ആത്മാവിന്റെ ഹൃദയം തേടി
(നോവല്‍)
മനോജ്
എല്ലാ ദുഃഖങ്ങളില്‍ നിന്നും മനുഷ്യരെ മോചിപ്പിക്കുന്ന ആത്മാവിന്റെ ഹൃദയം (Philosopher’s Stone) തേടി വിവിയന്‍ യാത്ര പുറപ്പെട്ടു. ലക്ഷ്യമെത്തുന്നതിന് മുമ്പ് അയാള്‍ ആത്മഹത്യ ചെയ്തു. പരലോകത്തേക്ക്, മരണപ്പെട്ടവരുടെ അവസാന സര്‍വകലാശാലയിലേക്ക്, അയാള്‍ എത്തിച്ചേര്‍ന്നു. മരണത്തിനും മോക്ഷത്തിനും ഇടയിലുള്ള പതിമൂന്ന് ദിനങ്ങളില്‍ ഭൂമിയിലെ എല്ലാ അറിവുകളും അയാളില്‍ നിന്ന് ദൈവം മായ്ച്ചുകളഞ്ഞു. പരലോകത്തെ സര്‍വകലാ ശാലയിലെ ലാബുകളില്‍ നടന്ന പരീക്ഷണങ്ങളിലൂടെ സംശയങ്ങളും ഡാര്‍വിന്റെ സിദ്ധാന്തവും യുക്തിയും വിശ്വാസങ്ങളും മായ്ക്കപ്പെട്ടു. എന്നാലും ഒരു ചോദ്യം മാത്രം അയാളില്‍ അവശേഷിച്ചു. വിധിയാല്‍ ബന്ധിതമായ ലോകത്ത്, ജന്മം കൊണ്ടും സാഹചര്യങ്ങള്‍ കൊണ്ടും ദുഃഖങ്ങള്‍ ഉണ്ടാകുമെന്ന് ഉറപ്പാണ്. വിവിയന്‍ സ്വപ്നം കണ്ടതാകട്ടെ, ഒരിക്കലും വേദനിക്കാത്ത മനുഷ്യരെയും. ഒരിക്കലും വേദനിക്കാതെ ജീവിക്കാന്‍ മനുഷ്യര്‍ക്കാകുമോ? മനുഷ്യന്റെ മഹത്തരമായ സംശയത്തിന്റെ ഉത്തരം ദൈവം അയാള്‍ക്ക് പകര്‍ന്ന് നല്‍കുമോ?
ആമുഖം
വൃദ്ധന്‍ പറഞ്ഞ കഥ
മഹത്തായ അത്ഭുതങ്ങള്‍ നടക്കുന്ന അസുലഭം ചില മുഹൂര്‍ത്തങ്ങളുണ്ട് ജീവിതത്തില്‍. എന്റെ ജീവിതത്തിലും അത്തരമൊരു മുഹൂര്‍ത്തം സംഭവിച്ചിരിക്കുന്നു. ഒരു കഥ കേട്ട ദിവസമാണ് ജീവിതത്തിന്റെ അത്ഭുതങ്ങള്‍ ഞാനറിയുന്നത്. ഒരു വൃദ്ധന്‍ എന്നോട് പറഞ്ഞ കഥയാണിത്. ആത്മാവിന്റെ ഹൃദയം (Philosopher’s Stone) തേടിയ ഒരു നാവികന്റെ കഥ. അയാള്‍ തേടുന്ന ആത്മാവിന്റെ ഹൃദയം കണ്ടെത്തുന്നവര്‍ അനുഗ്രഹീതരാകുന്നു. കാരണം, ആത്മാവിന്റെ ഹൃദയം കണ്ടെത്തുന്നവര്‍ക്ക് വേദനയില്ലാത്ത ജീവിതമെന്ന അമൂല്യ വരം ലഭിക്കും. പക്ഷേ ഒരു വേദനയുമില്ലാത്ത ജീവിതം സാധ്യമാണോ? ജീവിതമായാല്‍ വേദനയുണ്ടാകില്ലേ? തികച്ചും അപ്രായോഗികമായ ഒരു മോഹം എന്നാണ് ആത്മാവിന്റെ ഹൃദയത്തെ കുറിച്ച് ആദ്യം കേട്ടപ്പോള്‍ എനിക്ക് തോന്നിയത്.
ഒരു സന്ധ്യാസമയത്ത്, ഞാന്‍ എന്റെ വീടിന്റെ പുറകിലുള്ള വയല്‍വരമ്പിലൂടെ നടക്കുകയായിരുന്നു. ബൃഹത്തായ വയലിലെ ഏകാന്തതയും നിശബ്ദതയും എന്നെ വല്ലാത്തൊരു ഭയപ്പാടിലെത്തിച്ചു. ഇടയ്‌ക്കെപ്പോഴെങ്കിലും വരുന്ന മിന്നലായിരുന്നു അവിടുത്തെ നിശ്ചലതയെ ഭേദിച്ചിരുന്നത്.
പൊടുന്നനെയൊരു വൃദ്ധന്‍ എന്റെ മുന്നില്‍ വന്നു നിന്നു. അയാളെ ഞാന്‍ അത്രയും നേരം ശ്രദ്ധിക്കാത്തതായിരുന്നോ അതോ അയാള്‍ ഒരത്ഭുതം പോലെ പെട്ടെന്ന് പ്രത്യക്ഷപ്പെട്ടതാണോയെന്ന് എനിക്ക് നിശ്ചയമില്ല. എന്നാല്‍, അവിടെ നിലനിന്നിരുന്ന ദൈവീകമായ നിശബ്ദതയും അയാളുടെ കണ്ണുകളിലെ കാരുണ്യവും എന്നെ അത്തരം സംശയങ്ങള്‍ക്കതീതനാക്കി.
വയലിന്റെയറ്റത്ത് ഒരു കൂട്ടം പാറക്കെട്ടുകളുണ്ട്. എന്റെ കൈപിടിച്ച് അയാള്‍ അങ്ങോട്ട് കൊണ്ടുപോയി. അവിടെയിരുന്ന് അയാള്‍ ഒരു കാര്യം പറഞ്ഞു.
‘കൂടുതല്‍ വ്യക്തിസ്വാതന്ത്ര്യമുള്ള നാട്ടിലേക്ക് നിന്റെയൊരു കൂട്ടുകാരന്‍ പോകുന്നു എന്ന് നിന്നോട് പറഞ്ഞിരുന്നില്ലേ? അന്നേരം നീ ചിന്തിച്ച കാര്യങ്ങളോര്‍ക്കുന്നുണ്ടോ?’
അയാളുടെ ചോദ്യത്തില്‍ ഞാന്‍ സ്തബ്ധനായി. കാരണം, ആ കാര്യം ഒരുതരത്തിലുമറിയാന്‍ സാധ്യതയില്ലാത്ത ആളാണ് ആ വൃദ്ധന്‍.
വൃദ്ധന്‍: മനുഷ്യന്റെ ഏറ്റവും വലിയ ആവശ്യം എന്താണെന്നറിയാമോ?
ഞാന്‍ ചിന്തിച്ചു. എന്താണ് എന്റെ ഏറ്റവും വലിയ ആവശ്യം, അല്ലെങ്കില്‍ ആഗ്രഹം?
ഞാന്‍: മനസ്സുഖം. സമാധാനം. ജീവിതം എന്നും വര്‍ണ്ണവൈവിധ്യങ്ങള്‍ നിറഞ്ഞതാകണം. ഇതൊക്കെയാണ് മനുഷ്യരുടെ ഏറ്റവും വലിയ ആവശ്യങ്ങള്‍.
വൃദ്ധന്‍: ശരിയാണ്. ദുഃഖമില്ലാത്ത, വിരസതയില്ലാത്ത, അര്‍ത്ഥപൂര്‍ണ്ണമായ ജീവിതമാണ് നാമെല്ലാം ആഗ്രഹിക്കുന്നത്. ഒരു ദുഃഖവുമില്ലാത്ത ജീവിതം അപ്രായോഗികമായിരിക്കും എന്നാണല്ലോ തോന്നുക. എന്നാല്‍ ദുഃഖമില്ലാത്ത ജീവിതം ജീവിക്കാനൊരു വഴിയുണ്ടെന്ന് ചരിത്രാതീത കാലം മുതല്‍ മനുഷ്യര്‍ വിശ്വസിച്ചിരുന്നു. എല്ലാ ദുഃഖങ്ങളില്‍ നിന്നും മനുഷ്യരെ മോചിപ്പിക്കാനുള്ള ഒരു മരുന്നുണ്ടെന്ന് വിശ്വസിച്ചിരുന്നു. അതാണ് ആത്മാവിന്റെ ഹൃദയം. ആത്മാവിന്റെ ഹൃദയത്തിന് ദുഃഖങ്ങളില്‍ നിന്നും രോഗപീഡകളില്‍ നിന്നും മനുഷ്യരെ മോചിപ്പിക്കാനാകുമെന്ന് കരുതപ്പെടുന്നു. പൗരാണിക കാലം മുതല്‍ ആത്മാവിന്റെ ഹൃദയത്തിന് വേണ്ടിയുള്ള പരീക്ഷണങ്ങള്‍ നടന്നിട്ടുണ്ട്.
ഞാന്‍: തികച്ചും അപ്രായോഗികമായ മോഹമല്ലേ അത്? ദുഃഖമില്ലാത്ത ജീവിതം സാധ്യമാണോ? ജീവിതമായാല്‍ ദുഃഖം തീര്‍ച്ചയായും ഉണ്ടാകില്ലേ?
വൃദ്ധന്‍: അങ്ങനെയാണ് നമുക്ക് സ്വാഭാവികമായും തോന്നുക. എന്നാലും ആത്മാവിന്റെ ഹൃദയം തേടിയുള്ള പരീക്ഷണങ്ങള്‍ എല്ലാ കാലങ്ങളിലും നടന്നിരുന്നു. അത്തരത്തില്‍ ആത്മാവിന്റെ ഹൃദയം തേടിയ സാഹസികനായ ഒരു നാവികനുണ്ടായിരുന്നു. അയാളുടെ കഥയാണ് ഞാന്‍ നിന്നോട് പറയാന്‍ പോകുന്നത്. വിവിയന്‍ എന്നാണ് അയാളുടെ പേര്. ജീവിച്ചിരിക്കുമ്പോള്‍ അയാള്‍ തന്റെ ലക്ഷ്യം പൂര്‍ത്തീകരിച്ചില്ല. യാത്രക്കിടയില്‍ അയാള്‍ക്ക് കടലില്‍ വഴിതെറ്റി. ഒരിക്കലും ഇനിയൊരു കരയിലേക്ക് എത്തിച്ചേരാന്‍ കഴിയില്ലെന്ന തിരിച്ചറിവില്‍ അയാള്‍ ആത്മഹത്യ ചെയ്തു.
ഞാന്‍: ദുഃഖമില്ലാത്ത ജീവിതം അസാധ്യമാണെന്നല്ലേ അയാളുടെ ജീവിതവും പറയുന്നത്?
വൃദ്ധന്‍: അല്ല. അയാളുടെ ആത്മാവിന്റെ ഹൃദയം തേടിയുള്ള യാത്ര മരണത്തോടെ അവസാനിച്ചില്ല. ദൈവത്തിന്റെ ഉള്ളില്‍ ലയിക്കുന്നതിന് മുന്‍പ്, പതിമൂന്ന് ദിവസങ്ങള്‍ അയാള്‍ക്ക് പരലോകത്ത് അനുവദിക്കപ്പെട്ടു. ആ ദിവസങ്ങളിലും അയാള്‍ ആത്മാവിന്റെ ഹൃദയം തേടി.
ഞാന്‍: എന്നിട്ട് പതിമൂന്നാം ദിവസം അയാള്‍ ആത്മാവിന്റെ ഹൃദയം നേടിയോ? ദുഃഖമില്ലാത്ത മനുഷ്യരെ കുറിച്ചുള്ള പ്രപഞ്ചരഹസ്യം അയാളറിഞ്ഞോ? ഒരിക്കലും ഇതൊരു ശുഭപര്യവസായിയായ കഥയാകാന്‍ സാധ്യതയില്ലല്ലോ? ദുഃഖമില്ലാത്ത ജീവിതം സാധ്യമാണെന്ന് ഞാന്‍ വിശ്വസിക്കുന്നേയില്ല.
വൃദ്ധന്‍: ഞാനും വിശ്വസിച്ചിരുന്നില്ല. ആരും വിശ്വസിക്കില്ല. വിവിയന്റെ കഥ അറിയുന്നത് വരെ. ഈ കഥയും മുന്‍പ് പറയപ്പെട്ട കഥ തന്നെയാണ്. എന്നാല്‍ ഈ കഥക്ക് ചെറിയ ചില വ്യത്യാസങ്ങളുണ്ട്. ഒന്ന്, ഈ കഥയുടെ അന്ത്യത്തില്‍ ഉദ്വേഗമില്ല. ഈ കഥയുടെ വഴികളിലാണ് ഉദ്വേഗമുള്ളത്. കഥാന്ത്യം തുടക്കം തന്നെ ഞാന്‍ നിനക്ക് പറഞ്ഞുതരാം. പതിമൂന്നാം ദിവസം, അപ്രാപ്യമെന്ന് തോന്നിച്ച ലക്ഷ്യം അയാള്‍ നേടും.
ഞാന്‍: അതായത് ദുഃഖമില്ലാത്ത ജീവിതം, വര്‍ണ്ണവൈവിധ്യമുള്ള ജീവിതം സാധ്യമാണ് എന്നാണോ?
വൃദ്ധന്‍: അതെ. അതാണ് വിവിയന്റെ കഥ നമ്മോട് പറയുന്നത്.
ഞാന്‍: കഥയുടെ അടുത്ത വ്യത്യാസമെന്താണ്?
വൃദ്ധന്‍: വിവിയന്റെ വഴി സാധാരണക്കാര്‍ക്കുള്ള അസാധാരണ വഴിയാണ്, അസാധാരണക്കാരുടെ സാധാരണ വഴിയല്ല. അതാണ് കഥയുടെ അടുത്ത പ്രത്യേകത.
ഞാന്‍: എന്ന് വച്ചാല്‍?
വൃദ്ധന്‍: ദുഃഖമില്ലാത്ത ജീവിതത്തിനുള്ള സാധാരണ വഴികള്‍ എന്തൊക്കെയാണ്?
ഞാന്‍: ജീവിതം വരുന്നതുപോലെ സ്വീകരിക്കുക എന്നതാണ് ഞാന്‍ കേട്ടിട്ടുള്ള ഒരു വഴി.
വൃദ്ധന്‍: ശരിയാണ്. ഇതൊരു സാധാരണ വഴിയാണ്. എന്നാല്‍, ഇത്തരത്തില്‍ ലളിതമായി, സന്തോഷത്തോടെ ജീവിതത്തെ സ്വീകരിക്കാന്‍ അസാധാരണക്കാര്‍ക്കെ കഴിയു. സാധാരണക്കാര്‍ക്ക് അങ്ങനെ കഴിയില്ലല്ലോ?
ഞാന്‍: ശരിയാണ്. പറയുമ്പോള്‍ പറയാമെന്നല്ലാതെ എല്ലാത്തിനെയും നിശബ്ദമായി സന്തോഷത്തോടെ സ്വീകരിക്കാനൊന്നും ആകില്ലല്ലോ?
വൃദ്ധന്‍: അതെ. മറ്റൊരു സാധാരണ വഴിയെന്നത് പ്രചോദനവചനങ്ങള്‍ വിശ്വസിക്കുന്ന വഴിയാണ്. വിശ്വാസമുണ്ടെങ്കില്‍ എന്തും ചെയ്യാം എന്നൊക്കെ വിശ്വസിക്കാന്‍ അസാധാരണക്കാര്‍ക്കെ കഴിയൂ.
ഞാന്‍: അത് ശരിയാണ്. വേദനിച്ചിരിക്കുന്നവര്‍ക്ക് എന്ത് പ്രചോദനവചനം? വിവിയന്‍ നടന്ന വഴി ഇതൊന്നുമല്ലാത്ത വഴിയാണോ? അത് സാധാരണക്കാരുടെ വഴിയാണോ?
വൃദ്ധന്‍: അതെ.
ഞാന്‍: കഥാന്ത്യത്തിലെ സസ്‌പെന്‍സ് ഇല്ലാതായ സ്ഥിതിക്ക് ഒരു കാര്യം കൂടി ചോദിക്കട്ടെ? ആത്മഹത്യ ചെയ്ത നാവികന്‍ ആത്മാവിന്റെ ഹൃദയം നേടുന്നതോടെ മരണത്തില്‍ നിന്ന് രക്ഷപ്പെട്ട് ഭൂമിയിലേക്ക് തിരിച്ചെത്തുമോ?
വൃദ്ധന്‍: അതും നടക്കും. സാധാരണയായി അങ്ങനെ നടക്കുമ്പോള്‍ രണ്ട് രീതിയിലാണ് കഥ അവസാനിക്കുക. ഒന്നുകില്‍ അയാളുടെ പരലോകാനുഭവങ്ങള്‍ മുഴുവന്‍ ഭൂമിയില്‍ വച്ച് കണ്ട സ്വപ്‌നമായിരുന്നു എന്ന് പറയും. അന്നേരം അതൊരു യാഥാര്‍ത്ഥ്യബോധമുള്ള കഥയായി നമുക്ക് തോന്നും. അയാള്‍ പരലോകം കണ്ട്, അവിടെ നിന്ന് ആത്മാവിന്റെ ഹൃദയം നേടി മരണത്തെ തോല്‍പ്പിച്ചു എന്ന് പറഞ്ഞാല്‍ അതൊരു സാങ്കല്‍പ്പിക കഥയുമായി. എന്നാല്‍ ഈ കഥയ്ക്ക് അതിലുമുണ്ടൊരു വ്യത്യാസം.
ഞാന്‍: എന്താണത്?
വൃദ്ധന്‍: ഇത് രണ്ടും ശരിയാകുന്ന കഥയാണ് വിവിയന്റേത്. വിവിയന്‍ നടന്ന വഴിയേ കൃത്യമായി നടന്നാല്‍, വിവിയന്‍ യഥാര്‍ത്ഥത്തില്‍ പരലോകത്ത് പോയോ അതോ അതെല്ലാം വെറും സ്വപ്‌നം മാത്രമായിരുന്നോ എന്ന സംശയം പോലും അപ്രസക്തമാണെന്ന് നമുക്ക് ബോധ്യമാകും. അതാണ് വിവിയന്റെ കഥയുടെ പ്രത്യേകത.
കഥ കേട്ട് കഴിഞ്ഞപ്പോള്‍ ഒരു വ്യത്യസത്യം കൂടി കഥയ്ക്കുണ്ടെന്ന് ഞാന്‍ മനസ്സിലാക്കി. പരലോകത്തുള്ള വിവിയന്റെ അനുഭവങ്ങളാണ് ഈ കഥ മുഴുവനും. അതില്‍ ഡാര്‍വിന്റെ സിദ്ധാന്തം കൊണ്ട് മാത്രം മനുഷ്യരെ നിര്‍വചിക്കാനാകില്ല എന്ന് പറയുന്ന കഥയുണ്ട്. അല്ലെങ്കില്‍ ആത്മഹത്യ സ്വാഭാവിക മരണമാണെന്ന് പറയുന്ന കഥയുണ്ട്. മനസ്സില്ലാതെയും ശരീരത്തിന് ജീവിക്കാമെന്ന് പറയുന്ന കഥയുണ്ട്. ഈ കഥകളിലെ കാര്യങ്ങളെല്ലാം എനിക്കും വിശ്വസിക്കാന്‍ കഴിഞ്ഞിരുന്നു; അല്ലെങ്കില്‍ അവിശ്വസിക്കാതിരിക്കാനെങ്കിലും കഴിഞ്ഞിരുന്നു. എന്നാല്‍ വിവിയന്റെ ആത്യന്തിക ലക്ഷ്യമായ ദുഃഖമില്ലാത്ത ജീവിതത്തിലേക്കുള്ള വഴിയില്‍ ഈ കഥകള്‍ക്ക് എന്ത് പ്രസക്തിയുണ്ടെന്ന് എനിക്ക് ചിലപ്പോഴൊക്കെ സംശയം തോന്നിയിരുന്നു. അവസാനത്തെ ദിവസത്തെ കഥ കേട്ടപ്പോള്‍ മാത്രമാണ് ഈ പ്രതിസന്ധിക്ക് അവസാനമായത്. പതിമൂന്നാമത്തെ ദിവസത്തെ കഥയിലാണ് എല്ലാ കഥകളുടെയും ഏകീകരണം നടന്നത്. അന്നേരമാണ് വിവിയനറിഞ്ഞ ഓരോ കഥയും കൂടുതല്‍ അര്‍ത്ഥവത്തായി എനിക്ക് തോന്നിയത്.
അതുകൊണ്ടുതന്നെയാണ് കഥ പറഞ്ഞു കഴിഞ്ഞപ്പോള്‍ വൃദ്ധന്‍ പറഞ്ഞത്.
‘അനേകം കഥകള്‍ ചേര്‍ന്ന് വലിയ അര്‍ത്ഥമുണ്ടാകുന്നു. അര്‍ത്ഥമുണ്ടാകുന്നതോടെ ഓരോ കഥകള്‍ക്കും അതേ അര്‍ഥം വരുന്നു. ഓരോ കഥയും ഒരേ അര്‍ത്ഥത്തെ ഒളിപ്പിച്ചുവച്ചിരുന്നത് നാം തിരിച്ചറിയുന്നു’
ആത്മാവിന്റെ ഹൃദയം തനിക്ക് നേടാനാകുമെന്ന് വിവിയന് അറിയില്ലായിരുന്നു. അതുകൊണ്ട് തന്നെ, വിവിയന്‍ നാം കാണുന്ന നമുക്കിടയിലെ സാധാരണക്കാരനാണ്. സാധാരണക്കാര്‍ക്ക് ആത്മാവിന്റെ ഹൃദയം നേടാനുള്ള അസാധാരണ വഴിയാണ് വിവിയന്റെ കഥ.
ആ കഥ നിങ്ങളോടും പറയാനുള്ള ബാധ്യത എനിക്കുണ്ടെന്ന് തോന്നിയത് കൊണ്ടാണ് ഈ കഥ ഞാന്‍ എഴുതുന്നത്.
Reviews
There are no reviews yet.