ഏലംകുളം മനയ്ക്കൽ ശങ്കരൻ നമ്പൂതിരിപ്പാട് അഥവാ ഇ. എം. എസ്. നമ്പൂതിരിപ്പാട് (ഇംഗ്ലീഷ്: E.M.S. Namboodiripad ജൂൺ 13, 1909 പെരിന്തൽമണ്ണ മലപ്പുറം ജില്ലാ– മാർച്ച് 19, 1998 തിരുവനന്തപുരം) ഇന്ത്യൻ മാർക്സിസ്റ്റ്-കമ്മ്യൂണിസ്റ്റ് നേതാവും കേരളീയ കമ്മ്യൂണിസത്തിൻ്റെ താത്വികാചാര്യനും ഐക്യകേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയുമായിരുന്നു. ജനാധിപത്യ പ്രക്രിയയിലൂടെ തിരഞ്ഞെടുക്കപ്പെട്ട ഏഷ്യയിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ[അവലംബം ആവശ്യമാണ്] തലവനെന്ന നിലയിലും അറിയപ്പെടുന്നു. ചരിത്രകാരൻ, മാർക്സിസ്റ്റ് തത്ത്വശാസ്ത്രജ്ഞൻ, സാമൂഹിക പരിഷ്ക്കർത്താവ് എന്നീ നിലകളിൽ പ്രശസ്തനായ അദ്ദേഹം ആധുനിക കേരളത്തിന്റെ ശിൽപികളിൽ പ്രധാനിയാണ്.
സ്കൂളിലും കോളേജിലും പഠിക്കുമ്പോൾ തന്നെ എഴുത്തിന്റെ ലോകത്തിലേക്കു കടന്നിരുന്നു. കോൺഗ്രസ്സിലൂടെ രാഷ്ട്രീയത്തിലേക്കു കടന്നു. പിന്നീട് കോൺഗ്രസ്സിലെ ഇടതു പക്ഷക്കാർ ചേർന്ന് ഇ.എം.എസ്സിന്റെ നേതൃത്വത്തിൽ കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടി രൂപീകരിച്ചു. കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരിക്കപ്പെടുന്ന പാറപ്പുറം സമ്മേളനത്തിൽ പങ്കെടുത്ത് കമ്മ്യൂണിസ്റ്റായി. കേരളസംസ്ഥാനത്തിലെ ആദ്യത്തെ മുഖ്യമന്ത്രിയായി. കമ്മ്യൂണിസ്റ്റ് പാർട്ടി രണ്ടായപ്പോൾ സി.പി.ഐ.എമ്മിന്റെയൊപ്പം നിന്നു. സി.പി.ഐ(എം) ദേശീയ ജനറൽ സെക്രട്ടറി, കേരള സംസ്ഥാന സെക്രട്ടറി, പോളിറ്റ് ബ്യൂറോ അംഗം സി.പി.ഐ ദേശീയ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ആശയങ്ങൾ രൂപീകരിക്കുന്നതിലും, അത് പ്രയോഗത്തിൽ വരുത്തുന്ന കാര്യത്തിലും പുതിയ കേരളത്തിന്റെ ശിൽപികളിലൊരാളായി ഇ.എം.എസ്സിനെ കണക്കാക്കുന്നു. ജനകീയാസൂത്രണ പദ്ധതിയുടെ മുൻനിരക്കാരിലൊരാൾ കൂടിയായിരുന്ന ഇ.എം.എസ്സ് 1998 മാർച്ച് 19-ന് തന്റെ 89-ആം വയസ്സിൽ അന്തരിച്ചു.
Reviews
There are no reviews yet.