ബുദ്ധപുരത്തിന്റെ കഥ
പത്മകുമാരിയും ഹബീബ് മുഹമ്മദും ചേര്‍ന്ന് ഒരു രാത്രികൊണ്ട് എഴുതിയത്
(നോവല്‍)
സജീദ് ഖാന് പനവേലില്‍
മലയാള നോവല്‍ സാഹിത്യത്തിന് പുതിയ ഭാവുകത്വം പകരുന്ന ഈ നോവല്‍, ചരിത്രവും മിത്തുകളും കൂടിച്ചേര്‍ന്ന് ആധുനിക മനുഷ്യനില്‍ സൃഷ്ടിക്കുന്ന ചിന്താകുഴപ്പത്തെ അനാവരണം ചെയ്യുന്നു. ബുദ്ധപുരം ലോകത്തിലെ ഓരോ ഗ്രാമവുമാണ്. ജനപദങ്ങളില്‍ വെളിച്ചം എത്തിക്കാന്‍ ബുദ്ധന്മാര് നടത്തുന്ന ധീരപരീക്ഷണം വിജയമോ പരാജയമോ ആകാം. ഇവിടെ പരീക്ഷണമാണ് പ്രധാനം. നോവലില്‍ ഒരു ധീരയോദ്ധാവിന്റെ സാന്നിധ്യം ദര്‍ശിക്കാം. അത് ആരാണെന്ന ചോദ്യത്തിന്റെ ഉത്തരം കൂടിയാണ് ഈ ഉത്തമ കൃതി. വായനക്കാരനെ ഒപ്പം കൂട്ടുന്ന ഭാഷ കൊണ്ടും, പ്രമേയ വൈവിധ്യം കൊണ്ടും ശ്രദ്ധേയമാകുന്ന കൃതി.
ഒന്ന്
ബുദ്ധപുരത്തേക്കുള്ള വഴി
നിങ്ങള്‍ ബുദ്ധപുരത്തേക്ക് വരണം. കൂട്ടികളേയും കൂട്ടി, ആരും കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത കഥകളും, ചരിത്രവും കാണാം. കേള്‍ക്കാം, അനുഭവിക്കാം. ഓര്‍മ്മയില്‍ സൂക്ഷിക്കാം, കാണാത്തവര്‍ക്ക് പകര്‍ന്നു കൊടുക്കാം.
എത്തിച്ചേരാന്‍ എളുപ്പമാണ്. ചതി, വഞ്ചന, കളളം, കൊലപാതകം, തുടങ്ങിയവയ്ക്കൊന്നും ഇതുവരെ ഒരു സഞ്ചാരിയും ഇരയായിട്ടില്ല. ബുദ്ധപുരമെന്ന് കേട്ട്, ഭൗതിക ജീവിതം ഉപേക്ഷിച്ച ഏതോ സന്യാസിമാരാണ് അവിടുളളതെന്ന് തെറ്റിദ്ധരിക്കുകയും വേണ്ട, വരാന്ത കഴിഞ്ഞ് പൂമുഖം എന്ന പോലെ ജീവിതത്തില്‍ ഒരിക്കലെങ്കിലും ബുദ്ധപുരം സന്ദര്‍ശിച്ചില്ലെങ്കില്‍ അതൊരു നഷ്ടമായിരിക്കും. ഉളളത് ഇല്ലാതാക്കുന്നതിനെയാണ് നഷ്ടമെന്ന് ചിലരെങ്കിലും വിചാരിച്ചിട്ടുണ്ട്. വേണ്ടത് എടുക്കാതെയും, പ്രാപ്യമായത് അനുഭവിക്കാന്‍ കഴിയാതെ പോകുന്നതും നഷ്ടഗണത്തില്‍ തന്നെ പെടുത്തണം. പ്രപഞ്ചത്തില്‍ നിങ്ങള്‍ കാലുകുത്തേണ്ട ഇടങ്ങള്‍ ഏതൊക്കെയാണെന്ന് ദൈവം രേഖപ്പെടുത്തി വെച്ചിട്ടുണ്ട്. എന്നാല്‍ അതിയാന് വന്ന് വിരല്‍ പിടിച്ച് കൂട്ടികൊണ്ടു പോയി ദേ മക്കളെ നോക്കു എന്ന് പറഞ്ഞ് കാണിക്കുകയുമൊന്നുമില്ല. അതിനാണ് നമുക്ക് കണ്ണും കാതും കരളുമൊക്കെ തന്നിരിക്കുന്നത്. പറഞ്ഞകൂട്ടത്തില്‍ ആദ്യത്തെ രണ്ട് സാധനങ്ങളെ കണ്ടിട്ടുളളു എന്ന് നിങ്ങള്‍ പറഞ്ഞേക്കാം. എന്നാല്‍ അങ്ങനല്ല.
Reviews
There are no reviews yet.