വി എസ് കേരളത്തിന്റെ ഫിദല്‍
(ജീവചരിത്രം)
അനില്‍കുമാര്‍ എ.വി.
‘മഹാന്മാര്‍ അങ്ങനെയായതു് വ്യക്തിഗത പ്രത്യേകതകള്‍ ചരിത്രസംഭവങ്ങളുടെ മുഖമുദ്രയ്ക്ക് രൂപം നല്‍കുന്നുവെന്നതുകൊണ്ടല്ല, പൊതുവും പ്രത്യേകവുമായ കാരണങ്ങളാല്‍ തങ്ങളുടെ കാലത്തുളവാകുന്ന മഹത്തായ സാമൂഹ്യാവശ്യങ്ങള്‍ നിറവേറ്റാന്‍ ഏറ്റവും കൂടുതല്‍ യോഗ്യരാക്കുന്ന പ്രത്യേകതകള്‍ അവര്‍ക്കുണ്ടെന്നതിനാലാണ്’
-പ്ലെഖ്‌നോവ്
വായനക്കാരോട്
പരിമിതികളുള്ള മനുഷ്യരുടെ
അതിജീവന പ്രതിരോധങ്ങള്‍
– അനില്‍കുമാര്‍ എ.വി.
ചരിത്രവും മാധ്യമവിചാരം ഉള്‍പ്പെടെയുള്ള സംസ്‌കാര വിമര്‍ശത്തിന്റെ മേഖലകള്‍ സ്പര്‍ശിച്ച എന്റെ രചനകളില്‍ ജീവചരിത്രങ്ങള്‍ക്കും സവിശേഷ സ്ഥാനമുണ്ടായിരുന്നു. ലോകം ശ്രദ്ധിച്ച സൈദ്ധാന്തികനായിരുന്ന ഇഎംഎസിനെക്കുറിച്ചായിരുന്നു അതില്‍ ആദ്യ പരിശ്രമം. ‘ചരിത്രത്തിനൊപ്പം നടന്ന ഒരാള്‍’ എന്ന ശീര്‍ഷകത്തില്‍ പൂര്‍ത്തിയാക്കിയ അത് മികച്ച ജീവചരിത്ര ഗ്രന്ഥത്തിനുള്ള 1996 ലെ സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയത് ആത്മവിശ്വാസമേറ്റി. തുടര്‍ന്നാണ് മൊറാഴ ചെറുത്തുനില്‍പ്പിനുശേഷം സാമ്രാജ്യത്വ ഭരണം കൊലക്കയര്‍ വിധിച്ച കേരളത്തിന്റെ ഭഗത്‌സിങ്ങായ കെപിആര്‍ ഗോപാലന്‍, ബീഡിത്തൊഴിലാളികളുടെ എക്കാലത്തെയും സമരയോദ്ധാവായ സി കണ്ണന്‍, മൂന്ന് നൂറ്റാണ്ട് സ്പര്‍ശിച്ച കേരളത്തിലെ അവസാന അടിമയായ യിരമ്യാവ് തുടങ്ങിയവരെക്കുറിച്ചെല്ലാം പുസ്തകങ്ങള്‍ തയ്യാറാക്കിയത്.
അവയെല്ലാം ശ്രദ്ധയില്‍പ്പെട്ട ചില പ്രസാധകര്‍ കേരള രാഷ്ട്രീയത്തിലെയും പൊതുസമൂഹത്തിന്റെയും പോരാട്ടങ്ങളിലെ ഇതിഹാസതുല്യനായ വിഎസ് അച്യുതാനന്ദനെക്കുറിച്ചൊരു ജീവചരിത്രം തരാമോയെന്ന് എന്നോട് ചോദിച്ചു. അദ്ദേഹം ജീവിച്ചിരുന്നപ്പോള്‍ പലകാരണങ്ങളാല്‍ അത് നടന്നില്ല. ജനലക്ഷങ്ങളെ പിടിച്ചുലച്ച് കണ്ണീരിലാഴ്ത്തിയ വിയോഗത്തിന്റെ പശ്ചാത്തലത്തില്‍ ആ മാതൃകാ സംഭാവനകളിലേക്ക് കടന്നുപോവാന്‍ ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മികച്ച ഓണ്‍ലൈന്‍ ആഴ്ചപ്പതിപ്പായ ‘ഡബ്ല്യുപിടി’യുടെ എഡിറ്റര്‍ ടി അനീഷാണ് ആവശ്യപ്പെട്ടത്. അതില്‍ പരമ്പര ആരംഭിച്ചു. വായിച്ച പലരും വിളിച്ചത് ഏറെ ആഹ്ലാദകരവും പ്രോത്സാഹനജനകവുമായി. ആധുനിക കേരളത്തിന്റെ രൂപീകരണത്തിന് അടിത്തറയിട്ട ഒട്ടേറെ സംഭവങ്ങളിലെ വി.എസിന്റെ പങ്ക് വിലയിരുത്തുകയുമാണിവിടെ.
‘വി.എസ്. കേരളത്തിന്റെ ഫിദല്‍’ പരമ്പര ശ്രദ്ധയില്‍പ്പെട്ടയുടന്‍ എനിക്ക് സഹോദരതുല്യനായ കോഴിക്കോട്ടെ ലിപി പബ്ലിക്കേഷന്‍ മാനേജിങ് ഡയരക്ടര്‍ എം.വി. അക്ബര്‍ പുസ്തകമായി പ്രസിദ്ധീകരിക്കാമെന്ന് അറിയിച്ചു. വിഎസുമായി വര്‍ഷങ്ങളുടെ ബന്ധമുണ്ടായിരുന്ന എനിക്ക് അദ്ദേഹത്തോടുള്ള ആദരവിന്റെ പ്രകാശനംകൂടിയാണ് ഈ കൃതി. ഇഎംഎസ്, ഇ കെ നായനാര്‍ തുടങ്ങിയവരടക്കം ഉന്നത നേതാക്കളുമായി ചെറുപ്പത്തിലേ ഇടപഴകിയ എനിക്ക് വിഎസ് കുറേ വ്യത്യസ്തതകളുടെ പ്രതീകംകൂടിയാണ്. പി കൃഷ്ണപിള്ളയെയും എകെജിയെയും പോലെ സമരക്കൊടുങ്കാറ്റാണെന്ന് വിശദീകരിക്കുമ്പോഴും അദ്ദേഹത്തിന്റെ അതിദരിദ്ര തൊഴിലാളിവര്‍ഗ ഉള്ളടക്കം കാണാതിരുന്നുകൂടാ. ഒറ്റപ്പെടുത്തപ്പെട്ടപ്പോഴും പതിന്മടങ്ങ് ഊക്കോടെ പിടിച്ചുനില്‍ക്കാന്‍ അസാധാരണമായ ശക്തിപകര്‍ന്നത് രൂപപ്പെട്ട കൊടിയ ദുരന്ത സാഹചര്യങ്ങളാണ്. ചെയിന്‍ സ്മോക്കറായിരുന്ന അദ്ദേഹം പുകവലിയും ചായകുടിയും നിര്‍ത്തിയതു മുതല്‍ തുടങ്ങിയ നിശ്ചയദാര്‍ഢ്യ പരമ്പരകള്‍ക്ക് പിന്നീട് രാഷ്ട്രീയമായ അനുബന്ധങ്ങളുമുണ്ടായി. ലോകവിപ്ലവകാരികളായ ഫിദല്‍ കാസ്‌ട്രോയുമായും ഹോചിമിനുമായും മൗ സെ ദൊങ്ങുമായും എത്രയോ താരതമ്യങ്ങളുണ്ട് വി.എസിന്.
‘ഡോക്ടര്‍ ഓഫ് അണ്ടര്‍ഗ്രൗണ്ട്’ എന്ന വിശേഷണമുള്ള എകെജിക്കൊപ്പം 1941 സെപ്തംബര്‍ 25ന് അതിസാഹസികമായി വെല്ലൂര്‍ ജയില്‍ ചാടിയ സി കണ്ണന്‍ വ്യക്തിപരമായ അനുഭവങ്ങള്‍ തിരക്കിയാല്‍ അതില്‍ കാര്യമായൊന്നും പറയാനില്ലെന്നായിരുന്നു മറുപടി നല്‍കാറുള്ളത്. കൊലമരം കാത്ത് കണ്ടംഡ് സെല്ലില്‍ അടക്കപ്പെട്ട കെപിആറിന്റെ ശരീരഭാരം നാല് പൗണ്ട് കൂടിയിരുന്നത് വിസ്മയമാണ്. ജയില്‍ വിമുക്തനായി നാട്ടിലെത്തിയ അദ്ദേഹം അനുഭവിച്ച പീഡനങ്ങള്‍ സ്പര്‍ശിച്ചതേയില്ല. കുപ്രസിദ്ധങ്ങളായ ഫ്രഞ്ച് കാരാഗൃഹങ്ങളില്‍ നാലു ദശാബ്ദത്തിലേറെ നരകിച്ചശേഷം ലെബനീസ് കമ്യൂണിസ്റ്റ് നേതാവ് ജോര്‍ജസ് ഇബ്രാഹിം അബ്ദുള്ള പുറംലോകത്തിന്റെ ശുദ്ധവായു ശ്വസിച്ചത് വിഎസിന്റെ വിയോഗ ദിവസമാണെന്നത് യാദൃഛികമാവാ. ബെയ്‌റൂട്ടിലെത്തിയ അദ്ദേഹം വ്യക്തിപരമായ ഒരുകാര്യവും മാധ്യമങ്ങളോടോ സ്വീകരിക്കാനെത്തിയ സഖാക്കളോടോ പറഞ്ഞില്ല. പകരം വിരാമമില്ലാത്ത പോരാട്ടങ്ങളെക്കുറിച്ചായിരുന്നു വിശദീകരിച്ചത്. ‘തടവുകാരുടെ ആത്മവിശ്വാസം പുറത്തുള്ള സഖാക്കളുടെ നിശ്ചയദാര്‍ഢ്യത്തെ ആശ്രയിച്ചിരിക്കുന്നു. പ്രതിരോധത്തിന്റെ പാത അനുരഞ്ജനമില്ലാതെ തുടരണം. ഈ മണ്ണില്‍ വേരൂന്നിയ അത് പിഴുതെറിയാന്‍ ആര്‍ക്കുമാവില്ല. രക്തസാക്ഷികളെ അഭിവാദ്യം ചെയ്യുന്നു. അവരാണ് ഏതൊരു വിമോചനത്തെയും കുറിച്ചുള്ള എല്ലാ ആശയത്തിന്റെയും അടിത്തറ. പലസ്തീന്‍ പ്രതിരോധം ഇനിയും ശക്തമാക്കണം’ എന്നിങ്ങനെയായിരുന്നു അഭിവാദ്യം.
വിലങ്ങുവെച്ചിട്ടും തലകുനിയാതെനിന്ന ജോര്‍ജസ് അബ്ദുള്ള ചെറുത്തുനില്‍പ്പിന്റെ സമകാലിക സാര്‍വദേശീയ പ്രതീകമായി മാറി. ഇതിന് സമാനമായി വി എസ് ഒരിക്കലും ആത്മകഥയായില്ല. പകരം അടിച്ചമര്‍ത്തപ്പെട്ടവരുടെയും അധഃസ്ഥിതരുടെയും അവസ്ഥകണ്ട് പൊട്ടിത്തെറിച്ചു. അതേക്കുറിച്ച് അന്വേഷിച്ചാല്‍ മാത്രം വാചാലനായി. അദ്ദേഹത്തിന്റെ അനുഭവങ്ങളെക്കാള്‍ ഈ പുസ്തകം കൂടുതല്‍ ഊന്നുന്നത് ഒരു കാലഘട്ടത്തിലേക്കാണ്. വിവിധ ചരിത്രഘട്ടങ്ങളെയും അതില്‍ നിറഞ്ഞുനിന്ന വ്യക്തിത്വങ്ങളെയും കൗതുകസംഭവങ്ങളെയും വിസ്മയ ഫലങ്ങളെയും കോര്‍ത്തിണക്കി ജീവചരിത്രത്തിന് മറ്റൊരു രീതിശാസ്ത്രം അവതരിപ്പിക്കാന്‍ എളിയ പരിശ്രമം നടത്തിയിട്ടുമുണ്ട്. ആ വിപ്ലവകാരിയെ ഒന്നുകൂടി മനസിലോര്‍ത്ത് ഈ ജീവചരിത്രം ലോകമാകെ പരന്നുകിടക്കുന്ന പ്രബുദ്ധരായ എല്ലാ മലയാളികള്‍ക്കുമായി സമര്‍പ്പിക്കുന്നു; ഏറ്റവും പരിശുദ്ധരായ വലിയ മനുഷ്യര്‍ക്കിടയില്‍ പരിമിതികളുള്ളവര്‍ക്ക് അതീജീവിക്കാന്‍ ഇത്തരം എളിയ പ്രതിരോധങ്ങള്‍ വഴിയേ സാധിക്കൂവെന്ന വിനീതമായ വാക്കുകളിലൂടെ.
Reviews
There are no reviews yet.