മനസ്സ് ഒരു വിസ്മയം
ദിനേശ് മുങ്ങത്ത്
ജ്ഞാനോദയത്തിലേക്കുള്ള പടവുകള്‍
ഡോ: അംബികാസുതന്‍ മാങ്ങാട്
ജീവിതമേ നീ എന്ത്? ദാര്‍ശനിക ഗരിമയോടെ ജീവിതത്തിന് മുന്നില്‍ വിസ്മയത്തോടെ നമിച്ചു നിന്നവരെല്ലാം കാലാകാലങ്ങളായി ഉരുക്കഴിച്ച ചോദ്യമാണിത്. തീര്‍ത്തുത്തരമില്ലാത്ത ഒരു സമസ്യയാണ് ജീവിതം എന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. ആരാണ് ഞാന്‍ എന്ന ലളിത ചോദ്യത്തില്‍ നിന്നാണ് ഓരോ മനുഷ്യനും ജീവിതത്തിന്റെ ആന്തരാര്‍ത്ഥങ്ങള്‍ തേടിയിറങ്ങുന്നത്, അലയുമ്പോഴാണ് ചോദ്യമത് ഏറെ ഗഹനമാണെന്നറിയുന്നത്. ‘എന്നെ തിരയുന്ന ഞാന്‍’ എന്നാണ് മഹാകവി പി. തന്റെ ആത്മകഥാ ഭാഗങ്ങളില്‍ ഒന്നിന് നല്‍കിയ ശീര്‍ഷകം. വിവേകിക്ക് മാത്രമേ ഈ ജ്ഞാനോദയത്തില്‍ എത്തിച്ചേരാന്‍ ആവൂ. ദിനേശ് മുങ്ങത്തിന്റെ ‘മനസ്സ് ഒരു വിസ്മയം’ എന്ന സവിശേഷ ഗ്രന്ഥം ഓരോ വായനക്കാരനെയും തന്നിലേക്കും അന്യരിലേക്കും വിനയപൂര്‍വ്വം നോക്കാന്‍ പ്രേരിപ്പിക്കുന്ന, വിവേകത്തിലേക്ക്, പ്രത്യാനയിക്കുന്ന ഭാഷാമൃതാണ്.
എന്താണ് മനസ്സ്?
ചിന്തകളുടെ കേന്ദ്രം എവിടെയാണ്?
ഷാബു കിളിത്തട്ടില്‍
തലച്ചോറാണ് മനസ്സും ചിന്തയും ഒക്കെ നിയന്ത്രിക്കുന്നത് എന്ന് പൊതുവില്‍ വിശ്വസിക്കപ്പെടുന്നു. തലച്ചോറിന്റെ ഏതു ഭാഗത്താണ് മനസ്സും ചിന്തയും എന്ന് ചോദിച്ചാല്‍ അതിനു വ്യക്തമായ ഒരു ഉത്തരവും ഇന്നത്തെ അറിവനുസരിച്ച് ശാസ്ത്രത്തിന് ഇല്ല. മനസ്സ്, ചിന്ത തുടങ്ങിയവയൊക്കെ ഇപ്പോഴും നമുക്ക് ഒരു പ്രഹേളിക തന്നെയാണ്. ‘മനസ്സ് ഒരു വിസ്മയം’ എന്ന കൃതിയിലൂടെ ദിനേശ് മുങ്ങത്ത് പറയുന്നതും മറ്റൊന്നല്ല. എന്നാല്‍ മനസ്സിലെ മാലിന്യങ്ങള്‍ നീക്കം ചെയ്താല്‍ ജീവിതം ആഹ്ളാദഭരിതമാക്കുവാന്‍ കഴിയുമെന്നും അതിനു ചില വിദ്യകള്‍ സ്വായത്തമാക്കേണ്ടതുണ്ടെന്നും ഈ പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. അവ കനമുള്ള തത്വശാസ്ത്രങ്ങളൊന്നുമല്ല. എന്നാല്‍ കുഞ്ഞുണ്ണി മാഷ് പറഞ്ഞത് പോലെ ലോകം നന്നാക്കാനിറങ്ങും മുമ്പ് അവനവന്‍ തിരിച്ചറിയേണ്ടുന്ന വലിയ കാര്യമാണ്.
അവതാരിക
ജ്ഞാനോദയത്തിലേക്കുള്ള പടവുകള്‍
ഡോ. അംബികാസുതന്‍ മാങ്ങാട്
ജീവിതമേ നീ എന്ത്?
ദാര്‍ശനിക ഗരിമയോടെ ജീവിതത്തിന് മുന്നില്‍ വിസ്മയത്തോടെ നമിച്ചുനിന്നവരെല്ലാം കാലാകാലങ്ങളായി ഉരുക്കഴിച്ച ചോദ്യമാണിത്. തീര്‍ത്തുത്തരമില്ലാത്ത ഒരു സമസ്യയാണ് ജീവിതം എന്ന് നമുക്കെല്ലാവര്‍ക്കും അറിയാം.
ആരാണ് ഞാന്‍ എന്ന ലളിതമായ ചോദ്യത്തില്‍ നിന്നാണ് ഓരോ മനുഷ്യനും ജീവിതത്തിന്റെ ആന്തരാര്‍ത്ഥങ്ങള്‍ തേടിയിറങ്ങുന്നത്, അതിനായ് അലയുമ്പോഴാണ് ചോദ്യം ഏറെ ഗഹനമാണെന്നറിയുന്നത്. ‘എന്നെ തിരയുന്ന ഞാന്‍’ എന്നാണ് മഹാകവി പി. തന്റെ ആത്മകഥാ ഭാഗങ്ങളില്‍ ഒന്നിന് നല്‍കിയ ശീര്‍ഷകം..
‘ഒരാള്‍ തന്നെ തിരഞ്ഞു കിട്ടിയാല്‍
മറ്റുള്ളവരെ അറിഞ്ഞു കിട്ടും’
അങ്ങനെ സമൂഹത്തെയും സകല ജീവജാലങ്ങളെയും ബോധിച്ചു കിട്ടും. വിവേകിക്ക് മാത്രമേ ഈ ജ്ഞാനോദയത്തില്‍ എത്തിച്ചേരാന്‍ ആവൂ. അന്നേരം കവി പാടിയത് പോലെ
‘അന്യ ജീവനുതകി സ്വജീവിതം ധന്യമാക്കിയ വിവേകികള്‍
എന്ന നിസ്വാര്‍ത്ഥത കൈവരിക്കുകയും ചെയ്യും.
ശ്രീ ദിനേശ് മുങ്ങത്തിന്റെ ‘മനസ്സ് ഒരു വിസ്മയം’ എന്ന സവിശേഷ ഗ്രന്ഥം ഓരോ വായനക്കാരനെയും തന്നിലേക്കും അന്യരിലേക്കും വിനയപൂര്‍വ്വം നോക്കാന്‍ പ്രേരിപ്പിക്കുന്ന, വിവേകത്തിലേക്ക്, പ്രത്യാനയിക്കുന്ന ഭാഷാമൃതാണ്.
സങ്കല്‍പ്പാദികളില്‍ അഭിരമിച്ചുകൊണ്ടല്ല, പൊള്ളുന്ന മണലാരണ്യത്തിലെ ഭൂമികയില്‍ നിന്നും കണ്ടും കേട്ടുമറിഞ്ഞ് യഥാതഥമായ ജീവിതാനുഭവങ്ങളുടെ പൊരുളുകളാണ് നല്ല ഭാഷയില്‍ സമാശ്വാസത്തിന്റെ മൊട്ടുകളും പ്രതീക്ഷകളും പൂക്കളുമായി ഈ പുസ്തകത്തെ സജീവമാക്കുന്നത്
തന്നില്‍ത്തന്നെ മുങ്ങി തീരുന്ന നാര്‍സിസിനെ പോലെ മിക്കവരും മാറിത്തരുന്ന കാലത്ത് ദിനേശിന്റെ ഈ പുസ്തകത്തിന് പ്രത്യേകം പ്രസക്തിയുണ്ട്.
കെ.ജി.എസിന്റെ അഭിമുഖം എന്ന കുഞ്ഞുകവിത ഇങ്ങനെയാണ്.
‘ആരെയാണ് ഏറ്റവും ഇഷ്ടം?’
എന്നെത്തന്നെ.
അത് കഴിഞ്ഞാലോ?
അത് കഴിയുന്നില്ലല്ലോ.
അവനവനില്‍ ഒടുങ്ങിപ്പോകുന്ന ആധുനിക മനുഷ്യരെ കുറിച്ചാണ് ‘ഇത്തിരിവട്ടം മാത്രം കാണുകയും ഒത്തിരിവട്ടം മാത്രം ചിന്തിക്കുകയും ചെയ്യുന്ന അധോമുഖ വാമനര്‍’ എന്ന് വൈലോപ്പിള്ളി എഴുതിയതും. ഈ പ്രവണത വര്‍ദ്ധിക്കുമ്പോള്‍ നിരാശ പടര്‍ന്ന് അവനവനു മുന്നില്‍ പോലും വിശ്വാസം നഷ്ടപ്പെടുന്ന കാലത്ത് ഈ പുസ്തകം മുന്നോട്ടുവയ്ക്കുന്ന ചിന്തകള്‍ക്ക് ഏറെ പ്രസക്തിയുണ്ട്.
മരുഭൂമിയിലെ പ്രവാസ മനുഷ്യരായ രശ്മി, സൂസന്‍, സുജിത്, ബിജു, മൊഹസിന തുടങ്ങിയവരില്‍ അവരവര്‍ മാത്രമല്ല എന്നും കഷ്ടനഷ്ടങ്ങളിലൂടെയും ഭാഗ്യ നിര്‍ഭാഗ്യങ്ങളിലുടെയും സഞ്ചരിക്കുന്ന പഥികരെല്ലാവരുമുണ്ടെന്നും വായനക്കാരന്‍ അനുഭവിച്ചറിയുന്നു. ജീവിതം സാര്‍ത്ഥകമാക്കാന്‍ മനസ്സിനെ എങ്ങനെ പാകപ്പെടുത്തണമെന്നും ജ്ഞാനോദയത്തിലേക്ക് എപ്രകാരം എത്തിച്ചേരാന്‍ ആകും എന്നും ചൂണ്ടിക്കാണിക്കുന്നു.
അഹം ബോധം എങ്ങനെ അപമാനവികതയുടെ കാറ്റലിസ്റ്റ് ആയി (ഉള്‍പ്രേരകം) മാറുന്നു എന്ന് ഈ പുസ്തകത്തിലൂടെ നാം അറിയുന്നു. ഒരിക്കല്‍ മഹാകവി പി. എഴുതിയത് ഓര്‍മ്മിച്ചു പോകുന്നു.
‘ഞാന്‍ നാളികേരം
പതിനെട്ടാം പടിക്കു മേല്‍
ഉടച്ചതിനോടൊപ്പം
അഹങ്കാരവുമെന്‍ പ്രഭോ’
പ്രതീക്ഷകളാണ് ജീവിതത്തെ മുന്നോട്ടു നയിക്കുന്നത് എന്ന് നാം അറിയുന്നു. ആത്മവിശ്വാസമാണ് ജീവിതയാത്രയുടെ കാതല്‍. ശരിയായ കാഴ്ചപ്പാടിലൂടെ ശരിയായ ലക്ഷ്യബോധത്തിലൂടെ ശരിയായ ഭാഷണത്തിലൂടെ ശരിയായ കര്‍മ്മങ്ങളിലൂടെ ജീവിതയാത്ര എങ്ങനെ സഫലമാക്കാം എന്ന് ലളിത മനോഹരമായി ഈ പുസ്തകം നമുക്ക് അറിവ് തരുന്നു
കനത്ത ആശാഭംഗങ്ങളും ദുരന്തങ്ങളും വന്നു ഭവിക്കുമ്പോഴും പ്രതീക്ഷകളാണ് മനുഷ്യനെ നിലനില്‍ക്കാനും തുടരാനും പ്രേരിപ്പിക്കുന്നത്. പണ്ടോരയുടെ പേടകത്തില്‍ നിന്ന് ഒടുവില്‍ പൊങ്ങി വന്ന ആ ശലഭത്തിന്റെ പേര് പ്രതീക്ഷ എന്നായിരുന്നില്ലേ?.
ഈ കുറിപ്പ് അവസാനിക്കുമ്പോള്‍ ഈ ഗ്രന്ഥത്തിന് ഇണങ്ങുന്ന വൈലോപ്പിള്ളിയുടെ രണ്ടു വരികള്‍ ഉദ്ധരിക്കട്ടെ ‘വേഗമാകട്ടെ വേഗമാകട്ടെ സ്‌നേഹ സുന്ദരപാതയിലൂടെ’
ഗ്രന്ഥകാരനായ ദിനേശ് മുങ്ങത്ത് എന്റെ ബന്ധു കൂടിയാണെന്ന സന്തോഷവും ഞാനിവിടെ പങ്കുവെക്കട്ടെ.
വായനക്കാരെ തിരിച്ചറിവുകളിലേക്കും വിവേകത്തിലേക്കും നയിക്കുന്ന ഈ പുസ്തകത്തിന് ധാരാളം വായനക്കാരും ചര്‍ച്ചകളും ഹൃദയപൂര്‍വ്വം ആശംസിക്കുന്നു
നന്ദി…
Reviews
There are no reviews yet.