ഒട്ടകജീവിതത്തിലെ അക്ഷരവെളിച്ചം
(നോവല്‍)
കെ.ബി. കുട്ടി
സ്വപ്നചിറകുകള്‍ മുറിഞ്ഞു മണലാരണ്യങ്ങളില്‍ കഠിന ജീവിതം നയിക്കേണ്ടിവന്ന ഹതാശരായ മനുഷ്യജന്മങ്ങളുടെ ജീവിതഗാഥ. പ്രവാസ ജീവിതത്തിന്റെ കയ്പ്പും മധുരവും അയത്ന ലളിതമായി വരച്ചിടുന്ന ഭാവബന്ധുരമായ നോവല്‍. ജീവിതത്തിന്റെ തീക്ഷ്ണ മുഖങ്ങളും, മിന്നിമറയുന്ന സാന്ത്വനത്തിന്റെയും സ്നേഹസ്പര്‍ശത്തിന്റെയും വെണ്നിലാവ് പരക്കുന്ന ജീവിത സന്ദര്‍ഭങ്ങള്‍. ജീവിതസമരങ്ങളില്‍ സന്ധിചെയ്യാതെ മരുപ്പച്ച തേടുന്ന വ്യത്യസ്ത കഥാപാത്രങ്ങള്‍. വേനല്‍മഴപോലെ മനസിനെ തഴുകി കടന്നു പോകുന്ന പ്രവാസജീവിതത്തിന്റെ വിവിധ അടരുകള്‍.
ആമുഖം
ഈ നോവലിലെ കഥ തികച്ചും സാങ്കല്പ്പികം മാത്രമാണ്. ഇതിലെ കഥാപാത്രങ്ങളും സാഹചര്യങ്ങളും മരിച്ചുപോയവരുമായോ ജീവിച്ചിരിക്കുന്നവരുമായോ ആരുടെയും വ്യക്തിജീവിതത്തെയോ സാമൂഹികജീവിതത്തേയോ. ഏതെങ്കിലും തരത്തില്‍ സാദൃശ്യപ്പെടുന്നുണ്ടെങ്കില് അത് തികച്ചും സാങ്കല്പ്പികം മാത്രമാണ്. ആരെയും ഇകഴ്ത്താനോ പു-കഴ്ത്താനോ ഈ പുസ്തകം കൊണ്ട് ഉദ്ദേശിക്കുന്നില്ല.
ഒരു കാലഘട്ടത്തില്‍ ജീവിതം അഭിവൃദ്ധിപ്പെടുന്നതിനുവേണ്ടി പ്രത്യേകിച്ചും കേരളത്തില്‍ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നിവിടങ്ങളിലെ ഒരുപറ്റം ചെറുപ്പക്കാര്‍ക്ക് പ്രവാസം ഒരു ലക്ഷ്യമായി മാറിക്കഴിഞ്ഞിരുന്നു. തങ്ങള്‍ക്ക് മുന്‍പ് പ്രവാസജീവിതം ആരംഭിച്ച് നിറമാര്‍ന്ന ജീവിത സുഖസൗകര്യങ്ങളില്‍ മതിമറന്ന് കഴിയുന്ന മുന്‍ പ്രവാസികളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് അവരെപ്പോലെ ആകാനുള്ള അഭിനിവേശത്താല്‍ നാടും വീടും ഉപേക്ഷിച്ച് വിദേശങ്ങളിലേക്ക് ജോലി തേടി പുറപ്പെടുകയും, തന്റെ സ്വപ്നസാക്ഷാത്കാരത്തിന്റെ സങ്കേതം മാറിപ്പോയിരിക്കുന്നുവെന്ന് ഉത്തമബോധ്യം വരുമ്പോഴേക്കും ഷുഗറിന്റെയും പ്രഷറിന്റെയും അറ്റാക്കിന്റെയും അമിതവണ്ണത്തിന്റെയും പിടിയിലകപ്പെട്ട് ഒരു നിത്യരോഗിയായി ജന്മനാട്ടിലേക്ക് തിരിച്ച് വിമാനം കയറുകയോ കയറ്റിവിടുകയോ ചെയ്യപ്പെടുന്നു. നാട്ടുകാരോടും വീട്ടുകാരോടും യാത്ര പറഞ്ഞ് കേരളത്തിലെ വിവിധ എയര്‍പ്പോര്‍ട്ടുകളില്‍ നിന്ന് വിദേശത്തേക്ക് കയറിപ്പോയ പ്രവാസി സമൂഹത്തിന്റെ ജീവിത യാഥാര്‍ത്ഥ്യത്തില്‍നിന്ന് അടര്‍ത്തിയെടുത്ത കുറച്ച് സംഭവങ്ങളും, ഇന്നത്തെ നമ്മുടെ സാമൂഹ്യ അന്തരീക്ഷത്തിന്റെ ഒരു അവലോകനവും കൂടിയാണ് ഈ നോവല്‍.
പ്രവാസികള്‍ നാട്ടിലേക്കയയ്ക്കുന്ന ഉഉ യിലെ പൂജ്യത്തിന്റെ എണ്ണത്തിനനുസരിച്ചാണ് വീട്ടുകാര്‍ക്ക് അവരോടുള്ള സമീപനം. ഗള്‍ഫില്‍ പ്രവാസികള്‍ ചത്ത് ജീവിച്ചാലും കുഴപ്പമില്ല അവരുടെ പണം മാസാമാസം വീട്ടില്‍ കിട്ടണം. എന്നാല്‍, ജോലി മതിയാക്കി നാട്ടില്‍ തിരിച്ചെത്തുന്ന പ്രവാസി എപ്പോഴും പരാജയപ്പെടുകയാണ് ചെയ്യുന്നത്. കാരണം, അവന്റെ പിടിപ്പുകേടുതന്നെ! കൊറോണക്കാലത്തെ അനുഭവം പ്രവാസി എപ്പോഴും ഓര്‍ക്കണം. ഒരു പ്രവാസി നാട്ടിലേക്ക് പണമയയ്ക്കുമ്പോള്‍ അതില്‍ നിന്ന് തനിക്ക് വേണ്ടിയും മാറ്റിവയ്ക്കണം. ഏതൊരാള്‍ക്കും അവസാനം അവനവന് തന്നെ ഉണ്ടാവുകയുള്ളൂ എന്ന് ഓര്‍ക്കണം. പലരുടെയും അനു ഭവം നമ്മുടെ മുന്നില്‍ ഉണ്ട്. ആയതിനാല്‍ ഗള്‍ഫ് മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കും നാട്ടില്‍ വിശ്രമജീവിതം നയിക്കുന്നവര്‍ക്കും പ്രവാസത്തിനിടയ്ക്ക് നമ്മെ വിട്ട് ഇഹലോകവാസം വെടിഞ്ഞ എല്ലാ പ്രവാസികള്‍ക്കും ഈ പുസ്തകം സമര്‍പ്പിക്കുന്നു.
‘ഒട്ടകജീവിതത്തിലെ അക്ഷരവെളിച്ചം’ എന്ന ഈ നോവലില്‍ ഉപയോഗിച്ച പല പദങ്ങള്‍ക്കും യഥാര്‍ത്ഥ പേര്‍ഷ്യന്‍ ഭാഷയുമായി കുലബന്ധം പോലും ഉണ്ടായിരിക്കില്ല. എന്നാല്‍, പേര്‍ഷ്യയിലെ പട്ടണങ്ങളില്‍ നി ന്നും അകന്ന് അനന്തമായ മണല്ക്കാട്ടില് ഒട്ടകങ്ങളേയും ആടുകളേയും വളര്‍ത്തിയും ഈത്തപ്പന കൃഷിയിലും മറ്റും ഏര്‍പ്പെട്ടും ജീവിക്കുന്ന ഒരു വിഭാഗം പേര്‍ഷ്യയിലെ പുരാതന സമൂഹക്കാരായ കഫീലന്മാര്ക്കിടയില് സംസാരിച്ചു കേട്ടിട്ടുള്ള പേര്‍ഷ്യന്‍ പദങ്ങളാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്ന നാടന്‍ ഭാഷ.
കഥാനായകന് അസീസ് തന്റെ ഒട്ടക-ആട് ജീവിതത്തിനിടയില്‍ ഇടപഴകുകയും സഹവര്‍ത്തിക്കുകയും ചെയ്തിട്ടുള്ള നാലോ അഞ്ചോ മനുഷ്യജീവികളുമായി നടന്ന ആശയവിനിമയത്തിന് ഉപയോഗിച്ച പദങ്ങള്‍ മാത്രമാണ് ഇതിലെ ഭാഷ. ഈ നോവല്‍ പേര്‍ഷ്യനും കാടന്‍ പേര്‍ഷ്യനും ഉര്‍ദുവും പാക്കിസ്ഥാനിയും ബംഗ്ലാദേശിയും തെലുങ്കും തമിഴും മലയാളവും കലര്‍ന്ന ഒരുതരം സങ്കരഭാഷാ സമാഹാരമായി തോന്നാം. കഥയുടെ സുഖമമായ അവതരണത്തിന് അന്ന് അസീസ് അനുഭവിച്ചതും മനസിലാക്കിയതുമായ പദങ്ങള്‍ ഇതില്‍ ഉപയോഗിച്ചു എന്നുമാത്രം. അല്ലാതെ ഇതിലുപയോഗിച്ച വാക്കുകളുടെ അര്‍ത്ഥമന്വേഷിച്ച് ആരും നിഘണ്ടുതേടി പോകേണ്ടതില്ല.
അതതുകാലത്ത് സംഭവിച്ച കാര്യങ്ങള്‍ അപ്പടി രേഖപ്പെടുത്താന്‍ വേണ്ടി കഫീലന്മാരും സഹജോലിക്കാരായ പാക്കിസ്ഥാനികളും ബംഗ്ലാദേശിയും തെലുങ്കനും തമിഴനും മലയാളിയും കാര്‍ ഡ്രൈവറുടെയും ലോറി ഡ്രൈവര്‍മാരുടെയും രൂപത്തില്‍ പ്രത്യക്ഷപ്പെട്ട മറ്റ് രാജ്യങ്ങളിലെ ആളുകളുടെയും ഭാഷാപദങ്ങള്‍ ഈ നോവലില്‍ പരാമര്‍ശിച്ചിട്ടുണ്ടാകാം. അത് സാഹചര്യങ്ങള്‍ക്കനുസരിച്ചാണ്. ഏതെങ്കിലും ഭാഷയെ തരംതാഴ്ത്താനോ ഉയര്‍ത്തികാട്ടാനോ ഒന്നും കഥാകാരന് ഉദ്ദേശിച്ചിട്ടില്ല. ഇതില്‍ വല്ല പോരായ്മകളോ തെറ്റുകളോ വന്നുഭവിച്ചിട്ടുണ്ടെങ്കില്‍ മാന്യ വായനക്കാര്‍ സദയം ക്ഷമിക്കണമെന്ന് അപേക്ഷിക്കുന്നു. ഇതിലേക്ക് ചിത്രങ്ങള്‍ വരച്ച ഇ.എ.ബി ചെറുവണ്ണൂരിനും ഇതിന്റെ പ്രസാധനം ഏറ്റെടുത്ത ലിപി പബ്ലിക്കേഷന്‍സിന്റെ സാരഥി ലിപി അക്ബറിനും നന്ദി. ഈ പുസ്തകത്തിന്റെ കയ്യെഴുത്തുപ്രതി ഉണ്ടാക്കാനും പുസ്തകം സമൂലം വായിച്ചുനോക്കി തെറ്റുകള്‍ തിരുത്തുന്നതിനും എന്നെ സഹായിച്ച കാക്കച്ചിപറമ്പില് രാഘവന് മകള്‍ ധന്യ കെ.പിയോട് എനിക്കുള്ള നന്ദി ഇവിടെ രേഖപ്പെടുത്തുന്നു.
ഈ പുസ്തകത്തിന്റെ രചനാവേളയില്‍ എല്ലാ അര്‍ത്ഥത്തിലും പ്രചോദനം നല്കി ഒപ്പം നിന്ന പി.ടി. ആസാദ്, കെ.പി. അബൂബക്കര്‍, ലോക കേരളസഭാ മെമ്പര്‍ കബീര്‍ സലാല, കോഴിക്കോട് സാക്ഷരതാ കോര്‍ഡിനേറ്റര്‍ സാബിറ, നിയമോപദേശം നല്കിയ അഡ്വ. എം. രാമചന്ദ്രന് (സീനിയര്‍ സിവില്‍ അഡ്വക്കറ്റ്, കോഴിക്കോട്), അഡ്വ. എ. കെ. ജയകുമാര്‍ (നോട്ടറി, കോഴിക്കോട്) എന്നിവരോടുള്ള നന്ദി രേഖപ്പെടുത്തുന്നു. ഏറെ എളിമയോടെ ഈ കൃതി കൈരളിക്ക് സമര്‍പ്പിക്കുന്നു.
സ്നേഹപൂര്‍വ്വം,
കെ.ബി കുട്ടി
Reviews
There are no reviews yet.