ഗൊദാര്‍ദിന്റെ ചിത്രങ്ങള്‍ ഒരിക്കലും ഒരേദിശയില്‍, ഒരേ
കാഴ്ചപ്പാടില്‍, ഒരേ താളത്തില്‍ മുന്നോട്ടു പോകുന്നവയല്ല. ക്രമരഹിതമായ ഈ ചട്ടക്കൂടിനുള്ളില്‍ അകപ്പെടുന്നതാണു ഗൊദാര്‍ദ് ചിത്രങ്ങളെ ദുര്‍ഗ്രാഹ്യതയിലേക്കും കൊളാഷ് സ്വഭാവത്തിലേക്കും നയിക്കുന്നത്. ക്രമരാഹിത്യത്തിന്റെ ക്രമം (The Order of Disorder) എന്നതാണു ഗൊദാര്‍ദിയന്‍ ചിത്രങ്ങളെക്കുറിച്ച്, സര്‍റിയലിസ്റ്റിക് മുന്നേറ്റത്തിലെ മുന്‍നിരക്കാരനായിരുന്ന ഫ്രഞ്ച് കവി ലൂയി അരഗന്‍ നടത്തിയ നിരീക്ഷണം. ‘എങ്ങനെ കഥ പറയണമെന്ന് എനിക്കറിയില്ല. എന്റെ ക്യാമറക്കണ്ണുകളെ സാദ്ധ്യമായ എല്ലാദിശയിലേക്കും തുറന്നുവച്ച് കാഴ്ചയെ സമഗ്രമായി പകര്‍ത്തുകയാണു ഞാന്‍ ചെയ്യുന്നത്,’ ഗൊദാര്‍ദ് സ്വന്തം കലയെക്കുറിച്ച് ഒരിക്കല്‍ പറഞ്ഞതിങ്ങനെയാണ്.
ഇര്‍വ്വിംഗ്‌സ്റ്റോണിന്റെ ‘ലസ്റ്റ് ഫോര്‍ ലൈഫ്’ എന്ന കൃതിയും ‘വിന്‍സന്റ് വാന്‍ഗോഗ് – എ സ്‌ട്രെയ്ഞ്ചര്‍ റ്റു ഹിംസെല്‍ഫ്’ എന്ന സിനിമയും ആവിഷ്‌കരിക്കുന്നതിനപ്പുറത്താണു വാന്‍ഗോഗിന്റെ കല. ഇര്‍വ്വിംഗ് സ്റ്റോണ്‍ പറയുന്നതുപോലെ വാന്‍ഗോഗ് ഖിന്നനായി ഏകാന്തത അനുഭവിക്കുകയായിരുന്നില്ല. മനസ്സുനിറയെ നിറങ്ങളും വരകളും വാക്കുകളും നിറയുമ്പോള്‍, വാന്‍ഗോഗ് അനുജന്‍ തിയോയ്ക്ക് എഴുതിയതുപോലെ, മനസ്സ് ഭ്രമാത്മകമായ ദൃശ്യങ്ങള്‍കൊണ്ടു നിറയും. ‘ഓരോ സംവേദനവും ജീവന്റെ ബോധമര്‍മ്മത്തില്‍ അനുഭവത്തിന്റെ ഓരോ മുദ്രയെ അങ്കിതമാക്കുന്നത്, (അവന്‍ എഴുത്തുകാരനാവട്ടെ, ചിത്രകാരനാവട്ടെ, ചലച്ചിത്രാവിഷ്‌ക്കാരകനാവട്ടെ) അവന്റെ/അവളുടെ രചനാലോകത്തെ രഹസ്യസമ്പത്താണ്. അങ്ങനെ അങ്കിതമായി വരുന്ന വേദനയെ, ആകുലതകളെ ഉപജീവിച്ചുകൊണ്ടാണ് അവന്‍/അവള്‍ ഭാവനയെ വിടര്‍ത്തുന്നത്. രചനയില്‍ സംഭവിക്കുന്ന രാസത്വരകമിതാണ്.
പിക്കാസോയും ഷെഗാലുമെല്ലാം ഒരുകാലത്ത് ക്യൂബിസത്തിന്റെ കടംകഥകളിലേക്ക് പോയെങ്കിലും ഷെഗാല്‍ പിന്നീട് സര്‍റിയലിസത്തിലേക്കു വന്നതിനെക്കുറിച്ച് ഗുരുനിത്യചൈതന്യയതിയുടെ നല്ലൊരു നിരീക്ഷണമുണ്ട്. ‘അതില്‍നിന്ന് ഷെഗാല്‍ മനസ്സിലാക്കിയൊരു രഹസ്യമുണ്ട്,’ ഗുരുപറയുന്നു: ‘ചിത്രകാരന് ഇടത്തോട്ടും വലത്തോട്ടും തിരിയാന്‍ കഴിയാത്തവിധേന കീഴ്‌വഴക്കത്തിന്റെ ബന്ധനത്തില്‍ കുടുക്കിയാല്‍ അവനതിനെ പൊട്ടിച്ചെറിഞ്ഞുകൊണ്ട് ആരോടും വിധേയത്വമില്ലാതെ സ്വാതന്ത്ര്യം പ്രഖ്യാപിക്കുവാന്‍ മുതിരും.’ രചനാലോകത്ത് സ്വാതന്ത്ര്യപ്രഖ്യാപനത്തിന്റെ കാലമാണിത്. നമ്മുടെ ഭാഷയിലും നാമതിന്റെ പ്രതിഫലനങ്ങള്‍ കണ്ടുവരുന്നു. നവമാധ്യമങ്ങളില്‍ പിറവിയെടുക്കുന്ന രചനകളില്‍ വിശേഷിച്ചും. എന്തെഴുതണം, എങ്ങനെയെഴുതണം എന്ന് നിഷ്‌കര്‍ഷിക്കുന്ന എഴുത്തിന്റെ പാണിനിമാരുടെ കാലംകഴിഞ്ഞു. രചനയ്ക്ക് നിയതമായ ചട്ടക്കൂടുകള്‍ ആവശ്യമുണ്ടോ എന്നതുതന്നെ തര്‍ക്കവിഷയമാണ്. ‘ഞാന്‍ എന്തെഴുതുന്നു, എങ്ങനെയെഴുതുന്നു, അതാണ് എന്റെ രചന’, എന്നനിലപാടും സ്വാതന്ത്ര്യപ്രഖ്യാപനത്തിന്റെ ഭാഗമാണ്. സന്തോഷ്‌കുമാര്‍ എ.വിയുടെ ‘പള്‍മീറ’യിലൂടെ കടന്നുപോയപ്പോള്‍ ഇത്തരമൊരു സ്വാതന്ത്ര്യപ്രഖ്യാപനത്തിന്റെ വിചിത്രഭൂമികകളിലൂടെ സഞ്ചരിക്കുകയായിരുന്നു ഞാന്‍. ഭ്രമാത്മകമെന്നു പറയാനാവില്ലെങ്കിലും വിഭ്രമം ജനിപ്പിക്കുന്ന ഭാഷയിലൂടെ, പരകീയപദങ്ങള്‍ കോര്‍ത്തിണക്കിയ പദവിന്യാസങ്ങളിലൂടെ, തികച്ചും അപരിചിതമായ സ്ഥലരാശികളിലൂടെ, അന്യഥവല്‍ക്കരിക്കപ്പെട്ടസഞ്ചാരം.
ബര്‍തോള്‍ഡ് ബ്രഹ്ത്തിന്റെ ‘സെറ്റ്‌സ്വാനിലെ സ്ത്രീ’യിലെആദ്യരംഗത്തിലെ ഷെന്‍തെയെപ്പോലെ അല്ലെങ്കിലും സന്തോഷ്‌കുമാറിന്റെ പള്‍മീറയും ഒരുവനെ കാത്തിരിക്കുകയാണ്. അയാള്‍ ആരെന്ന് ഒറ്റവരിപ്പാതയില്‍ നീണ്ടകാലത്തിനുശേഷം പൂത്ത നീലഓര്‍ക്കിഡ് പൂക്കളും കൂട്ടംതെറ്റി മേയുന്ന നുബിയന്‍ ആടിന്റെ നോട്ടവും, തേവൂസിലെ സൗന്ദര്യറാണിയായിരുന്ന പള്‍മീറയ്ക്ക് ഗുപ്തമായ സൂചനകള്‍ നല്‍കുന്നു. തേവൂസിലെ വേശ്യാലയത്തില്‍ നാലുപതിറ്റാണ്ടായി, മറ്റാര്‍ക്കും വിധേയയാവാതെ അയാളുടെ വരവിനായി കാത്തിരിക്കുകയായിരുന്നു, അവള്‍. ടുണീഷ്യന്‍ യുദ്ധത്തടവുകാരനായി പിടിക്കപ്പെട്ട് തൂക്കിലേറ്റപ്പെട്ട പതിനെട്ടുകാരന്‍ എസ്സ്വായുടെ വിയോഗത്തിനുശേഷം. നുബിയന്‍ ആടിനോട് യാത്രപറഞ്ഞ് ഫോര്‍മോകോപോര്‍ട്ടനിലെ കഴുമരത്തിനു നേര്‍ക്ക് പുറപ്പെടാനിറങ്ങിയ എസ്സ്വാ റക്കൂഫ് എന്ന മണ്‍പാത്രത്തില്‍ പള്‍മീറയ്ക്കായി നാലുവരി കോറിയിട്ടു. ‘എന്റെ കണ്ണിലെ പ്രണയത്തിന്റെയും ധൈര്യത്തിന്റേയും സങ്കടത്തിന്റേയും ഒറ്റപ്പെടലിന്റേയും തീവ്രത ഒട്ടുംകുറയാത്ത ഒരുവന്‍ തേവൂസില്‍ വരും. അന്ന് നുബിയന്‍ നിനക്ക് വഴികാട്ടിയാവും. നീല ഓര്‍ക്കിഡ് പുഷ്പങ്ങള്‍ വിരിഞ്ഞ് നിനക്ക് അവസാനസന്ദേശം നല്‍കും. അതുവരെ കാത്തിരിക്കുക.’ പ്രണയത്തിനു പുതിയൊരു നിര്‍വ്വചനം നല്‍കുകയാണു ‘പള്‍മീറ.’
കെ.വി. മോഹന്‍കുമാര്‍
Reviews
There are no reviews yet.