കേരള നിയമസഭ
ചരിത്രപഥങ്ങള്‍
ഗ്രേഷ്യസ് ബെഞ്ചമിന്‍
കേരള നിയമസഭയുടെയും മുമ്പ് ഇവിടെ ഉണ്ടായിരുന്ന സഭക ളുടെയും പിറവി, വികാസം, സാമാജികരുടെ ധര്‍മ്മം, പെരുമാ റ്റം, ഭരണസ്ഥിരത, സഭാനടപടികള്‍, മുഖ്യമന്ത്രിമാര്‍, മന്ത്രിമാര്‍, സ്പീക്കര്‍, പ്രതിപക്ഷനേതാവ്, കക്ഷിനേതാക്കള്‍, നിയമസഭാ അംഗങ്ങള്‍ തുടങ്ങി നിയമസഭയെപ്പറ്റി അവശ്യം അറിയേണ്ട വിവരങ്ങള്‍ അവധാനതയോടെ പ്രതിപാദിക്കുന്നു. രാഷ്ട്രീയമീ മാംസ, നിയമം, ചരിത്രം തുടങ്ങിയ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍ക്കും നിയമസഭാ സാമാജികര്‍ക്കും അക്കാദമിക സമൂഹത്തിനും ഏറെ പ്രയോജനപ്രദമാകുന്ന പുസ്തകം. രണ്ടായിരത്തിലധികം കാര്‍ഷിക ലേഖനങ്ങള്‍ രചിച്ചതിന് സംസ്ഥാന സര്‍ക്കാറിന്റെ കര്‍ഷക ഭാരതി അവാര്‍ഡും 2021-ല്‍ സര്‍ക്കാറിന്റെ മികച്ച പുസ്തകത്തിനുള്ള മാധ്യമ അവാര്‍ഡും നേടിയ ഗ്രേഷ്യസ് ബഞ്ചമിന്‍ തയ്യാറാക്കിയ സവിശേഷകൃതി.
ആമുഖം
കേരളസംസ്ഥാനം രൂപംകൊള്ളുന്നതിന് മുമ്പുതന്നെ മലയാളികള്‍ക്ക് നിയമ നിര്‍മ്മാണസഭകള്‍ പരിചിതമായിരുന്നു. ജനാധിപത്യത്തിന്റെ ശ്രീകോവിലായി കണക്കാക്കുന്ന നിയമ നിര്‍മ്മാണസഭയുടെ ആദ്യമാതൃകകള്‍ നമ്മുടെ നാട്ടില്‍ നിലവില്‍ വന്നത് രാജവാഴ്ചയുടെ കാലത്താണ്. ചെങ്കോലും കിരീടവും സിംഹാസനവുമെല്ലാം ജനാധിപത്യത്തിനു വഴിമാറാന്‍ തുടങ്ങിയ കാലമായിരുന്നു അത്.
അധികാരം നഷ്ടപ്പെടാന്‍ പോകുന്നു എന്ന അങ്കലാപ്പില്‍ ജനമുന്നേറ്റങ്ങളെ എങ്ങനെയും തടഞ്ഞ് നിര്‍ത്താന്‍ തന്ത്രപ്പെട്ടവരല്ല നമ്മുടെ രാജാക്കന്മാര്‍. ജനാധിപത്യത്തിന്റെ കാഹളം വിളറിപിടിപ്പിക്കുന്ന ഒന്നായി അവര്‍ കരുതിയതുപോലുമില്ല. ജനകീയ ഭരണത്തിന്റെ വരവിനെ കോട്ടകെട്ടി തടഞ്ഞുനിര്‍ത്തുന്നതിനുപകരം രാജവീഥിയൊരുക്കി അവര്‍ സ്വീകരിക്കുകയാണ് ചെയ്തത്.
ഭരണത്തിന് വേണ്ട നിയമങ്ങളും ചട്ടങ്ങളും ഉണ്ടാക്കുന്നതിനുളള പരമാധികാരം രാജാവിനുണ്ടായിരുന്നു. നൂറ്റാണ്ടുകളായി നിലനിന്ന ആ സമ്പ്രദായത്തിന് മാറ്റം വരുത്തിക്കൊണ്ട് ഇന്ത്യയിലെ നാട്ടു രാജ്യങ്ങളുടെ ചരിത്രത്തില്‍ ആദ്യമായി ഒരു നിയമനിര്‍മ്മാണ സമിതി രൂപീകരിക്കാനുള്ള വിളംബരം നടത്തിയ ആദ്യഭരണാധികാരി തിരുവിതാംകൂര്‍ ഭരിച്ചിരുന്ന ശ്രീമൂലം തിരുനാള്‍ മഹാരാജ പ്രമുഖനായിരുന്നു. ആ തീരുമാനത്തിന്റെ ഫലമായി എട്ടംഗങ്ങളുള്ള ലെജിസ്ലേറ്റീവ് കൗണ്‍സില്‍ നിലവില്‍ വന്നു. ജനാധിപത്യത്തിലേക്കുള്ള മുന്നേറ്റത്തില്‍ മറ്റൊരു നാഴികകല്ല് കൂടി അദ്ദേഹം സ്ഥാപിച്ചു. 1904-ല്‍ രൂപംകൊണ്ട ശ്രീമൂലം പ്രജാസഭ കൊച്ചിയിലുമുണ്ടായിരുന്നു അങ്ങനെ ഒരു നിയമസഭ.
ഐക്യകേരളത്തിന്റെ മുന്നോടിയായി തിരുവിതാംകൂറും കൊച്ചിയും ഒന്നായപ്പോള്‍ തിരുകൊച്ചി നിയമനിര്‍മ്മാണസഭയും നിലവില്‍ വന്നു. ഈ നിയമനിര്‍മ്മാണസഭകളായിരുന്നു കേരള നിയമനിര്‍മ്മാണസഭയുടെ മുന്‍അടിസ്ഥാനം. ചരിത്രം എക്കാലവും നമ്മുടെ നിയമ നിര്‍മ്മാണസഭയ്‌ക്കൊപ്പമായിരുന്നു. സംസ്ഥാനം രൂപീകരിക്കുമ്പോള്‍ നിയമസഭയും മന്ത്രിസഭയും ഇല്ലാതിരുന്ന ഇന്ത്യയിലെ ഏക സംസ്ഥാനം കേരളമാണ്.
ചരിത്രം സൃഷ്ടിച്ചുകൊണ്ടാണ് കേരള നിയമ നിര്‍മ്മാണസഭ പിറന്നത്. ഇന്ത്യയില്‍ ആദ്യമായി കമ്യൂണിസ്റ്റ് പാര്‍ട്ടി ഒരു സംസ്ഥാനത്ത് അധികാരത്തിലെത്തുന്നതും ഒരു കമ്യൂണിസ്റ്റുകാരന്‍ മുഖ്യമന്ത്രിയാകുന്നതിനും ആ സഭ സാക്ഷിയായി. ആ ജനകീയ മന്ത്രിസഭയും നിയമനിര്‍മ്മാണസഭയും പിരിച്ചുവിട്ടപ്പോഴും ചരിത്രം കാത്തുനില്‍ക്കുന്നുണ്ടായിരുന്നു, പിരിച്ചുവിട്ട ഇന്ത്യയിലെ പ്രഥമ മുഖ്യമന്ത്രിയെ കാണാന്‍.
അന്നു മുതല്‍ ഇന്നുവരെ എത്രയെത്ര ജനനായകന്മാരുടെ വാഴ്ചയ്ക്കും വീഴ്ചയ്ക്കും നമ്മുടെ നിയമനിര്‍മ്മാണസഭ സാക്ഷിയായി. അറുപത്തിയേഴ് വര്‍ഷത്തിലേറെയായി ഇടത്തോട്ടും വലത്തോട്ടും മാറി മാറി തിരിഞ്ഞ് ജനാധിപത്യത്തിന്റെ ആ സ്റ്റിയറിംഗ് നമ്മെ മുന്നോട്ടു നയിക്കുന്നു.
ഗ്രേഷ്യസ് ബെഞ്ചമിന്‍
തിരുവനന്തപുരം
1-1-2025
Reviews
There are no reviews yet.