ആമുഖം
വളരെ ചെറുതിലേ തന്നെ എന്നില്‍ ഉറച്ചുപോയ ഒരു സ്വപ്‌നമുണ്ട്. വെറും സ്വപ്‌നമല്ല ഒരു വാശി എന്നുതന്നെ പറയേണ്ടിവരും. ഉയരങ്ങള്‍ കീഴടക്കുക എന്നത്. അതിനു വേണ്ടി എത്ര കഷ്ടപ്പെടാനും ഞാന്‍ ഒരുക്കമായിരുന്നു. അങ്ങനെ വിദേശത്ത് ജോലി ചെയ്യുന്ന കാലത്ത് എന്റെ വിശ്രമമില്ലാതെയുള്ള അദ്ധ്വാനം ഞാന്‍ ആഗ്രഹിച്ചതിലുമധികം നേട്ടങ്ങള്‍ കൈവരിയ്ക്കാന്‍ എന്നെ പ്രാപ്തനാക്കി. നേട്ടങ്ങള്‍ക്കൊപ്പം അതേയളവില്‍. ഉത്തരവാദിത്വങ്ങളും, പ്രതിബന്ധങ്ങളും ഉണ്ടായിരുന്നു. അവയൊക്കെ വിജയകരമായി തരണം ചെയ്തു സന്തോഷത്തോടെ മുന്നേറുമ്പോഴാണ് അപ്രതീക്ഷിതമായ ഒരനുഭവം എന്നില്‍ അതുവരെയില്ലാത്ത പുതിയ ചിന്തകള്‍ ഉടലെടുക്കാന്‍ ഇടവരുത്തിയത്. ദിവസങ്ങള്‍ പോകെ ആ ചിന്തകള്‍ എന്നെ കൂടുതല്‍ അസ്വസ്ഥനാക്കി. എന്നെ അലട്ടിയ ആ സംശയം ഇതായിരുന്നു.”എന്താണ് ജീവിതത്തിലെ ആത്യന്തികമായ ലക്ഷ്യം?” മുന്‍പ് ഞാന്‍ കരുതിയിരുന്നതുപോലെ ലക്ഷ്യം ജീവിതത്തിലെ നേട്ടങ്ങള്‍ ആണെങ്കില്‍ ആ നേട്ടങ്ങള്‍ നമുക്ക് സന്തോഷവും, സുഖവും, സമാധാനവും, സംതൃപ്തിയും തരുന്നുണ്ടോ? ഇല്ലെങ്കില്‍ പിന്നെയെന്തിന് നമുക്ക് നല്ലതു തരാന്‍ കഴിയാത്ത നേട്ടങ്ങള്‍ക്ക് പിന്നാലെ വിശ്രമമില്ലാതെ സ്വയം മറന്ന് ഓടണം? എന്റെ പരിമിതമായ അറിവുകൊണ്ടു ഞാന്‍ ഒന്നുറപ്പിച്ചു. ആരോഗ്യമാണ് ഏറ്റവും വലുത്. ആരോഗ്യമുണ്ടെങ്കില്‍ എത്രവേണമെങ്കിലും അദ്ധ്വാനിക്കാം. എന്നാല്‍ ആരോഗ്യം നഷ്ടപ്പെട്ടാലോ? നമ്മുടെ സ്വപ്‌നങ്ങളും, ലക്ഷ്യങ്ങളും, നേട്ടങ്ങളും, സന്തോഷങ്ങളും എല്ലാം നഷ്ടപ്പെടും. ജീവിതം ദുസ്സഹമാവും. ഈ ചിന്തകള്‍ പിന്നീട് ആരോഗ്യകാര്യങ്ങളെപ്പറ്റി ചിന്തിക്കാനും പഠിക്കാനും വഴിയൊരുക്കുന്ന നിരവധി സംശയങ്ങളുണ്ടാക്കി. കാലാകാലം അവയില്‍ വലിയതോതില്‍ വര്‍ധനവുകള്‍ ഉണ്ടായിട്ടുള്ളതല്ലാതെ തെല്ലുപോലും കുറഞ്ഞിരുന്നുമില്ല. എനിക്ക് മുകളിലും, എനിക്കൊപ്പവും, എന്റെ കീഴിലും ജോലിചെയ്യുന്ന വരെയൊക്കെ ഞാന്‍ പഠനവിധേയമാക്കിയിരുന്നു. മനുഷ്യന്‍ അക്ഷീണപ്രയത്‌നം കൊണ്ട് നേടുന്ന സമ്പത്തൊക്കെ പിന്നീട് അവന്റെ ആരോഗ്യപരിരക്ഷയ്ക്ക്, അല്ല അവന്റെ ജീവന്‍തന്നെ നിലനിര്‍ത്താനായി ചിലവഴിക്കപ്പെടുന്നു എന്ന നഗ്‌ന സത്യം ഞാന്‍ തിരിച്ചറിഞ്ഞു.
ആ പഠനങ്ങളുടെയും, ചിന്തകളുടെയും ഒക്കെ അവസാനം ഞാന്‍ ആ തീരുമാനത്തിലെത്തി. ഇതല്ല എന്റെ മേഖല. ഞാന്‍ അറിഞ്ഞതും ഇനി അറിയാനിരിക്കുന്നതും, അറിയേണ്ടതും ഒക്കെ സാമാന്യ ജനങ്ങള്‍ക്ക് നന്‍മയ്ക്കായി ചിലവഴിച്ചാല്‍ അതിലും വലിയൊരു സത്കര്‍മ്മവും, ആത്മസംതൃപ്തിയ്ക്കുതകുന്ന സേവനവും മറ്റൊന്നില്ല എന്ന തിരിച്ചറിവ് വര്‍ഷങ്ങളോളം ഞാന്‍ അശ്രാന്തപരിശ്രമം കൊണ്ട് നേടിയെടുത്ത സ്ഥാനമാനങ്ങളെയൊക്കെ ഉപേക്ഷിച്ച് എന്റെ മാതൃഭൂമിയിലെ ആയുര്‍വേദമെന്ന മഹാശാസ്ത്രത്തിന്റെ മേഖലയിലേക്ക് എത്താന്‍ ഇടവരുത്തി. എന്റെ അക്ഷീണ പരിശ്രമവും അറിയാനുള്ള യാത്രയില്‍ കണ്ടെത്തിയ മഹത്‌വ്യക്തിത്വങ്ങളുടെ സന്മനോഭാവവും കേവലം മൂന്നുവര്‍ഷങ്ങള്‍ കൊണ്ട് വലിയതോതിലുള്ള വിജയം കൈവരിയ്ക്കുവാന്‍ എന്നെ സഹായിച്ചു. എങ്കിലും അതില്‍ പൂര്‍ണ്ണ തൃപ്തനാവാന്‍ എനിക്ക് കഴിഞ്ഞില്ല. ഗുണമേന്മയുള്ള മരുന്നുകള്‍ തയ്യാറാക്കി ജനങ്ങളുടെ ആരോഗ്യരക്ഷയ്ക്ക് വഴിയൊരുക്കാന്‍ കഴിഞ്ഞു എന്നല്ലാതെ നിവാരണം നന്ന് ചികിത്സയെക്കാള്‍ എന്ന ആയുര്‍വേദ തത്വത്തില്‍ എത്തിച്ചേര്‍ന്നില്ല എന്ന സത്യം എന്നെ അലട്ടിക്കൊണ്ടിരുന്നു.
ആരോഗ്യമുള്ള വ്യക്തിയാണ് സമൂഹത്തിന്റെയും കുടുംബത്തിന്റെയും സമ്പത്ത്. ആരാണ് ആരോഗ്യമുള്ള വ്യക്തി? തന്നെയും തന്റെ ചുറ്റുമുള്ള സമൂഹത്തെയും സേവിക്കാന്‍ കഴിവുള്ള വ്യക്തിയാണ് ആരോഗ്യമുള്ള വ്യക്തി. എന്നാല്‍ ഒരാള്‍ രോഗബാധിതനാവുന്നതോടെ അവനില്‍ നിക്ഷിപ്തമായ കടമകളും ഉത്തരവാദിത്തങ്ങളും ശരിയായി നിര്‍വഹിക്കാന്‍ കഴിയാതെ വരുന്നു. ജീവിതത്തില്‍ അവന്റെ ആവശ്യങ്ങളൊക്കെ നിറവേറ്റാന്‍ മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരുമ്പോള്‍ അത് ആ വ്യക്തിയെ പൂര്‍ണമായും തളര്‍ത്തിക്കളയുന്നു. ഈ രോഗാവസ്ഥ അവനെ നിസ്സഹായനും ബലഹീനനും ആക്കിത്തീര്‍ക്കുന്നു. അത് അവന്റെ മനസ്സിനെയും പ്രത്യക്ഷത്തില്‍ തന്നെ ബാധിക്കുന്നു. ഇത് മൂലം രോഗബാധിതനായ വ്യക്തിയുടെ കര്‍മ്മശേഷി ദുര്‍ബലമാവുന്നു. അവര്‍ സമൂഹത്തെ ആശ്രയിക്കുന്നതിനാല്‍, രോഗത്തിന്റെ സാന്നിധ്യം സമൂഹത്തെയും ബാധിക്കുന്നു. ഇതില്‍ നിന്നു മനസ്സിലാക്കേണ്ടത് സാമൂഹിക വളര്‍ച്ചയ്ക്കുതന്നെ ഉതകുന്നതാവണം ഒരു വ്യക്തിയുടെ ആരോഗ്യം. അങ്ങിനെ ഓരോ വ്യക്തിയും ആരോഗ്യസംരക്ഷണത്തെപ്പറ്റി ബോധവാനായാല്‍, അതിനു വേണ്ടത് ചെയ്യാന്‍ തയ്യാറായാല്‍ ഒരു സമൂഹം തന്നെ സന്തുഷ്ടമാവും.
അങ്ങനെ ആരോഗ്യം നേടിയെടുക്കാനായി നമ്മള്‍ മനസ്സിലാക്കി പിന്തുടരേണ്ടതായ കുറെ കാര്യങ്ങളുണ്ട്. കുറേനാളുകളായിട്ടുള്ള എന്റെ അന്വേഷണത്തിന്റെ ഫലമായി പല ആചാര്യന്മാരില്‍ നിന്നും ആയുര്‍വേദത്തിന്റെയും, യോഗയുടെയും പ്രഭാവം അറിയാന്‍ കഴിഞ്ഞു. അതുകൊണ്ടുണ്ടായ ഒരു പ്രധാന തിരിച്ചറിവാണ് ”യഥാര്‍ത്ഥ ആയുര്‍വേദശാസ്ത്രം” ജനം മനസ്സിലാക്കിയിട്ടില്ല എന്ന സത്യം. സാമാന്യ ജനങ്ങള്‍ മാത്രമല്ല ഇന്നത്തെ ചില ആയുര്‍വേദ ചികിത്സകര്‍പോലും ഈ അമൂല്യശാസ്ത്രത്തിന്റെ പ്രഭാവം പൂര്‍ണ്ണമായും മനസ്സിലാക്കിയിട്ടില്ല. അതുകൊണ്ടാണ് ഇപ്പോഴും ആളുകള്‍ ആത്മവിശ്വാസത്തോടെ ആയുര്‍വേദത്തിനെ സമീപിക്കാന്‍ മടിക്കുന്നത്. അതുകൊണ്ടുതന്നെ ആയുര്‍ വേദമെന്ന മഹാവിജ്ഞാന ശാഖയെ സാമാന്യ ജനങ്ങള്‍ക്ക് അടുത്തറിയാന്‍ ഉപകരിക്കുന്ന എന്തെങ്കിലും എന്നാല്‍ ചെയ്യാന്‍ കഴിയണമെന്ന് ഞാന്‍ ആഗ്രഹിച്ചു എന്നാല്‍ ഞാന്‍ അറിഞ്ഞത് എത്രയോ നിസ്സാരമാണെന്നും, ഇനി അറിയാനുള്ളത് എത്രയോ വലുതാണെന്നുമുള്ള പരമമായ സത്യം അറിയാമെങ്കിലും ഞാന്‍ മനസ്സിലാക്കിയത് സമൂഹത്തിന് ഉതകും വിധം പങ്കുവയ്ക്കണം എന്നു കരുതി അതിനുള്ള വഴികള്‍ ലളിതമായി ‘പഞ്ചധന്യം’ എന്ന ആരോഗ്യവിചാരപദ്ധതിയിലൂടെ പരിചയപ്പെടുത്തുവാന്‍ തീരുമാനിച്ചു. ആ തീരുമാനത്തിന്റെ ഫലമാണീ പുസ്തകം.
ജീവിതത്തില്‍ എഴുതുമെന്നോ, എഴുതേണ്ടി വരുമെന്നോ ഒരിയ്ക്കല്‍പ്പോലും ചിന്തിച്ചിട്ടുള്ള ആളല്ല ഞാന്‍. അതുകൊണ്ടുതന്നെ ലക്ഷണമൊത്ത ആഖ്യാനശൈലിയൊന്നും പ്രതീക്ഷിക്കേണ്ടതില്ല. ഞാനറിഞ്ഞ കാര്യങ്ങള്‍ ഒട്ടും കുറവില്ലാതെ നിങ്ങളോട് പങ്കുവയ്ക്കുക എന്ന കടമ മാത്രമാണ് ഞാനീ പുസ്തകം കൊണ്ട് നിറവേറ്റുന്നത്. രോഗങ്ങളേയും,രോഗകാരണങ്ങളെയും മനസ്സിലാക്കി നമ്മുടെ ശരീരത്തില്‍ അതിനിടം കൊടുക്കാതെ എങ്ങനെ ജീവിക്കാമെന്നതാണ് ഈ ചെറിയ പുസ്തകത്തിന്റെ ഉള്ളടക്കം. ആ മഹാവിദ്യ സ്വായത്തമാക്കിയാല്‍ രോഗാദിദുരിതങ്ങളില്ലാതെസന്തോഷമുള്ള നാളുകള്‍ ജീവിതത്തില്‍ വന്നുചേരാന്‍ ഇടയുണ്ടാവും. അതിന് അനുവര്‍ത്തിക്കേണ്ട അഞ്ചു ധന്യപദ്ധതികളാണ് ഞാന്‍ പരിചയപ്പെടുത്തുന്നത്.
ശരിയായ ശ്വാസോഛ്വസം
ശരിയായ ആഹാരം
ശരിയായ വ്യായാമം
ശരിയായ വിശ്രമം
ശരിയായ ചിന്തകള്‍, ധ്യാനം.
ഇവയെല്ലാം കൃത്യമായി പിന്തുടര്‍ന്നാല്‍ ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിച്ചു നഷ്ടപ്പെട്ട ആരോഗ്യവും, ഓജസ്സും വീണ്ടെടുക്കാന്‍ കഴിയും. ആയുര്‍വേദം പ്രധാനമായും ഉത്‌ബോധിപ്പിക്കുന്ന ഒരു ആശയമാണ് പ്രതിരോധശേഷി. ബലം അഥവാ ശക്തി സങ്കല്‍പ്പം, നിവാരണം നന്ന് ചികിത്സയെക്കാള്‍ എന്നതാണ് ആയുര്‍വേദതത്വം തന്നെ. രോഗബാധയ്‌ക്കെതിരായി പ്രതിരോധം തീര്‍ക്കുക എന്ന ആശയം, വ്യാധി ക്ഷമത്വ സങ്കല്‍പ്പം, ഓജസ് അല്ലെങ്കില്‍ പരമോന്നത പ്രതിരോധം എന്ന ആശയം എന്നിവയാണ് ഏറ്റവും പ്രധാനപ്പെട്ടവ കഴിവതും ലളിതവും സരളവുമായി വിവരിയ്ക്കാന്‍ ശ്രമിച്ചിട്ടുണ്ട്. എന്റെ പഠനയാത്രയില്‍ തുടക്കം മുതല്‍ എന്റെ വഴികാട്ടികളായി നിലകൊണ്ട ഗുരുതുല്യനായ ആയുര്‍വേദ ആചാര്യന്‍ സി. ആര്‍. രാജന്‍വൈദ്യര്‍ (ബദരീനാഥ്, ആയുര്‍വേദ). ഡോ. രചന പി.ആര്‍. (ബദരീനാഥ് ആയുര്‍വേദ), ഡോ. ജയറാം ശിവറാം (ഗവ്യ), യോഗാചാര്യ നാരായണ്‍ജി, ഡോ. ശ്രീദേവി, ശ്രീ. രഘു എം.എസ്. എന്നിവര്‍ക്കും, ഇത് മനോഹരമായി രൂപകല്‍പ്പന ചെയ്ത് പ്രസിദ്ധീകരിച്ച ലിപി പബ്ലിക്കേഷന്‍സിനും എന്റെ അകൈതവമായ നന്ദി രേഖപ്പെടുത്തതുന്നു.
വിനോദ് പീതാംബരന്‍
Reviews
There are no reviews yet.