മനസ്സ് മതം സമൂഹം
(ലേഖനങ്ങള്‍)
ഡോ. അയ്മന് ശൗഖി
ജീവിതശൈലീ രോഗങ്ങളുടെ അടിസ്ഥാനം വലിയ അളവോളം മാനസിക സംഘര്‍ഷങ്ങളാണ്. മതവിശ്വാസികളെ സംബന്ധിച്ച് സംഘര്‍ഷം കുറക്കാന്‍ പ്രവാചക ഉപദേശങ്ങളും വേദപുസ്തകവും ഒക്കെ സഹായകമാവും. വായനയും മനഃശാന്തി കൈവരിക്കാനുള്ള നല്ല മാര്‍ഗ്ഗമാണെന്ന് ഈ പ്രബന്ധകാരന് നിരീക്ഷിക്കുന്നു. വൈവിധ്യമാര്‍ന്ന ആശയങ്ങള്‍ കൊണ്ട് സമ്പന്നമാണ് ഈ ഗ്രന്ഥം. വെറുപ്പിനെ സ്നേഹം കൊണ്ട് ചികിത്സിക്കുന്നു. ഭാഷയുടെ തെളിമ ഒറ്റയിരുപ്പിന് ഈ പുസ്തകം വായിച്ചുതീര്‍ക്കാന്‍ സഹായിക്കും. മികച്ച അധ്യാപനമായും ഈ ലേഖനങ്ങള്‍ വായിക്കാം.
അവതാരിക
നിരീക്ഷണങ്ങളുടെ മൗലികത
പി. സുരേന്ദ്രന്
ഡോ. അയ്മന് ശൗഖിയെ ഏറെ വര്‍ഷങ്ങളായി എനിക്കറിയാം. വളരെ സര്‍ഗസമ്പന്നനായ അധ്യാപകനാണ് അദ്ദേഹം. മികച്ച സാമൂഹ്യനിരീക്ഷകനുമാണ്. വീക്ഷണങ്ങളിലെ യുക്തി, വിചാരങ്ങളിലെ തെളിമ ഇതെല്ലാം അദ്ദേഹത്തിന്റെ ലേഖനങ്ങളുടെ പ്രത്യേകതയാണ്. ഉയര്‍ന്ന മാനവികതയും മതേതരബോധവും ശൗഖിയുടെ പ്രത്യേകതയായി എനിക്ക് തോന്നിയിട്ടുണ്ട്. മനസ്സ്, മതം, സമൂഹം എന്ന പുസ്തകം ശ്രദ്ധേയമായ ലേഖനങ്ങളുടെ സമാഹാരമാണ്. അദ്ദേഹത്തിന്റെ ഇടപെടലുകള്‍ വളരെ സ്വാധീനശക്തിയുള്ളതാണ്. അത് വായനക്കാരുടെ മനസ്സിനെ കൂടുതല്‍ ദീപ്തമാക്കും. ഏറെ ഗൗരവമേറിയ വിഷയങ്ങളാണ് ഈ കുറിപ്പുകളിലൂടെ അദ്ദേഹം അവതരിപ്പിക്കുന്നത്. എന്നാല്‍ അത്യന്തം ലളിതമായി പറഞ്ഞുവെക്കാന്‍ സാധിക്കുകയും ചെയ്യുന്നു. ലാളിത്യത്തിനാണ് സൗന്ദര്യം. വളരെയേറെ സങ്കീര്‍ണ്ണമാണ് നമ്മുടെ ജീവിതം. അതങ്ങനെയാവാന്‍ കാരണം ഒരു കാര്യത്തെയും നമുക്ക് ലളിതമായി നിര്‍വചിക്കാന്‍ സാധിക്കാത്തതുകൊണ്ടാണ്. അനാവശ്യമായ ആര്‍ത്തികളിലും വിഭ്രമങ്ങളിലും നമ്മള് പെട്ടുപോവുകയാണ്. അതൊക്കെ പറയാന്‍ ആരെങ്കിലും ഉണ്ടാവണം. ആ സാമൂഹിക ദൗത്യമാണ് ശൗഖി നിര്‍വ്വഹിക്കുന്നത്.
ഈ പുസ്തകം നാല് ഖണ്ഡങ്ങളിലാണ് ക്രമീകരിച്ചിരിക്കുന്നത്. മനസ്സ്, മതം, കുടുംബം, സമൂഹം എന്നിങ്ങനെ. ഏഴ് കുറിപ്പുകളാണ് മനസ്സ് എന്ന ഭാഗത്തുള്ളത്. എല്ലാ മാനസിക വ്യാപാരങ്ങളുടെയും അടിസ്ഥാനം മനസ്സാണ്. മനസ്സ് ശുദ്ധമല്ലെങ്കില്‍ മഞ്ഞ് വസ്ത്രമണിയുന്നത് വ്യര്‍ഥം എന്ന് ധര്‍മ്മപദം പറയുന്നുണ്ട്. സിദ്ധാര്‍ത്ഥ ഗൗതമനും മുഹമ്മദ് നബിയുമൊക്കെ മനസ്സിനെ നന്നായി വായിച്ചവരാണ്. ഭൗതിക സുഖത്തില്‍ വല്ലാതെ ആണ്ട് ജീവിക്കുമ്പോള്‍ ജീവിതം കൂടുതല്‍ സങ്കീര്‍ണ്ണമാവുകയാണ് ചെയ്യുക. ജീവിതസൗഭാഗ്യത്തെ കുറിച്ചുള്ള ഈ അന്വേഷണത്തില്‍ ഖുര്‍ആന്റെ വെളിച്ചം ധാരാളം കടന്നുവരുന്നു. ജീവിതവിജയം സ്വായത്തമാക്കുന്നതിനെ കുറിച്ച് പറയുമ്പോള്‍ മതത്തിന്റെ സാധ്യതയെക്കുറിച്ച് ശൗഖി വിലയിരുത്തുന്നുമുണ്ട്. മനസ്സ് ഐശ്വര്യപൂര്ണ്ണമാവുമ്പോഴാണ് ജീവിതത്തില്‍ സമൃദ്ധി നേടിയെടുക്കാന്‍ സാധിക്കുക എന്ന പ്രവാചകവചനത്തിന്റെ ആഴം മൗലിക വിശകലനത്തിലൂടെ ആവിഷ്കരിക്കുന്നു ശൗഖി.
കുറ്റവാളികളൊക്കെ വലിയ ധീരന്മാരാണ് എന്ന് നാം ധരിച്ചുവെച്ചിട്ടുണ്ട്. എന്നാല്‍ കുറ്റകൃത്യങ്ങളിലേക്ക് നയിക്കുന്നത് പേടിയും മനോരോഗങ്ങളുമാണ്. ഭയപ്പെടുമ്പോഴാണ് പാമ്പ് മനുഷ്യരെ കടിക്കുന്നത് എന്ന് പറയാറില്ലേ? മനസ്സ് നിര്‍ഭയമാകുമ്പോള്‍ കുറ്റകൃത്യങ്ങള്‍ കുറയുമെന്ന് ശൗഖി നിരീക്ഷിക്കുന്നു. ഉയര്‍ന്ന ശാസ്ത്രബോധം കൊണ്ട് സമ്പന്നമാണ് ഈ വിശകലനം. മനസ്സിന്റെ വിഹ്വലതകളും സംഘര്‍ഷങ്ങളും രോഗകാരണമാവുന്നു. ജീവിതശൈലീ രോഗങ്ങളുടെ അടിസ്ഥാനം വലിയ അളവോളം മാനസിക സംഘര്‍ഷങ്ങളാണ്. മതവിശ്വാസികളെ സംബന്ധിച്ച് സംഘര്‍ഷം കുറക്കാന്‍ പ്രവാചക ഉപദേശങ്ങളും വേദപുസ്തകവും ഒക്കെ സഹായകമാവും. വായനയും മനഃശാന്തി കൈവരിക്കാനുള്ള നല്ല മാര്‍ഗ്ഗമാണെന്ന് ഈ പ്രബന്ധകാരന് നിരീക്ഷിക്കുന്നു. വിഷാദരോഗം വല്ലാതെ കേരളത്തെ പിടിമുറുക്കുന്നതില്‍ ശൈഖി ആകുലനാവുന്നുണ്ട്. അതിന്റെ കാരണം ഒറ്റപ്പെടലും സാമൂഹിക ബന്ധങ്ങളിലെ തകര്‍ച്ചയുമാണ്. അത്യന്തം മൗലികശോഭയുള്ളതാണ് വിഷാദരോഗാവസ്ഥയെ കുറിച്ചുള്ള പ്രബന്ധം.
മതം എന്ന രണ്ടാം ഭാഗത്തുള്ളത് കുറച്ചുകൂടി ഗഹനമായി നിരീക്ഷണങ്ങളാണ്. മതം ഭിന്നാഭിപ്രായങ്ങളുടെയും വൈവിധ്യങ്ങളുടെയും ഭൂമികയാണ്. വൈവിധ്യത്തിനാണ് ഭംഗിയുള്ളത്. പ്രപഞ്ചസ്രഷ്ടാവും വൈവിധ്യത്തെയാണ് ഇഷ്ടപ്പെടുന്നത് എന്ന് നല്ല വിശ്വാസികള്‍ കരുതുന്നു. ശാസ്ത്രീയ ധാര്‍മ്മികത എന്ന മനോഹരമായ ഒരാശയം ഈ ഗ്രന്ഥകാരന് അവതരിപ്പിക്കുന്നു. മതവിശ്വാസവും ദൈവചിന്തയും ഒക്കെ മനുഷ്യരെ കൂടുതല്‍ ധാര്‍മ്മികതയിലേക്കു നയിക്കും. ശാസ്ത്രബോധം കൊണ്ട് മാത്രം മനുഷ്യന് ധാര്മ്മികനാവണം എന്നില്ല. മതചിന്തകളെ അവതരിപ്പിക്കുമ്പോള്‍ ശൗഖിയുടെ മതേതരബോധത്തിന്റെ തെളിമ നമുക്ക് ദര്‍ശിക്കാം. ആരാധനാലയങ്ങള്‍ മാനവിക മൂല്യങ്ങളുടെ കേന്ദ്രങ്ങളാണ് എന്നും നിരീക്ഷിക്കുന്നുണ്ട്. ഇസ്ലാമോഫോബിയ തഴച്ചുവളരുന്ന കാലത്ത് അതിന്റെ കാരണങ്ങള്‍ ഉജ്ജ്വലമായി വിശകലനം ചെയ്യുന്നു എഴുത്തുകാരന്.
കുടുംബജീവിതമൊക്കെ അത്യന്തം സങ്കീര്‍ണ്ണമാവുന്ന കാലത്താണ് കുടുംബം എന്ന ഭാഗത്തെ ലേഖനങ്ങള്‍ പ്രസ്കതമാവുന്നത്. കൗണ്‍സിലിംഗിന്റെ മാനമുണ്ട് ഈ ഭാഗത്തെ ഓരോ ലേഖനങ്ങള്‍ക്കും. ഒരു പിതാവിന്റെ സ്ഥാനത്തുനിന്ന് കൗമാരക്കാരെ ഉപദേശിക്കുകയും ചെയ്യുന്നു. പ്രണയം തെറ്റൊന്നുമല്ല. പക്ഷേ അത് കുരുക്കാവരുത്. അതിരുവിട്ട ആഘോഷങ്ങളില്‍ കൗമാരക്കാര്‍ അഭിരമിക്കുന്നതിനെയും എഴുത്തുകാരന് താക്കീത് ചെയ്യുന്നു. ലഹരി വിനാശകരമായി മാറുമ്പോള്‍ പ്രവാചകനും വിശുദ്ധ ഖുര്‍ആനും സമ്മാനിക്കുന്ന വെളിച്ചം ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ എങ്ങനെ സഹായകരമാവുമെന്ന് അദ്ദേഹം ബോധ്യപ്പെടുത്തുന്നു. നല്ല കുടുംബജീവിതത്തിലേക്കുള്ള മാര്‍ഗ്ഗരേഖകളാണ് ഈ ഭാഗത്തെ പ്രബന്ധങ്ങളില്‍ ഉള്ളത്. പ്രണയം പോലെ ലൈംഗികതയും മഹത്തരം. പക്ഷേ അത് വിശുദ്ധമാവുമ്പോള് മാത്രം.
സമൂഹം എന്ന ഭാഗത്തെ ഓരോ ലേഖനവും അര്‍ത്ഥപൂര്‍ണ്ണമായ ഇടപെടലുകളത്രെ. സാമൂഹ്യ മാധ്യമങ്ങളെക്കുറിച്ച് നല്ലൊരു ലേഖനമുണ്ട്. ഏത് ഇടപെടലുകള്‍ സാമൂഹ്യജീവിതത്തെ കൂടുതല്‍ സംഘര്‍ഷത്തിലേക്ക് നയിക്കുമ്പോള്‍ അത് വിനാശകരമാവും. ഇടപെടലുകളില്‍ തീര്‍ച്ചയായും ചില അതിരുകളും അനിവാര്യം. ജാതി വിവേചനം ഇപ്പോഴും നിലനില്‍ക്കുന്ന സത്യമാണ്. ജാതി ഉന്മൂലത്തെ കുറിച്ചൊക്കെ അംബേദ്കര്‍ ചിന്തിക്കാന്‍ കാരണം സാമൂഹിക ജീവിതത്തിന്റെ സൗന്ദര്യം അത് ഇല്ലാതാക്കുന്നത് കൊണ്ടാണ് സംഘ്പരിവാര്‍ ഇന്ത്യ എന്ന ആശയത്തെ തന്നെയാണ് തകര്‍ക്കുന്നത്. സംഘ്പരിവാറിനെതിരെ ശക്തമായ ഒരു പ്രബന്ധം ഈ പുസ്തകത്തിന് ഗഹനമായ രാഷ്ട്രീയമാനം നല്കുന്നു. ഗസ്സയെകുറിച്ചുമുണ്ട് മികവുറ്റ നിരീക്ഷണം.
വൈവിധ്യമാര്‍ന്ന ആശയങ്ങള്‍ കൊണ്ട് സമ്പന്നമാണ് ഈ ഗ്രന്ഥം. വെറുപ്പിനെ സ്നേഹം കൊണ്ട് ചികിത്സിക്കുന്നു ശൗഖി. ഭാഷയുടെ തെളിമ ഒറ്റയിരുപ്പിന് ഈ പുസ്തകം വായിച്ചുതീര്‍ക്കാന്‍ സഹായിക്കും. മികച്ച അധ്യാപനമായും ഈ ലേഖനങ്ങള്‍ വായിക്കാം.
Reviews
There are no reviews yet.