ഇതെന്റെ ആദ്യചെറുകഥാസമാഹാരവും അഞ്ചാമത്തെ പുസ്തകവുമാണ്. പന്ത്രണ്ട് വ്യത്യസ്ത പശ്ചാത്തലത്തിലുള്ള കഥകളാണ് ഇതില്‍ ഉള്‍ച്ചേര്‍ത്തിട്ടുള്ളത്. ലളിതമായി വായിച്ചുപോകാവുന്ന രീതിയിലാണ് കഥ പറഞ്ഞിരിക്കുന്നത്. തീവ്രമായ പ്രണയമുണ്ട്. പല കഥകളിലും മരണവും ഒരു കഥാപാത്രമാണ്. മനുഷ്യമനസ്സിന്റെ നിഗൂഢതകളിലേക്കും കഥ കടന്നുചെല്ലുന്നു. ഞാന്‍ കണ്ടവയോ, കേട്ടവയോ, എന്നിലേക്കൊഴുകി വന്നവയോ ആണ് പല കഥകളും. കഥകളുടെ യഥാര്‍ത്ഥ അവകാശികളുടെ മനസ്സിനരികെ ഞാന്‍ ചാരി നിന്നതേയുള്ളൂ. കഥകളായി അവ മാറുകയായിരുന്നു. ഇതിലെ ഓരോ കഥാപാത്രങ്ങള്‍ക്കും നമുക്ക് മനസ്സിലാകാത്ത ഓരോ ശരികളുണ്ട്, ചില തെറ്റുകളും. മാതൃകകള്‍ എപ്പോഴും മാതൃകകളായിരിക്കണമെന്നില്ലല്ലോ. പലപ്പോഴും അവര്‍ പൊയ്മുഖങ്ങളുമാവും. അവിടെ സ്വന്തം നിഴല്‍ മാത്രമാണ് സത്യം. നിഴലിനറിയാത്ത സത്യമുണ്ടോ എന്ന് ചില കഥാപാത്രങ്ങള്‍ നിങ്ങളോട് ചോദിക്കും. മരണത്തിന് പകരക്കാരനില്ലാത്തതുകൊണ്ടാണ് ഇവിടെ സ്‌നേഹം നിലനില്‍ക്കുന്നത് എന്ന് ചില കഥകള്‍ നമ്മെ ഓര്‍മ്മെപ്പടുത്തുന്നു. നിങ്ങളുടെ പ്രണയങ്ങള്‍ക്ക് വേരുകളുണ്ടെങ്കില്‍ അകല്‍ച്ച ഒരു വിഷയമേ അല്ല. അവിടെ പങ്കിട്ട നിമിഷങ്ങള്‍ ചെറുതും ഇനി പങ്കിടാനുള്ള ഓര്‍മ്മകളുടെ വസന്തം വലുതുമായിരിക്കും. പ്രണയത്തിന്റെ വിജയം എന്നത് വിവാഹം കഴിക്കുകയോ, മരണം വരെ പ്രണയിക്കുകയോ എന്നതല്ല. പകരം മരണത്തിനു ശേഷവും പ്രണയിക്കുക എന്നതാണെന്ന് ഈ കഥാസമാഹാരം നിങ്ങളെ ബോധ്യപ്പെടുത്തുന്നു.
ഇതിലെ കഥാബീജങ്ങള്‍ മനസ്സില്‍ തെളിഞ്ഞുവന്നപ്പോള്‍ ഒരു യാത്രയില്‍ അത് ലിപി അക്ബറുമായി പങ്കുവെയ്ക്കാന്‍ ഇടയായി. കേട്ടപ്പോള്‍ത്തന്നെ നമുക്ക് ഇതൊരു പുസ്തകമാക്കി ഇറക്കാമെന്ന് അക്ബര്‍ പറയുകയും ആത്മവിശ്വാസം നല്‍കുകയും ചെയ്തു. നന്ദി. ഈ പുസ്തകം മനോഹരമാക്കാന്‍ ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച പ്രിയകവി പി.കെ ഗോപി, നോവലിസ്റ്റ് പി. സുരേന്ദ്രന്‍, എഴുത്തുകാരന്‍ കാനേഷ് പൂനൂര്‍ എന്നിവര്‍ക്കും മനോഹരമായൊരു അവതാരിക എഴുതി നല്‍കിയ കവിയും കഥാകാരനും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണനും നന്ദി.
ഇതിലെ ലിപികള്‍ എനിക്കുമാത്രം പരിചിതമായതാണ്. വായിച്ചു വിലയിരുത്തുക.
സ്‌നേഹപൂര്‍വ്വം,
എം.എ. സുഹൈല്‍
Reviews
There are no reviews yet.