സസ്യലോകദര്‍ശനം
(പൊതുവിജ്ഞാനം)
വി.യു. രാധാകൃഷ്ണന്‍
സസ്യങ്ങളില്ലാത്ത ഒരു മനുഷ്യജീവിതം സങ്കല്പിക്കാനാകുമോ? കൊണ്ടും കൊടുത്തും പരിണമിച്ച ജൈവബന്ധങ്ങള്‍ നമ്മുടെ ഭൂവാസത്തെ എന്നും സുസ്ഥിരപ്പെടുത്തുന്നു. വിസ്മയാവഹങ്ങളായ ഇവയുടെ നിരീക്ഷണങ്ങള്‍ പുതിയ ദര്‍ശനങ്ങളിലേക്ക് നമ്മെ നയിക്കുന്നു. പ്രകൃതിയിലെ ഈ പകര്‍ത്തിവെപ്പുകളെ അനുഭവിക്കുക, നിറഞ്ഞ അനുഭൂതികളാണ് ഈ പുസ്തകവായനയിലൂടെ ലഭ്യമാകുക. അക്ഷരത്തെളിമയും ആശയസമ്പുഷ്ടിയും ഒത്തുചേര്‍ന്ന ഈ പച്ചപ്പിന്റെ വിരുന്നിനെ ഇനി നമുക്ക് വരവേല്‍ക്കാം.
പച്ചപ്പിന്റെ വിരുന്ന്
നമ്മുടെ ഭൂമിയുടെ സൗന്ദര്യവും ആരോഗ്യവും സസ്യങ്ങളുടെ വരദാനങ്ങളാണല്ലോ? ഇലച്ചാര്‍ത്തുകളാല്‍, പുഷ്പഘോഷങ്ങളാല്‍ മനോഹരികളായി, തൂവെളിച്ചത്തില്‍നിന്നും അന്നവും പ്രാണനും സംഭരിച്ച് സര്‍വ്വപ്രാണി സഞ്ചയങ്ങളേയും ഭൂമിയില്‍ ശക്തരാക്കുന്നത് സസ്യസഹവാസികള്‍ തന്നെ. ഹരിതധാരികള്‍ മോഹിനികളായും മോഹദായിനികളായും ഇവിടെ മാറുന്നു. കൗതുകമാര്‍ന്ന സസ്യജീവിതത്തെ മനസ്സിലാക്കാനും അനുഭവിക്കാനും ഒരൊറ്റ വഴിയേയുള്ളൂ. കണ്ണും കാതും മൂക്കും നാക്കും ത്വക്കും ചേര്‍ത്ത് സസ്യലോകത്തിനെ അനുഭവിച്ചറിയുക. മനസ്സറിഞ്ഞ് അതില്‍ ലയിക്കുക. ഒരുള്‍ക്കാഴ്ചപോലെ അനുഭൂതികളുടെ വരവറിയാം. അത്തരം ചില വേറിട്ട നിരീക്ഷണങ്ങളുടെ ശേഖരണമാണീ പരിശ്രമം. ജനകീയ സസ്യശാസ്ത്രത്തില്‍ പ്രേരണ നല്‍കിയ വിവിധ വ്യക്തികളേയും സംഭവങ്ങളേയും ഈ അവസരത്തില്‍ ഓര്‍ക്കുകയാണ്. ഗ്രന്ഥശാല പ്രവര്‍ത്തകനായ ശ്രീ. ജയന്‍ അവണൂറിനെ നന്ദിപൂര്‍വ്വം ഓര്‍ക്കുന്നു. പ്രകൃതി അറിവുകള്‍ പകര്‍ന്നുതന്ന വന്ദ്യഗുരുക്കന്മാര്‍, അറിവുഖനികളായ പുസ്തകക്കൂട്ടങ്ങള്‍, പാടം നിറഞ്ഞ് കളിച്ച,് പാത നിറഞ്ഞുനീങ്ങിയ ബാല്യകാലം, കാട്ടിലൂടെയുള്ള കൗതുകം മുറ്റിയ സഞ്ചാരങ്ങള്‍, കാര്‍ഷികവൃത്തികളെ ഉപാസനപോലെ തുടരുന്ന കുടുംബം, സര്‍വ്വോപരി സസ്യശാസ്ത്ര അധ്യാപനം എല്ലാമെല്ലാം ഒന്നിച്ചുചേര്‍ത്ത് പച്ചപ്പിന്റെ ഈ വിരുന്നൊരുക്കുകയാണ്. ജീവിതത്തനിമ കൈവിടാതെ പുതുമകളിലെത്താന്‍ പണിപ്പെടുന്നവരോട് ഒന്നേ പറയുവാനുള്ളൂ, ഭൂവാസികളായ സസ്യങ്ങളില്ലെങ്കില്‍ ഭൂജീവിതമേയുണ്ടാകുകയില്ല, ഒരു മന്ത്രംപോലെ ഇതറിയുക, ഇതു പകരുക.
വിശ്വസ്തതയോടെ,
വി.യു. രാധാകൃഷ്ണന്‍
Reviews
There are no reviews yet.