ജ്ഞാനപീഠപുരസ്കാരം നേടിയ മലയാള നോവലിസ്റ്റും,സഞ്ചാരസാഹിത്യകാരനും കവിയുമാണ് എസ്.കെ. പൊറ്റെക്കാട് എന്ന ശങ്കരൻകുട്ടി കുഞ്ഞിരാമൻ പൊറ്റെക്കാട്(മാർച്ച് 14, 1913–ഓഗസ്റ്റ് 6, 1982)[1]. ഒരു ദേശത്തിന്റെ കഥ എന്ന നോവലിനെ മുൻനിറുത്തിയാണ് 1980ൽ ഇദ്ദേഹത്തിന് ജ്ഞാനപീഠപുരസ്കാരം ലഭിച്ചത്[2].
1913 മാർച്ച് 14 കോഴിക്കോട് ജനിച്ചു. അച്ഛൻ കുഞ്ഞിരാമൻ പൊറ്റെക്കാട്ട് ഒരു ഇംഗ്ലീഷ് സ്കൂൾ അദ്ധ്യാപകൻ ആയിരുന്നു. കോഴിക്കോട് ചാലപ്പുറം ഗണപത് സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. കോഴിക്കോട് സാമൂതിരി കോളേജിൽ നിന്നും ഇന്റർമീഡിയറ്റ് നേടിയ ശേഷം കോഴിക്കോട്ടെ ഗുജറാത്തിവിദ്യാലയത്തിൽ 1937–1939 വർഷങ്ങളിൽ അദ്ധ്യാപകനായി പ്രവർത്തിച്ചു. ഇക്കാലത്താണ് അദ്ദേഹത്തിന് യാത്രകളിൽ താല്പര്യം ജനിച്ചത്. 1939ൽ ബോംബേയിലേക്കുള്ള യാത്രയിൽ നിന്നാണ് പിൽക്കാലത്ത് അദ്ദേഹത്തിന്റെ കീർത്തിയുടെ അടിസ്ഥാനമായ ലോകസഞ്ചാരങ്ങൾ ആരംഭിക്കുന്നത്. കുറച്ചു കാലം ബോംബേയിൽ ജോലി ചെയ്തു. ഇന്ത്യയിലുടനീളം സഞ്ചരിക്കുവാൻ ഈ കാലയളവിൽ അദ്ദേഹം പരിശ്രമിച്ചു. തന്റെ ജീവിതാവബോധവും സാഹിത്യാഭിരുചിയും നവീകരിച്ച അനുഭവങ്ങളാണ് സഞ്ചാരങ്ങളിലൂടെ പൊറ്റെക്കാട്ടിന് കൈവന്നത്. 1949ൽ കപ്പൽമാർഗ്ഗം ആദ്യത്തെ വിദേശയാത്ര നടത്തി. യൂറോപ്പ്, ആഫ്രിക്ക, അമേരിക്ക, ദക്ഷിണേഷ്യ, പൂർവേഷ്യ എന്നിവിടങ്ങളിലെ മിക്ക രാജ്യങ്ങളും പല തവണ സന്ദർശിക്കുകയും ഓരോ സ്ഥലത്തെയും സാമാന്യ മനുഷ്യരുമായി ഇടപഴകുകയും ചെയ്തു. മലയാളത്തിനു ഏറെക്കുറെ നവീനമായ യാത്രാവിവരണ സാഹിത്യശാഖയ്ക്ക് എസ്. കെയുടെ സംഭാവനകൾ വിലപ്പെട്ടതാണ്.
1957ൽ തലശ്ശേരിയിൽ നിന്നും ലോകസഭയിലേക്കു മൽസരിച്ചെങ്കിലും 1000 വോട്ടിനു പരാജയപ്പെട്ടു. പിന്നീട് 1962ൽ തലശ്ശേരിയിൽ നിന്നു തന്നെ സുകുമാർ അഴീക്കോടിനെ 66,000 വോട്ടുകൾക്ക് പരാജയപ്പെടുത്തി ലോകസഭയിലേക്കു പൊറ്റെക്കാട്ട് തെരഞ്ഞെടുക്കപ്പെട്ടു. തെരഞ്ഞെടുപ്പിലൂടെ ലോക്‌സഭയിലെത്തിയ അപൂർവ്വം സാഹിത്യകാരന്മാരിൽ ഒരാളായിരുന്നു പൊറ്റെക്കാട്ട്. സ്വതന്ത്ര സമര സേനാനി ആയിരുന്നു.
Reviews
There are no reviews yet.