അഭീതുവിന്റെ ആകാശക്കൊട്ടാരം
(നോവല്‍)
ഷബ്‌ന മോളി
‘അഭീതു – വെന്ന പെണ്‍കുട്ടിയുടെ ജീവിതത്തെയും, ചിന്തകളെയും ഒരു സെല്ലുലോയ്ഡിലെന്നപോലെ ഹൃദയസ്പര്‍ശിയായി അനുഭവിപ്പിക്കുന്ന കൃതിയാണ് – ‘അഭീതുവിന്റെ ആകാശ കൊട്ടാരം’ എന്ന നോവല്‍.
സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളുടെ പരിഛേദമായ കഥാപാത്രങ്ങളും വൈകാരികാവസ്ഥകളും ഉള്ളുലച്ച് കടന്നുപോകുന്ന നിരവധി സന്ദര്‍ഭങ്ങള്‍ ‘അഭീതുവിന്റെ ആകാശകൊട്ടാരത്തില്‍ അനുവാചകന് തൊട്ടറിയാനാകും, പുസ്തകത്താളില്‍ നിന്ന് ‘അഭീതു’വിനെ നമ്മുടെ മനസ്സിലേക്ക് പറിച്ചു നടുകയാണ് നോവലിസ്റ്റ് ചെയ്യുന്നത് നനുനനുത്ത വേദനയുള്ള ഒരോര്‍മ്മപോലെ അഭീതു അവശേഷിക്കുന്നു.
ഒറ്റ വായനയില്‍ തീര്‍ക്കാന്‍ വെമ്പുന്ന ക്രാഫ്റ്റ് നോവലിന് മാറ്റ് കൂട്ടുന്നുമുണ്ട്.
അവതാരിക
ആകാശക്കിനാവുകള്‍ നിറഞ്ഞ മനസ്സുമായി ഷബ്‌ന മോളി എന്റെ പഴയ പ്രീഡിഗ്രി ക്ലാസ്സിലുണ്ടായിരുന്നു. വ്യോമസഞ്ചാരികള്‍ക്കുളള പരിചരണ പരിശീലന കോഴ്സും കഴിഞ്ഞ് ഷബ്‌ന എന്നെ കാണാനെത്തിയത് എഴുത്തുകാരിയായിട്ടാണ്. അഭീതുവിന്റെ ആകാശക്കൊട്ടാരവുമായി തുടക്കത്തില്‍ത്തന്നെ നോവലിന്റെ കാന്‍വാസിലേക്ക് സധൈര്യം മുന്നേറിയ ഷബ്‌ന എന്നെ അമ്പരപ്പിച്ചു. അഭീതുവിന്റെ വ്യഥിതമായ സ്വപ്‌നങ്ങളും അനുഭവങ്ങളും കൊളാഷ് പോലെ ഈ രചനയില്‍ വന്നു ചേരുന്നു. ഒരു തുടക്കക്കാരിയുടെ കൈവിറയലോടെ. തന്റെ പരിമിതികളെക്കുറിച്ചുള്ള ബോദ്ധ്യത്തോടെ ഷബ്‌ന അഭീതുവിന്റെ മനസ്സിലൂടെ ഒരുതരം ആകാശ സഞ്ചാരം ചെയ്യുകയാണ്. യാഥാസ്ഥിതികമായ ഒരു കുടുംബ സാഹചര്യത്തില്‍ നിന്നും വരുന്ന ഈ എഴുത്തുകാരി തന്റെ ജീവിതസ്വത്വം രുപപ്പെടുത്താനുള്ള കരുത്ത്എഴുത്തിലൂടെ അന്വേഷിക്കുകയാണ്. ഷബ്‌നയ്ക്ക് വിജയം നേരുന്നു.
വി.ആര്‍. സുധീഷ്














Reviews
There are no reviews yet.