പരിസ്ഥിതി ഒരു പാഠമാണ്
(പൊതുവിജ്ഞാനം)
കെ.എന്‍. കുട്ടി കടമ്പഴിപ്പുറം
നമ്മുടെ പരിസ്ഥിതിക്കിതെന്തുപറ്റി? പരിസ്ഥിതിയുടെ സംതുലനാവസ്ഥയും പാരിസ്ഥിതിക പ്രശ്നങ്ങളും ജൈവവൈവിധ്യവും ആവാസവ്യവസ്ഥയിലെ ജനിതക മാറ്റവും, വായുവിന്റെയും മണ്ണിന്റെയും ജലത്തിന്റെയും വ്യതിയാനവും, പ്രകൃതിടെയും ജീവജാലങ്ങളുടെയും നിലനില്‍പ്പിനെ ബാധിക്കുന്നു. പരിസ്ഥിതി നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് ഉള്‍ക്കാഴ്ചയും ദീര്‍ഘവീക്ഷണവും നല്‍കുന്ന സവിശേഷ കൃതി. നമുക്ക് പ്രകൃതിയെ സംരക്ഷിക്കാം..!
ഓര്‍ക്കുക – പരിസ്ഥിതി ഒരു പാഠമാണ്
നമ്മുടെ പരിസ്ഥിതിക്കിതെന്തുപറ്റി? അതറിയുന്നതിനായി പരിസ്ഥിതിയുടെ സംതുലനാവസ്ഥ അറിയണം. പാരിസ്ഥിതിക പ്രശ്നങ്ങളും ജൈവവൈവിധ്യവും അവയുടെ നാശവും ആവാസവ്യവസ്ഥയിലെ ജനിതകമാറ്റവും ഒക്കെ അറിയണം. വായുവിലെയും മണ്ണിന്റെയും ജലത്തിന്റെയും മാറ്റവും അറിയണമല്ലോ.
ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലി 1972 മുതല്‍ ജൂണ്‍ 5 ലോക പരിസ്ഥിതി ദിനമായി ആചരിച്ചുവരുന്നു. എന്നാല്‍ നമ്മുടെ സ്വന്തം പരിസ്ഥിതിയെ സംരക്ഷിക്കുന്ന കാര്യത്തില്‍ നാം വിജയിക്കുന്നുവോ? പ്രാണവായുപോലും നഷ്ടപ്പെട്ടുപോകുന്ന കഥ യാഥാര്‍ത്ഥ്യമായി ഇന്ത്യയില്‍ പോലും സംഭവിക്കുന്നു! മണ്ണിന്റെ ജൈവീകത നഷ്ടപ്പെട്ടപ്പോള്‍ അത് വീണ്ടെടുക്കാം എന്ന പ്രതീക്ഷയില്‍ രാസകീടനാശിനികള്‍ ഉപയോഗിച്ച് കൃഷിയില്‍ വന്‍ വര്‍ദ്ധനയുണ്ടാക്കി. എന്നാല്‍ അവ നമുക്കുതന്നെ നേരെ തിരിഞ്ഞ് ആരോഗ്യത്തെ നശിപ്പിക്കുന്ന രീതിയിലായി. സുനാമി, ഓഖി, പ്രളയങ്ങള്‍, വരള്‍ച്ച എന്നീ പ്രതിഭാസങ്ങള്‍ക്ക് പുറമെ ഈ ജനുവരിയില്‍ കേരളത്തില്‍ സ്വാഗതമരുളാനായി ബാന്‍ഡ് മേഘങ്ങളും എത്തി. ലോകത്തിന്റെ ഉയര്‍ന്ന പ്രദേശങ്ങളില്‍ ഹിമപാത അപകടങ്ങളും മറ്റു ചിലയിടങ്ങളില്‍ കാട്ടുതീയും അപകടങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു. ഇന്ത്യയിലെ ജ്യോഷിമഠ്‌ലെ വിള്ളലുകള്‍ പരിസ്ഥിതി പ്രവര്‍ത്തകരെയും ഭൗമശാസ്ത്രകാരന്മാരെയും കൊണ്ട് മനുഷ്യ നിര്‍മ്മിത ദുരന്തം എന്ന് ആവര്‍ത്തിച്ച് പറയിപ്പിക്കുന്നു.
ലോകത്ത് എല്ലാ സര്‍വ്വകലാശാലകളും വിദ്യാര്‍ത്ഥികള്‍ക്ക് പരിസ്ഥിതി പഠനം നിര്‍ബ്ബന്ധ വിഷയമാക്കുന്ന സാഹചര്യത്തില്‍, മാറുന്ന കാലത്ത് പരിസ്ഥിതി നേരിടുന്ന എണ്ണമറ്റ വെല്ലുവിളികളെക്കുറിച്ച് കുറേ ഉള്‍ക്കാഴ്ചകള്‍ വായനക്കായി നല്‍കുക എന്ന ഉദ്ദേശത്തോടെയാണ് ഇങ്ങനെ ഒരു പുസ്തകം എഴുതുന്നതിനെക്കുറിച്ച് ആലോചിച്ചത്. അക്കാദമിക വായനക്ക് എന്നതുപോലെ നോണ്‍-അക്കാദമിക് വായനക്കും ഈ പാഠപുസ്തകം കയ്യിലെടുക്കാം.
മനുഷ്യനും പ്രകൃതിയും തമ്മിലുണ്ടായിരുന്ന ഊഷ്മളമായ ഒരു ബന്ധം തീര്‍ത്തും നഷ്ടപ്പെട്ടിരിക്കുന്ന ഒരു സാഹചര്യത്തില്‍ ചിലതെല്ലാം ഓര്‍മ്മിപ്പിക്കുക എന്ന ഒരു ഉത്തരവാദിത്വമാണ് ഇത് തയ്യാറാക്കുന്നതില്‍ ഏറ്റെടുത്തിട്ടുള്ളത്. പ്രാദേശിക ഗ്രാമസഭാ ചര്‍ച്ചകള്‍ മുതല്‍ അന്താരാഷ്ട്ര ഉച്ചകോടികള്‍ വരെ നിരന്തരം മുഖ്യ അജണ്ടയായി പരിസ്ഥിതി ഇന്ന് കടന്നുവരുന്നു. കവികളുടെയും കഥാകാരന്മാരുടെയും സ്വപ്‌നങ്ങള്‍ക്കുമൊപ്പം സജീവമായ ഇടപെടലുകള്‍ ആവശ്യമാണെന്ന് ലോകമിന്ന് തിരിച്ചറിഞ്ഞിരിക്കുന്നു.
പച്ചപ്പ് ജീവന്റെ ഭാഗമായിരുന്നു ആദിമ ജനതക്ക്. നീതിപൂര്‍വ്വമായി അതിനെ വിനിയോഗിക്കുന്നതിലും വരുംതലമുറക്ക് സംരക്ഷിച്ചുപോരുന്നതിലും അവര്‍ കാണിച്ച പ്രകൃതിബോധമുണ്ടല്ലോ അതുകൊണ്ട് മാത്രമാണ് ഹരിതാപം നിറഞ്ഞ ഒരു ഭൂമിയില്‍ എനിക്കും നിങ്ങള്‍ക്കുമൊക്കെ ജീവിക്കാന്‍ ഭാഗ്യമുണ്ടായത്. കാലക്രമേണ വന്ന വ്യാവസായിക വിപ്ലവവും അതിലൂടെ വളര്‍ന്നുവന്ന മുതലാളിത്വ സാമ്രാജ്യത്വ ശക്തികളും ശാസ്ത്രപുരോഗതിയും ഒക്കെയാണോ ‘പരിസ്ഥിതി ഒരു പാഠമാണ്’ എന്ന് നമ്മോട് പറയിപ്പിക്കുന്നത്? ചര്‍ച്ചക്കായി ഈ പുസ്തകം സമര്‍പ്പിക്കുന്നു.
കെ.എന്‍. കുട്ടി കടമ്പഴിപ്പുറം
Reviews
There are no reviews yet.