പോക്കറിന്റെ ലോകം
(നോവല്‍)
ഡോ. ഫിറോസ് ഖാന് പാണ്ടിക്കാട്
ഗ്രാമീണ ജീവിതത്തിൻ്റെ ആർദ്രതയും ഗൾഫ് പ്രവാസത്തിൻ്റെ പോസിറ്റീവ് വായനയും ഒത്തുചേരുന്ന നോവൽ. സാഹചര്യത്തിന്റെ സമ്മർദ്ദങ്ങൾ കാരണം പ്രവാസ ജീവിതം നയിക്കേണ്ടി വരുന്ന പോക്കറിന്റെ ജീവിതത്തെ ജീവനുള്ള അക്ഷരങ്ങളിൽ വരച്ചിട്ടിരിക്കുകയാണ് ഈ കൃതിയിൽ. മാനുഷിക ബന്ധങ്ങളുടെ ഊഷ്മളതയും നഷ്ടപ്പെട്ട ബാല്യകാല സ്മരണകളും ഗൃഹാതുരത്വത്തിന്റെ നേർത്ത നൊമ്പരങ്ങളും നോവുരസവും ഈ നോവലിലൂടെ വായനക്കാരന് അനുഭവിക്കാനാവും.
ആമുഖം
പിറന്ന നാള് മുതല്‍ ജീവിതത്തോട് ചേരുന്നതാണ് സ്വന്തം നാട്. ഉമ്മയെ കണ്ടനാള്‍ മുതല്‍ കണ്ണില്‍ കാണുന്നത്. നാട്ടിലെ ആളുകള്‍, കാഴ്ചകള്‍, രീതികള്‍ എല്ലാം നമ്മുടെ സ്വന്തമായി മാറുന്നു. അത്തരമൊരു കാഴ്ചയിലേക്ക് പോക്കരുടെ ജീവിതത്തെ ചേര്‍ത്തുവെച്ചതാണ് ഈ നോവല്‍.
കുട്ടിക്കാലംതൊട്ട് ആളുകളെ നിരീക്ഷിക്കാന്‍ എനിക്കിഷ്ടമായിരുന്നു. ഏതു മനുഷ്യരിലും എന്നും കൂടുതലുള്ളത് നന്മയാണെന്ന് ചെറുപ്പത്തില്‍ തന്നെ തിരിച്ചറിഞ്ഞു. ആ നന്മകൊണ്ടാണ് ആളുകള്‍ കുടുംബത്തിനുവേണ്ടി കഷ്ടപ്പെടുന്നത്. പരസ്പരം സ്നേഹിച്ച് ജീവിക്കുന്നത്. കുടുംബം നന്നായിരിക്കാന്‍, അതേ കുടുംബത്തെ വിട്ട് പ്രവാസിയാവാന്‍ മനസ്സുകാണിക്കുക എന്നത് വലിയ ത്യാഗം തന്നെയാണ്. സ്വന്തം നാടും വീടും വിട്ട്, ജീവിതത്തിലെ യഥാര്‍ത്ഥ സന്തോഷങ്ങള്‍ വിട്ട്, നാളെയൊരുനാള്‍ സന്തോഷത്തിനുള്ള വഴി തേടിപ്പോവലാണ് പ്രവാസം. കഷ്ടപ്പെടാനാണ് പോകുന്നത്. നിത്യവും എത്രയോ മണിക്കൂറുകള്‍ അദ്ധ്വാനിക്കണം. കുറഞ്ഞ വരുമാനത്തില്‍നിന്ന് കരുതിവെച്ചുവേണം, കടംവീട്ടാന്‍, കെട്ടിച്ചയക്കാന്‍, വീടുണ്ടാക്കാന്‍, സമ്പന്നനാവാന്‍.
സൗദിയില്‍ കിങ് ഖാലിദ് മെഡിക്കല്‍ കോളേജില്‍ കുറച്ചുകാലം ഡോക്ടറായി സേവനം ചെയ്യാന്‍ എനിക്ക് അവസരമുണ്ടായി. അനുഭവങ്ങളുടെ പറുദീസയായിരുന്നു ആ കാലമെന്ന് പറയാതെ വയ്യ. പ്രവാസിയുടെ നൊമ്പരങ്ങള്‍ കാണാനും അനുഭവിക്കാനും സാധിച്ചകാലം. ഓരോ നിശ്വാസത്തിലും സങ്കടങ്ങളുടെ സമ്മര്‍ദ്ദങ്ങളെ ഒഴുക്കിക്കളയാന്‍ ആഗ്രഹിക്കുന്നവരാണ് പ്രവാസികളെന്ന് പഠിച്ചത് അക്കാലത്താണ്. ആശുപത്രിയിലായിരുന്നതുകൊണ്ട് വേദനകളുള്ള ആളുകളെയാണ് കൂടുതലും കണ്ടത്. അസുഖമുള്ളപ്പോഴാണല്ലോ ഒറ്റയ്ക്കാവുന്നത്. അത്തരം വേദനകളുടെ കൂട്ടത്തില്‍ ഞാന്‍ കണ്ട കാഴ്ചകള്‍ എന്നും മനസ്സില്‍ ഊറിക്കിടക്കുന്നുണ്ടായിരുന്നു. നാട്ടുകാരും സുഹൃത്തുക്കളും ബന്ധുക്കളുമൊക്കെ അക്കൂട്ടത്തിലുണ്ടായിരുന്നു. എന്റെയുള്ളില്‍ അതൊരു കഥയായി രൂപംകൊണ്ടു. അവര്‍ക്കിടിയിലേക്ക് നായകനായി പിറന്നുവീണതാണ് പോക്കര് എന്ന ജീവിതം.
മറ്റെവിടത്തെയും പോലെ കഷ്ടപ്പാടുകളെ സ്നേഹത്തോടെ സഹിച്ചവരായിരുന്നു ചെറുകോട്ടേയും ആളുകള്‍. നാലു പീടികകളും മീന്‍കൊട്ടയും കടലച്ചട്ടിയുമൊക്കെയുണ്ടായിരുന്ന അങ്ങാടി. അവിടെ കുട്ടിക്കാലത്ത് കണ്ട കാഴ്ചകളില്‍ നല്ല കുറേ മനുഷ്യരുമുണ്ടായിരുന്നു. അവരില്‍ ചിലരെയെല്ലാം സൗദിയില്‍ വെച്ച് കണ്ടു. പലതും കണ്ണീര്‍ക്കാഴ്ചകളായിരുന്നു. നാടും അവിടുത്തെ ആളുകളും എന്നും നല്ല കഥാപാത്രങ്ങളായി മനസ്സിലുണ്ടായിരുന്നു. അവര്‍ക്കിടയിലേക്ക് ഒരുനാള്‍ പോക്കര് ഇറങ്ങിവന്നു. അവരോട് സംസാരിച്ചു. അവര്‍ക്കിടയില്‍ ജീവിച്ചു. പ്രിയപ്പെട്ട നാടും നാട്ടുകാരുമെന്ന യാഥാര്‍ത്ഥ്യത്തിലേക്ക്, സങ്കല്‍പ്പത്തിലെ നായകനായി പോക്കരെത്തിയപ്പോള് അത് നാട്ടുകാരോട് പറയാന്‍ ഞാന്‍ കണ്ട ഉപായമാണ് ‘പോക്കരിന്റെ ലോകം’. ജീവിതം കെട്ടിപ്പടുക്കാനായി കഷ്ടപ്പെട്ട പ്രവാസികളോടാണ് കടപ്പാട്. എന്റെ പ്രിയപ്പെട്ട നാടാണ് ഈ നോവലിന്റെ പശ്ചാത്തലം.
അറ്റമില്ലാത്ത കഷ്ടതയുടെ പേരാണ് പ്രവാസമെന്ന് ചിലപ്പോഴൊക്കെ എനിക്ക് തോന്നാറുണ്ട്. ഒരിക്കല്‍ പ്രവാസിയായാല് പിന്നെ എന്നും പ്രവാസിയായിരിക്കും. അല്ലെങ്കില്‍ അതിന് ആഗ്രഹിച്ചുകൊണ്ടേയിരിക്കും. സാഹചര്യം അവിടെ എത്തിച്ചുകൂടായ്കയുമില്ല. ഒരിക്കലും അവസാനിക്കാത്ത പ്രവാസലോകത്തിന്റെ പ്രതിനിധിയായി, അത്തരമൊരു സാധാരണക്കാരനായി പോക്കര് നമുക്കിടയിലുണ്ട്. കൈകൊടുത്ത് സ്വീകരിച്ചാലും. പോക്കര്‍ക്ക് ജീവിക്കാനുള്ള മണ്ണൊരുക്കിയ എന്റെ സ്വന്തം നാടിന് ഈ പുസ്തകം സമര്‍പ്പിക്കുന്നു.
ഡോ. ഫിറോസ്ഖാന് പാണ്ടിക്കാട്
അവതാരിക
നാട്ടുമ്പുറത്തിന്റെ ആര്‍ദ്രതയും
ഗള്‍ഫ് പ്രവാസത്തിന്റെ പോസിറ്റീവ് വായനയും
ഗള്‍ഫ് പ്രവാസം ഒരു നിയോഗവും ദൗത്യവുമാണ്. ഓരോ പ്രവാസിയുടെയും ജീവിതത്തിന് മരുഭൂമിയുടെ ചൂടും മണല്‍ക്കാറ്റിന്റെ രൗദ്രതയും മണല്‍ത്തരികളില്‍ പറ്റിപ്പിടിച്ച വിയര്‍പ്പിന്റെ ഗന്ധവുമുണ്ട്. ഒറ്റപ്പെടലിന്റെ ഇരുളിലും നാടിനെയും വീടിനെയും ഉറ്റവരെയും ഓര്‍ത്ത് നീറിപ്പുകയുന്ന മനസ്സിന്റെ തേങ്ങലുകളുടെ കണ്ണീരില്‍ കുതിര്‍ന്ന കഥകളുണ്ട്.
ഈ നോവല്‍, സാഹചര്യത്തിന്റെ സമ്മര്‍ദ്ദങ്ങള്‍ കാരണം പ്രവാസിയായിത്തീര്ന്ന അത്തരമൊരു വെറും നാടന്‍ പ്രവാസിയുടെ നിഷ്കളങ്കമായ ജീവിതത്തെയാണ് ജീവനുള്ള അക്ഷരങ്ങളില്‍ വരച്ചിട്ടിരിക്കുന്നത്. മരുഭൂമിയുടെ വരണ്ട ജീവിതത്തില്‍ പച്ചപ്പ് തേടിയലയുന്നവരുടെ, സ്നേഹബന്ധങ്ങളുടെ കെട്ടുറപ്പിനായ് ദാഹിക്കുന്നവരുടെ, ഒറ്റപ്പെടലിന്റെ വേദനയില്‍ നീറിപ്പുകയുന്നവരുടെയെല്ലാം നേര്‍ച്ചിത്രമാണിത്. ഇവിടെ നാം കാണുന്നത് വെറുമൊരു കഥയല്ല, മറിച്ച് തലമുറകളായി ഗള്‍ഫ് മണ്ണില്‍ ജീവിതവും അതോടൊപ്പം പ്രിയപ്പെട്ടതെല്ലാം ഹോമിച്ചവരുടെ ആത്മാംശമാണ്. അവരുടെ ചിരിയും കണ്ണീരും, പ്രതീക്ഷകളും നിരാശകളും, നേട്ടങ്ങളും കോട്ടങ്ങളുമെല്ലാം ഈ താളുകളില്‍ ജീവസ്സുറ്റതാകുന്നു.
പോക്കര് എന്ന കരുത്തുറ്റ കഥാപാത്രത്തെയാണ് നോവലിസ്റ്റ് ഡോ. ഫിറോസ്ഖാന് അവതരിപ്പിക്കുന്നത്. പോക്കരുടെ ജീവിതം നമ്മുടെ നാട്ടിന്‍പുറങ്ങളിലുണ്ട്. പോക്കര് നടന്നുനീങ്ങിയ വഴികളിലുടനീളം ഗൃഹാതുരത്തത്തിന്റെ നോവുരസം വായനക്കാരന് പകര്ന്നുനല്കും.
ഈ നോവലിന്റെ ശാദ്വലതീരത്തിലൂടെ സഞ്ചരിക്കുന്ന പോക്കര് എന്ന കഥാപാത്രം അവതരിപ്പിക്കുന്നത് ഒരു ഗള്‍ഫ് പ്രവാസിയുടെ ജീവിതം മാത്രമല്ല മറിച്ച്, മാനുഷിക ബന്ധങ്ങളുടെ ഊഷ്മളതയും, നഷ്ടപ്പെട്ട ബാല്യകാല സ്മരണകളും, ഗൃഹാതുരത്വത്തിന്റെ നേര്‍ത്ത നൊമ്പരങ്ങളുമെല്ലാം ഈ കൃതിയില്‍ ഇഴചേര്‍ന്നിരിക്കുന്നു. ഇത് വെറുമൊരു വായനാനുഭവമല്ല, മറിച്ച് ഓരോ പ്രവാസിയുടെ ആത്മാവിനെയും സ്പര്‍ശിക്കുന്ന ഒരു തീവ്രഭാവമാണ്.
ഒരു സ്വപ്നത്തിന്റെ പ്രേരണയില്‍ സാന്റിയാഗോ എന്ന ഇടയബാലന് നടത്തുന്ന യാത്രയാണ് പ്രസിദ്ധ ബ്രസീലിയന്‍ നോവലിസ്റ്റ് പൗലോ കൊയ്ലോ രചിച്ച വിശ്വപ്രസിദ്ധ നോവലായ ‘ദി ആല്‍ക്കെമിസ്റ്റി’ന്റെ പ്രമേയം. അതുപോലെ പോക്കര് എന്ന കഥാപാത്രത്തിന്റെ ജീവിതയാത്രയാണ് പോക്കറുടെ ലോകം എന്ന് പറയാം. യാത്രയ്ക്കിടയില്‍ കണ്ടുമുട്ടുന്ന വ്യത്യസ്തരായ വ്യക്തികളില്‍ നിന്നും ലഭിക്കുന്ന അറിവുകളും അനുഭവങ്ങളും സാന്റിയാഗോയ്ക്ക് പുതിയ ജീവിതവീക്ഷണങ്ങളും കാഴ്ചപ്പാടുകളും സമ്മാനിക്കുന്നു. അതുപോലെ കേരളത്തിലെ ഗ്രാമപ്രദേശമായ ചെറുകോടില്നിന്ന് തുടങ്ങുന്ന വിവിധ ജീവിത യാത്രകളാണ് പോക്കര് എന്ന കഥാപാത്രത്തിലൂടെ ഇതള്‍വിരിയുന്നത് എന്ന് കാണാം. താന്‍ ജനിച്ചുവളര്‍ന്ന ഗ്രാമത്തെയും ഗ്രാമീണ ജീവിതത്തെയും ഒരിക്കല്‍ക്കൂടി പുനരാവിഷ്ക്കരിക്കുവാന്‍ പോക്കര് എന്ന കഥാപാത്രത്തെ ഡോ. ഫിറോസ്ഖാന് സമര്‍ത്ഥമായി ഉപയോഗപ്പെടുത്തുന്നു.
‘എന്റെ പ്രിയപ്പെട്ട നാടാണ് ഈ നോവലിന്റെ പശ്ചാത്തലം’ എന്ന് അദ്ദേഹം പറയുന്നുണ്ട്. അതുകൊണ്ടുതന്നെ ജനിച്ച നാട്ടിലേക്ക് പോക്കറുടെ ജീവിതത്തെ ചേര്‍ത്ത് വെച്ചാല്‍ ‘പോക്കറുടെ ലോകം’ പൂര്‍ത്തിയായി എന്നു പറയാം. സൗദിയിലെ കിംഗ്ഖാലിദ് മെഡിക്കല്‍ കോളേജില്‍ ജോലി ചെയ്യാന്‍ ലഭിച്ച ഡോക്ടര്‍ ഫിറോസിന്റെ അനുഭവങ്ങളെ നോവലിലേക്ക് അദ്ദേഹം മനോഹരമായി ചേര്‍ത്തുവെച്ചിട്ടുണ്ട്.
വേദനകളെ ചികിത്സിക്കുമ്പോള്‍ അദ്ദേഹം കണ്ടതും അറിഞ്ഞതുമായ കാഴ്ചകളും വസ്തുതകളും മനോഹരമായി വിളക്കിച്ചേര്‍ത്താണ് ഈ നോവല്‍ രൂപപ്പെടുത്തിയിട്ടുള്ളതെന്ന് അദ്ദേഹം തന്നെ ഇതിന്റെ ആമുഖത്തില്‍ പറഞ്ഞുവെക്കുന്നുണ്ട്.
ജനിച്ച നാടിന്റെ ചിട്ടവട്ടങ്ങളും പാരമ്പര്യ ആചാരങ്ങളും പ്രകൃതിയുടെ വരദാനമായ ഗ്രാമ്യസൗമ്യതയുമെല്ലാം നോവലിന്റെ ഭാഗമാണ്. ചെറുകോട്ടങ്ങാടിയുടെ വിവിധങ്ങളായ വ്യവഹാരങ്ങളും ചുറ്റുപാടിലേക്കൊഴുകുന്ന ചെമ്മണ്‍പാതകളും പാട വരമ്പുകളും നാടന്‍ കലാരൂപങ്ങളും കണ്ണിനു കുളിരേകുന്ന ഗ്രാമീണ കാഴ്ചവെട്ടങ്ങളും പ്രവാസത്തിന്റെ അത്തര്‍ മണത്തോടൊപ്പം അതിന്റെ വേവും വേവലാതിയും എല്ലാ തുല്യമായി സമ്മേളിപ്പിച്ചാണ് 24 ചെറു അധ്യായങ്ങളിലായി ഡോക്ടര്‍ ഫിറോസ് ഖാന് ഈ നോവല്‍ രൂപപ്പെടുത്തിയത്.
മഹത്തായ മധുരോദാരമായ ആഖ്യാനമാണ് ഡോക്ടര്‍ ഫിറോസ്ഖാന് നിര്‍വഹിച്ചിരിക്കുന്നത്. അധികം ഒന്നും വികസിച്ചിട്ടില്ലാത്ത ഗ്രാമീണ ഭാവുകങ്ങള്‍ മുട്ടിനില്‍ക്കുന്ന ചെറുകോട് എന്ന ഭൂതകാലത്തെ അക്ഷരത്തിലൂടെ പുനര്‍ജീവിപ്പിച്ച് തന്നെയും സഹപാഠികളെയും ജീവിത ധന്യതയില്‍ എത്തിക്കുന്ന അദ്ദേഹം സമാന സഫലതയ്ക്ക് വായനക്കാരെയും ക്ഷണിക്കുന്നു.
ഇവിടെ പോക്കര് മാത്രമല്ല അബ്ദുറാക്കയും ആമിനാത്തയും പാത്തുമ്മയും സൈനബയും റുക്കിയയും മുംതാസും അയമുട്ടി കാക്കയും ഫാത്തിമ സൂറയും ഹൈദ്രോസ് ബ്രോക്കറും ബാപ്പുട്ടിയും സത്താറിന്റെ ജീപ്പും ഒസ്സാത്തി ആയിഷത്തെയും കൗലത്തും കദീജയും ശിവശങ്കരനും മജീദും കുഞ്ഞിരയിന്റെ മീന്‍ കൊട്ടയും, വണ്ടൂരിലെ ഹോട്ടല്‍ അംബാസഡറും കടിച്ചാ പറച്ചിയും, സുന്നത്ത് കല്യാണ ആഘോഷവും മലബാര്‍ ഹോട്ടലും അലവിക്കുട്ടിയാക്കായുടെയും ഹൈദ്രു കാക്കയുടെയും പലചരക്ക് കടകളും ചെറുകോട് അങ്ങാടിയിലെ വായനശാലയും ഗ്രൗണ്ടും അസൈന്റെ കടല പീടികയും മണ്ണെണ്ണ വിളക്കും ഗ്യാസ് ലൈറ്റും എല്ലാം ഒരു നാടിന്റെ ഗതകാല സ്മരണകളെ താലോലിക്കുന്നതാണ്.
അക്കാര്യം നോവല്‍ തന്നെ പറയട്ടെ…
ചെറുകോടിലെ സ്കൂളില്‍ സ്പോര്‍ട്സിന് ഫസ്റ്റ് കിട്ടുന്ന കുട്ടികളെ ജില്ലാ കലോത്സവത്തിന്റെ ഭാഗമായി വണ്ടൂര്‍ സ്കൂളില്‍ കൊണ്ട്പോയി മത്സരിപ്പിക്കും. അത്തരം ഒരു മത്സരം കഴിഞ്ഞ് വന്ന പോക്കരോട് ഏത് ഇനത്തിലാണ് പങ്കെടുത്തതെന്ന് നാട്ടുകാര്‍ ചോദിക്കുന്നുണ്ട്. മറുപടിയായി ‘പി.ടി മാഷ്ക്കേ അറിയൂ’ എന്നുപറഞ്ഞ് പോക്കര് തടി തപ്പുന്നത് അങ്ങേയറ്റം നിഷ്കളങ്കമായാണ് നോവല്‍ അവതരിപ്പിക്കുന്നത്.
നോവലിലെ മൂന്നാം അധ്യായത്തില്‍ പക്ഷി നോട്ടക്കാരിയുടെ പ്രവചനങ്ങള്‍ ഇങ്ങനെ കാണാം. പക്ഷി നോട്ടക്കാരിയുടെ കൂലി ഒരു രൂപയാണ്. എന്നാല്‍ പാത്തുമ്മയുടെ കയ്യില്‍ 50 പൈസയേ ഉള്ളൂ. തുടര്‍ന്ന് പാത്തുമ്മ പക്ഷികാരിയോട് ചോദിക്കുന്നുണ്ട്. ’50 പൈസ ഉള്ളൂ. അത് പറ്റുമോ?’.
പക്ഷിനോട്ടക്കാരെ അത് വാങ്ങിയ ശേഷം ‘വലിയ ആളാവും. കടല്‍ കടക്കും, മക്കത്ത് പോകും, ഉമ്മാക്കും പെങ്ങള്‍ക്കും പൊന്നു കൊണ്ടുവരും, സ്പ്രേ കൊണ്ടുവരും’ എന്നൊക്കെ പറയുമ്പോള്‍ പാത്തുമ്മയുടെ ഭാവനകള്‍ ചിറകുവിടര്ത്തിയാടുന്നത് നമുക്ക് നേരിട്ടറിയാനാകും. മിക്കവാറും എല്ലാ അധ്യായങ്ങളിലും ഈ നാടന്‍ ഊന്നലുകള്‍ കൂടിയോ കുറഞ്ഞോ കാണാം.
അതോടൊപ്പം 1980 കളിലെ സൗദി പ്രവാസത്തെക്കുറിച്ച് പ്രത്യേകിച്ച് ഉംറ പ്രവാസം മനോഹരമായി വരച്ചു കാണിക്കുന്നുണ്ട്. നിരവധിപേര്‍ ജോലിചെയ്യുന്ന ഒരു സ്ഥാപനത്തില്‍ ‘സക്കീറിന് മാത്രമാണ് ഇക്കാമ ഉള്ളത്’ എന്ന പ്രയോഗം തന്നെ അക്കാലത്തെ ഉംറ വിസ ജീവനക്കാരുടെ അതിപ്രസരത്തെ സൂചിപ്പിക്കുവാന്‍ ധാരാളം മതി.
പോക്കരുടെ ഗള്‍ഫ് യാത്രയും തിരിച്ചുവരവുമെല്ലാം ഗംഭീരമാക്കിയിട്ടുണ്ട്. പോക്കരുടെ കൂളിങ് ഗ്ലാസും ഫോറിന് സിഗരറ്റുമെല്ലാം പഴയ ഗള്‍ഫുകാരന്റെ ഒഴിച്ചുകൂടാനാവാത്ത പതിവു കളായിരുന്നു.
‘ആളുകള്‍ പോക്കരെ കൗതുകത്തോടെ നോക്കി. കണ്ടവരെല്ലാം ബ്രൂട്ട് സ്പ്രേയുടെ മണം ആവോളം വലിച്ചു കയറ്റി’ എന്ന നോവലിസ്റ്റിന്റെ കണ്ടെത്തല്‍ 80 കളിലെ ഗള്‍ഫ് ജീവിതത്തെ ഗൃഹാതുരത്വത്തോടെ നമ്മിലേക്ക് പകര്‍ന്നു തരുന്നു. മിക്കവാറും എല്ലാ ഗള്‍ഫ് എഴുത്തുകളും ക്രൂരനായ കഫീലും ദുഷ്കര ജീവിതവും മാത്രം ചിത്രീകരിക്കുന്നതില്‍ നിന്ന് വ്യത്യസ്തമായി ‘പോക്കറുടെ ലോകം’ തികച്ചും ഒരു പോസിറ്റീവായ എഴുത്താണെന്ന് പറയാനാവും. മനുഷ്യപ്പറ്റുള്ള പോക്കറുടെ കഫീല്‍ യഥാര്‍ത്ഥ അറബ് പൗരന്റെ പരിച്ഛേദമാണെന്ന് കാണാം.
ചെറുപ്രായം മുതല്‍ നാട്ടില്‍ നടക്കുന്ന മരണങ്ങള് പോക്കരെ വേട്ടയാടുന്നുണ്ട്. സുഹൃത്ത് ഹക്കീം മുതല്‍ അവസാനം മുംതാസ് വരെ എല്ലാം മരണങ്ങളെയും അവന് അതി വൈകാരികമായാണ് അഭിമുഖീകരിക്കുന്നത്. എന്നാല്‍ പ്രിയ സഖി ഖൗലത്തിന്റെ മരണത്തോടെ പോക്കര് ഈ ദുനിയാവിനോട് മനസ്സാവിട പറഞ്ഞിട്ടുണ്ട്.
ഒരു ചെറിയ നോവല്‍ എങ്ങനെയാണ് ഏവര്‍ക്കും പ്രസക്തമായി ഭവിക്കുന്നത്, എങ്ങനെയാണ് വിവിധ താല്പര്യ ശ്രേണികളെ ഉണര്‍ത്തുന്നത് എന്നതിന്റെ ആശാവഹമായ ആവിഷ്കാരമാണ് ഡോ. ഫിറോസ് ഖാന് രചിച്ച പോക്കറുടെ ലോകം എന്ന നോവല്‍.
ഏകദേശം നാല് പതിറ്റാണ്ടെങ്കിലും പിറകോട്ട് സഞ്ചരിച്ച് അക്കാലത്തെ ഒരു ഗ്രാമീണ ജീവിതത്തെ അടുത്തറിയാനും ഇഴചേര്ത്തെടുക്കുവാനും ഈ നോവല്‍ നിങ്ങളെ സഹായിക്കും. ഹൃദയത്തില്‍ തൊടുന്ന ഈ വരികളിലൂടെ ഒരു യാത്ര പോകാന്‍ നിങ്ങള്‍ തയ്യാറാണോ? എങ്കില്‍ പോക്കറുടെ ലോകം വായിക്കുക.
മൂസക്കുട്ടി വെട്ടിക്കാട്ടിരി
വെള്ളുവങ്ങാട് പി.ഒ.
പാണ്ടിക്കാട്














Reviews
There are no reviews yet.