എമര്‍ജന്‍സി കെയര്‍
EMERGENCY CARE
ഡോ. വേണുഗോപാലന്‍ പി.പി.
അപകടങ്ങളും അത്യാഹിതങ്ങളും എപ്പോഴാണ് നമ്മെ തേടിയെത്തുന്നത് എന്ന് ആര്‍ക്കും അറിയില്ല. നമ്മുടെ അറിവില്ലായ്മ്മകൊണ്ടോ ധൈര്യമില്ലായ് കൊണ്ടോ ചിലപ്പോഴെങ്കിലും നമുക്ക് ശരിയായ ഇടപെടല്‍ സാധ്യമാകാതെ വരാം. ഇത് വിലപ്പെട്ട ഒരു ജീവന്‍ നഷ്ടപ്പെടുത്തിയേക്കാം. ഹൃദയസ്തംഭനം, ഭക്ഷണം തൊണ്ടയില്‍ കുടുങ്ങുന്നത്, ഷോക്കേല്‍ക്കുന്നത്, റോഡപകടങ്ങള്‍ തുടങ്ങി മരണത്തെ മുഖാമുഖം കാണുന്ന അടിയന്തിര ഘട്ടങ്ങളില്‍ നിങ്ങളാണ് രക്ഷകന്‍. ഇത്തരം ഘട്ടങ്ങളില്‍ ഒരാളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ സാധ്യമാക്കുന്ന പ്രഥമശുശ്രൂഷകളും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും ഇന്ത്യയിലും വിദേശത്തും അറിയപ്പെടുന്ന ഡോ. പി.പി വേണുഗോപാലന്‍ ലളിതമായി പ്രതിപാദിച്ചിരിക്കുന്നു.
ആമുഖം
1991 മുതല്‍ പ്രൊഫഷണല്‍ ആയി ആളുകളെ ബോധം കെടുത്തുന്നതിനായിരുന്നു എന്റെ നിയോഗം.18 വര്‍ഷത്തോളം ആ പണി തുടര്‍ന്നു. പിന്നീട് 2007ല്‍ ആണ് എമര്‍ജന്‍സി മെഡിസിന്‍ എന്ന വൈദ്യശാസ്ത്ര ശാഖയിലേക്ക് ഞാന്‍ മാറുന്നത്. കേരളത്തിലും ഇന്ത്യയില്‍ തന്നെയും ഈ വൈദ്യശാസ്ത്ര ശാഖ അന്ന് അറിവുണ്ടായിരുന്നതല്ല. 2009 ജൂലൈ 21 ന് ആണ് മെഡിക്കല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യ എമര്‍ജന്‍സി മെഡിസിനെ തിരിച്ചറിയുന്നത്. അന്നത്തെ കാഷ്വാലിറ്റികളെ ഇന്നത്തെ മോഡേണ്‍ എമര്‍ജന്‍സി മെഡിസിന്‍ സംവിധാനമാക്കി മാറ്റുന്ന പരിണാമ പ്രക്രിയയ്ക്ക് തുടക്കം കുറിക്കാനും അതിന്റെ പ്രയാണത്തില്‍ ഭാഗഭാക്ക് ആവാനും കഴിഞ്ഞു എന്നത് ഒരു പുണ്യമായി കരുതുന്നു.
എമര്‍ജന്‍സി മെഡിസിനില്‍ എന്റെ യാത്രയെ സഹായിച്ച ഒട്ടനവധി പേരുണ്ട്. ഡോ. ജോര്‍ജ് എബ്രഹാം, ഡോ. ബോബി കപൂര്‍, ഡോ. തമോരിശ് കോളേ, പ്രൊഫസര്‍ മോഹന്‍ദാസ് എന്നിവര്‍ അവരില്‍ ചിലര്‍ മാത്രം. എമര്‍ജന്‍സി മെഡിസിന്‍ എന്ന നവ വൈദ്യശാസ്ത്രശാഖ ആശുപത്രിയുടെ നാലു ചുമരുകള്‍ക്ക് അപ്പുറം റോഡിലേക്കും വീടുകളിലേക്കും എത്തണം എന്ന കാഴ്ചപ്പാടിന് ചാലകമായി ഡോ. പി.ബി. സലിം ഐ.എ.എസ്, ഡോ. മെഹറൂഫ് രാജ്, അഡ്വക്കേറ്റ് മാത്യു കട്ടികാന തുടങ്ങിയവരുടെ കൂട്ടായ്മയില്‍ ഞാനും കൂടെ ചേര്‍ന്ന് ഇന്ത്യയില്‍ ആദ്യമായി ആംബുലന്‍സുകളുടെ ജനകീയ കൂട്ടായ്മയും നെറ്റ്വര്‍ക്കും രൂപീകരിക്കാനായി അഥവാ ആക്ടീവ് നെറ്റ്വര്‍ക്ക് ഗ്രൂപ്പ് ഓഫ് എമര്‍ജന്‍സി ലൈഫ് സേവേര്‍സ് എന്ന ഈ പ്രസ്ഥാനം എമര്‍ജന്‍സി കെയറിനെ പൊതുജന സമസ്തം സമര്‍പ്പിക്കുന്നതില്‍ വലിയ പങ്കാണ് വഹിച്ചത്. എയ്ഞ്ചല്‍സിന്റെ പ്രീ ഹോസ്പിറ്റലില്‍ കയറിന്റെ ഭാഗമായി വന്ന ഈ എം.സി.ടി. കോഴ്‌സും വളണ്ടിയര്‍മാരുടെ സേവനവും ഈ മേഖലയില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഈ കാലയളവില്‍ കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ എമര്‍ജന്‍സി കെയറിനെ അകമഴിഞ്ഞ് സഹായിച്ചു. ഇതില്‍ പ്രത്യേകം എടുത്തു പറയേണ്ടത് മാതൃഭൂമി ആരോഗ്യ മാസികയാണ്. രണ്ടുവര്‍ഷത്തോളം തുടര്‍ച്ചയായി എമര്‍ജന്‍സി കെയറിനെ പ്രതിപാദിക്കുന്ന ലേഖന പരമ്പര ആരോഗ്യ മാസികയില്‍ പ്രസിദ്ധീകരിച്ചു. ആരോഗ്യ മാസികയിലെ രഞ്ജിത്ത് ചാത്തോത്ത്, അനൂ സോളമന്‍ എന്നിവരുടെ സേവനം എടുത്തു പറയേണ്ടതാണ്. ഇത്തരത്തില്‍ പ്രസിദ്ധീകരിച്ചവയാണ് ഈ പുസ്തകത്തില്‍ ഭൂരിഭാഗവും. കൂടാതെ മനോരമ ആരോഗ്യം, ഐ.എം.എ. ആരോഗ്യം, മാതൃഭൂമി എഡിറ്റോറിയല്‍ പേജ് എന്നിവയില്‍ പ്രസിദ്ധീകരിച്ച ലേഖനങ്ങളും ചേര്‍ത്തിട്ടുണ്ട്. ഇതിലേക്കായി ഫോട്ടോകള്‍ എടുക്കാന്‍ സഹായിച്ചത് മിംസിലെ എമര്‍ജന്‍സി ഡോക്ടര്‍ ആയ ഇജാസ് അഹമ്മദ് ആണ്. കൂടാതെ മീന്‍സ് ഇ.എം.എസ് ടീം, എമര്‍ജന്‍സി മെഡിസിന്‍ റസിഡന്‍സ്, EMCT വളണ്ടിയര്‍മാര്‍ എന്നിവരും ഫോട്ടോഷൂട്ടില്‍ സഹകരിച്ചു. ഇതിന്റെ പ്രസാധനം സ്‌നേഹപൂര്‍വ്വം ഏറ്റെടുത്ത ലിപി പബ്ലിക്കേഷന്‍സ് സാരഥി ലിപി അക്ബറിന് നന്ദി. കൂടാതെ സ്റ്റാഫ് അംഗങ്ങളായ ജെയ്‌സല്‍ നല്ലളം, എം. ഗോകുല്‍ദാസ്, രമേശ് എന്നിവരുടെ കഠിനാധ്വാനം ഇതിന് പിറകിലുണ്ട്. ഈ പുസ്തകത്തില്‍ നാം നിത്യജീവിതത്തില്‍ നേരിടുന്ന നിരവധിയായ അത്യാഹിതങ്ങളും അപകടങ്ങളും അവക്കുള്ള പ്രഥമ ചികിത്സയും പ്രതിപാദിക്കുന്നുണ്ട്. പുസ്തകം പൂര്‍ണമായി ആധുനിക വൈദ്യശാസ്ത്രത്തിലെ സംഹിതകളെ അധികരിച്ച് എഴുതപ്പെട്ടിട്ടുള്ളതാണ്. സാധാരണ ജനങ്ങളെ ഉദ്ദേശിച്ചുള്ള ഈ പുസ്തകം നിങ്ങള്‍ക്ക് ഉപകാരപ്പെടും എന്ന് വിശ്വസിച്ചുകൊണ്ട്
ഡോ. വേണുഗോപാലന്‍ പി.പി.
Reviews
There are no reviews yet.