ആമസോണ്‍ പുത്രിയല്ല
ഇഗ്വാസു എന്ന് മാച്ചുപിക്ച്ചു
(സഞ്ചാരനോവല്‍)
ഡോ. ഗ്ലോറിമാത്യു അയ്മനം
സഞ്ചാരനോവല്‍ എന്നത് മനോഹരമായ ഒരു സംജ്ഞയാണ്. ഗ്ലോറി മാത്യുവിന്റെ ഈ കൃതി അനുഭവതീവ്രവും അനുഭൂതി സാന്ദ്രവുമായ ഒരു സങ്കര സൃഷ്ടിയാണ്. ‘മതം, മനുഷ്യന്‍, സമൂഹം ഏതാണ് പ്രധാനം’ എന്ന എട്ടാമത്തെ അധ്യായത്തിലൂടെ ഡോ. ഗ്ലോറിമാത്യു അയ്മനം തന്റെ നയം വ്യക്തമാക്കിയിരിക്കുകയാണ്. വായനക്കാരന് പക്ഷം ചേരുകയോ വിയോജിക്കുകയോ ആവാം.
– പ്രൊഫ. ഡോ. നെടുമുടി ഹരികുമാര്‍
(അവതാരികയില്‍ നിന്നും)
ആമുഖം
‘ആരല്ലെന്‍ ഗുരുനാഥന്‍,
ആരല്ലെന്‍ ഗുരുനാഥര്‍,
പാരിതിലെല്ലാമെന്നെ…
പഠിപ്പിക്കുന്നുണ്ടെന്തോ…’
ഈ പഠനം സാധ്യമാകണമെങ്കില്‍ യാത്രകള്‍ പോകണം.യാത്രകളോളം നല്ല പാഠപുസ്തകങ്ങളില്ല.
ദൈവകൃപയാല്‍ ഇതിനോടകം നാല്‍പ്പത്തിമൂന്ന് രാജ്യങ്ങള്‍ സന്ദര്‍ശിക്കുവാനിടയായി. ആദ്യകാല യാത്രകളെല്ലാം വെറുമൊരു വിനോദം, മറ്റു തിരക്കുകളില്‍ നിന്നുമുള്ള ഒരു ഒളിച്ചോടല്‍ മാത്രമായിരുന്നു. എന്നാല്‍ 2022 ലെ വിശുദ്ധ നാട് യാത്രയ്ക്കിടെ താബോര്‍ മലയിലെ ദേവാലയത്തില്‍ വച്ചെനിക്കുണ്ടായ ഒരു ദര്‍ശനമാണ് യാത്രാനുഭവങ്ങള്‍ രേഖപ്പെടുത്തണമെന്ന ചിന്തയിലേക്ക് ഞാന്‍ കടന്നത്.
‘ആമസോണ്‍ പുത്രിയല്ല ഇഗ്വാസു എന്ന് മാച്ചുപിക്ച്ചു’ എന്നത് എന്റെ ഒന്‍പതാമത്തെ പുസ്തകമാണ്, അതില്‍ തന്നെ രണ്ടാമത്തെ യാത്രാ വിവരണ നോവലും.
എന്തുകൊണ്ട് നോവല്‍ രൂപത്തിലെഴുതി എന്നതിനുള്ള ഉത്തരം ഇതാണ്, ഞാന്‍ പല യാത്രാവിവരണങ്ങളും വായിച്ചപ്പോള്‍ എനിക്കനുഭവപ്പെട്ട വിരസത തന്നെയാണ് ഇതിന്റെ കാരണം. ആദ്യകാല പ്രസിദ്ധമായ യാത്രാവിവരണങ്ങള്‍, രാജന്‍ കാക്കനാടന്റെ ‘ഹിമഗിരിയുടെ മുകള്‍തട്ടുകളില്‍’, ശ്രീ. എസ്.കെ. പൊറ്റക്കാടിന്റെ 1971ല്‍ പ്രസിദ്ധീകരിച്ച ‘ഒരു ദേശത്തിന്റെ കഥ’ തുടങ്ങിയവയാണ്. അന്നത്തെക്കാലത്ത് ഇന്നത്തെ പോലെ വിവിധയിനം മാധ്യമങ്ങള്‍ ഉണ്ടായിരുന്നില്ല. ദേശത്തെക്കുറിച്ചും ചരിത്രത്തെക്കുറിച്ചും ജീവിതങ്ങളെക്കുറിച്ചുമൊക്കെ സാധാരണക്കാരന് അറിയണമെങ്കില്‍ ഗ്രന്ഥപാരായണം തന്നെ വേണമായിരുന്നു. അതുകൊണ്ട് വിജ്ഞാനകുതുകികള്‍ മാത്രമാണ് ഗ്രന്ഥശാലകളില്‍ എത്തിയിരുന്നത്.
ഇന്നാകട്ടെ, ഏത് വിവരവും മനുഷ്യന്റെ കൈവെള്ളയില്‍ ലഭ്യമായിരിക്കുന്ന കാലം. ടച്ച്സ്‌ക്രീനിലൂടെ കാണുകയും കേള്‍ക്കുകയും ചെയ്യുന്നത് പോലെയല്ല വരികള്‍ക്കിടയിലൂടെ വായിച്ചെടുക്കുമ്പോഴുള്ള അനുഭൂതിയെന്ന് വായനക്കാരന് ബോധ്യം വരേണ്ടതുണ്ട്.
വായനയുടെ ലോകത്ത് നിന്നും സമൂഹം, പ്രത്യേകിച്ച് യുവജനം പിന്‍വാങ്ങിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ സുമനസ്സുകളെ വായനയിലേക്ക് തിരികെ കൊണ്ടുവരുവാന്‍ ഈ യാത്രാവിവരണം ഒരു നോവല്‍ രൂപത്തില്‍ എഴുതുന്നത് തന്നെയാവും ഉചിതമെന്നു ഒരു ഉള്‍വിളി പോലെ എനിക്ക് തോന്നി. എന്റെ കണക്കു കൂട്ടല്‍ തെറ്റിയില്ലയെന്ന് എഴുതി തീര്‍ന്നു വായിച്ചപ്പോള്‍ എനിക്കുണ്ടായ സംതൃപ്തിയില്‍ നിന്നും ബോധ്യമായി.
പിന്നീട് വായിച്ചവരും ഈ ആഖ്യാന ശൈലിയെ പ്രശംസിക്കുകയുണ്ടായി. എന്നെ നയിക്കുന്ന യേശുനാഥന് സ്തുതിചൊല്ലുന്നു ഞാന്‍.
എന്റെ എഴുത്ത് ഇങ്ങനെയാണ്. ഇന്ന്, ഈ നിമിഷം വീണു കിട്ടുന്ന വെളിച്ചം ആദ്യം മനസ്സില്‍ കുറിക്കുന്നു. പിന്നീട് അര്‍ത്ഥ പുഷ്ടിയുള്ള വാചകങ്ങളായി ആ ത്രെഡ് രൂപപ്പെടുന്നു. ജീവിതത്തില്‍ കണ്ടുമുട്ടിയവരാരും തന്നെ ഒന്നും തരാതെ പോയിട്ടില്ല. ചിലര്‍ വേദനകള്‍ സമ്മാനിക്കുന്നു, ചിലരാകട്ടെ ആനന്ദവും. ‘ഈശ്വരാവാസ്യം ഇദം സര്‍വ്വം…’ എല്ലാം മാറ്റത്തിലേക്ക് നയിക്കുന്ന പഠനങ്ങള്‍ തന്നെ.
ഈ പുസ്തകം വായിക്കുന്ന ഓരോ വായനക്കാരനും ചിന്തിക്കും, ജീവിതത്തിന്റെ റണ്‍വേയില്‍ ഞാന്‍ എവിടെയെത്തി നില്‍ക്കുന്നുവെന്ന്!
ഒരിക്കലും തിരിച്ചുവരാതെ കടന്നുപോകുന്ന നിമിഷങ്ങളെ ജീവനോടെ നിലനിര്‍ത്തുവാന്‍ സാധിക്കുന്നവനാണ് ജീവിതത്തില്‍ വിജയിച്ചവനെന്ന് കണക്കാക്കപ്പെടുക.
ഡോക്ടര്‍ പദ്മനാഭനും മീനാക്ഷി ടീച്ചറും ഈ സമൂഹത്തില്‍ത്തന്നെയുള്ള ദമ്പതികള്‍ ആണ്. ആരോഗ്യമുള്ള കാലമത്രയും കുടുംബത്തിനും സര്‍ക്കാരിനും സമൂഹത്തിനും വേണ്ടി ജീവിച്ചു. അതില്‍ അവര്‍ സംതൃപ്താരാണുതാനും.
പക്ഷേ, അത് ഒരു കിണറ്റില്‍ തന്നെ തിന്നും കുടിച്ചും കുളിച്ചും രസിച്ചും ജീവിതം തീര്‍ക്കുന്ന ഒരു തവളയുടെ ജീവിതത്തിനു തുല്യമാണ്. അവിടെനിന്നും പുറത്തുചാടി വിശാലമായ പാടങ്ങളിലൂടെ നീന്തിത്തുടിച്ചു പോകുന്ന ഒരു തവളയ്ക്കു എന്തെല്ലാം അനുഭവങ്ങളും അനുഭൂതികളുമാണ് ആസ്വദിക്കുവാന്‍ സാധിക്കുന്നത്!
നമ്മുടെ ഓരോ യാത്രകളും ഇത്തരം അനുഭൂതിയാണ് നമുക്ക് നല്‍കുന്നത്.
ചേതോഹരമായ കാഴ്ചകള്‍ മനസ്സില്‍ സൃഷ്ടിക്കുന്ന ആന്ദോളനം അതിമനോഹരമാണ്!
ഇതിനൊക്കെ പണം ചിലവാകില്ലേ? എന്നാണ് ചിലരുടെ ചോദ്യം. അമ്മയുടെ വയറ്റില്‍ നിന്നും ഭൂജാതനായി വന്നപ്പോള്‍ ഇരു കൈകളിലും സ്വര്‍ണ്ണ നാണയങ്ങളുമായി ആരും കടന്നു വരുന്നില്ല. തിരികെ പെട്ടിയിലാക്കി പൂട്ടുമ്പോഴും ഒന്നും കൊണ്ടുപോകുന്നുമില്ല. അപ്പോള്‍ പണവും ജീവിതവുമെല്ലാം ദൈവത്തിന്റെ ദാനമാണ്. അത് മറ്റുള്ളവരെ ദ്രോഹിക്കാതെ, കഴിയുന്നത് പോലെ സഹായിച്ചും അതോടൊപ്പം നമ്മുടെ ജീവിതം ജീവിച്ചു തന്നെയും കടന്നു പോകണം. നമ്മള്‍ പ്രയത്‌നിച്ചിട്ടല്ലേ അല്ലാതെ ദൈവം തന്നതാണോ എന്ന് നിരീശ്വരവാദികള്‍ ചോദിച്ചേക്കാം. എന്തൊക്കെ ചെയ്തിട്ടും പരാജയപ്പെട്ട എത്രയോ പേരുണ്ട്? ആരോഗ്യം ഇല്ലാതെ ഉള്ളവരുണ്ട്?
അപ്പോള്‍ താന്‍ പാതി ദൈവം പാതി, ഇതാണ് എന്റെ ജീവിതത്തില്‍ ഞാന്‍ പഠിച്ച ഏറ്റവും വലിയ പാഠം. മറ്റുള്ളവര്‍ക്ക് ദ്രോഹം ചെയ്യാതെ നാം ചെയ്യുന്ന നല്ല കര്‍മ്മങ്ങള്‍ക്ക് ദൈവം തരുന്ന കൂലിയാണ് നമ്മുടെ സമ്പാദ്യങ്ങള്‍. അത് വേണ്ടവിധം ചിലവഴിച്ചു സന്തോഷമായി ജീവിക്കണം.
ദൈവം തന്ന സമ്മാനമാണ് ഈ ജീവിതം. അത് നശിപ്പിക്കരുത്.
ചിലര്‍ക്ക് മദ്യമാണ് ലഹരി, ചിലര്‍ക്ക് സുഹൃത്തുക്കള്‍, ചിലര്‍ക്ക് ഭക്ഷണം, ചിലര്‍ക്ക് രതിസുഖങ്ങള്‍, എനിക്ക് യാത്രകള്‍ ആണ് ലഹരി. എന്റെ ഈ യാത്രാവിവരണ നോവല്‍ ‘ആമസോണ്‍ പുത്രിയല്ല ഇഗ്വാസു എന്ന് മാച്ചുപിക്ച്ചു’- വായിക്കുന്ന ഏതൊരാളും പദ്മനാഭന്റെയും മീനുവിന്റെയും കൂടെ നടക്കുന്നതായി അനുഭവപ്പെടും. ബ്രസീലിലെ ‘Christ the Redeemer’ മാര്‍ബിള്‍ പ്രതിമയുടെ മുന്‍പില്‍ നിന്ന് ധ്യാനിക്കുമ്പോള്‍ മനുഷ്യന്‍ കടന്നുപോകേണ്ട ത്യാഗത്തിന്റെ, സഹനത്തിന്റെ വഴികള്‍ മനസ്സില്‍ തെളിഞ്ഞു വരും. ബ്രസീലിന്റെ കരുത്ത് സ്‌നേഹക്കൂട്ടായ്മയുടെ കരുത്താണെന്ന് ആ ദേശം സന്ദര്‍ശിക്കുമ്പോള്‍ നമുക്ക് മനസ്സിലാകും.
‘ഇഗ്വാസു’ വിന്റെ പാദസരങ്ങളുടെ കിലുക്കം ആസ്വദിക്കുമ്പോള്‍ മറ്റൊരു മായാലോകത്തു നാം എത്തിച്ചേരുക തന്നെ ചെയ്യും. ആ നിമിഷങ്ങളില്‍ ഇണയെ മോഹിക്കാത്ത ആരുംതന്നെ ഉണ്ടാവില്ല. വല്ലാത്തൊരു നഷ്ടബോധം എന്നെ കീഴടക്കിയെങ്കിലും ഒരാളുടെ ജീവിതത്തിന്റെ താക്കോല്‍ മറ്റാര്‍ക്കും നല്കപ്പെടുന്നില്ല എന്ന സത്യം ഞാന്‍ ഉള്‍ക്കൊണ്ടു. ഈ ജീവിതം തന്നെ ഒരു യാത്രയല്ലേ? വഴിയമ്പലങ്ങളില്‍ വഴിപോക്കരെ കണ്ടു മുട്ടും. ചിലര്‍ കുറച്ചു നാള്‍ കൂടെയുണ്ടാകും. ചിലര്‍ തുടക്കത്തിലേ പിരിഞ്ഞു പോകും. എല്ലാവരും നല്‍കുന്നത് പാഠങ്ങള്‍ ആണ്.
ആമസോണ്‍ മഴക്കാടുകളിലൂടെ ശ്വാസമടക്കിപ്പിടിച്ചു നടക്കുമ്പോള്‍ നമുക്ക് നമ്മുടെതന്നെ ഹൃദയമിടിപ്പ് വ്യക്തമായി കേള്‍ക്കാം. എവിടെയൊക്കെയോ ഇരുന്നു പക്ഷികളും ചെറുജീവികളും ചീവീടുകളും ഒക്കെ നമ്മുടെ യാത്രയ്ക്ക് ശിങ്കാരിമേളക്കൊഴുപ്പു നല്‍കുന്നുണ്ട്. ഉഗ്രന്‍ എട്ടുകാലികള്‍ വലവിരിച്ചു സ്റ്റോപ്പ് സിഗ്‌നല്‍ നല്‍കും. മരത്തൊലിയുടെ നിറത്തില്‍ പറ്റിപ്പിടിച്ചു കിടക്കുന്ന പാമ്പുകള്‍, കരിയിലയുടെ നിറത്തില്‍ കാണുന്ന പാമ്പുകളും മറ്റു ഇഴജീവികളും എല്ലാം ഭയപ്പെടുത്തുന്ന വിസ്മയം തന്നെ. നല്ല പച്ച നിറത്തിലുള്ള ഒരു പാമ്പ് ഒരു മരത്തില്‍ നിന്നും മറ്റൊരു മരത്തിലേയ്ക്ക് കൊമ്പുകള്‍ വഴി ഇഴഞ്ഞും പിന്നെ പറന്നും പോകുന്നത് ഒരു മിന്നായം പോലെ കണ്ടു. എന്റെ തൊട്ടു മുന്നില്‍ ആയിരുന്നു ഗൈഡ് ഉണ്ടായിരുന്നത്. പെട്ടെന്ന് വായ് പൊത്തി നിശ്ശബ്ദമാകാന്‍ അയാള്‍ നിര്‍ദേശിച്ചു. ഉഗ്ര വിഷമാണ് ആ പാമ്പിന്! ഗൈഡ്കളുടെ കയ്യില്‍ അത്യാവശ്യം സന്നാഹങ്ങള്‍ ഉണ്ട്.
പച്ചമരുന്നുകളുടെ കൂട്ടുമായി ഒഴുകിവരുന്ന കാട്ടാറുകള്‍ എല്ലാം അവിസ്മരണീയമായ അനുഭവങ്ങളാണ്.
ആമസോണിനെപ്പറ്റിത്തന്നെ എഴുതാനുണ്ട് ഒരു പുസ്തകം. പ്രകൃതിയെ അമ്മയായിത്തന്നെ കാത്തു പരിപാലിക്കുന്ന ആ രാജ്യത്തിന്റെ സംസ്‌കാരം നാം കണ്ടുപഠിക്കേണ്ടത് തന്നെയാണ്. സഞ്ചാരികള്‍ക്കായി വനം വെട്ടിയൊരുക്കി റോഡ് പണിതിട്ടില്ല. ചെടികളും പുല്ലുകളും വകഞ്ഞൊതുക്കി വേണം നാം കാട്ടിലൂടെ നീങ്ങുവാന്‍. പ്രകൃതിയെ നോവിക്കരുത്, ദ്രോഹിക്കരുത്. നമ്മുടെ മനോഹരമായ വനമേഖലകള്‍ റിസോര്‍ട്ടുകള്‍ കയ്യടക്കിയിരിക്കുന്നു. പ്രകൃതിയുടെ മാറ് തുരന്നു മണ്ണെടുക്കുന്നതുകൊണ്ടാണ് ഉരുള്‍പൊട്ടലും മലയിടിച്ചിലുമൊക്കെ ഉണ്ടാവുന്നത്.
അര്‍ജന്റീനായിലെ മരക്കാനാ ഫുട്‌ബോള്‍ സ്റ്റേഡിയം ടീവിയില്‍ കാണുമ്പോള്‍ ഇത്രമാത്രം വലുതാണെന്നു ഒരിക്കലും വിചാരിച്ചിരുന്നില്ല. കാണേണ്ട കാഴ്ചതന്നെയാണ് സ്റ്റേഡിയം, അവിടെയുള്ള മ്യൂസിയം എല്ലാം.
മറ്റൊരു ലോകാത്ഭുതം മാച്ചുപിക്ച്ചു. പെറുവിലെ ഉറുബാബ താഴ്‌വരയുടെ മുകളില്‍ 2430 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന മാച്ചുപിക്ച്ചു! ഞാനതിന്റെ മുകളിലെത്തി എന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കില്ല. സാവധാനം നടന്നും ഇരുന്നും അള്ളിപ്പിടിച്ചു കയറിയും ഞാനും എത്തിച്ചേര്‍ന്നു മാച്ചുപിക്ച്ചുവിന്റെ വിരിമാറിലേയ്ക്ക്! അവിടെ നിന്നും ചുറ്റും നോക്കിയപ്പോഴേയ്ക്കും ഒരു കുളിര്‍കാറ്റായി തഴുകി വന്നത് എന്റച്ചായന്റെ ആത്മാവ് തന്നെയാണ്, ഞാന്‍ വിശ്വസിക്കുന്നു. നിറകണ്ണുകളോടെ ഞാന്‍ ആര്‍ത്തുവിളിച്ചു, ‘യുറേക്കാ…’ എനിക്ക് മാച്ചുപിക്ച്ചു കീഴടക്കാന്‍ ഒരിക്കലും സാധിക്കില്ലെന്നു ചിന്തിച്ചു ഞാന്‍ നിരാശപ്പെടുകയും ഭയപ്പെടുകയും ചെയ്തിരുന്നു. മുകളിലെത്തിയപ്പോള്‍ ഞങ്ങള്‍ ഗ്രൂപ്പിലുള്ളവരെല്ലാം ചേര്‍ന്നു ആനന്ദിച്ച നിമിഷം! ഒരിക്കലും മറക്കാനാവില്ല.
ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ ആറെണ്ണമാണ് ഈ യാത്രയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ബ്രസീല്‍, അര്‍ജന്റീന, പെറു, പെ-രാഗ്വേ, ചിലി, കൊളമ്പിയ. എന്റെ വ്യക്തിപരമായ ഒരഭിപ്രായം ഇവിടെ രേഖപ്പെടുത്തുന്നു. ഇങ്ങനെ നിരവധി രാജ്യങ്ങള്‍ ഒന്നിച്ചു പോകുന്നത് സന്ദര്‍ശിച്ച രാജ്യങ്ങളുടെ പട്ടികയുടെ നീളം കൂടുമെന്നല്ലാതെ ശരിയായ ആസ്വാദനവും പഠനവും സാധ്യമല്ല. ബ്രസീല്‍, അര്‍ജന്റീന മാത്രം തന്നെ കാണുവാന്‍ രണ്ടാഴ്ചയെങ്കിലും മിനിമം വേണം.
പെറു, പേരാഗ്വേ മറ്റൊരു സങ്കീര്‍ണ്ണ വിസ്മയമാണ്.
ചിലി, കൊളമ്പിയ വേറെ..
കൊളംബിയയിലെ ബോഗോട്ട അത്ഭുതങ്ങളുടെ കലവറയാണ്. ചുരുക്കിപ്പറയാം ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുടെ സന്ദര്‍ശനം ഒരിക്കലും നമ്മെ നിരാശപ്പെടുത്തുകയില്ല. ജപ്പാന്‍, ചൈന എല്ലാം പഠിക്കേണ്ട സംസ്‌കാരം തന്നെ. ഓരോ ദിനവും പഠനങ്ങളാണ് നടക്കുന്നത്. പഞ്ചേന്ദ്രിയങ്ങളിലൂടെയുള്ള പഠനം. അതൊരു ആസ്വാദനമെന്നതിലുമപ്പുറം ഒരു ഗവേഷണത്തിന്റെ ഫലം നല്‍കുന്നതാണ്.
കേരളത്തില്‍ ഉള്ളവ കൂടാതെ മറ്റനേകം ഭക്ഷ്യവസ്തുക്കളും പഴങ്ങളും പച്ചക്കറികളും പ്രകൃതി മാതാവ് നമുക്കായി അവിടെ ഒരുക്കിവച്ചിട്ടുണ്ട്. കാണാത്ത കാഴ്ചകള്‍ തേടുന്നതോടൊപ്പം അറിയാത്ത രുചികളും ആസ്വദിക്കാം. ‘നാസ്തി മൂലം അനൗഷധം’, ഔഷധ ഗുണമില്ലാത്ത ഒരു ചെടിപോലുമില്ല ഈ പ്രപഞ്ചത്തില്‍.
ആമസോണ്‍ കാടിന്റെ മക്കളുടെ കരുത്തെന്തെന്ന് നാം ഈയിടെ വാര്‍ത്തകളില്‍ അറിഞ്ഞതാണ്. 2023 ജൂണ്‍ 10ന് കൊളംബിയയിലെ ബോഗോട്ടയില്‍ ആണ് ഈ സംഭവം നടന്നത്. ഹെലികോപ്റ്റര്‍ തകര്‍ന്നു പൈലറ്റും കോ പൈലറ്റും മരിച്ചു. മൃതപ്രായയായി കിടന്ന ഒരമ്മ തന്റെ മക്കളോട് അവിടെ നിന്നും ഉടന്‍ രക്ഷപ്പെടാന്‍ ആവശ്യപ്പെട്ടു. കാരണം ചോരയുടെ മണം ഗ്രഹിച്ച് വന്യമൃഗങ്ങള്‍ ഓടി വരും. തന്റെ മക്കളെ അവ കടിച്ചു കീറും. അതുകൊണ്ട് എത്രയും വേഗം നീങ്ങണമെന്ന് അമ്മ പറഞ്ഞത് മനസ്സിലാക്കി വെറും പതിമൂന്നു വയസ്സുള്ള മൂത്ത പെണ്‍കുട്ടി, വെറും പതിനൊന്നു മാസം പ്രായമുള്ള ഇളയ കുഞ്ഞും മറ്റു രണ്ടു പേരും. അങ്ങനെ നാല്‍വര്‍ സംഘം കാട്ടിലൂടെ നീങ്ങി.. നാല്പത് ദിവസം കഴിഞ്ഞാണ് ദൗത്യസംഘം ഇവരെ കണ്ടെത്തുന്നത്. തകര്‍ന്ന ഹെലികോപ്റ്റര്‍ പോലും കണ്ടെത്തിയത് പത്തു ദിവസം കഴിഞ്ഞാണ്. അപ്പോഴേക്കും മൃതശരീരങ്ങള്‍ അസ്ഥികൂടം പോലെയായിരുന്നു. വന്യമൃഗങ്ങള്‍ മാത്രമല്ലായിരുന്നു ദൗത്യസംഘത്തിനു ഭീഷണി. ഗറില്ല യുദ്ധം ചെയ്യുന്ന കാട്ടു ജാതിക്കാരുണ്ട് ആമസോണ്‍ വനങ്ങളില്‍. അവര്‍ മറ്റു മനുഷ്യരെ കണ്ടിട്ടില്ല. അവര്‍ ആ ലോകം വിട്ടു പുറത്തേയ്ക്ക് വരികയുമില്ല.
ഒന്നാലോചിച്ചു നോക്കൂ, നമ്മുടെ നാട്ടിലെ കുട്ടികള്‍ ആണെങ്കില്‍ അമ്മയെ കെട്ടിപ്പിടിച്ചു കരഞ്ഞു വന്യമൃഗങ്ങള്‍ക്ക് ഇരയായേനെ. പക്ഷേ ആ അമ്മ മക്കള്‍ക്ക് പ്രായോഗിക ബുദ്ധി പറഞ്ഞു കൊടുത്തു അവസാന നിമിഷവും. അതാണ് കാടിന്റെ മക്കളുടെ ശാരീരികവും മാനസികവുമായ കരുത്ത്.
വേട്ട നായ്ക്കള്‍ മണത്തു മണത്തു പോയി നാല്‍പതാം ദിവസം അവരെ കണ്ടെത്തുമ്പോള്‍ കുട്ടികള്‍ ചെറിയ കാട്ടു കമ്പുകള്‍ ഉപയോഗിച്ച് ഒരു കുടില്‍ കെട്ടിയുണ്ടാക്കിയിരുന്നു. അവിടെ ഒളിച്ചു താമസിക്കുകയായിരുന്നു. കാട്ടു കിഴങ്ങുകളും കായ്കളും പഴങ്ങളും ഒക്കെ ഭക്ഷിച്ചു ജീവിച്ചു അവര്‍. വിഷമുള്ള പഴങ്ങള്‍, ഇലകള്‍ ഒക്കെ അവര്‍ക്ക് ചെറുപ്പം മുതലേ അറിയാമായിരുന്നത് കൊണ്ട് അവര്‍ അതിജീവിച്ചു. നമ്മുടെ കുട്ടികള്‍ക്ക് തുളസിയില പോലും ഒരുപക്ഷെ അറിയാത്തവര്‍ ഉണ്ട്.
ഒരു പതിമൂന്നുകാരി തന്റെ മൂന്ന് കൂടെപ്പിറപ്പുകളുടെ അമ്മയായി മാറിയത് അവള്‍ കാടിന്റെ മകളായിരുന്നതുകൊണ്ടാണ്.
കൂടുതല്‍ വിശേഷങ്ങള്‍ വായിച്ചറിയുക പ്രിയരേ…
അതിമനോഹരം എന്ന വാക്കിനെക്കാള്‍ ഈ യാത്രയ്ക്ക് അനുയോജ്യമായ വാക്ക് വിസ്മയകരവും വിജ്ഞാനപ്രദവുമായ അനുഭവങ്ങളുടെ തേരോട്ടം എന്നാണ്.
എനിക്കിതിനുണ്ടായ ഭാഗ്യത്തെ ഞാന്‍ ദൈവത്തെ സ്തുതിച്ചുകൊണ്ടും എന്റച്ചായനെ സ്മരിച്ചുകൊണ്ടും രേഖപ്പെടുത്തുന്നു.
ലാറ്റിനമേരിക്കയുടെ പ്രകാശമെന്നത് ‘Christ the Redeemer” ന്റെ പ്രകാശം തന്നെയാണ്. സംശയമില്ല. സ്‌നേഹമുള്ള നാട്, ഐശ്വര്യമുള്ള നാട്.
ഓരോ ഗെയിം കഴിയുമ്പോഴും ലയണല്‍ മെസ്സി ഗ്രൗണ്ടില്‍ മുട്ടു കുത്തി പ്രാര്‍ഥിക്കുന്നതിന്റെ രഹസ്യം ആ രാജ്യത്തിന്റെ ഒരു ശീലമാണ് എന്നെനിക്കു ബോധ്യമായി..
യാത്രകള്‍ നിങ്ങള്‍ക്കും ഒരു ലഹരിയാവട്ടെ..
അപ്രതീക്ഷിതമായി ജീവിതത്തില്‍ കടന്നു വരുന്ന വിശിഷ്ട അതിഥികളായി യാത്രകളെ സ്‌നേഹിക്കാം…
അല്ല, പ്രണയിക്കാം.
– ഡോ. ഗ്ലോറിമാത്യു അയ്മനം
(ഗ്രന്ഥകര്‍ത്രി)
Reviews
There are no reviews yet.