാക്കാന്‍ സാധിച്ചത് വലിയ നേട്ടവും ഭാഗ്യവുമാണ്. ഇതാ നാലാമത്തെ പുസ്തകം ബൈലൈന്‍ 2 നിങ്ങളുടെ കൈകളില്‍, അഞ്ചിലേക്കും അതിനപ്പുറവും കൂട്ടായ്മയുടെ ഈ പ്രസാധക യാത്ര തുടരട്ടെ എന്ന പ്രാര്‍ത്ഥനയോടെ.
ഹൗസ് മാഗസിന്‍ ‘കുടുംബരമ’യുടെ എഡിറ്റര്‍ ആയിരിക്കുമ്പോള്‍ ലഭിച്ച രണ്ടു ദേശീയ പുരസ്‌കാരങ്ങളും, മാതാപിതാക്കളുടെ അനുഗ്രഹവും അവര്‍ക്കുവേണ്ടി പ്രസിദ്ധീകരിച്ച അവരുടെ നാലു ചെറുകഥാ-ലേഖനസമാഹാരങ്ങളും, അടുത്തകാലത്ത് എഡിറ്റ് ചെയ്തു പ്രസിദ്ധികരിച്ച മുകളില്‍ സൂചിപ്പിച്ച മൂന്നു പുസ്തകങ്ങളുമാണ് ബൈലൈന്‍ രണ്ടുമായി മുന്നോട്ടുപോകുവാനുള്ള പ്രചോദനവും ധൈര്യവും നല്‍കിയത്. അതിനൊക്കെ ഉപരിയായി സഹപ്രവര്‍ത്തകരുടെ പ്രോത്സാഹനവും സഹകരണവുമാണ് ഇത് സാധ്യമാക്കിയത്. അവര്‍ക്ക് ഒരു ‘ബിഗ് സല്യൂട്ട്’
മാധ്യമരംഗത്തും വാര്‍ത്താവിനിമയ മേഖലയിലും വന്നതുപോലെ മാറ്റങ്ങള്‍ ഉണ്ടായിട്ടുള്ള മറ്റു മേഖലകള്‍ വിരളമാണ്. ആ മാറ്റങ്ങള്‍ അത്രയും പ്രതിഫലിപ്പിക്കുന്ന ഒരു നൂറ്റാണ്ടിലും കൂടുതലുള്ള വ്യത്യസ്ത കാലഘട്ടങ്ങളിലൂടെയാണ് ബൈലൈന്‍ 2-ലെ ഓര്‍മയിലെ പഴയ താളുകള്‍ മറിയുന്നത്.
ഓരോ അക്ഷരവും എടുത്ത് അച്ചുനിരത്തുന്ന യുഗത്തില്‍ നിന്നും ഹോട്ട് മെറ്റല്‍ കമ്പോസിംഗ്, കോള്‍ഡ് ടൈപ്പ് സെറ്റിങ്, മോണോ, ലൈനോ, ഓഫ്‌സെറ്റ്, ഫോട്ടോ കമ്പോസിംഗ്, ഡിജിറ്റല്‍ യുഗത്തിലെ അമ്പരപ്പിക്കുന്ന വിസ്മയങ്ങളിലൂടെയൊക്കെയായും കടന്നുപോയ തലമുറകളെ ഈ താളുകളില്‍ പരിചയപ്പെടാം.
മുപ്പത്തിഏഴ് സഹപ്രവര്‍ത്തകരുടെ കാലഘട്ടവും ജീവിതവും പത്രപ്രവര്‍ത്തനമേഖലയ്ക്ക് അവര്‍ നല്‍കിയ സംഭാവനകളും അനുപമമായ അവരുടെ പ്രവര്‍ത്തന രീതികളും, അന്നുണ്ടായിരുന്ന പരിമിതമായ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി അവര്‍ കാഴ്ചവച്ച പ്രവര്‍ത്തന മികവുമെല്ലാം ഇവിടെ സരസമായി രേഖപ്പെടുത്തിയിരിക്കുന്നു.
കാര്‍ട്ടൂണിസ്റ്റ്, ന്യൂസ് ഫോട്ടോഗ്രാഫര്‍, സ്‌പോര്‍ട്‌സ് ജേണലിസ്റ്റ്, ദേശീയ, സംസ്ഥാന, ജില്ലാ ബ്യുറോകളുടെ റിപ്പോര്‍ട്ടര്‍മാര്‍, മാസികകളുടെ എഡിറ്റര്‍മാര്‍, ന്യൂസ് എഡിറ്റര്‍, കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍, യൂണിറ്റ് മേധാവികള്‍, ലീഡര്‍ റൈറ്റര്‍ അങ്ങനെ പത്രപ്രവര്‍ത്തനത്തിന്റെ എല്ലാ മേഖലകളിലും പ്രവര്‍ത്തിച്ചവരുടെ ജീവിതാനുഭവങ്ങള്‍ ഇവിടെയുണ്ട്. അവരുടെ ജീവിതാനുഭവങ്ങളുടെ ലൈവ് റിപ്പോര്‍ട്ടിങ്ങ് എന്നുവേണമെങ്കില്‍ പറയാം.
ഈ സമാഹാരത്തിന്റെ പണിപ്പുരയില്‍ ഒപ്പമുണ്ടായിരുന്നവര്‍ ഓര്‍മയാകുമ്പോള്‍ ഉണ്ടാകുന്ന മാനസികവ്യഥയും അവരെയുംകൂടി ഓര്‍മപുസ്തകത്തില്‍ ഉള്‍പ്പെടുത്താന്‍ ഉള്ള ശ്രമവും ബൈലൈന്‍ രണ്ടിന്റെ ഡെഡ് ലൈന്‍ നീളാന്‍ കാരണമായിട്ടുണ്ട്. എല്ലാവരെയും ഉള്‍ക്കൊള്ളാനായതിലുള്ള കൃതാര്‍ത്ഥതയോടെ ഈ സ്‌നേഹാഞ്ജലി സമര്‍പ്പിക്കുന്നു.
മാധ്യമപ്രവര്‍ത്തകരുടെയും മാധ്യമവിദ്യാര്‍ഥികളുടെയും അറിവിലേക്ക് മാത്രമല്ല എല്ലാവര്‍ക്കും താല്‍പര്യത്തോടെ വായിച്ച് ആസ്വദിക്കാവുന്ന ഉള്ളടക്കവും അവതരണ ശൈലിയും ബൈലൈന്‍ രണ്ടിനെ വേറിട്ടൊരു അനുഭവമാക്കുന്നു.
കഴിഞ്ഞ ദിവസം വിദേശത്തുനിന്നും വന്ന ഒരു സാഹിത്യകാരന്‍ രാവിലെ മലയാള പത്രം വായിച്ചിട്ടു ഫേസ്ബുക്കില്‍ കുറിച്ചു, ‘മലയാള പത്രങ്ങളുടെ ഹാര്‍ഡ്‌കോപ്പി ഈ കാലത്തും ഉണ്ടെന്നുള്ളത് എന്നെ അതിശയപ്പെടുത്തുന്നു’. അതെ, അതാണ് മലയാളിക്ക് മലയാള പത്രങ്ങള്‍. കുറേ നാളുകളായി അവയുടെ ചരമക്കുറിപ്പെഴുതി പോക്കറ്റില്‍ ഇട്ടു നടക്കുന്ന ഒരുപാടു ഡിജിറ്റല്‍ വിദ്വാന്മാരുണ്ട്. ജീവിതം മുഴുവന്‍ പത്രത്തില്‍ മാത്രം പണിയെടുത്തവരുടെ കഥകള്‍ പറയുന്ന ഈ താളുകള്‍ മറിക്കുമ്പോള്‍ മനസിലാകും മലയാളിയുടെ തീവ്രമായ പത്രസ്‌നേഹം.
മാതൃഭൂമിയിലെ പത്ര പ്രവര്‍ത്തനത്തില്‍ തുടങ്ങി എഴുത്തിലേക്കും ഭാഷാ പാണ്ഡിത്യത്തിന്റെ അത്യുന്നതിയിലേക്കും, വളരെയേറെ ശ്രദ്ധിക്കപ്പെടുകയും വിലമതിക്കപ്പെടുകയും ചെയ്യുന്ന സാമൂഹിക നിരീക്ഷകരുടെ നിരയിലേക്ക് ഉയരുകയും ചെയ്ത ഡോ. എം.എന്‍. കാരശ്ശേരി എഴുതിയ മനസ്സില്‍ തട്ടുന്ന അവതാരിക ബൈലൈന്‍ രണ്ടിന്റെ സവിശേഷതയാണ്. നന്ദി, പ്രിയപ്പെട്ട കാരശ്ശേരി മാസ്റ്റര്‍.
എല്ലാ സഹായസഹകരണങ്ങളുമായി ഒപ്പം ഉണ്ടായിരുന്ന സഹപ്രവര്‍ത്തകര്‍ക്കും, പ്രത്യേകിച്ചും അമേരിക്കയിലെ മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ ജോര്‍ജ് ജോസഫിനും (ന്യൂയോര്‍ക്കില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന ഇ-മലയാളിയുടെ സ്ഥാപകനും ചീഫ് എഡിറ്ററും) ഒരുപാടു നന്ദി. തോമസ് ജേക്കബ്‌സാറിന്റെയും അബുസാറിന്റെയും എം. ബാലഗോപാലന്‍, പി. ദാമോദരന്‍ എന്നിവരുടെയും വിദഗ്ധ അഭിപ്രായ-നിര്‍ദ്ദേശങ്ങള്‍ വിലമതിക്കാനാകാത്ത മുതല്‍ക്കൂട്ടാണ്. ആകര്‍ഷകമായ നൂതന വീക്ഷണത്തോടുകൂടി കവര്‍ ഡിസൈന്‍ ചെയ്ത മധുശങ്കര്‍ മീനാക്ഷി, ടൈപ്പ് സെറ്റിങ് ഭംഗിയായി നിര്‍വഹിച്ച രത്‌നകുമാര്‍ പാലക്കല്‍, പ്രൂഫ് വായിച്ച സി.എസ്. വിജയന്‍ ഇവരെയെല്ലാം സ്‌നേഹത്തോടെ സ്മരിക്കുന്നു.
ഈ പുസ്തകത്തിന്റെ പ്രസാധക ചുമതല ഏറ്റെടുത്ത ലിപി പബ്ലിക്കേഷന്‍സിനോടുള്ള ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തട്ടെ. നമുക്ക് ഒരുമിച്ച് ഓര്‍മയിലെ താളുകള്‍ മറിക്കാം.
ആന്റണി കണയംപ്ലാക്കല്‍
എഡിറ്റര്‍
കോഴിക്കോട്
4 ഫെബ്രുവരി 2024