നീലാംബരി
(പാട്ടിന്റെ പാലാഴി)
ഗിരീഷ് പുത്തഞ്ചേരി
‘അക്ഷരനക്ഷത്രം കോര്‍ത്ത ജപമാലയും കൈയിലേന്തി അഗ്നിയില്‍ സ്ഫുടം ചെയ്‌തെ-ടുത്ത മനസാം ശംഖുമൂതി…’
ഈ വരികളില്‍ ഗിരീഷ് പുത്തഞ്ചേരിയുടെ ആത്മാംശം മുറ്റിനില്‍പ്പില്ലേ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. ജപമാല കൈയിലില്ലായിരുന്നുവെങ്കിലും അദ്ദേഹം കഴുത്തില്‍ രുദ്രാക്ഷമാല ധരിച്ചിരുന്നു. ശരിക്കും അഗ്നിയില്‍ സ്ഫുടം ചെയ്‌തെടുത്ത മനസ്സായിരുന്നു അദ്ദേഹത്തിന്റേത്. മനസ്സാകുന്ന ആ ശംഖൂതി അദ്ദേഹം ആസ്വാദകരെ ഉണര്‍ത്തി. അതേ, സദാ സ്‌നേഹം കൊടുക്കുകയും യാചിക്കുകയും ചെയ്യുന്ന ഭിക്ഷാംദേഹിയായിരുന്നു അദ്ദേഹം . ആ ഭിക്ഷാപാത്രത്തില്‍ അധികമൊന്നും നിറയ്ക്കാതെ സ്‌നേഹാമൃതം അദ്ദേഹത്തില്‍ നിന്നു കടംകൊണ്ടവരായിരുന്നു ഞാനുള്‍പ്പെടെയുള്ളവര്‍.
ടി.പി. ശാസ്തമംഗലം
(അവതാരികയില്‍ നിന്ന്
അവതാരിക
അകന്നുപോയ പദനിസ്വനം
എന്നാണ് ഗിരീഷ് പുത്തഞ്ചേരിയെ ഞാന്‍ ആദ്യമായി കണ്ടത്? ആ തീയതിയോ അവസരമോ ഞാന്‍ കൃത്യമായി ഓര്‍ക്കുന്നില്ല. ഡയറി എഴുതുന്ന സ്വഭാവമുള്ളതിനാല്‍ അതിന്റെ താളുകള്‍ പലതും പരതി നോക്കി; ഫലമുണ്ടായില്ല. അല്ലെങ്കില്‍ തന്നെ ആ തീയതിക്ക് എന്തു പ്രസക്തിയിരിക്കുന്നു? ഒരു യുഗത്തിന്റെയത്ര പരിചയം ഞങ്ങള്‍ ആര്‍ജ്ജിച്ചു കഴിഞ്ഞിരുന്നു. വായനക്കാരേ, നിങ്ങള്‍ അദ്ഭുതപ്പെടുന്നുണ്ടാവും. മാധ്യമങ്ങളില്‍ക്കൂടി നിരന്തരം ആക്രമിക്കപ്പെട്ട ഒരാള്‍ മറ്റേ വ്യക്തിയുമായി സൗഹൃദത്തിലായിരുന്നു എന്നു പറഞ്ഞാല്‍ ആരാണ് വിശ്വസിക്കുക? പക്ഷേ സംഗതി സത്യമാണ്. ഞങ്ങള്‍ അടുത്ത സുഹൃത്തുക്കളായിരുന്നു.
ഗിരീഷ് പുത്തഞ്ചേരി ഗാനരചനാരംഗത്തേക്ക് എത്തുന്നതിനും ഒരു പതിറ്റാണ്ടുമുമ്പു തുടങ്ങിയതാണ് എന്റെ ഗാനനിരൂപണപ്രക്രിയ. കാലാകാലങ്ങളായി കൂടുതല്‍ മുന്‍നിരയില്‍ നില്‍ക്കുന്നവരും അവരുടെ സൃഷ്ടികളും എന്റെ നിരൂപണത്തിനു വിധേയമാവും. അതു സ്വാഭാവികം. ഗിരീഷ് പുത്തഞ്ചേരി കടന്നുവരികയും ആ രംഗത്ത് പ്രതിഷ്ഠ നേടുകയും ചെയ്തതോടെ കൂടുതല്‍ പരാമര്‍ശങ്ങളും വിശകലനങ്ങളും അദ്ദേഹത്തിന്റെ ഗാനങ്ങള്‍ക്കെതിരെ എന്റെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്. പേരു സൂചിപ്പിക്കുമ്പോലെ പുത്തന്‍ചേരി പുതിയ ചേരിക്കാരുടെ ഭാഗത്താണ് എന്നും നിലയുറപ്പിച്ചത്. ഞാനാകട്ടെ നേരെ തിരിച്ചും. അങ്ങനെയുണ്ടാകുന്ന വാക്‌സമരത്തില്‍ ഞങ്ങള്‍ പങ്കെടുത്തിട്ടുണ്ട്. പക്ഷേ അപ്പോഴും സൗഹൃദത്തിന്റെ കൈത്തിരി കെടാതെ ഞങ്ങള്‍ സൂക്ഷിച്ചു. അതിന് എന്നെക്കാള്‍ മുന്‍കൈയെടുത്തത് പുത്തഞ്ചേരിയാണെന്നു വെളിപ്പെടുത്താന്‍ എനിക്കു യാതൊരു മടിയുമില്ല.
നേരിട്ടുകാണുമ്പോള്‍ കെട്ടിപ്പിടിച്ചുള്ള കുശലം പറച്ചില്‍, ടെലിഫോണിലാണെങ്കില്‍ പത്തു പതിനഞ്ചു മിനിറ്റു നീളുന്ന സൗഹൃദഭാഷണം-അതായിരുന്നു അദ്ദേഹത്തിന്റെ രീതി. തിരുവനന്തപുരത്തു വരുമ്പോള്‍ മിക്കവാറും അദ്ദേഹത്തില്‍നിന്ന് എനിക്കൊരു ടെലിഫോണ്‍ വിളി ഉറപ്പാണ്. ചിലപ്പോള്‍ അദ്ദേഹം താമസിക്കുന്ന ഹോട്ടലിലേക്കുള്ള ക്ഷണമുണ്ടാവും. മറ്റു ചിലപ്പോള്‍ തിരക്കിട്ടു മടങ്ങിപ്പോകേണ്ടിവരുന്നതിന്റെ നിരാശതയാവും ആ വാക്കുകളില്‍ നിഴലിക്കുന്നത്. നേരിലായാലും ഫോണിലായാലും സംസാരിക്കുമ്പോള്‍ ഒരിക്കലും കടന്നുവരാത്തത് അദ്ദേഹത്തിന്റെ ഗാനങ്ങളെക്കുറിച്ച് ഞാനെഴുതിയ അഭിപ്രായമായിരിക്കും.
ഗിരീഷ് പുത്തഞ്ചേരിയുടെ തൂലിക എന്നെല്ലാം മികച്ച ഗാനങ്ങള്‍ സംഭാവനചെയ്‌തോ അന്നെല്ലാം എന്റെ തൂലികയും അനുകൂലമായി ചലിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കള്‍ പോലും ചെയ്യാത്തത് എന്നില്‍ നിന്നുണ്ടായിട്ടുണ്ട്. പല ഗാനങ്ങളുടെയും ആഴവും പരപ്പും ജനഹൃദയങ്ങള്‍ക്കു ഞാന്‍ പരിചയപ്പെടുത്തിക്കൊടുത്തു. എന്നിട്ടും പുത്തഞ്ചേരിയുടെ മുഖ്യശത്രു എന്ന് എന്നെ ചിലരെങ്കിലും മുദ്രകുത്തി. എനിക്കതില്‍ അശേഷം വിഷമമില്ല. കാരണം പുത്തഞ്ചേരിക്ക് എന്നെക്കുറിച്ച് അങ്ങനെ ഒരു ചിന്തയേയില്ലായിരുന്നു.
‘അഗ്നിദേവനി’ലെ നായകനു വേണ്ടി എഴുതിയതാണെങ്കിലും,
”അക്ഷരനക്ഷത്രം കോര്‍ത്ത ജപമാലയും കൈയിലേന്തി
അഗ്നിയില്‍ സ്ഫുടം ചെയ്‌തെടുത്ത മനസ്സാം ശംഖുമൂതി
ജന്മഗേഹം വിട്ടിറങ്ങിപ്പോന്നൊരഭയാര്‍ത്ഥിയാമെന്‍
ഭിക്ഷാപാത്രത്തില്‍ നിറയ്ക്കുക നിങ്ങ-
ളിത്തിരി സ്‌നേഹാമൃതം…!”
എന്ന വരികളില്‍ പുത്തഞ്ചേരിയുടെ ആത്മാംശം മുറ്റിനില്‍പ്പില്ലേ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. ജപമാല കൈയിലില്ലായിരുന്നുവെങ്കിലും അദ്ദേഹം കഴുത്തില്‍ രുദ്രാക്ഷമാല ധരിച്ചിരുന്നു. ശരിക്കും അഗ്നിയില്‍ സ്ഫുടം ചെയ്‌തെടുത്ത മനസ്സായിരുന്നു അദ്ദേഹത്തിന്റേത്. മനസ്സാകുന്ന ആ ശംഖൂതി അദ്ദേഹം ആസ്വാദകരെ ഉണര്‍ത്തി. അതേ, സദാ സ്‌നേഹം കൊടുക്കുകയും യാചിക്കുകയും ചെയ്യുന്ന ഭിക്ഷാംദേഹിയായിരുന്നു അദ്ദേഹം. ആ ഭിക്ഷാപാത്രത്തില്‍ അധികമൊന്നു നിറയ്ക്കാതെ സ്‌നേഹാമൃതം അദ്ദേഹത്തില്‍ നിന്നും കടംകൊണ്ടവരായിരുന്നു ഞാനുള്‍പ്പെടെയുള്ളവര്‍. അതിന്റെ കുറ്റബോധം ഇപ്പോഴും എന്നെ അടക്കിഭരിക്കുകയാണ്.
‘കൃഷ്ണഗുഡിയിലൊരു പ്രണയകാലത്ത്’ എന്ന ചിത്രം പുത്തഞ്ചേരിയിലെ ഗാനരചയിതാവിന് പുതിയ ഒരു മേല്‍വിലാസം സമ്മാനിച്ചു. കവിത ഇണങ്ങി നില്‍ക്കുന്ന വരികള്‍ തന്റെ തൂലികയ്ക്ക് വഴങ്ങുമെന്ന് പരോക്ഷമായി അദ്ദേഹം ഉദ്‌ഘോഷിച്ച ചിത്രമാണത്.
”പിന്നെയും പിന്നെയും ആരോ കിനാവിന്റെ
പടികടന്നെത്തുന്ന പദനിസ്വനം!
പിന്നെയും പിന്നെയും ആരോ നിലാവത്ത്
പൊന്‍വേണുവൂതുന്ന മൃദുമന്ത്രണം!”
‘പിന്നെയും പിന്നെയും’ എന്ന ആവര്‍ത്തനം വഴി വരികള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം പകരുകയാണ് അദ്ദേഹം. കവിതയില്‍ വാക്കുകളുടെ ആവര്‍ത്തനം ചിലയിടത്ത് അസ്വസ്ഥത ജനിപ്പിക്കുമെങ്കിലും ചിലയിടത്ത് ആസ്വാദ്യകരമായി തീരുമല്ലൊ. ഇവിടെ രണ്ടാമതു പറഞ്ഞതാണ് സംഭവിക്കുന്നത്. ഒരിക്കല്‍ മാത്രം സംഭവിക്കുന്നതിനെക്കാള്‍ ഭാവതീവ്രതയും ഇരട്ടിക്കും ആവര്‍ത്തനമുണ്ടാവുമ്പോള്‍. ‘പിന്നെയും പിന്നെയും’ എന്ന തുടക്കം ആ നിലയ്ക്ക് രണ്ടു ഈരടികളെയും തുണയ്ക്കുന്നു.
പടികടന്നെത്തുന്നതിനും പദനിസ്വനത്തിനും അത് ആരാണെന്ന് അറിയില്ലാത്തിനുമെല്ലാം അതിന്റേതായ പ്രാധാന്യമുണ്ട് ഗാനത്തില്‍. കിനാവിന്റെ പടിയാണ് കടന്നെത്തുന്നത് എന്നുകൂടി വന്നതോടെ ഗാനത്തിന്റെ മാറ്റ് വര്‍ദ്ധിക്കുകയാണ്. ആ പദനിസ്വനത്തോടൊപ്പം നായകന്‍ മറ്റൊന്നുകൂടി കേള്‍ക്കുന്നു – പൊന്‍വേണുവിന്റെ മൃദുമന്ത്രണം. നിലാവില്‍ കുളിച്ചു നില്‍ക്കുന്ന രാത്രി. ആ രാത്രിയിലാണ് ആരോ പൊന്‍വേണു ഊതുന്നത്. പല്ലവിയില്‍ ഹൃദ്യമായ ഒരു ചിത്രം വരച്ചിട്ടു പാട്ടെഴുത്തുകാരന്‍. അനുയോജ്യമായ ഒരു അന്തരീക്ഷവും സൃഷ്ടിച്ചു. ആസ്വാദകരുടെ മനസ്സിലേക്ക് പദനിസ്വനം കേള്‍പ്പിച്ച് കടന്നുവരികയും സംഗീതത്തിന്റെ മൃദുമന്ത്രണത്തോടെ നമ്മെ തന്നിലേക്കു ആകൃഷ്ടരാക്കുകയും ചെയ്ത ഗാനരചയിതാവാണ് ഗിരീഷ് പുത്തഞ്ചേരി.
കാര്‍മുകില്‍ വര്‍ണ്ണന്റെ ചുണ്ടില്‍ ഓടക്കുഴലുണ്ടെങ്കിലും അതിനുള്ളില്‍ വീണുറങ്ങുന്ന ശ്രീരാഗത്തെ മാത്രം പുല്‍കിയുണര്‍ത്താന്‍ മറന്ന കണ്ണന്റെ പക്ഷപാതപരമായ നിലപാടില്‍ മനംനൊന്തും പരിഭവിച്ചും കഴിയുന്ന ‘നന്ദന’ത്തിലെ നായികയുടെ മനോഗതം പുത്തഞ്ചേരി വരച്ചിട്ടതിങ്ങനെയാണ്.
”ഞാനെന്‍ മിഴിനാളമണയാതെരിച്ചും – നീറും
നെഞ്ചകം അകിലായ് പുകച്ചും
വാടും കരള്‍ത്തടം കണ്ണീരാല്‍ നനച്ചും – നിന്നെ
തേടി നടന്നു തളര്‍ന്നു കൃഷ്ണാ – നീയെന്‍
നൊമ്പരമറിയുമോ ശ്യാമവര്‍ണാ!”
നായികയുടെ ഉള്ളിലുള്ളതെല്ലാം ഈ വരികളിലുണ്ട്. മിഴിപൂട്ടാതെ കാത്തിരുന്നു എന്നതിനു പുത്തഞ്ചേരി കൊണ്ടുവന്ന സങ്കല്പം നന്നായിട്ടുണ്ട്. നീറുന്ന നെഞ്ചകമാകട്ടെ അകിലായി പുകച്ചു. കണ്ണീര്‍ തോരുന്നുമില്ല. കൃഷ്ണനെ തേടി നടന്നു തളരുകയാണ് നായിക. പക്ഷേ അവളുടെ നൊമ്പരമറിയാന്‍ മാത്രം ദയ കാട്ടുന്നില്ല ശ്യാമവര്‍ണന്‍. പാടിയ കെ.എസ്. ചിത്രയുടെയും നായികയായി പ്രത്യക്ഷപ്പെട്ട നവ്യാ നായരുടെയും കണ്ണുകളെ ഒരുപോലെ, ചിത്രം വന്ന് ഏറെക്കാലത്തിനു ശേഷവും ഒരു വേദിയില്‍ ഈറനണിയിച്ച ഗാനമാണിത്. അവരുടെ മാത്രമല്ല ശ്രോതാക്കളായ നമ്മുടെ മിഴികളെയും നനയിക്കും ഈ ഗാനം. അത്രയ്ക്ക് ചിത്രത്തിന്റെ കഥാഗാത്രവുമായി ഇഴുകിച്ചേര്‍ന്നുനില്‍ക്കുന്ന പാട്ടാണിത്.
ഗിരീഷ് പുത്തഞ്ചേരി എഴുതിയ പാട്ടുകളില്‍ ഏറ്റവും മികച്ചതേത്? പലരും എന്നോട് ഈ ചോദ്യം ചോദിച്ചിട്ടുണ്ട്. എനിക്കിഷ്ടം ‘ദേവാസുര’ത്തിലെ ”സൂര്യകിരീടം വീണുടഞ്ഞു” എന്ന ഗാനമാണെന്നു പറയാന്‍ ഒരു മടിയുമില്ല. അദ്ദേഹത്തിന്റെ മാസ്റ്റര്‍പീസ് രചന എന്നു ഞാന്‍ ആ പാട്ടിനെ വിശേഷിപ്പിക്കും.
”സൂര്യകിരീടം വീണുടഞ്ഞു
രാവിന്‍ തിരുവരങ്ങില്‍!
പടുതിരിയാളും പ്രാണനിലേതോ
നിഴലുകളാടുന്നു – നീറും…”
ലളിതമായ വരികളിലൂടെ ആശയപ്രപഞ്ചം തന്നെ സൃഷ്ടിച്ചു പുത്തഞ്ചേരി. ‘ദേവാസുര’ത്തിലെ കഥാഗതിക്ക് ഏറെ യോജിക്കുന്ന തരത്തിലുള്ള രചന. ‘സൂര്യകിരീടം’ എന്ന പ്രയോഗത്തില്‍പ്പോലും പുതുമയുണ്ട്. രാവിനെ തിരുവരങ്ങായി കണ്ടതും നന്നായി. അവിടെ സൂര്യകിരീടം വീണുടയുകയാണ്. അതേസമയം പടുതിരിയാളുന്ന പ്രാണനില്‍ ഏതോ നീറുന്ന നിഴലുകളാടുന്നു. കഥകളിയുടെ തോന്നലുളവാകും ഈ പാട്ടുകേള്‍ക്കുമ്പോള്‍. നെഞ്ചാകുന്ന പിരിശംഖിലെ തീര്‍ത്ഥമെല്ലാം വാര്‍ന്നുപോകുന്നതും ക്ലാവു പിടിക്കുന്ന സന്ധ്യാ നേരത്ത് നാമജപാമൃതമന്ത്രം മാത്രം ചുണ്ടില്‍ ഒതുങ്ങുന്നതും നെടുവീര്‍പ്പോടെ മാത്രമേ നമുക്കു കേട്ടിരിക്കാനാവുകയുള്ളൂ. അമ്മയാണ് ആകെ അഭയം. അതറിയാവുന്നതു കൊണ്ടുതന്നെയാണ് കരളില്‍ തീയാളുമ്പോള്‍ മോക്ഷമാര്‍ഗം നീട്ടുമോ എന്ന് അമ്മയോട് ആ മകന്‍ ആരായുന്നത്.
”ഇഹപരശാപം തീരാനമ്മേ
ഇനിയൊരു ജന്മം വീണ്ടും തരുമോ”
എന്ന അപേക്ഷയാണ് അമ്മയ്ക്കു മുമ്പില്‍ മകന്‍ സമര്‍പ്പിക്കുന്നത്. മനസ്സുവച്ചാല്‍ അര്‍ത്ഥവത്തായ ഗാനമെഴുതാന്‍ തനിക്കൊരു പ്രയാസവുമില്ല എന്ന വിളംബരം കൂടിയായിരുന്നു ആ വരികള്‍.
പുത്തഞ്ചേരിയുടെ രചനകളില്‍ എന്നെ വല്ലാതെ സ്പര്‍ശിച്ച ഒന്നാണ് ‘ബാലേട്ടനി’ലെ,
”ഇന്നലെയെന്റെ നെഞ്ചിലെ കുഞ്ഞു
മണ്‍വിളക്കൂതിയില്ലേ കാറ്റെന്‍
മണ്‍വിളക്കൂതിയില്ലേ
കൂരിരുള്‍ക്കാവിന്റെ മുറ്റത്തെമുല്ലപോ-
ലൊറ്റയ്ക്കു നിന്നില്ലേ ഞാനി-
ന്നൊറ്റയ്ക്കു നിന്നില്ലേ”
എന്ന ഗാനം. അച്ഛന്റെ ദേഹവിയോഗത്തില്‍ ഒരു മകന് എഴുതാവുന്ന അതുല്യമായ വരികള്‍ ഉള്‍ക്കൊള്ളുന്ന ഗാനമാണിത്. ഇന്നലെയാണത് സംഭവിച്ചത് – പിതാവിന്റെ മരണം. ഇന്നലെ എന്നത് ഭൂതകാലത്തെ പ്രതിനിധീകരിക്കുന്നു എന്നു പറയാം; അച്ഛന്‍ നായകന്റെ നെഞ്ചില്‍ സദാവെളിച്ചം പകര്‍ന്നിരുന്ന കുഞ്ഞുവിളക്കായിരുന്നു. ആ വിളക്കാണ് കാറ്റ് (കാറ്റ് കാലമായിരിക്കാം, വിധിയായിരിക്കാം) ഊതിക്കെടുത്തിയത്. അതോടെ പാടുന്നയാളിന്റെ മനസ്സിലാകെ അന്ധകാരം വ്യാപിച്ചു. അറിവിന്റെ പ്രകാശം കെട്ടുപോയതുമാത്രമല്ല ഇവിടത്തെ സൂചന. അനാഥത്വം തിരിച്ചറിയുന്നു എന്ന വ്യാഖ്യാനവുമാകാം. എന്തായാലും കൂരിരുള്‍ക്കാവിന്റെ മുറ്റത്ത് മുല്ലയെപ്പോലെ ഒറ്റയ്ക്കു നില്‍ക്കേണ്ട അവസ്ഥ വന്നു നായകന്.
അച്ഛന്‍ എന്നെന്നേക്കുമായി വിടവാങ്ങി എന്ന സത്യം അറിയാഞ്ഞിട്ടല്ല. എങ്കിലും ദൂരെ നിന്നു ഒരു പിന്‍വിളി ആ മകന്‍ പ്രതീക്ഷിച്ചു. മുമ്പെല്ലാം പലപ്പോഴും അതുണ്ടായിട്ടുള്ളതുമാണ്. പക്ഷേ ദൗര്‍ഭാഗ്യമെന്നു പറയട്ടെ, പിന്‍വിളികൊണ്ട് മകനെ ആരും വിളിച്ചില്ല. കാണാകണ്ണീരിന്റെ കാവിലിന്‍ നൂലിഴ ആരും തുടച്ചതുമില്ല. ചന്ദനപ്പൊന്‍ചിതയില്‍ അച്ഛനെരിയുകയാണ്. മച്ചകത്തെ അമ്പലപ്രാവുകള്‍ പോലും അതു കണ്ട് തേങ്ങിപ്പറക്കുന്നു. തന്റെ ദുഃഖം ഏതാനും വരികളിലൂടെ വ്യക്തമാക്കിയ രചയിതാവ് സ്വന്തം ജീവിതത്തില്‍ വരുത്തിയ മാറ്റങ്ങള്‍ രണ്ടേരണ്ടു വരികളിലൂടെ ഭംഗിയായി വരച്ചിട്ടു. കാണുക.
”ഉള്ളിന്നുള്ളിലെയക്ഷരപ്പൂട്ടുകളാദ്യം തുറന്നുതന്നു
കുഞ്ഞിക്കാലടിയോരടി തെറ്റുമ്പോള്‍ കൈതന്നു കൂടെ വന്നു!”
ജീവിതപ്പാതകളില്‍ ഇനി തമ്മില്‍ കാണുമോ എന്ന് എഴുതിയ ആളിനുപോലും നിശ്ചയംപോരാ. മറ്റൊരു ജന്മം കൂടി ഒപ്പം നടക്കാന്‍ പുണ്യം പുലരണമേ എന്ന പ്രാര്‍ത്ഥനയോടെ ഗാനമവസാനിപ്പിക്കുന്നു പുത്തഞ്ചേരി. എത്ര കേട്ടാലും മതിവരാത്ത ഗാനമാണിത്. അച്ഛനെ നഷ്ടപ്പെട്ടവര്‍ക്കെല്ലാം ഉള്ളെരിക്കാന്‍ പോന്നഗാനം. വളരെ മുമ്പേ തന്നെ അച്ഛനെ എന്നെന്നേക്കുമായി നഷ്ടപ്പെട്ട പുത്തഞ്ചേരിയുടെ ആത്മദുഃഖത്തിന്റെ പ്രതിഫലനമാണ് ഈ പാട്ട്.
‘വടക്കുംനാഥ’നിലെ,
”കളഭം തരാം ഭഗവാനെന്‍
മനസ്സും തരാം!
മഴപ്പക്ഷി പാടുംപാട്ടിന്‍ മയില്‍പ്പീലി നിന്നെച്ചാര്‍ത്താം
ഉറങ്ങാതെ നിന്നോടെന്നും ചേര്‍ന്നിരിക്കാം”
എന്ന ഗാനത്തില്‍ യഥാര്‍ത്ഥഭക്തയുടെ മനസ്സു കണ്ടറിഞ്ഞ പുത്തഞ്ചേരിയെ നമുക്ക് ദര്‍ശിക്കാം. ഭഗവാന് പലതും കാഴ്ചവച്ച് കരുണയാചിക്കുന്ന ഭക്തരെ നാം പാട്ടുകളില്‍ പരിചയപ്പെട്ടിട്ടുണ്ട്. ഇവിടെ കളഭം മാത്രമല്ല സ്വന്തം മനസ്സും സമര്‍പ്പിക്കാന്‍ സന്നദ്ധയായിരിക്കുന്ന ഭക്തയെ നാം കണ്ടുമുട്ടുന്നു. ഇനി ഭക്തയുടെ സ്ഥാനത്ത് പ്രേമത്തെ പ്രതിഷ്ഠിച്ചാലും സംഗതി ശരിയാവും. എന്നല്ല കൂടുതല്‍ യോജിക്കുന്നത് അതാണുതാനും. ഭഗവാന്‍ അവിടെ നായകനായി മാറുന്നു. കളഭം പ്രണയോപഹാരമാകാം. മനസ്സു കൊടുക്കാന്‍ നായിക തയ്യാറാവുന്നതോടെ തന്റെ സര്‍വതും നായകനുമുമ്പില്‍ കാഴ്ചവയ്ക്കാന്‍ അവള്‍ തീരുമാനിച്ചു എന്നു വ്യക്തം. കൃഷ്ണനായി സങ്കല്പിച്ചുകൊണ്ടു പാടുകയാണ് നായിക.
മഴയോട് എന്തെന്നില്ലാത്ത താല്‍പര്യമായിരുന്നു പുത്തഞ്ചേരി ക്ക്. ഏതു പാട്ടിലും മഴ കടന്നുവന്നപ്പോള്‍ മഴമാനിയ രചയിതാവിന് പിടികൂടിയോ എന്ന മട്ടില്‍ ചില ചോദ്യങ്ങള്‍ ചോദിക്കുകയുണ്ടായി ഈ ലേഖകന്‍. കുറച്ചൊക്കെ കളിയാക്കി എഴുതുകയും ചെയ്തു ഞാന്‍. പക്ഷേ മാന്യനായ അദ്ദേഹം മൗനം ദീക്ഷിച്ചതേയുള്ളൂ. ഒരിക്കല്‍ കണ്ടപ്പോള്‍ എന്നോട് അതിനെക്കുറിച്ച് തമാശരൂപേണ അദ്ദേഹം ഇങ്ങനെയാണ് പ്രതികരിച്ചത്: ”മധുരം ഇഷ്ടമായവനോട് ജിലേബി തിന്നരുതെന്നു പറഞ്ഞിട്ട് എന്തു കാര്യം?” അദ്ദേഹത്തിന്റെ മഴപ്രേമത്തിന് കാരണമാരാഞ്ഞ് ഒന്നെഴുതണമെന്ന് ഉണ്ടായിരുന്നു എനിക്ക്. ഇനി അതെങ്ങനെ സാധിക്കാന്‍? അദ്ദേഹം മറ്റൊരു ലോകത്തേക്ക് വളരെവേഗം പൊയ്ക്കളഞ്ഞല്ലോ.
‘പ്രണയവര്‍ണങ്ങളി’ലെ എല്ലാ ഗാനങ്ങള്‍ക്കും അനുരാഗത്തിന്റെ നിറപ്പകിട്ടുണ്ടെങ്കില്‍ അതിനു ഒരു കാരണം പുത്തഞ്ചേരിയുടെ തൂലികയാണ്. ”കണ്ണാടിക്കൂടും കൂട്ടി കണ്ണെഴുതി പൊട്ടുംതൊട്ട്”, ”ഒത്തിരിയൊത്തിരിയൊത്തിരി സ്വപ്‌നങ്ങള്‍” എന്നീ ഗാനങ്ങള്‍ പെട്ടെന്ന് ഓര്‍മ്മവരുന്നു. ‘കഥാവശേഷനി’ലെ ഏക ഗാനത്തിന് നാടന്‍ പരിവേഷം കൊടുത്തുകൊണ്ടും ഒപ്പം ആശയഗരിമാവ് ഒളിപ്പിച്ചുകൊണ്ടും പുത്തഞ്ചേരി പുതിയ പരീക്ഷണത്തിന് തുനിയുകയായിരുന്നു. അത് ഫലവത്തായി എന്നതിനു തെളിവു മറ്റൊന്നുമല്ല. 2004ലെ ഏറ്റവും നല്ല ഗാനരചയിതാവിനുള്ള കേരള സര്‍ക്കാരിന്റെ പുരസ്‌കാരവും മാതൃഭൂമി സമ്മാനവും ഒരേ സമയം ലഭിച്ചതുതന്നെ.
”കണ്ണുനട്ട് കാത്തിരുന്നിട്ടും എന്റെ
കരളിന്റെ കരിമ്പുതോട്ടം
കട്ടെടുത്തതാരാണ്?
പൊന്നുകൊണ്ടു വേലികെട്ടീട്ടും എന്റെ
കല്‍ക്കണ്ടക്കിനാവുപാടം
കൊയ്‌തെടുത്തതാരാണ്… ഓ…
കൊയ്‌തെടുത്തതാരാണ്….”
ശരിയായ ചോദ്യങ്ങള്‍. ഓരോന്നും ഉത്തരമര്‍ഹിക്കുന്നവ. അര്‍ത്ഥവ്യാപ്തി ഈ ഗാനത്തെ വേറിട്ടുനിര്‍ത്തുന്നു. കൈപിടിച്ചു കുലുക്കി അഭിനന്ദിക്കാന്‍ തോന്നിപ്പോവും ഇതിന്റെ രചയിതാവിനെ ഈ പാട്ട് കേള്‍ക്കുമ്പോള്‍.
‘ചിന്താവിഷ്ടയായ ശ്യാമള’യിലെ തത്ത്വചിന്താപരമായ
”മച്ചകത്തമ്മയെ കാല്‍തൊട്ടു വന്ദിച്ചു
മകനേ തുടങ്ങൂ നിന്‍ യാത്ര!
അദ്വൈത വേദാന്ത ചിന്തതന്‍ വഴിയിലൂ-
ടാദ്യന്തമില്ലാത്ത യാത്ര
ഒരറിവില്ലാപ്പൈതലിന്‍ യാത്ര!”
എന്ന ഗാനം പുത്തഞ്ചേരി എന്ന ഗാനരചയിതാവിന്റെ വേറൊരു ശൈലീഗുണം നമുക്കു പരിചയപ്പെടുത്തിത്തന്നു. ആ ചിത്രത്തിലെ നായകനു വന്ന മാറ്റങ്ങള്‍ ശരിക്കും ഉള്‍ക്കൊണ്ടിട്ടാണ് പുത്തഞ്ചേരി ഇതിന്റെ രചന നിര്‍വഹിച്ചത്. ശബരിമലയിലേക്കുള്ള യാത്രയ്ക്കുമുണ്ട് പുത്തഞ്ചേരിയുടേതായ ചില വിശേഷണങ്ങള്‍. മോക്ഷമലയാത്ര, ബ്രഹ്‌മമലയാത്ര, ഹഠയോഗയാത്ര, പരമപദയാത്ര, പരമാത്മയാത്ര, പ്രണവമന്ത്രാക്ഷരസ്സ്വരമുഖദയാത്ര – ഓരോന്നും ഒന്നിനൊന്ന് മെച്ചമായവ.
”ആരോ കമഴ്ത്തിവെച്ചോരോട്ടുരുളിപോലെ
ആകാശത്താവണിത്തിങ്കള്‍!
പഴകിയൊരോര്‍മ്മയാല്‍, മിഴി നീരുവാര്‍ക്കും
പാഴിരുള്‍ത്തറവാടെന്‍ മുന്നില്‍!
ഒരിക്കല്‍ക്കൂടിയീ, തിരുമുറ്റത്തെത്തുന്നു
ഓണനിലാവും ഞാനും ഈ
ഓണനിലാവും ഞാനും.”
പഴയ ഓര്‍മ്മകളെ താലോലിക്കുന്ന കവിഹൃദയം. സ്വന്തം തറവാട്ടുമുറ്റത്ത് ഒരോണക്കാലത്ത് വീണ്ടും വന്നു നില്‍ക്കുന്നു കവി. ഹൃദ്യമായ വരികള്‍, ഇഷ്ടപ്പെടുത്തുന്ന ആഖ്യാനരീതി. പലതിനെക്കുറിച്ചും സ്വന്തം കാഴ്ചപ്പാടുണ്ടായിരുന്നു പുത്തഞ്ചേരിക്ക്. അതിന്റെ ചില സൂചനകള്‍ ഗാനങ്ങളിലെ വരികളില്‍ വായിച്ചെടുക്കാം. ചലച്ചിത്രങ്ങള്‍ക്കുവേണ്ടി ഗാനങ്ങള്‍ എഴുതാന്‍ തൂലിക നിരന്തരം ചലിപ്പിച്ചപ്പോഴും ലളിതഗാനശാഖയെ അദ്ദേഹം മറന്നില്ല. മുകളില്‍ ഉദ്ധരിച്ച വരികള്‍ അതിനു തെളിവാണ് (ഉത്സവഗാനങ്ങള്‍ എന്ന കാസറ്റിലേതാണ് ഗാനം.) ഇതേ കാസറ്റിലെ മറ്റൊരു ഗാനവും ഏറെ ശ്രദ്ധേയമാണ്.
”ചന്ദനവളയിട്ട കൈകൊണ്ടു ഞാന്‍ മണി-
ച്ചെമ്പകപ്പൂക്കളമെഴുതുമ്പോള്‍
പിറകിലൂടാരൊരാള്‍ മിണ്ടാതെ വന്നെത്തി
മഷിയെഴുതാത്തൊരെന്‍ മിഴികള്‍പൊത്തി.”
പ്രണയം ഓണത്തിന്റെ പശ്ചാത്തലത്തില്‍ എങ്ങനെ സമ്യക്കായി കൊണ്ടുവരാമെന്ന് ഈ ഗാനം നമുക്കു വ്യക്തമാക്കിത്തരുന്നു. ഏറെപ്പേര്‍ ഇന്നും പാടിനടക്കുന്ന പാട്ടാണിത്.
ഇങ്ങനെ പറഞ്ഞുപോയാല്‍ അവതാരികയ്ക്കായി മാത്രം ഈ സമാഹാരത്തിലെ നല്ലൊരു ഭാഗം നീക്കിവയ്‌ക്കേണ്ടിവരും. എനിക്കറിയാം എന്റെ ഈ വാക്കുകളെക്കാള്‍ വായനക്കാര്‍ക്ക് പ്രിയപ്പെട്ടത് പുത്തഞ്ചേരിയുടെ വാക്കുകള്‍ (അവ ഉള്‍ക്കൊള്ളുന്ന ഗാനങ്ങള്‍) ആണെന്ന്. അതിനാല്‍ സജ്ജനസമക്ഷം ഈ പുസ്തകം അവതരിപ്പിക്കുക എന്ന കടമ ഞാന്‍ എളിമയോടെ നിര്‍വഹിച്ചുകൊള്ളുന്നു.
20-03-2010 ടി.പി. ശാസ്തമംഗലം
”വൈശാഖം”
ശാസ്തമംഗലം
തിരുവനന്തപുരം – 695010
പ്രസാധകക്കുറിപ്പ്
വീണുടഞ്ഞ സൂര്യകിരീടം
അരങ്ങില്‍ ആടിത്തിമിര്‍ക്കവെ, കുഴഞ്ഞുവീണ് നമ്മുടെയെല്ലാം മുന്നില്‍നിന്ന് അകാലത്തില്‍ അപ്രത്യക്ഷനായ ഗിരീഷ് പുത്തഞ്ചേരി എന്ന പ്രതിഭാധനന്‍ കാലാകാലങ്ങള്‍ ഒരു മുറിവായി അവശേഷിക്കും. ആ മനസ്സില്‍ മുളപൊട്ടിയ അനശ്വരഗാനങ്ങള്‍ തലമുറകള്‍ക്കുശേഷവും നിലനില്‍ക്കണം. ഒരു കലാകാരനോട് നമുക്കു ചെയ്യാവുന്ന ഏറ്റവും എളിയ ആദരവാണത്.
പുത്തഞ്ചേരിയുടെ ഹൃദയസ്പര്‍ശിയായ ഗാനങ്ങള്‍ സമാഹരിച്ച് അദ്ദേഹത്തിന്റെ എണ്ണമറ്റ ആസ്വാദകര്‍ക്കുമുന്നില്‍ അവതരിപ്പിക്കാന്‍ ലഭിച്ച അസുലഭ ഭാഗ്യത്തില്‍ ഞങ്ങള്‍ ഏറെ സന്തോഷിക്കുന്നു. ഒരു പ്രസാധകനെന്ന നിലയില്‍ ഞങ്ങള്‍ ഏറ്റെടുത്തു ചെയ്യേണ്ട സംരംഭമാണ് ഇതെന്ന് കരുതുന്നു. ആ മഹാപ്രതിഭയുടെ സ്മരണയ്ക്ക് മുന്നില്‍ ബാഷ്പാഞ്ജലിയര്‍പ്പിക്കാനും ഈ അവസരം വിനിയോഗിക്കട്ടെ.
ഈ ഗാനങ്ങള്‍ സമാഹരിക്കപ്പെടുമ്പോള്‍ ഏറെ പേരോട് കടപ്പാടുകളുണ്ട്. അതെല്ലാം മനസ്സിലൊതുക്കുകയേ നിവൃത്തിയുള്ളൂ. എങ്കിലും, പുത്തഞ്ചേരിയുടെ കുടുംബാംഗങ്ങള്‍, കോഴിക്കോട് കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ പി.ടി. അബ്ദുള്‍ ലത്തീഫ്, സംവിധായകരായ രഞ്ജിത്ത്, വി.എം. വിനു, മലയാള മനോരമ അസിസ്റ്റന്റ് എഡിറ്റര്‍ പി.ദാമോദരന്‍, ചെമ്പഴന്തി ചന്ദ്രബാബു, കെ.വി. ശബരിമണി, ടി. ഹരീഷ്‌കുമാര്‍ എന്നിവരെ ഓര്‍ക്കാതെ വയ്യ. ഈ സമാഹാരത്തെ തികച്ചും ആത്മനിഷ്ഠമായ അവതാരികകൊണ്ട് അനുഗ്രഹിച്ച ഗാനനിരൂപകന്‍ ടി.പി. ശാസ്തമംഗലത്തിനും നന്ദി.
ഗിരീഷ് പുത്തഞ്ചേരിയെ സ്‌നേഹിച്ചിരുന്ന, ഇന്നും സ്‌നേഹിക്കുന്ന എല്ലാവര്‍ക്കും മുന്നില്‍ ഈ ഗാനസമാഹാരം സമര്‍പ്പിക്കുന്നു.
കോഴിക്കോട് എം.വി. അക്ബര്‍
01 04 2010 ലിപി പബ്ലിക്കേഷന്‍സ്
Reviews
There are no reviews yet.