ബോസ്ഫറസിന്റെ തീരങ്ങളില്‍
(യാത്രാവിവരണം)
അഹ്‌മദ് വയലില്‍
യാത്ര അനുഭൂതിദായക നിമിഷങ്ങള്‍ സമ്മാനിക്കുന്നു. സ്വയം നവീകരണവും അവബോധവും സാധ്യമാക്കുന്നു. പുറപ്പെട്ടുപോകുക എന്നത് ചരിത്രത്തെ തേടിയുള്ള സഞ്ചാരമാണ്. ഓരോ ദേശവും പുതിയ ചരിത്രമാണ്. സാംസ്‌കാരിക വിനിമയങ്ങളും ജീവിത സംസ്‌കൃതിയും പറഞ്ഞു തരുന്ന ചരിത്രപുസ്തകമാണ് ഓരോ രാജ്യവും.
ആമുഖം
യാത്രകള്‍ സമ്മാനിക്കുന്നത്
‘യാത്ര നിങ്ങളെ ഒരു നിമിഷം നിശബ്ദനാക്കുന്നു. പിന്നെ മികച്ചൊരു കഥ പറച്ചിലുകാരനുമാക്കുന്നു’
– ഇബ്‌നു ബത്തൂത്ത
ഓരോ യാത്രയും പുതിയ അനുഭവങ്ങളും അറിവുകളും സമ്മാനിക്കുന്നു. വൈജ്ഞാനികവും സാംസ്‌കാരികവും ചരിത്രപരവുമായ പുതിയ ലോകത്തേക്ക് ആനയിക്കുന്നു എന്നതാണ് യാത്രകള്‍ നല്‍കുന്ന പാഠങ്ങള്‍. മനുഷ്യസമൂഹത്തിന്റെ വൈവിദ്ധ്യങ്ങളായ ജീവിതമെങ്ങനെ എന്ന തിരിച്ചറിവും യാത്ര നല്‍കുന്ന ഗുണമാണ്. അതിലുപരി സ്വയം നവീകരിക്കാനും പുതുചിന്തകളെ സൃഷ്ടിക്കാനും സഞ്ചാരം സാധ്യത ഒരുക്കുന്നു. ‘നിങ്ങള്‍ ഭൂമിയിലെ യാത്രികരാകുക…’ ഖുര്‍ആന്‍ നല്‍കുന്ന സന്ദേശം യാത്രയുടെ സാമൂഹ്യതലങ്ങളെയാണ് ദ്യോതിപ്പിക്കുന്നത്.
യാത്ര ഇഷ്ടപെടാത്തവര്‍ വിരളം. യാത്രയെ സര്‍വരും പ്രണയിക്കുന്നു. അവധിക്കാലയാത്രകള്‍ എത്ര ആസ്വാദ്യകരമാണ്. ജീവിതത്തിലെ ഹൃദ്യമായ യാത്ര പഠനകാലത്തു കൂട്ടുകാര്‍ക്കൊപ്പമുള്ള യാത്രകളാ യിരിക്കും. പ്രകൃതിയെ പുണര്‍ന്നും മഴയെ ആസ്വദിച്ചുമുള്ള ആ യാത്രകള്‍ അനിര്‍വചനീയമാണ്. സതീര്‍ഥ്യരുമൊത്തുള്ള ചങ്ങാത്തസഞ്ചാരം ജീവിതത്തിലൊരിക്കലും മറക്കാന്‍ കഴിയില്ല. ഓര്‍മ്മകള്‍ പെയ്യുന്ന യാത്രകള്‍… പിന്നെ പ്രകൃതിയെ പുണര്‍ന്ന് ഏകാന്തയിലേക്ക് തനിയെ നടത്തിയ യാത്രകള്‍… യാത്രകള്‍ സമ്മാനിക്കുന്നത് ഓരോരോ അനുഭവങ്ങളാണ്. ഓരോ യാത്രികനും ഒരു ചരിത്രപഥികനാണെന്ന ആപ്തവാക്യം സുവിദിതമാണ്… അതിജീവനത്തിനായുള്ള പലായനവും ഒരര്‍ത്ഥത്തില്‍ യാത്ര തന്നെയാണ്. പിറന്ന നാടും വീടും കുടുബവും ഉപേക്ഷിച്ച് ഉപജീവനം തേടിയും ജീവന്‍ നിലനിര്‍ത്താനുമുള്ള അനാഥത്വം പേറിയുള്ള പലായനം. ഇത് ജീവിതം തിരിച്ചു പിടിക്കാനുള്ള യാതനാ പൂര്‍ണമായ സഞ്ചാരമാണ്. മനുഷ്യാധിവാസം തൊട്ടേ യാത്രയും കൂടെയുണ്ട്. മരച്ചുവട്ടില്‍ വിശ്രമിക്കുന്ന വഴിപോക്കനെ പോലെയാണ് മനുഷ്യന്റെ ജീവിതമെന്ന് വീക്ഷിച്ചത് മുഹമ്മദ് നബിയാണ്. സാരവത്തായ നിരീക്ഷണം. അഥവാ മനുഷ്യന്‍ തണലിടം തേടുന്ന യാത്രികനാണെന്ന് സാരം.
മനുഷ്യസമൂഹത്തിന്റെ സമ്മിശ്ര ജീവിത രുചികള്‍ ആസ്വദിക്കാനും വിവിധ സംസ്‌കാരങ്ങളും ചുറ്റുപാടുകളും മനസ്സിലാക്കാനും യാത്ര സഹായകരമാകാറുണ്ട്. പരിശുദ്ധ ഖുര്‍ആന്‍ യാത്രയെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ്: ‘നിങ്ങള്‍ അല്ലാഹുവിന്റെ ഭൂമി മുഴുവന്‍ ചുറ്റി സഞ്ചരിക്കുക.’ പ്രശസ്ത ലോകസഞ്ചാരിയായ ഇബ്‌നു ബത്തൂത്ത പറയുന്നുണ്ട്: ‘യാത്ര ഒരുനിമിഷം നിങ്ങളെ നിശ്ശബ്ദനാക്കുന്നു. പിന്നെ നിങ്ങള്‍ക്ക് മുന്നില്‍ ഒരു കഥ പറച്ചിലുകാരനായി മാറുന്നു.’
യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടാത്തവര്‍ വിരളമായിരിക്കും. പല രാജ്യങ്ങളുടെയും ചരിത്ര-ചിത്ര വര്‍ത്തമാനങ്ങള്‍ കണ്‍മുന്നിലെത്തുമ്പോള്‍ അതൊന്നു നേരെ കാണാന്‍ ആരും കൊതിക്കും. ഞാന്‍ ആദ്യമായി വിദേശയാത്ര നടത്തുന്നത് 2009-ലാണ്. ഒരു വിനോദ യാത്രയായിട്ടല്ല, കലുഷിതമായ ജീവിത പ്രാരാബ്ധങ്ങള്‍ക്കിടയില്‍ നിന്നും ജീവിതം ഒരു കരക്കടുപ്പിക്കാന്‍ വേണ്ടി സ്വപ്‌നങ്ങള്‍ കെട്ടിപ്പൊതിഞ്ഞു യു.എ.ഇ.യിലേക്കുള്ള യാത്രയായിരുന്നു അത്. മലയാള മണ്ണില്‍ നിന്നും വ്യത്യസ്തമായി, വ്യത്യസ്ത ഭാഷകളും സംസ്‌കാരങ്ങളും ചിന്താരീതികളുമുള്ള ഒരുപാട് രാജ്യക്കാരെ ദുബൈയില്‍ കാണാന്‍ കഴിഞ്ഞു. ഇവരുമായുള്ള ഇടപെടലുകളിലൂടെയാണ് വിവിധ നാടുകള്‍ സന്ദര്‍ശിക്കണമെന്ന എന്റെ ആഗ്രഹം മൊട്ടിട്ടു തുടങ്ങിയത്. പതിയെ പതിയെ സമയ സാഹചര്യങ്ങള്‍ ഒത്തുവന്നതും എന്റെ സ്വപ്‌നങ്ങള്‍ക്ക് ചിറകു മുളച്ചു തുടങ്ങി.
ഖത്തറിലേക്കായിരുന്നു കന്നിയാത്ര. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും കൂടെ ഖത്തറിന്റെ സൗകുമാരികത കണ്‍നിറയെ കണ്ടാസ്വദിക്കാനായി. പിന്നീട്, ഒമാന്‍, സഊദി അറേബ്യ, അര്‍മേനിയ, അസര്‍ബൈജാന്‍, ജോര്‍ജിയ, സെര്‍ബിയ, ഈജിപ്ത്, ഇംഗ്ലണ്ട്, സ്‌കോട്ട്‌ലാന്‍ഡ്, വെയില്‍സ്, തുര്‍ക്കി എന്നീ രാജ്യങ്ങളും സന്ദര്‍ശിച്ചു. ഈ രാജ്യങ്ങളില്‍ എനിക്കേറെ മനോഹരമായി തോന്നിയത് തുര്‍ക്കിയാണ്. തുര്‍ക്കി സന്ദര്‍ശനം എന്റെ ഏറെക്കാലത്തെ അഭിലാഷമായിരുന്നു. അതിനായി നേരത്തെ തന്നെ തുര്‍ക്കിയെ കുറിച്ച് പഠനം നടത്തുകയും, തുര്‍ക്കിയിലെ സാംസ്‌കാരിക-നാഗരിക വര്‍ത്തമാനങ്ങള്‍ പറയുന്ന സ്രോതസ്സുകള്‍ പരമാവധി അന്വേഷിച്ചു കെണ്ടത്തുകയും ചെയ്തു. തുര്‍ക്കിയുടെ മനോഹാരിത വായിച്ചറിഞ്ഞതും മനസ്സിന്റെ ഉള്ളറകളില്‍ തുര്‍ക്കിയിലെത്താനുള്ള തിടുക്കം കൂടി. അങ്ങനെയാണ് കുടുംബത്തെയും കൂട്ടി തുര്‍ക്കി യാത്രക്കുള്ള ഒരുക്കങ്ങള്‍ ആരംഭിക്കുന്നത്.
തുര്‍ക്കിയിലേക്കുള്ള വിസ എടുക്കലായിരുന്നു ആദ്യ കടമ്പ. പല ഏജന്റുമാരെയും ബന്ധപ്പെട്ടപ്പോള്‍ പലരും വ്യത്യസ്ത മാനദണ്ഡങ്ങളായിരുന്നു മുന്നോട്ട് വെച്ചത്. ആശങ്കകള്‍ക്ക് നില്‍ക്കാതെ പിന്നീട് ഞാന്‍ ദുബായ് വാഫി മാളില്‍ ഉള്ള ഢടഎ ഏഹീയലഹലേക്ക് പോയി, കാര്യങ്ങള്‍ നേരിട്ട് അന്വേഷിക്കുകയും അവിടെ നിന്ന് നിര്‍ദ്ദേശം കിട്ടിയതനുസരിച്ചു വിസയ്ക്ക് അപേക്ഷിക്കുകയും ചെയ്തു. വിസ കയ്യില്‍ കിട്ടുമോ എന്ന ആശങ്ക പൂര്‍ണ്ണാര്‍ത്ഥത്തില്‍ പെയ്‌തൊഴിഞ്ഞിട്ടില്ലായിരുന്നു അപ്പോഴും.
എന്നാല്‍, മൂന്നു ദിവസത്തിനുശേഷം ദുബായിലെ പ്രമുഖ കൊറിയര്‍ കമ്പനയിയായ ദമഷലഹല്‍ നിന്നും കവര്‍ ലഭിച്ചു. പാസ്‌പോര്‍ട്ട് തുറന്നു നോക്കിയപ്പോള്‍ ഒരു മാസത്തേക്കുള്ള തുര്‍ക്കി വിസ അനുവദിച്ചു കിട്ടിയത് കാണാനുമായി. ജീവിതത്തിലെ ഒരു സുന്ദര സ്വപ്‌നസാക്ഷാത്കാരമെന്നോണം, മൂന്ന് ദിവസത്തിനകം വിസ കിട്ടുകയും ചെയ്തു. ഇനി തുര്‍ക്കി യാത്രക്കുള്ള തയ്യാറെടുപ്പാണ്. ഫ്‌ളൈറ്റ്, ഹോട്ടല്‍ റൂമുകള്‍ ബുക്ക് ചെയ്യല്‍, സന്ദര്‍ശന കേന്ദ്രങ്ങള്‍ അടക്കം പല കാര്യങ്ങളും തീരുമാനമെടുക്കാനുണ്ട്. പരിചയക്കാരായ സുഹൃത്തുക്കളാരും തുര്‍ക്കിയിലില്ല. അവിടെ ടര്‍ക്കിഷ് മാത്രമേ കൂടുതലായി സംസാരിക്കൂ എന്ന് കേട്ടത് കൊണ്ടുതന്നെ ഒരു ഗൈഡിന്റെ ആവശ്യം ഞങ്ങള്‍ മുന്‍കൂട്ടി കണ്ടിരുന്നു. വീഡിയോകളില്‍ കണ്ട പലരെയും ഞങ്ങള്‍ ബന്ധപ്പെട്ടു.
ലോകത്തിന്റെ ഏത് മുക്കിലുംമൂലയിലും പോയാലും മലയാളിക്ക് അഭയമായി ഒരു മലയാളി ഉണ്ടാകുമെന്നു കേട്ടിട്ടുണ്ട്. ആഗ്രഹിച്ചത് പോലെ തന്നെ പരിചയ സമ്പന്നനായ ഒരു മലയാളിയെ ഞങ്ങള്‍ക്ക് കിട്ടി, ആലുവക്കാരന്‍ സാബിക് സക്കരിയ. മുന്നൊരുക്കങ്ങള്‍ ഏറെ കുറെ പൂര്‍ത്തിയായതും യാത്രയുടെ ദിവസം കൂടി ഞങ്ങള്‍ നിശ്ചയിച്ചു. 2023 ഏപ്രില്‍ 23 ഞായറാഴ്ച ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നും ഇസ്താംബൂള്‍ സബീഹാ ഗോകന്‍ എയര്‍പോര്‍ട്ടിലേക്കു ഞങ്ങള്‍ യാത്ര തിരിച്ചു.
ആദ്യവിദേശ യാത്ര
സ്വപ്‌നങ്ങളുടെ പറുദീസ എന്ന് ലോകം നിര്‍വചിക്കുന്ന ദുബൈ യിലേക്കാണ് ഞാന്‍ ആദ്യമായി കടല്‍ കടന്നത്. ഒരുപാട് വൈകാരിക മുഹൂര്‍ത്തങ്ങള്‍ നല്‍കിയ യാത്ര. ഇത് ഒരു അറബ് രാജ്യത്തെ പ്രണയിച്ചുള്ള യാത്രയായിരുന്നില്ല. ഉപജീവനം തേടി സ്വന്തം നാട്ടില്‍ നിന്ന് മറ്റൊരു പറിച്ചുനടലായിരുന്നു. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനുള്ള അതിജീവനത്തിന്റെ സഞ്ചാരം. 2009-ല്‍ ഞാന്‍ യു.എ.യിലേക്ക് പറന്നു. യുവത്വത്തിന്റെ ഊര്‍ജവും കരുത്തും മാത്രം കൈമുതലാക്കിയുള്ള യാത്ര. പ്രവാസത്തിലേക്കുള്ള കൂടുമാറ്റം. ദുബൈയില്‍ എത്തിയപ്പോള്‍ എന്റെ സ്വപ്‌നങ്ങള്‍ക്ക് ഗതിവേഗം വര്‍ധിച്ചു. ലോകം ഒന്നായി ഈ ഭൂമികയില്‍ ഒഴുകി പരക്കുന്ന വിസ്മയക്കാഴ്ച. വിവിധ സംസ്‌കാരം, ഭാഷ, ഭക്ഷണം, വസ്ത്രരീതി. ലോകത്തിന്റെ സാംസ്‌കാരിക സാകല്യം ദുബൈ യില്‍ സമന്വയിക്കുന്നു. വായിച്ചറിഞ്ഞ ദുബൈയിയേക്കാള്‍ മനോഹരമാണ് കണ്ടറിഞ്ഞ ദുബൈ എന്ന് ബോധ്യപ്പെട്ട നിമിഷം. ക്രമേണ ദുബൈ എന്ന സൈകതഭൂമിയോട് സമരസപെട്ടു. ജോലിക്കിടയിലെ ഒഴിവു ദിനങ്ങള്‍ ദുബൈയുടെ നാലതിരുകളും തേടി നടന്നു. ഒരായിരം സ്വപ്‌നങ്ങളുമായി എത്തിയ ജനങ്ങള്‍. ആധുനിക ടെക്‌നോളജിയുടെ സര്‍വ്വ സാധ്യതകളും ക്രിയാത്മകമായി തന്നെ വിനിയോഗിച്ച ദുബൈ എന്നെ ഏറെ സ്വാധീനിച്ചു.
ലോകം ദുബൈ എന്ന കൊച്ചു രാജ്യത്തിലേക്ക് ചുരുങ്ങിയിരിക്കുന്നു എന്ന പ്രതീതി. ഒരു സീബ്രാക്രോസില്‍ തന്നെ അനേകം രാജ്യക്കാര്‍ റോഡ് മുറിച്ചു നടക്കുന്ന കാഴ്ച. അനേകം ഭാഷകള്‍… ലോകത്തെ കുറിച്ച് അറിയാന്‍ ദുബൈയിലെ ഈ ജീവിതസങ്കലനം എനിക്ക് പ്രചോദനം നല്‍കി. ഓരോരോ രാജ്യവും നേരിട്ട് തന്നെ കാണാനും അനുഭവിക്കാനും മനസ്സ് മന്ത്രിച്ചു. അങ്ങനെയാണ് ആദ്യം ഖത്തറിലേക്ക് പോയത്. പിന്നെ ഒരുപാട് രാജ്യങ്ങള്‍ സന്ദര്‍ശിച്ചു.
ഒമാന്‍, സൗദി അറേബ്യ, ആര്‍മിനിയ, അസര്‍ ബൈജാന്‍, ജോര്‍ജിയ, സെര്‍ബിയ, ഈജിപ്ത്, ഇംഗ്ലണ്ട്. സ്‌ക്കോട്ട് ലാന്‍ഡ്, വെയില്‍സ്, തുര്‍ക്കി, മലേഷ്യ, ഹംഗറി, ഓസ്ട്രിയ, ജര്‍മനി, ഫ്രാന്‍സ്, സ്വിറ്റ്‌സര്‍ ലാന്‍ഡ്, സൈപ്രസ്, എത്യോപ്യ ഇവയില്‍ എന്നില്‍ ഏറെ സ്വാധീനം ചെലുത്തിയ രാജ്യമാണ് തുര്‍ക്കി. ബോസ്ഫറസ് നദിയുടെ തീരങ്ങളിലൂടെ നടക്കുമ്പോള്‍ അങ്കാറയുടെ സമസ്തസൗന്ദര്യവും ചരിത്രവും ഒരു ദര്‍പ്പണത്തിലെന്നോണം ഹൃദയത്തില്‍ നിറഞ്ഞുനിന്നു. നായനാനന്ദകരമായ കാഴ്ചകള്‍ സമ്മാനിച്ചു. തുര്‍ക്കിയിലേക്കുള്ള യാത്ര എളുപ്പമായിരുന്നില്ല. നിരവധി കടമ്പകളും നിയമപ്രശ്‌നവും മുന്നില്‍ തടസ്സം സൃഷ്ടിച്ചു. തുര്‍ക്കിയിലേക്ക് വിസ എടുക്കാന്‍ പല ഏജന്റുമാരെയും സമീപിച്ചു. പലരും നിരവധി മാനദണ്ഡം പറഞ്ഞു. യാത്രചെയ്യാന്‍ കഴിയില്ലേ എന്നില്‍ ആശങ്ക കനത്തു. പക്ഷെ, നിരാശയെ അവഗണിച്ചു ഞാന്‍ തീവ്രശ്രമം നടത്തി. ദുബൈ വാഫി മാളില്‍ ചെന്ന് കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കി. അവരുടെ നിര്‍ദ്ദേശം അനുസരിച്ച് വിസയ്ക്ക് അപേക്ഷിച്ചു. വിസ ലഭിക്കുമോ?! മനസ്സില്‍ സംശയം പെരുത്തു. മഴ കാത്ത് ഇരിക്കുന്ന വേഴാമ്പലിനെ പോലെ വിസയ്ക്കായി ഞാന്‍ കാത്തിരുന്നു. മൂന്നാംനാള്‍ കൊറിയര്‍ വിസ അടിച്ചു കിട്ടി. തുര്‍ക്കി യാത്രയ്ക്കുള്ള അപ്രൂവല്‍ ലഭിച്ചു. ഹൃദയം സന്തോഷം കൊണ്ട് നിറഞ്ഞു. നീണ്ട നാളത്തെ പരിശ്രമഫലം.
ഒരു സ്വപ്‌നം സഫലമായ ആനന്ദനിമിഷം. തുര്‍ക്കിയിലേക്കുള്ള യാത്രയ്ക്കുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി. ഫ്‌ളൈറ്റ്. ഹോട്ടല്‍ റൂം ബുക്കിംഗ്, തുര്‍ക്കിയിലെ പ്രധാന കേന്ദ്രങ്ങളുടെ ചാര്‍ട്ട് തുടങ്ങി എല്ലാം കൃത്യമായി പ്ലാന്‍ ചെയ്തു. ടര്‍ക്കിഷ് ഭാഷയാണ് തുര്‍ക്കിയില്‍ സിംഹഭാഗവും ആശയവിനിമയത്തിന് ഉപയോഗിക്കുന്നത്. തുര്‍ക്കി മാതൃഭാഷയും ടര്‍ക്കിഷ് തന്നെ. ഇത് ചെറിയൊരു ആകുലത സൃഷ്ടിച്ചതിനാല്‍ യാത്രാഗൈഡിനെ കൂടി കണ്ടെത്തിയിരുന്നു. മലയാളിയും ആലുവക്കാരനുമായ സാബിക്ക് സക്കറിയ. എല്ലാം പ്രപഞ്ചനാഥന്റെ കൃപയും അനുഗ്രഹവും. ഒടുവില്‍ 2023 ഏപ്രില്‍ 23 ഞായറാഴ്ച ദുബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നും പുറപ്പെട്ട് ഇസ്താംബൂള്‍ സബീഹാ ഗോകന്‍ എയര്‍പോര്‍ട്ടില്‍ ഞങ്ങള്‍ ലാന്‍ഡ് ചെയ്തു. തുര്‍ക്കിയുടെ ചരിത്രത്തിലേയ്ക്ക് ഞങ്ങളുടെ കൂടി പാദം പതിഞ്ഞു. തുര്‍ക്കിയിലെ നാളുകള്‍ വിസ്മയജനകമായിരുന്നു. കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകള്‍. ചരിത്രത്തിന്റെ ഹൃദയമിടിപ്പുകള്‍ കേട്ടും കണ്ടും ആസ്വദിച്ചുമുള്ള ദിനരാത്രങ്ങള്‍. പ്രകൃതിയുടെ സമസ്ത ലാവണ്യവും സമഞ്ജസമായി മേളിച്ച ബോസ്ഫറസിന്റെ സൗന്ദര്യഭൂമിയില്‍ ചിലവഴിച്ച നാളുകള്‍ സന്തോഷദായകമായിരുന്നു. ആ ദിനങ്ങള്‍ പകര്‍ന്ന കാഴ്ചകള്‍, അനുഭവങ്ങള്‍, പാഠങ്ങള്‍ അക്ഷരങ്ങളാക്കാന്‍ അന്നേ ആഗ്രഹിച്ചതാണ്. അത് സഫലമായി. ഈ അക്ഷരയാത്രയ്ക്ക് പ്രചോദനം എന്റെ ജീവിതത്തിലെ സഹയാത്രിക സുഹയ്‌ലയാണ്.
എന്റെ ജീവിതയാത്രയിലെ പ്രഥമ അക്ഷരവെളിച്ചം കൂടിയായ ഇത് സാര്‍ത്ഥകമാക്കാന്‍ സഹായിച്ച സര്‍ഗ്ഗസുഹൃത്ത് കെ.വി.കെ. ബുഖാരി, പ്രിയ സുഹൃത്തുക്കള്‍, സാക് സതീര്‍ഥ്യര്‍, ലിപി ബുക്‌സ് മാനേജിംഗ് ഡയറക്ടര്‍ ജനാബ് ലിപി അക്ബര്‍ എന്നിവരെ നന്ദിയോടെ ഓര്‍ത്തുസ്മരിക്കുന്നു. ‘ബോസ്ഫറസിന്റെ തീരങ്ങളില്‍’ ഈ കൃതി അനുവാചകലോകത്തിന് സമര്‍പ്പിക്കുന്നു…
അഹ്‌മദ് വയലില്‍
00971543691077
Reviews
There are no reviews yet.