ഒരു മനഃശാസ്ത്രജ്ഞന്റെ കേസ് ഡയറി
(മനഃശാസ്ത്രം)
ഡോ. എ. ബഷീര്‍ കുട്ടി
മനസ്സിന്റെ താളം തെറ്റുമ്പോള്‍ ജീവിതത്തിന്റെ താളം തെറ്റുന്നു. നിഗൂഢമായ മനസ്സ്, ഗര്‍ത്തങ്ങളും സമതലങ്ങളും നിശ്ചലമായ ഒഴുക്കും ശാന്തതയും നിറഞ്ഞ ഒരു കടല്‍ പോലെയാണ്. ചെറുതും വലുതുമായ മാനസിക പ്രശ്‌നങ്ങളെയും അസുഖങ്ങളെയും പുതിയ ശാസ്ത്രീയ പദ്ധതിയിലൂടെയും നല്ല മനഃശാസ്ത്രജ്ഞന്റെ ചികിത്സയിലൂടെയും പരിഹരിക്കാവുന്നതാണ് എന്ന് സാക്ഷ്യപ്പെടുത്തുന്ന സവിശേഷ കൃതി. മനസ്സിന്റെ തകരാറുകള്‍ സൂക്ഷ്മമായി കണ്ടെത്തുകയും രോഗമുക്തമാക്കുകയും ചെയ്ത ഒരു മനഃശാസ്ത്രജ്ഞന്റെ കേസ് ഡയറി. നമുക്ക് നമ്മെ തിരുത്താനുള്ള ജീവിതപാഠങ്ങള്‍.
പുസ്തകത്തെക്കുറിച്ച്
മാനസിക രോഗങ്ങളെക്കുറിച്ച് ജനങ്ങള്‍ക്ക് ഇന്നും ശരിയായ അറിവില്ല എന്നതാണ് വസ്തുത. ഭ്രാന്ത്, വട്ട്, മാനസികം എന്നീ പദങ്ങളിലൂടെ ഉരുത്തിരിയുന്ന ചില സങ്കല്‍പ്പങ്ങളാണ് മനസ്സിന്റെ അസുഖത്തെക്കുറിച്ച് പലരും വച്ചു പുലര്‍ത്തുന്നത്.
ഒരാള്‍ അനിയന്ത്രിതമായി ബഹളമുണ്ടാക്കുക, അക്രമാസക്തമാവുക, സാധനങ്ങള്‍ നശിപ്പിക്കുക, തുള്ളിച്ചാടിക്കളിക്കുക തുടങ്ങിയവ പ്രകടിപ്പിച്ചാല്‍ അത് രോഗത്തിന്റെ ഒരു മാതൃകയായി കണക്കാക്കപ്പെടുന്നു.
എന്നാല്‍, ശാസ്ത്രീയമായി മനസ്സിലാക്കിയാല്‍ മനസ്സിന് നൂറുകണക്കിന് തകരാറുകള്‍ ഉണ്ടെന്നതാണ് വസ്തുത. മാത്രമല്ല, നിഗൂഢമായ മനസ്സിനെ ബാധിക്കുന്ന പല അസുഖങ്ങളും മറ്റുള്ളവര്‍ക്ക് എളുപ്പം പിടികൊടുക്കാത്തവയുമാണ്.
ചെറുതും വലുതുമായ അസുഖങ്ങളുടെ ചില സാമ്പിളുകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഒരു പുസ്തകമാണ് ‘ഒരു മനശ്ശാസ്ത്രജ്ഞന്റെ കേസ് ഡയറി’. മനസ്സിന്റെ തകരാറുകളുടെ വ്യാപ്തി എത്രത്തോളമുണ്ടെന്ന് കുറച്ചെങ്കിലും മനസ്സിലാക്കാന്‍ ഈ പുസ്തകം സഹായിക്കും.
അസാധാരണമായി ഒരാളില്‍ കാണുന്ന പെരുമാറ്റത്തെ വിലയിരുത്താനും അതിനെക്കുറിച്ച് കൂടുതല്‍ ചിന്തിക്കാനും ഈ കൃതിയിലൂടെ കഴിയുമെന്ന് വിശ്വസിക്കുന്നു.
ലളിതമായി രചിച്ചിട്ടുള്ള ഈ ഗ്രന്ഥം മാനസികത്തകരാറുകള്‍, അവയുടെ ലക്ഷണങ്ങള്‍, ചികിത്സ എന്നിവയെക്കുറിച്ച് ജനങ്ങള്‍ക്ക് അവബോധം സൃഷ്ടിക്കാന്‍ ഉദ്ദേശിച്ച് കൊണ്ടുള്ളതാണ്.
എന്റെ മുന്നില്‍ വന്നിട്ടുള്ള സമാനമായ പല കേസുകളില്‍ നിന്ന് ഒരെണ്ണം വീതം എടുത്താണ് ഇവിടെ കൊടുത്തിട്ടുള്ളത്. ഇതിലുള്ള വ്യക്തികളുടെ പേരുകള്‍ യഥാര്‍ത്ഥത്തിലുള്ളതല്ല.
ഡോ. എ. ബഷീര്‍ കുട്ടി
Reviews
There are no reviews yet.