എന്റെ സ്വന്തം സ്‌നേഹഗായകന്‍
(നോവല്‍)
ഡോ. ഗ്ലോറിമാത്യു അയ്മനം
ഞാന്‍ ചോദിക്കുന്നു അവന്‍ പറയുന്നു. വീണ്ടും അവന്‍ പറയുന്നു, ഞാന്‍ എഴുതുന്നു. ഇതായിരുന്നു ഈ രചനയുടെ തുടക്കം. ഈ പുസ്തകം ഒരു യാത്രാവിവരണം അല്ല, സത്യത്തില്‍ ഇതൊരു അനുയാത്രയാണ്. യേശുവോടൊപ്പം ഉള്ള ഒരു നടക്കല്‍ തന്നെയായിരുന്നു. പല വര്‍ഷങ്ങളിലും മാറ്റി വച്ച ഒരു യാത്രയിലേക്ക് അവനെന്നെ കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. താബോര്‍ മലയിലെ പള്ളിയുടെ അള്‍ത്താരയില്‍ അവനെന്നെ വെളിപ്പെടുത്തിത്തന്നു. കൂടെ ഒരാശ്വാസവും.! ഭയപ്പെടേണ്ട, ഞങ്ങള്‍ (ജീസസും എന്റെ അച്ചായനും) നിനക്ക് കാവലുണ്ട് എന്നൊരുറപ്പും നല്‍കി. അവിടെ വച്ച് ഞാന്‍ തീരുമാനമെടുത്തു, എഴുതണം ആ വെളിപ്പെടുത്തലുകള്‍…. സ്‌നേഹസല്ലാപങ്ങള്‍!
ഡോ. ഗ്ലോറിമാത്യു അയ്മനം
(എഴുത്തുകാരി)
എല്ലാവിധ ഭാവുകങ്ങളും നേരുന്നതോടൊപ്പം അഭിനന്ദനങ്ങളും അറിയിക്കുന്നു. ഈ കൃതിയെ സംബന്ധിച്ച് ഒരു ഖണ്ഡന വിമര്‍ശനത്തിന് മുതിരേണ്ടി വരുന്ന ഒരു ഭാഗവും ഞാന്‍ കണ്ടില്ല. അത്രമേല്‍ അലോകസാധാരണമായ അനുഭവമാണ് ഡോക്ടര്‍ ഗ്ലോറി മാത്യുവിന്റെ ‘എന്റെ സ്വന്തം സ്‌നേഹഗായകന്‍’
പ്രൊഫ. ഡോ. നെടുമുടി ഹരികുമാര്‍
(സാഹിത്യകാരന്‍)
ഒരു സ്ത്രീയെന്ന നിലയില്‍ ഗ്ലോറി മാത്യു തന്റെ സ്ത്രീപക്ഷ സമീപനം മറച്ച് വയ്ക്കുന്നില്ല. പടയാളികള്‍ക്കിടയിലൂടെ അവരെ തള്ളിമാറ്റി യേശുവിന്റെ സമീപത്തെത്തി തന്റെ തൂവാല കൊണ്ട് ആ മുഖത്തെ രക്തം ഒപ്പിയെടുക്കുന്ന വെറോണിക്കയെപ്പോലെ ഏതൊരു സ്ത്രീയും ആര്‍ദ്രതയുള്ള ഒരു ഹൃദയം ഉള്ളവളും അനീതിയെ ഭയക്കാതെ മുന്നേറുന്നവളും ആയിരിക്കണം എന്ന് ഗ്രന്ഥകര്‍ത്രി സമര്‍ത്ഥിക്കുന്നു.
ശ്രീ. ഷാജി വേങ്കടത്ത്
(എഴുത്തുകാരന്‍)
സെക്രട്ടറി, പബ്ലിക് ലൈബ്രറി, കോട്ടയം
അവതാരിക
ഡോ. ഗ്ലോറി മാത്യുവിന്റെ എല്ലാ രചനകളും ഞാന്‍ വായിച്ചിട്ടുണ്ട്. എന്നാല്‍, ”എന്റെ സ്വന്തം സ്‌നേഹ ഗായകന്‍” എന്ന ഈ കൃതി വായിച്ചപ്പോള്‍ ഒരു യാത്രാവിവരണം നോവല്‍ പോലെ എഴുതിയിരിക്കുന്ന മാജിക്ക് എന്നെ അമ്പരപ്പിച്ചു കളഞ്ഞു.
ഓരോ അദ്ധ്യായങ്ങളിലൂടെയും കടന്നുപോകുമ്പോള്‍ വായനക്കാരന് മനസ്സിലാകുന്ന ഒരു സത്യം ഉണ്ട്, അതായത് വരികള്‍ക്കിടയിലൂടെ വായിച്ചെടുക്കാവുന്ന ഒരു രഹസ്യം-ആരോ, ഏതോ ഒരു ശക്തി ഗ്ലോറിയെക്കൊണ്ട് ഇതെഴുതിക്കുന്നത് പോലെ!
ഒരു യാത്രാ വിവരണം എഴുതണമെന്ന യാതൊരു മുന്‍വിധിയും ഇല്ലാതെ തുടങ്ങിയ വിശുദ്ധനാട് യാത്രക്കിടയില്‍ എഴുത്തുകാരി യേശു എന്ന സ്‌നേഹഗായകനെ കണ്ടു മുട്ടിയപ്പോള്‍ സംഭവിച്ച അതിശയമായ സൃഷ്ടിയായി ഈ രചനയെ ഞാന്‍ വിലയിരുത്തുന്നു.
അനേകലക്ഷംപേര്‍ വിശുദ്ധനാട് യാത്രക്കായ് പോയിട്ടുണ്ട്. അതില്‍ നിരവധിപേര്‍ അതുമായി ബന്ധപ്പെട്ട് യാത്രാവിവരണങ്ങളും എഴുതിയിട്ടുണ്ട്. എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമായി ചില വെളിപ്പെടുത്തലുകള്‍ക്കൂടി ഈ കൃതിയില്‍ നാം കാണുന്നു.
യേശുവിന്റെ ജനനം മുതല്‍ മരണംവരെയുള്ള സംഭവങ്ങള്‍ ലഘുവായും ഹൃദ്യമായും അവതരിപ്പിക്കുന്നതില്‍ ഗ്രന്ഥകര്‍ത്രി വിജയിച്ചിരിക്കുന്നു എന്ന് തന്നെ പറയാം.
ഭാരമേറിയ കുരിശും വഹിച്ചുകൊണ്ടുള്ള കാല്‍വരിമലയിലേക്കുള്ള യാത്രയുടെ ഭാഗം വായിച്ചപ്പോള്‍ ഏതൊരു വായനക്കാരനും ചിന്തിച്ചേക്കാവുന്ന വിധത്തില്‍ ഞാനും ചിന്തിച്ചുപോയി. ”യേശുവിന് ഇത്രയും സഹനശക്തി എവിടുന്ന് കിട്ടി എന്ന്?” തുടര്‍ന്നു വായിക്കുമ്പോള്‍ നാം കാണുന്നു, ”ഇവന്‍ സത്യമായും ദൈവപു-ത്രനായിരുന്നു” എന്ന് വിളിച്ചു പറഞ്ഞത് യേശുവിനെ അവസാനമായി തിരുവിലാവില്‍ കുന്തം കൊണ്ട് കുത്തിയ പടയാളി, അതായത് യേശുവിനെ കൊന്നവന്‍ തന്നെയാണ് അത് ആദ്യം സാക്ഷ്യപ്പെടുത്തിയത് എന്നാണ്.
അപ്പോള്‍, മനുഷ്യനായി ഈ ഭൂമിയില്‍ പിറന്ന് അമാനുഷനായി ജീവിച്ച ഒരു ദൈവത്തെ അടുത്തറിയുവാന്‍ ഈ പുസ്തകം ഉപകരിക്കും എന്നത് നിസ്സംശയം ഞാന്‍ എടുത്തു പറയുന്നു.
ജറുസലേം ദേശത്തെ പ്രധാന സംഭവങ്ങളുടെ സ്മാരകങ്ങളായി അവിടെ ഇന്നും നിലകൊള്ളുന്ന സ്ഥാപനങ്ങളുടെയും ആരാധനാലയങ്ങളുടെയും ചിത്രങ്ങള്‍ കൂടി ഉള്‍ക്കൊള്ളുന്ന ഈ പുസ്തകം ഏവര്‍ക്കും ഒരു മുതല്‍ക്കൂട്ട് തന്നെ ആയിരിക്കും.
ഒരു സ്ത്രീയെന്ന നിലയില്‍ ഗ്ലോറി മാത്യു തന്റെ സ്ത്രീപക്ഷ സമീപനം മറച്ചു വയ്ക്കുന്നില്ല. വെറോണിക്ക എന്ന സ്ത്രീ, യേശുവിന്റെ കളിക്കൂട്ടുകാരി ആയിരുന്നവള്‍ യേശുവിന്റെ കാല്‍വരിയാത്രയില്‍ കയറിവരുന്ന ഒരു രംഗം ഉണ്ട്. യേശുവിനെ അടിച്ചും തുപ്പിയും വലിച്ചും പടയാളികള്‍ ചുറ്റും നിന്ന് പരിഹസിച്ചും ആണ് അദ്ദേഹത്തെ കൊണ്ടുപോകുന്നത്. ആ പടയാളികള്‍ക്കിടയിലൂടെ അവരെ തള്ളിമാറ്റി യേശുവിന്റെ അടുത്തെത്തി ആ മുഖത്തെ രക്തം തന്റെ തൂവാലകൊണ്ട് തുടച്ചു നീക്കിയ വെറോണിക്ക!
അവള്‍ ഇന്നത്തെ സമൂഹത്തിനും ഒരു മാതൃകയാണ് എന്ന് എഴുത്തുകാരി ഗ്ലോറി സമര്‍ത്ഥിക്കുന്നു. ആര്‍ദ്രതയുള്ള ഒരു ഹൃദയം, അനീതിയെ ഭയക്കാതെയുള്ള മുന്നേറ്റം ഏതൊരു സ്ത്രീയും മാതൃകയാക്കണം. യേശുവിന്റെ രക്തം ഒപ്പിയെടുത്ത തൂവാല നിവര്‍ത്തു നോക്കിയപ്പോള്‍ വെറോണിക്ക കണ്ടത് യേശുവിന്റെ മുഖം തന്നെയാണ്. ലോകചരിത്രത്തിലെ ആദ്യത്തെ ഫോട്ടോഗ്രാഫി എന്ന് ഇതിനെ വിശേഷിപ്പിക്കുന്നു.
അങ്ങനെ നിരവധി ഹൃദയസ്പര്‍ശിയായ രംഗങ്ങള്‍ ഈ രചനയില്‍ നമുക്ക് ആസ്വദിക്കാം. ഞാന്‍ ദീര്‍ഘിപ്പിക്കുന്നില്ല, കാരണം ആരേയും ഒന്നു പിടിച്ചു നിര്‍ത്തുന്ന, ചിന്തിക്കുവാന്‍ പ്രേരിപ്പിക്കുന്ന ഒരു വിശേഷ രചന തന്നെയാണ് ഈ പുസ്തകമെന്ന് ഞാന്‍ മനസ്സിലാക്കുന്നു. യേശുവിനെ ആരും ഭയക്കേണ്ടതില്ല. മറിച്ച് ഒന്ന് അറിഞ്ഞ് അനുഭവിച്ച് ചേര്‍ന്നു നടക്കണം എന്ന് ഗ്രന്ഥകര്‍ത്രി ആഗ്രഹിക്കുന്നു.
ആദ്യം മുതല്‍ അവസാനം വരെ യേശു എന്ന സ്‌നേഹഗായകനോടൊപ്പം നമ്മളും സഞ്ചരിച്ചതായി ഓരോ വായനക്കാരനും തോന്നുന്ന ഒരു പ്രത്യേക രചനാ രീതി.
എല്ലാവിധഭാവുകങ്ങളും നേരുന്നതോടൊപ്പം അഭിനന്ദനങ്ങളും അറിയിക്കുന്നു. ഈ കൃതിയെ സംബന്ധിച്ച് ഒരു ഖണ്ഡന വിമര്‍ശനത്തിന് മുതിരേണ്ടി വരുന്ന ഒരു ഭാഗവും ഞാന്‍ കണ്ടില്ല. അത്രമേല്‍ അലോകസാധാരണമായ അനുഭവമാണ് ഡോക്ടര്‍ ഗ്ലോറി മാത്യുവിന്റെ ”എന്റെ സ്വന്തം സ്‌നേഹ ഗായകന്‍.”
പ്രൊഫ. ഡോ. നെടുമുടി ഹരികുമാര്‍
(സാഹിത്യകാരന്‍)
Reviews
There are no reviews yet.