അണയാത്ത വിളക്ക്
(കവിതാസമാഹാരം)
അബ്ദുള്ള മാങ്ങാട്ട്
സമകാലിക ജീവിതത്തിന്റെ കടുത്ത യാഥാര്‍ത്ഥ്യങ്ങളെ ഭാഷയും ഭാവനയും ചേര്‍ത്ത് ഭാവസുന്ദരമായി അവതരിപ്പിക്കുകയാണ് അണയാത്ത വിളക്ക് എന്ന സമാഹാരത്തിലൂടെ അബ്ദുള്ള മാങ്ങാട്ട്. ജീവിതത്തിലെ വൈവിദ്ധ്യപൂര്‍ണ്ണമായ അനുഭവങ്ങളെ ഇതിലെ മിക്ക കവിതകളിലൂടെയും ചേര്‍ത്തുവെയ്ക്കുക വഴി കവി, ആസ്വാദകനില്‍ പുതിയൊരു ഭാവതലം അടയാളപ്പെടുത്തുന്നു. കവിതകളില്‍ പലതും സര്‍ഗ്ഗാത്മക നിമിഷങ്ങളുടെ ചേതോഹാരിത നമുക്കനുഭവവേദ്യമാകും എന്നെനിക്ക് പ്രതീക്ഷയുണ്ട്.
ആമുഖം
പ്രിയപ്പെട്ടവരെ,
ഇത് എന്റെയൊരു സ്വപ്നസാക്ഷാല്‍ക്കാരമാണ്. അക്ഷരങ്ങള്‍ പെറുക്കിക്കൂട്ടിവെച്ച ഒരു ചില്ലു പാത്രമാണിത്. തമ്മില്ചേര്ച്ചയില്ലാത്ത വാക്കുകള്‍ കൊണ്ട് ഒരു ചെറുകുടില്‍ പണിതീര്ത്തതാണിവിടെ. അതില്‍ മുഴച്ചു നില്ക്കലുകള് ഉണ്ടാവും. ഇതില്‍ നിങ്ങള്‍ സാഹിത്യം തിരയരുത്. വെറും കെട്ടുകാഴ്ചകള്‍ മാത്രമായ കാലത്തെ നോക്കി നെടുവീര്‍പ്പിട്ട് പ്രതിഷേധം ചവച്ചുതുപ്പന്ന അക്ഷരങ്ങളുടെ ചണ്ടികള്‍ മാത്രമാവും കാണുക. വരികള്‍ക്കിടയില്‍ വീണുകിടക്കുന്ന മനുഷ്യരെയും ചിലപ്പോള്‍ കണ്ടേക്കാം. നിബന്ധനകളും നിയമത്തിന്റെ നൂലാമാലകളും ചേര്‍ത്ത് വേലികെട്ടി അനങ്ങാന്‍ പോലും സമ്മതിക്കാതെ സ്വാതന്ത്ര്യം ഹനിക്കപ്പെട്ട സാഹിത്യത്തില്‍ എന്റെ ഈ അണയാത്ത വിളക്ക് പെടുത്തിയിട്ടില്ല. കാരണം നിയമങ്ങളും നിബന്ധനകളുമില്ലാത്തയിടത്താണിതിന്റെ പിറവി. എന്നെ എഴുത്തിന്റെ ലോകത്തേക്ക് നടത്തിയവരില്‍ എന്റെ പ്രീഡിഗ്രി കാലത്തെയും മറ്റും ഗുരുനാഥന്മാരുണ്ട്. എഫ്.ബി.യിലെ സൗഹൃദങ്ങളുടെ പ്രോത്സാഹനവും മറക്കുന്നില്ല. എന്റെയൊരു കുത്തിക്കുറിക്കല്‍ കണ്ട സുഹൃത്തായ ടീച്ചറാണ് കീറിക്കളയുന്ന അക്ഷരക്കൂട്ടങ്ങളെ പുറംലോകം കാണിക്കാനെന്നെ നിര്‍ബന്ധിച്ചത്. അതുപോലെ തിരക്കിനിടയിലും ഈ കൃതി വായിച്ച് അവതാരിക എഴുതി ഉപദേശങ്ങള്‍ തന്ന ശ്രീ. കാനേഷ് പൂനൂരിനോടുള്ള അളവറ്റ സ്നേഹം അറിയിക്കട്ടെ. എന്നെ നിരന്തരം പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുന്ന സഹപ്രവര്‍ത്തകര്‍, സഹപാഠികള്‍, കുടുംബം, ഉമ്മ, സഹോദരങ്ങള്‍ വിശിഷ്യാ എഴുത്തിന്റെ വഴിയിലുള്ള സഹോദരന് ഇസ്സുദ്ദീന്‍ തുടങ്ങിയവരോടെല്ലാം തീരാത്ത കടപ്പാടുണ്ട്. മുന്നിട്ടിറങ്ങാന്‍ എനിക്ക് പ്രചോദനം തന്നുകൊണ്ടിരിക്കുന്ന എന്റെ ബഹുവന്ദ്യ ഗുരു മസീഹ സത്താര്ഷാ ഖാദിരി അവര്‍കള്‍ തന്ന പിന്തുണയുടെ കരുത്താണ് എന്റെ കവിതകളുടെയും മറ്റ് എഴുത്തുകളുടെയും പിന്നിലെ രഹസ്യം. ഈ കവിതകള്‍ പ്രസിദ്ധീകരിക്കാന്‍ തയ്യാറായ ലിപി പബ്ലിക്കേഷന്‍സ് സാരഥി ലിപി അക്ബറിനെയും അതോടൊപ്പംനിന്ന എന്റെ ഡിപ്പാര്‍ട്ട്മെന്റ് മേലാധികാരികളെയും, ഇത് വായിക്കാനുദ്ദേശിച്ച നല്ലവരായ വായനക്കാരോടും എന്റെ നന്ദിയും കടപ്പാടുമറിയിച്ചുകൊണ്ട് വായനക്കായി ഇവിടെ തുറന്നുവെക്കുന്നു.
സ്നേഹത്തോടെ,
അബ്ദുള്ള മാങ്ങാട്ട്
അവതാരിക
ഭാവസുന്ദരമായ രചനകള്‍
-കാനേഷ് പൂനൂര്
സമകാലിക ജീവിതത്തിന്റെ കടുത്ത യാഥാര്‍ത്ഥ്യങ്ങളെ ഭാഷയും ഭാവനയും ചേര്‍ത്ത് ഭാവ സുന്ദരമായി അവതരിപ്പിക്കുകയാണ് അണയാത്ത വിളക്ക് എന്ന സമാഹാരത്തിലൂടെ അബ്ദുള്ള മാങ്ങാട്ട് എന്ന സര്‍ഗ്ഗധനനായ എഴുത്തുകാരന്. ഹൃദയത്തിലേയ്ക്ക് നോക്കുന്ന ജാലകങ്ങളാണ് മിഴികള്‍ എന്ന് പ്രശസ്തമായ ഒരു ടര്‍ക്കിഷ് പഴമൊഴിയുണ്ട്. അകതാരിലുയരുന്ന അലയൊലികളെ അവധാനതയോടെ അക്ഷരവെളിച്ചത്തിലേയ്ക്ക് കൊണ്ടുവരികയാണിവിടെ ഈ എഴുത്തുകാരന്.അനുവാചകനെ ആഹ്ലാദിപ്പിക്കുക മാത്രമല്ല അത്ഭുതപ്പെടുത്തുകയും ചെയ്യുകയാണ് അങ്ങനെ അദ്ദേഹം.
ജീവിതത്തിലെ വൈവിദ്ധ്യ പൂര്‍ണ്ണമായ അനുഭവങ്ങളെ ഇതിലെ മിക്ക കവിതകളിലൂടെയും ചേര്‍ത്തുവെയ്ക്കുക വഴി കവി, ആസ്വാദകനില്‍ പുതിയൊരു ഭാവതലം അടയാളപ്പെടുത്തുന്നു. ആദ്യ കവിതയായ മങ്ങിയ ഭാഷകള്‍ തന്നെ ഇതിനു നല്ലൊരുദാഹരണമാണ് .
‘പഴഞ്ചൊല്ലുകള്‍ മുറിഞ്ഞുപോയ കാലത്ത്
വിപ്ലവം തീര്ക്കുന്നിടങ്ങളില്
വായിക്കാനെനിക്കൊരു പുസ്തകമില്ല,
എഴുതാനിന്നൊരു തൂലികയും
എന്നാരംഭിക്കുന്ന ഈ കവിതയുടെ ഓരോ ഈരടിയിലും പുതിയ സന്ദേശം നിറഞ്ഞു നില്ക്കുന്നു.
ആരൊരാളീ മൗനം ഭഞ്ജിക്കും
ആരുടെ ഗര്‍ജ്ജനം മാറ്റൊലി കൊള്ളും
ധ്രംഷ്ടകള്‍ നീട്ടുന്ന സാംസ്ക്കാരിക മാറ്റത്തെ
ആരു വന്നു പിടിച്ചുകെട്ടും,
എന്ന് ഉല്‍ക്കണ്ഠപ്പെടുന്ന മാറ്റം എന്ന കവിതയിലും നിറഞ്ഞു നില്‍ക്കുന്നത് ഇതേ സങ്കല്‍പ്പങ്ങള്‍ തന്നെ. ഇങ്ങനെ സസൂക്ഷ്മം നിര്‍ദ്ധാരണം ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ഇതിലെ ഓരോ സൃഷ്ടിക്കും അതിന്റേതായ തനിമയും തന്മയത്വവുമുണ്ടെന്ന് തിരിച്ചറിയാന്‍ കഴിയും.
മറ്റേത് സാഹിത്യ ശാഖയേക്കാളും ആവിഷ്കാരത്തിന് ഏറ്റവും ഉചിതമായ മാര്‍ഗ്ഗം കാവ്യരചന തന്നെയാണ്. ആ സത്യത്തെ സാക്ഷാല്‍ക്കരിച്ചതിന് ചില ഉദാഹരണങ്ങളെങ്കിലും ഈ സമാഹാരത്തില്‍ നിന്നെടുത്ത് കാണിക്കാന്‍ സാധിക്കും.
‘ഇനി ഞാനെന്റെ കവിതകള്‍ മൂടിവെയ്ക്കാം
ഇനിയെന്റെ പാട്ടുകള്‍ മേഘപാളികളില്‍
കാര്മുകിലിനറകളില് അടച്ചു വെക്കാം’ എന്ന ‘നീരു വറ്റിയ കവിത’ യിലെ വരികള്‍ പ്രതീക്ഷ നഷ്ടപ്പെട്ട ഒരു കവിയുടെ ചിത്രമാണ് അനാവരണം ചെയ്യുന്നത്. ഉള്ക്കളങ്ങളില് ഊര്‍ജ്ജം പകരുന്ന മറ്റു സൃഷ്ടികളില്‍ നിന്ന് വേറിട്ടു നില്‍ക്കുന്നതാണ് ഇതിലെ വരികള്‍. പ്രചോദനാത്മകമായ എത്രയോ ആശയങ്ങളിലൂടെ നമ്മെ ത്രസിപ്പിക്കുന്ന കവി ഹൃദയത്തില്‍ നിന്ന് ഇങ്ങനെയൊരാശയം പൊട്ടി മുളച്ചത് നിരാശാജനകമാണ് എന്ന് അനുവാചകരില്‍ ചിലരെങ്കിലും കുറ്റപ്പെടുത്താതിരിക്കില്ലെന്ന് എനിക്കു തോന്നുന്നു.
സ്നേഹമില്ലാത്ത ജീവിതം ഇലകളും പഴങ്ങളുമില്ലാത്ത വൃക്ഷം പോലെയാണെന്ന് ഖലീല്‍ ജിബ്രാന് ഒരിക്കല്‍ പറയുകയുണ്ടായി. സ്നേഹം എന്ന ഈ ഗുണവിശേഷത്തെ പ്രകീര്‍ത്തിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതായിരിക്കണം ഏതൊരെഴുത്തുകാരന്റെയും ആത്യന്തിക ലക്ഷ്യം.
മറ്റു സൃഷ്ടികളില്‍ നിന്ന് എല്ലാ നിലയ്ക്കും വേറിട്ടു നില്ക്കുന്ന രചനയാണ് ‘നേര്‍ക്കാഴ്ച’. രക്തമിറ്റു വീണിട്ടും കറവ നിര്‍ത്താതെ അകിടില്‍ ആര്‍ത്തിയുടെ കൈകള്‍ താളമിടുന്നത് ആവിഷ്കരിക്കുക വഴി, കാര്യസാധ്യത്തിന് വേണ്ടി എന്തധാര്മ്മികതയും ചെയ്യാന്‍ മടിക്കാത്ത മനുഷ്യ മനസിനെയാണ് ചിത്രപ്പെടുത്തുന്നത്. വിശപ്പിന്റെ വിളിക്കുത്തരം തേടി ചില്ലറത്തുട്ടുകള്‍ക്ക് വേണ്ടി മടിക്കുത്തഴിക്കുന്നതും എച്ചില് പാത്രത്തിലമൃത് തിരയുന്നതും ചൂണ്ടിക്കാണിക്കുന്നതിലൂടെ, തന്റെ നിരീക്ഷണ രീതിയെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോവുകയാണ് കവി. മറ്റുള്ളവര്‍ വിതച്ചത് കൊയ്യാനുള്ള ആര്‍ത്തിയെയും ഇവിടെ പ്രൗഢമായിത്തന്നെ അനാവരണം ചെയ്യുന്നുണ്ട്.
സ്വന്തം കുഞ്ഞുങ്ങള്‍ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞ് വെയ്ക്കുന്ന ഒരു പിതാവിന്റെ പ്രാണന്റെ പിടച്ചില്‍ ഭാവസാന്ദ്രമായി വരികളിലാക്കിയിരിക്കയാണ് അച്ഛന് എന്ന രചനയില്‍. വൃദ്ധസദനത്തിന്റെ വിലാസം തേടി അലയുവാനും പാരമ്പര്യ സ്വത്ത് ഭാഗിച്ചു കിട്ടുവാനും അവര്‍ കാട്ടുന്ന തിടുക്കം ആവിഷ്ക്കരിക്കുന്നതിലൂടെ പുതിയ കാലത്തിന്റെ ഭീകരമുഖമാണ് എഴുത്തുകാരന് വെളിപ്പെടുത്തുന്നത്.
ചെറുപ്പത്തില്‍ നെഞ്ചോട് ചേര്‍ത്തുവെച്ച എല്ലാറ്റിനോടും, അവ വിനഷ്ടമായെന്ന് തോന്നുന്ന സന്ദര്‍ഭം വന്നാല്‍ പ്രത്യേകിച്ചും, നമുക്ക് വല്ലാത്തൊരു നഷ്ടബോധം അനുഭവപ്പെടും. ഉള്ളിലതുണര്ത്തുന്ന വേദന അനുദിനം നമ്മെ വേട്ടയാടിക്കൊണ്ടേയിരിക്കും. ആ കാലത്തേക്ക് തിരിച്ചു നടക്കാനും, കൊച്ചു കുട്ടിയായി മാറി നിലക്കടല പോലെ പല സ്മരണകളും കൊറിച്ചു കൊണ്ടേയിരിക്കാനും നാമഭിലഷിക്കും. അങ്ങനെ പൊയ്പ്പോയതിലേക്ക് നമ്മെ മാടി വിളിക്കുന്ന ഹൃദയസ്പര്‍ശിയായ നിമിഷങ്ങളാണ് മുത്തശ്ശിക്കാവ് എന്ന കവിത സമ്മാനിക്കുന്നത്.
നാം മറ്റുള്ളവരില്‍ തേടുന്ന പലതും നമ്മില്‍ തന്നെയുണ്ടെന്ന് തിരിച്ചറിയാന്‍ സാധിക്കുന്നത് നിസ്സാര കാര്യമല്ല. അഹം ബ്രഹ്മാസ്മി എന്ന വീക്ഷണത്തെ അന്വര്‍ത്ഥമാക്കുന്നതാണ് ഈ കവിത കൊണ്ടാടാന്‍ ശ്രമിക്കുന്ന നിമിഷങ്ങള്‍.
ഈ ഗ്രന്ഥത്തിന്റെ ഭാഗമായ അറുപത്തി അഞ്ചു കവിതകളില്‍ പലതും സര്‍ഗ്ഗാത്മക നിമിഷങ്ങളുടെ ചേതോഹാരിത നമുക്കനുഭവവേദ്യമാകും എന്നെനിക്ക് പ്രതീക്ഷയുണ്ട്. അതിനാല്‍ ആഹ്ളാദ പുരസ്സരം സര്‍വ്വ ശക്തന്റെ നാമത്തില്‍ ഈ അക്ഷരോപഹാരം അനുവാചകര്ക്കാസ്വദിക്കാനായി സമര്‍പ്പിക്കട്ടെ..
Reviews
There are no reviews yet.