വീരചക്ര
(നോവല്‍)
ഷമീം യൂസഫ് കളരിക്കല്‍
‘ദരിദ്രനായി ജനിക്കുന്നത് നിങ്ങളുടെ കുറ്റമല്ല.
എന്നാല്‍ ദരിദ്രനായി മരിച്ചാല്‍ അത് നിങ്ങളുടെ കുറ്റമാണ്’.
ബില്‍ഗേറ്റ്‌സിന്റെ ഈ വചനമാണ് അരുവിപ്പാറയിലെ അവനീന്ദ്രന്, തന്റെ ജീവിതയാത്രയ്ക്ക് ധൈര്യം പകര്‍ന്നത്. ചക്രക്കസേരയിലിരുന്ന് തനിക്ക് പ്രാവര്‍ത്തികമാക്കാന്‍ പറ്റുന്ന സ്വപ്നങ്ങള്‍ കാണുമ്പോഴും, ജീവിതത്തിന്റെ ചതിക്കുഴികളില്‍പെട്ട മനുഷ്യരെ പിടിച്ചുയര്‍ത്താനും, സ്വന്തം ഗ്രാമത്തിന്റെ ഹൃദയം പൊള്ളിക്കുന്ന വിപത്തിന്റെ തായ്വേര് അറുക്കുവാനും തുനിഞ്ഞിറങ്ങിയ ഒരു ഭിന്നശേഷിക്കാരനായ ലോട്ടറി വില്‍പ്പനക്കാരന്റെയും ഗ്രാമത്തിന്റെയും അസാധാരണ കഥ. മനസ്സിന്റെ ആഴങ്ങളില്‍ സംവദിക്കുന്ന വികാര സമ്മിശ്രമായ നോവല്‍.
ആമുഖം
യാത്രയ്ക്കിടയില്‍
കയറിവന്ന കഥ
ഏകദേശം രണ്ടര വര്‍ഷത്തെ സമയമെടുത്തിട്ടുണ്ട്, എന്റെ ആദ്യത്തെ പുസ്തകമായ ‘Why Sky Is Not The Limit’ പൂര്‍ത്തിയാക്കാന്‍. എന്തു കാര്യവും ആദ്യം ചെയ്യുമ്പോള്‍ സമയമെടുത്ത് ചെയ്യണമെന്നാണല്ലോ പൊതുവെ പറയാറുള്ളത്. ആ പുസ്തകം ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ പ്രകാശനം ചെയ്ത ശേഷം എന്‍.ടി.വിക്ക് ഒരു അഭിമുഖം നല്‍കി. അഭിമുഖ സംഭാഷണത്തിനിടയില്‍ എന്‍.ടി.വിയുടെ സ്ഥാപകനും ചെയര്‍മാനുമായ ശ്രീ മാത്തുക്കുട്ടി സാര്‍ ഒരു ഉപദേശം തന്നു. അടുത്ത പുസ്തകം എത്രയുംവേഗം എഴുതി പ്രസിദ്ധീകരിക്കണം. മാത്രമല്ല, എന്നെ അറിയുന്ന പലരും പിന്നീട് ചോദിക്കുന്ന ഒരു ചോദ്യമുണ്ടായിരുന്നു.
”അടുത്ത പുസ്തകം എഴുതുന്നില്ലേ?”
ഈയൊരു പ്രോത്സാഹനമായിരുന്നു രണ്ടാമത്തെ പുസ്തകമെഴുതാനുള്ള പ്രേരണ. എഴുതണമെന്ന് മനസില്‍ തോന്നിത്തുടങ്ങിയപ്പോള്‍ തന്നെ ഒരുകാര്യം ആദ്യമേ ഉറപ്പിച്ചു. പുസ്തകം മലയാളത്തിലാകണം. അതിന്റെ പ്രകാശനം കേരളത്തിലാക്കുകയും വേണം. ഒരു തുടക്കക്കാരന്‍ എന്ന നിലയില്‍ മലയാളത്തില്‍ എഴുതാനിരിക്കുമ്പോള്‍ പരിഭ്രമം ഏറെയുണ്ടായിരുന്നു.
ഏതോ യാത്രയ്ക്കിടയിലാണ് ഒരു ലോട്ടറി കച്ചവടക്കാരനെ കാണാനിടയാവുന്നത്. അയാള്‍ സ്ഥിരമായി ഒരു ടൈലര്‍ ഷോപ്പിന്റെ മുമ്പിലായിരുന്നു ഇരിക്കാറുള്ളത്. ആ പ്രദേശത്തു കൂടി യാത്ര ചെയ്യുമ്പോള്‍ എപ്പോഴും അയാളവിടെത്തന്നെയുണ്ടോ എന്ന് ശ്രദ്ധിക്കാറുണ്ട്. എന്റെ കാഴ്ചയില്‍നിന്ന് അയാള്‍ അപ്രത്യക്ഷനായിക്കഴിഞ്ഞാല്‍ അയാളുടെ ജീവിതം എങ്ങനെയായിരിക്കും എന്ന് ചിന്തിച്ചിട്ടുണ്ട്. കുടുംബഭാരം എങ്ങനെയാണ് അയാള്‍ തള്ളിക്കൊണ്ടുപോകുന്നതെന്നും ആലോചിച്ചിട്ടുണ്ട്. ആ ചിന്തയാണ് അവനീന്ദ്രന്‍ എന്ന ലോട്ടറിക്കച്ചവടക്കാരന്റെ ജീവിതത്തിലേക്ക് എന്നെയെത്തിക്കുന്നത്. പിന്നീട് ഞാന്‍ ഔദ്യോഗികജീവിതത്തില്‍ കാണാനിടയായ വ്യക്തികളെയും സാഹചര്യങ്ങളെയും കോര്‍ത്തിണക്കിക്കൊണ്ടാണ് വീരചക്ര എന്ന നോവല്‍ പിറന്നുവീഴുന്നത്. കുറെ ഭാഗങ്ങളെല്ലാം സാങ്കല്‍പ്പികമാണെങ്കിലും വായനക്കാരന് ഇന്നത്തെ കാലത്തെ ചുറ്റുപാടുകളുമായി കഥയെ ബന്ധപ്പെടുത്താന്‍ കഴിയും.
ഈ നോവല്‍ മുഴുമിപ്പിക്കാനായി എനിക്ക് പ്രചോദനവും പ്രോത്സാഹനവും തന്ന എന്റെ വീട്ടുകാരോടും കുടുംബക്കാരോടും അല്‍ നഹ്ദ സെന്ററിലെ സഹപ്രവര്‍ത്തകരോടും ഞാന്‍ പഠിച്ച തിരൂര്‍ ഫാത്തിമ മാതാ സ്‌കൂളിലെയും കുന്ദംകുളത്തെ ബഥനി സ്‌കൂളിലെ സഹപാഠികളോടും, പിന്നെ എന്റെ എല്ലാ നല്ല കൂട്ടുകാരോടും ഹൃദയത്തില്‍തൊട്ടുള്ള നന്ദി പറയുന്നു.
ഈ പുസ്തകത്തിന്റെ എഡിറ്റിംഗ് ആത്മാര്‍ത്ഥതയോടെയും സംതൃപ്തിയോടെയും നിര്‍വഹിച്ച മാധ്യമപ്രവര്‍ത്തകന്‍ രമേഷ് പുതിയമഠത്തോടും മനോഹരമായ കവര്‍ രൂപകല്‍പ്പന ചെയ്ത രാജേഷ് ചാലോടിനും ചിത്രീകരണം നിര്‍വഹിച്ച അനിത ജിതിനോടും പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു. എല്ലാറ്റിനും ഉപരി എന്റെ സഹോദരതുല്യനായ ലിപി അക്ബര്‍ക്കയുടെ പിന്തുണയും സഹകരണവും കൊണ്ട് മാത്രമാണ് ഈ പുസ്തകത്തിന് ജീവന്‍ വയ്ക്കുന്നത്. അസുഖം ബാധിച്ച് കിടപ്പിലായ സമയത്തുപോലും തുടക്കക്കാരനായ എഴുത്തുകാരനായ എന്നോട് അദ്ദേഹം കാണിച്ച സഹകരണം പറയാതെ വയ്യ. അക്ബര്‍ക്കയുടെ ഈ പ്രോത്സാഹനവും സ്‌നേഹവും കൊണ്ട് മാത്രമാണ് കുറെ എഴുത്തുകാര്‍ ജനിക്കുന്നതെന്ന് തോന്നിപ്പോയിട്ടുണ്ട്. ആ സ്‌നേഹവും ആദരവും ഹൃദയത്തില്‍ സൂക്ഷിക്കുന്നു. വീരചക്ര ഇനി വിലയിരുത്തേണ്ടത് വായനക്കാരായ നിങ്ങളാണ്. എല്ലാവരും സ്വീകരിക്കുമെന്ന പ്രതീക്ഷയോടെ….
സ്‌നേഹപൂര്‍വ്വം,
ഷമീം യൂസഫ് കളരിക്കല്‍
2024 ഡിസംബര്‍
Reviews
There are no reviews yet.