KASTHOORI SHALABHAM by Sir Sohan Roy

400.00

Book : KASTHOORI SHALABHAM 
Author: Sir Sohan Roy
Category :  Diary Kurippukal
ISBN : 978-93-6167-783-0
Binding : Normal
Publishing Date : 2025
Publisher : Lipi Publications
Edition : 2
Number of pages : 192 + 8 Colour pages
Language : Malayalam 

KASTHOORI SHALABHAM by Sir Sohan Roy

400.00

Add to cart
Buy Now
Category:

കസ്തൂരിശലഭം
എന്റെ അമ്മയുടെ ഡയറിക്കുറിപ്പുകള്‍

സര്‍. സോഹന്‍ റോയ്

 

അന്ധവിശ്വാസത്തിനും അനാചാരത്തിനും ജാതി വിവേചനത്തിനും എതിരെ ശക്തമായി പ്രവർത്തിച്ച ആത്മവിദ്യാ സംഘത്തിൽ ചേ ക്കേറിയ ഒരു കുടുംബത്തിൽ ജന്മം കൊണ്ട്, അന്നത്തെ സാമൂഹ്യവ്യവസ്ഥയെ വെല്ലു വിളിച്ച് തന്റേതായ ജീവിതം കരുപ്പിടിപ്പിച്ച ധീര വനിതയായ ശ്രീമതി ആർ. കസ്തൂരിഭായി മഹോ പാദ്ധ്യായയുടെ ഡയറിക്കുറിപ്പുകൾ, മകനും പ്രശസ്തവ്യവസായിയും കവിയുമായ സോഹൻ റോയ് ഈ പുസ്തകത്തിലൂടെ ലോകത്തിനു പരിചയപ്പെടുത്തുന്നു.

ആയിരത്തി എണ്ണൂറ്റി എഴുപതുകളിൽ ആരം ഭിച്ച് രണ്ടായിരത്തിപ്പത്തുവരെ നീളുന്ന കേര ളത്തിന്റെ സാമൂഹ്യ സാംസ്‌കാരിക ചിത്രം കൂടി, നാലു തലമുറകളെ പരിചയപ്പെടുത്തുന്ന ഈ ഡയറിക്കുറിപ്പുകളിൽ നമുക്ക് വായിച്ചെടു ക്കാൻ സാധിക്കും. ചരിത്ര ഗവേഷകർ മുതൽ പുതുതലമുറ വരെയുള്ളവർക്ക് പ്രചോദനം നൽകുന്നതും വെളിച്ചം പകരുന്നതുമായ ഒരു അമൂല്യഗ്രന്ഥമാണ് ഇത്.

ശ്രീ. മുരുകൻ കാട്ടാക്കട

ആമുഖം
പ്രിയപ്പെട്ടവരെ,
ഇത് ഞാന്‍ എഴുതിയ പുസ്തകമല്ല. ഈ പുസ്തകത്തിലെ ഓരോ വാക്കുകളും എഴുതിയത് എന്റെ അമ്മയാണ്. അസാമാന്യ ഭാഷാ പാണ്ഡിത്യമുള്ള ഒരു സംസ്‌കൃതാദ്ധ്യാപിക കൂടിയായിരുന്നു എന്റെ അമ്മ ശ്രീമതി ആര്‍. കസ്തൂരി ഭായ്. അമ്മ പകര്‍ന്നു നല്‍കിയ സംസ്‌കൃതിയുടെയും സംസ്‌കാരത്തിന്റെയും നിലാവെളിച്ചത്തിലാണ് ഞങ്ങള്‍ നാലു മക്കളും വളര്‍ന്നത്. ഞങ്ങളെ ഞങ്ങളാക്കിയ ആ കഥ ഈ പുസ്തകത്തില്‍ നിങ്ങള്‍ക്കു വായിക്കാം.
തനിക്ക് ചുറ്റുമുള്ള ജീവിതത്തെ ചെറു കുറിപ്പുകളായി എഴുതി സൂക്ഷിക്കുന്ന ഒരു സ്വഭാവം അമ്മയ്ക്കുണ്ടായിരുന്നു. ഒരു കാലഘട്ടത്തിന്റെ സത്യസന്ധമായ പ്രതിഫലനം ആ കുറിപ്പുകളില്‍ നമുക്കു കാണാം. വ്യക്തിപരമായി എന്നോട് പറഞ്ഞ കാര്യങ്ങളും, കുടുംബ ചരിത്രവും, സാഹിത്യവും കവിതയും ഒക്കെ ആ ഡയറികളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. മാനസികമായി എന്ത് ക്ഷീണം തോന്നിയാലും ഈ കുറിപ്പുകള്‍ ഞങ്ങളെ ഊര്‍ജ്ജസ്വലരാക്കും. ജീവിതത്തിന്റെ ഏത് പ്രതിസന്ധി ഘട്ടങ്ങളെയും തരണം ചെയ്യാനുള്ള ശക്തി അത് ഞങ്ങള്‍ക്കു പകര്‍ന്നു തരും.
ഞങ്ങള്‍ നാലു മക്കളില്‍ മൂന്നുപേര്‍ മാത്രമാണ് ഇപ്പോള്‍ ജീവിച്ചിരിക്കുന്നത്. ചേട്ടന്‍ രണ്ടു വര്‍ഷം മുന്‍പ് ഞങ്ങളെ വിട്ടു പോയി. എങ്കിലും കുട്ടിക്കാലത്ത് അമ്മയോടൊപ്പം ചിലവഴിച്ച ഞങ്ങളുടെ ധന്യനിമിഷങ്ങള്‍ ഈ പുസ്തകമായി മാറുമ്പോള്‍ അതില്‍ എന്റെ ചേട്ടനും കൂടി ഒരു കുട്ടിയായി ഒപ്പമുണ്ട് എന്നത് ആശ്വാസം പകരുന്നു. എന്റെ ചേച്ചിമാരുടേയും കുഞ്ഞമ്മമാരുടെയും ആ ഓര്‍മ്മക്കുറിപ്പുകള്‍, അമ്മയുടെ ഡയറിക്കുറിപ്പുകള്‍ക്കു ശേഷമുള്ള ‘അനുസ്മരണങ്ങള്‍’ എന്ന അധ്യായത്തില്‍ പങ്കുവെച്ചിട്ടുണ്ട്.
ഈ പുസ്തകത്തിലെ അമ്മയുടെ ഡയറിക്കുറിപ്പുകളുടെ ഒരു സംക്ഷിപ്ത രൂപം തന്നെയാണ് അമ്മയെക്കുറിച്ചുള്ള എന്റെ ഓര്‍മ്മകളിലും ഉള്ളത്. എന്റെ ജീവിതത്തില്‍ എന്നെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച അമ്മയെക്കുറിച്ച് എത്ര പേജുകള്‍ എഴുതിയാലും മതിവരില്ല.
നമുക്കെല്ലാവര്‍ക്കും അത് അങ്ങനെ തന്നെയാണ്, കാരണം അമ്മയുടെ ശരീരത്തിന്റെ ഒരു ഭാഗമായിട്ടാണ് നമ്മള്‍ ജനിച്ചതു തന്നെ. പക്ഷേ അമ്മയുടെ നിസ്വാര്‍ത്ഥ സ്‌നേഹത്തിന്റെ മൂല്യം നമുക്ക് പലപ്പോഴും മനസ്സിലാവാറില്ല. അവരെ നഷ്ടപ്പെടുമ്പോഴാണ് നാം അത് തിരിച്ചറിയുന്നത്. അമ്മയോടുള്ള കടമകള്‍ മുഴുവന്‍ ഞാന്‍ പൂര്‍ണ്ണമായും ചെയ്തുതീര്‍ത്തിരുന്നു എന്നിപ്പോള്‍ തോന്നുന്നില്ല. ഒരു ടൈം മെഷീനില്‍ കയറി തിരിച്ചു പോകാന്‍ പറ്റിയാല്‍ ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യാമെന്നുറപ്പുണ്ട്.
അമ്മയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ എന്നും അഭിമാനമാണ്. കാരണം ഏകദേശം എഴുപത്തിഅഞ്ചു വര്‍ഷം മുന്‍പ്, ഏഴാം ക്ലാസ് വരെയുള്ള വിദ്യാഭ്യാസം പോലും സ്ത്രീകള്‍ക്ക് ഒരു സ്വപ്‌നം മാത്രമായിരുന്ന കാലത്ത്, ശാസ്ത്രി പഠനത്തിനു ശേഷം അഞ്ചു വര്‍ഷമെടുത്തു നേടേണ്ട സംസ്‌കൃതത്തിലെ ഏറ്റവും ഉന്നതമായ ‘മഹോപാദ്ധ്യായ’ ബിരുദം കരസ്ഥമാക്കിയ മഹിളാരത്‌നമായിരുന്നു എന്റെ അമ്മ. ഗോള്‍ഡ് മെഡലോടെയാണ് വ്യാകരണം എന്ന വിഷയം അന്ന് അമ്മ പാസായത്.
അന്നത്തെക്കാലത്ത് ഒരു പെണ്‍കുട്ടി തിരുവനന്തപുരത്ത് പോയി ഹോസ്റ്റലില്‍ നിന്ന് പഠിക്കുക എന്നതൊക്കെ കേട്ടുകേള്‍വിയില്ലാതിരിക്കെ വിപ്ലവസിംഹിണികളായ ഗൗരിയമ്മയോടും സുശീലാ ഗോപാലനോടുമൊപ്പം താമസിച്ചാണ് അമ്മ പഠിച്ചതും കോണ്‍ഗ്രസ്സ് പതാകയേന്തി സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തതെന്നുമോര്‍ക്കണം സംസ്‌കൃതമാണ് പഠിച്ചതെങ്കിലും മലയാളം അധ്യാപികയായാണ് അമ്മ ജോലി ചെയ്തത്. കാരണം സംസ്‌കൃതത്തിന്റെ മൂല്യമൊക്കെ സ്വാതന്ത്ര്യാനന്തരകാലത്ത് മങ്ങിത്തുടങ്ങിയിരുന്നു. ഇംഗ്ലീഷ് മീഡിയത്തില്‍ പഠിച്ച എനിക്ക്, അമ്മ മലയാളം അധ്യാപികയായതു കൊണ്ട് മാത്രമാണ് ആ ഭാഷയില്‍ ഇത്രയധികം സ്വാധീനം കൈവന്നത്. ഇന്ന് എട്ടു വര്‍ഷത്തോളമായി മാതൃഭാഷയില്‍ കവിതകള്‍ എഴുതാനും ലോക റിക്കോര്‍ഡിലേയ്ക്ക് പോലും എത്തിച്ചേരാനും എനിയ്ക്ക് സാധിച്ചത് മാതാവില്‍ നിന്ന് നേരിട്ടു തന്നെ അതിന്റെ അടിസ്ഥാന പാഠങ്ങള്‍ ലഭിച്ചതുകൊണ്ടാണ്. അമ്മയ്ക്ക് ഭാഷയില്‍ ഉണ്ടായിരുന്ന സ്‌നേഹവും അറിവും ഞാനറിയാതെ തന്നെ എന്നിലേക്ക് വന്നിട്ടുണ്ട്. ഹരിപ്പാട് സ്വദേശിയായിരുന്ന അമ്മ കുറച്ചുകാലം പുനലൂരില്‍ ജോലി ചെയ്തിരുന്ന സമയത്താണ് എന്റെ അച്ഛനുമായി കണ്ടുമുട്ടുന്നത്. അച്ഛന്‍ അന്ന് ഹെഡ്മാസ്റ്ററായിരുന്നു. വളരെ താമസിച്ച് ഏതാണ്ട് മുപ്പത്തി ഒന്‍പതാം വയസ്സിലാണ് അച്ഛന്‍ വിവാഹിതനാവുന്നത്.
വിവാഹം വേണ്ട എന്ന് തീരുമാനിച്ചിരുന്ന അച്ഛന്‍, അമ്മയെ കണ്ടുമുട്ടിയതുകൊണ്ടാവാം വിവാഹിതനാകാന്‍ തന്നെ തീരുമാനിച്ചത്. അച്ഛനും അമ്മയും തമ്മില്‍ പതിനാലു വയസ്സിന്റെ വ്യത്യാസമുണ്ട്.
പിന്നീട് നാല് കുട്ടികളിലെ ഏറ്റവും ഇളയ മകനായി, അച്ഛന് അന്‍പത്തിയൊന്ന് വയസ്സുള്ളപ്പോഴാണ് ഞാന്‍ ജനിക്കുന്നത്. ഞാന്‍ ഒന്നാം ക്ലാസ്സില്‍ ആയപ്പോഴേക്കും അച്ഛന്‍ റിട്ടയര്‍ ചെയ്തു കഴിഞ്ഞിരുന്നു.
വളരെ തുച്ഛമായ ഒരു തുകയാണ് പിന്നീട് അച്ഛന് പെന്‍ഷന്‍ ആയി കിട്ടിയിരുന്നത്. ചേട്ടനും ചേച്ചിയും അപ്പോഴേക്കും എഞ്ചിനീയറിങ്ങിനും മെഡിസിനും ഒക്കെയായി പഠിക്കാന്‍ പോയിക്കഴിഞ്ഞിരുന്നു. ആ ദുര്‍ഘട സമയത്ത് ആത്മവിശ്വാസത്തോടെ അമ്മ എല്ലാ ഉത്തരവാദിത്വങ്ങളും ഏറ്റെടുത്തു. മൂത്ത കുട്ടികളുടെ പഠനച്ചിലവ്, ഞങ്ങള്‍ ഇളയ രണ്ട് കുട്ടികളുടെ എല്ലാ കാര്യങ്ങളും നോക്കേണ്ട ഉത്തരവാദിത്വം, അതോടൊപ്പം ജോലിയും. എന്റെ ഓര്‍മ്മയില്‍ ഒരു യന്ത്രത്തെ പോലെയായിരുന്നു അമ്മ അന്ന് വര്‍ക്ക് ചെയ്തിരുന്നത്. സത്യം പറഞ്ഞാല്‍ അമ്മ ഉറങ്ങുന്നത് ഞാന്‍ കണ്ടിട്ടേയില്ല. പത്തു മണിയ്ക്കു മുന്‍പ് ഞാന്‍ ഉറങ്ങും. പിന്നെ രാവിലെ അഞ്ചുമണിക്ക് എണീക്കുമ്പോഴും അമ്മ കട്ടന്‍കാപ്പി യൊക്കെ തയ്യാറാക്കി വച്ചിരിക്കും. കൊട്ടാരക്കരയുള്ള സ്‌കൂളിലേക്ക് അന്ന് പുനലൂരില്‍ നിന്ന് ഒന്നു രണ്ട് ബസ്സേയുള്ളൂ. അത് വിട്ടു പോയാല്‍ അര ദിവസം അവധിയെടുക്കേണ്ടി വരും. ഞങ്ങള്‍ക്ക് പൊതിച്ചോറ് ഒക്കെ വെച്ചു തന്നതിനു ശേഷം രാവിലത്തെ ബസ് കിട്ടാന്‍ വേണ്ടി ഒരു അമ്മ ഓട്ടം ഉണ്ട്. വര്‍ഷങ്ങളോളം അത് തുടര്‍ന്നു. എന്നും സ്‌കൂള്‍ വിട്ടുവന്നുകഴിഞ്ഞ് സന്ധ്യയ്ക്ക് അമ്മ തിരിച്ചു വരുന്നതും കാത്ത് ഞാന്‍ വീടിന്റെ പടിക്കല്‍ കാത്തിരിക്കും.
ചില ദിവസങ്ങളില്‍ കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ ഉണ്ണിയപ്പം അമ്മ കൊണ്ടുത്തരും. ശമ്പളം കിട്ടുന്ന ദിവസം എന്തായാലും ഉണ്ണിയപ്പം ഉറപ്പാണ്. ഇന്നും അതിന്റെ രുചി നാവില്‍ നിന്ന് പോയിട്ടില്ല. ഒപ്പം, അമ്മ വാങ്ങിക്കൊണ്ടു വരാറുള്ളത് ‘അമ്പിളി മാമന്‍’ എന്ന് പേരുള്ള ഒരു മാഗസിന്‍ ആണ്.’ചന്ദാ മാമാ’ എന്ന പേരില്‍ കുട്ടികള്‍ക്ക് വേണ്ടി ഇറക്കുന്ന ഹിന്ദിയിലുള്ള ആ മാഗസിന്‍ പല സംസ്ഥാനങ്ങളില്‍ പല ഭാഷകളില്‍ ഇറക്കുന്ന ഒന്നാണ്. കേരളത്തില്‍ അമ്പിളി മാമന്‍ എന്ന പേരില്‍ ഇറങ്ങുന്ന ഈ മാഗസിന്‍, അമ്മയുടെ ക്ലാസിലെ ഏതോ ഒരു കുട്ടിയുടെ വീട്ടില്‍ വാങ്ങുന്നുണ്ട്. വായിച്ചു കഴിയുമ്പോ അമ്മ ആ കുട്ടിയുടെ കയ്യില്‍ നിന്ന് അതു വാങ്ങി എനിക്ക് വായിക്കാന്‍ കൊണ്ടുത്തരും.
ഭര്‍ത്താവിന്റെ ഈഗോയെ മുറിപ്പെടുത്താത്ത മാതൃകാ ഭാര്യയായിരുന്നിട്ടും ഞാന്‍ കണ്ട യഥാര്‍ത്ഥ ഫെമിനിസ്റ്റ് അമ്മ തന്നെയാണ്. നല്ല പ്രാസംഗികയായിരുന്ന അമ്മ, യൂണിവേഴ്‌സിറ്റി കോളേജില്‍ നടത്തിയിരുന്ന പ്രസംഗങ്ങളിലൂടെയും പ്രവര്‍ത്തികളിലൂടെയും തന്നിലെ ഫെമിനിസ്റ്റിനെ പലപ്പോഴും പുറത്തു കൊണ്ടു വന്നിട്ടുണ്ട്. അന്നത്തെ രാഷ്ട്രീയത്തിലും സജീവമായിരുന്നു.
ഞങ്ങളുടെ നാട്ടിലെ പല വനിതാ സംഘടനകളുടെ പല ആവശ്യങ്ങള്‍ക്കായി ശക്തമായ നിലപാട് എടുക്കുകയും അവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന അമ്മയെ ഞാന്‍ കണ്ടിട്ടുണ്ട്.
അതോടൊപ്പം സ്ത്രീകളെ എങ്ങനെ ബഹുമാനിക്കണമെന്നും അമ്മയില്‍ നിന്നാണ് ഞാന്‍ പഠിച്ചത്.
പിന്നീട് ഞാന്‍ സ്ഥാപനം തുടങ്ങിയപ്പോഴും എല്ലാവിധ പരിരക്ഷയും സ്ത്രീ ജോലിക്കാര്‍ക്ക് കൊടുക്കുന്നതില്‍ അങ്ങേയറ്റം ശ്രദ്ധിച്ചിരുന്നു. സാധാരണ ‘മാരിടൈം ഇന്‍ഡസ്ട്രി’യില്‍ സ്ത്രീകളുടെ സാന്നിധ്യം വളരെ കുറവാണ്. രണ്ടു ശതമാനം പോലും ഉണ്ടാവാറില്ല. എന്നാല്‍ ഞങ്ങള്‍ പ്രാതിനിധ്യം ഓരോ വര്‍ഷവും ഉയര്‍ത്തിക്കൊണ്ടുവരികയായിരുന്നു. ഇന്ന് പുനലൂരില്‍ സ്ത്രീകള്‍ മാത്രം ജോലിചെയ്യുന്ന ഓഫീസ് എന്ന ലക്ഷ്യത്തിലേക്ക് ഞങ്ങള്‍ എത്തിച്ചേര്‍ന്നത് അമ്മ പകര്‍ന്ന ഈ പാഠങ്ങള്‍ ഉള്‍ക്കൊണ്ടാണ്.
എനിക്ക് കലയില്‍ താല്‍പര്യം ഉണ്ടാവാനുള്ള പ്രധാന കാരണവും അമ്മയാണ്. അമ്മയുടെ സ്‌കൂളിലെ കുട്ടികളേയും കൊണ്ട് സ്‌കൂള്‍ യുവജനോത്സവത്തിന് പോകുന്ന കാലത്ത് പ്രൈമറി സ്‌കൂളില്‍ പഠിക്കുന്ന എന്നേയും അമ്മ കൂടെ കൂട്ടും. യുവജനോത്സവം നടക്കുന്ന സ്‌കൂളില്‍ രണ്ടുമൂന്നു ദിവസം പ്രോഗ്രാമുകള്‍ ഉണ്ടാവും. ഞാന്‍ പല വേദികളിലായി കറങ്ങി നടന്ന് എല്ലാം കാണും. അമ്മയുടെ സ്‌കൂളിലെ കുട്ടികള്‍ റിഹേഴ്‌സല്‍ ചെയ്യുന്ന സമയത്തും ഞാന്‍ അവിടെയുണ്ടാകും.
നാട്ടിലെ ഉത്സവപ്പറമ്പുകളിലെ നാടകത്തിനും കഥകളിയ്ക്കുമൊക്കെ അമ്മ എന്നെ ചെറുപ്പത്തിലേ കൊണ്ടുപോകുന്നത് പതിവായിരുന്നു. സാധാരണ ചെറിയ പ്രായത്തിലുള്ള കുട്ടികള്‍ക്ക് കഥകളി ആസ്വദിക്കാന്‍ സാധിക്കാറില്ല, പക്ഷേ അമ്മ ഓരോ രംഗവും വിശദമായി പറഞ്ഞുതരും. അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ സ്‌കൂളില്‍ നാടകത്തില്‍ അഭിനയിക്കാന്‍ എനിക്ക് പ്രചോദനം നല്‍കിയത് ഈ അനുഭവങ്ങളാണ്. അതോടൊപ്പം എനിക്ക് താല്‍പര്യം വന്ന മറ്റൊരു ഐറ്റം കവിതാരചനയായിരുന്നു.
കവിതാരചനയ്ക്ക് സാധാരണ ഞങ്ങളുടെ സ്‌കൂളില്‍ നിന്ന് ഒരു കുട്ടി മാത്രമാണ് പങ്കെടുക്കാറുള്ളത്. ഞാന്‍ കൂടി മത്സരിക്കാന്‍ പേര് കൊടുത്തതോടെ അത് ഒരു മത്സരമായി. എങ്ങനെയാണ് ശാസ്ത്രീയമായി കവിത എഴുതുന്നതെന്ന് ഞാന്‍ അന്ന് മത്സരം വന്നപ്പോള്‍ അമ്മയോട് ചോദിച്ചു. അപ്പോള്‍ അമ്മ മഞ്ജരി വൃത്തം പഠിപ്പിച്ചു തന്നു. ആദ്യം ഈ വൃത്തത്തില്‍ എഴുതി തുടങ്ങുക. പിന്നീട് മറ്റു വൃത്തങ്ങളിലേക്ക് പോകാം. അങ്ങനെ കുറെ കഴിയുമ്പോള്‍ ഒരുപക്ഷേ പുതിയ വൃത്തങ്ങള്‍ സൃഷ്ടിക്കാനും നമുക്കു പറ്റും.
അങ്ങനെ സ്‌കൂള്‍തലത്തില്‍ ഞങ്ങള്‍ രണ്ടുപേര്‍ മത്സരിക്കേണ്ട അവസ്ഥ വന്നപ്പോള്‍, ‘ബാല്യകാലം’ എന്നൊരു വിഷയം തന്ന് അതില്‍ കവിത എഴുതാന്‍ സംഘാടകര്‍ പറഞ്ഞു. അന്ന് ആ മത്സരത്തിന് ഞാന്‍ എഴുതിയ അവസാന വരി ഇപ്പോഴും ഓര്‍ക്കുന്നു..
‘കൊല്ലങ്ങളേറെയായ് കല്ലിളക്കിക്കൊണ്ട് കല്ലടയാറതാ പാഞ്ഞിടുന്നു.. ‘. ആ കവിതാരചനയ്ക്ക് എനിക്ക് ഒന്നാം സമ്മാനം കിട്ടി. അമ്മയ്ക്കും ഭയങ്കര സന്തോഷമായി. പിന്നീട് സബ്ജില്ലാ കലോത്സവത്തിന് എന്റെ സ്‌കൂളിനെ പ്രതിനിധീകരിച്ച് ഞാനാണ് പോയത്. ഞങ്ങളുടെ മലയാളം മാഷും കൂടെയുണ്ട്.
അമ്മയുടെ സ്‌കൂളില്‍ നിന്ന് അമ്മയോടൊപ്പം മറ്റു കുട്ടികളും പതിവുപോലെ ഉണ്ടായിരുന്നു. മത്സരം കഴിഞ്ഞപ്പോള്‍ കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയില്‍ നിന്ന് ഒരു കുട്ടിയ്ക്ക് മാത്രമാണ് എ ഗ്രേഡും ഒപ്പം ഒന്നാം സമ്മാനവും കിട്ടിയത്. അത് എനിക്കായിരുന്നു. അമ്മ സന്തോഷം കൊണ്ട് എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു. പിന്നീട് കണ്ണൂരില്‍ വച്ചു നടന്ന സംസ്ഥാന യുവജനോത്സവത്തിലും പങ്കെടുത്തു. മഹാകവി വൈലോപ്പിള്ളി ഉള്‍പ്പെടെയുള്ളവര്‍ ആയിരുന്നു വിധികര്‍ത്താക്കള്‍. അന്ന് ആകെ നാലുപേര്‍ക്ക് മാത്രമാണ് വിധികര്‍ത്താക്കള്‍ ഗ്രേഡ് ഇട്ടത്. അതിലൊന്ന് ഞാനായിരുന്നു. അങ്ങനെ കവിതാ ലോകത്തേക്ക് പ്രവേശിക്കാനുള്ള ആത്മവിശ്വാസം എനിക്ക് കിട്ടി.
എന്റെ ഉച്ചാരണശുദ്ധി മികച്ചതാക്കുവാനും അമ്മ ഒരുപാട് പരിശ്രമിച്ചിരുന്നു. എന്റെ നാക്കിന്റെ അടിയില്‍ ഒരു കെട്ടുണ്ട്. അത് ഒരു അംഗവൈകല്യമാണ്. അതുകൊണ്ടുതന്നെ ചെറുപ്പത്തില്‍ ശരിയായി സംസാരിക്കാന്‍ എനിക്ക് സാധിച്ചിരുന്നില്ല. പക്ഷേ ഓരോ അക്ഷരവും എങ്ങനെ വ്യക്തമായിട്ടും സ്പഷ്ടമായിട്ടും പറയണം എന്ന് വളരെ കുട്ടി ആയിരിക്കുമ്പോള്‍ത്തന്നെ എന്റെ വൈകല്യം മനസ്സിലാക്കി അമ്മ പഠിപ്പിച്ചു തന്നുകൊണ്ടേയിരുന്നു. ഉച്ചാരണം ശരിയാകുന്നതുവരെ. അങ്ങനെ ഓപ്പറേഷനിലൂടെ മാത്രം സാധാരണഗതിയില്‍ സുഖപ്പെടുമായിരുന്ന നാക്കിന്റേയും ഉച്ചാരണത്തിന്റേയും പ്രശ്‌നങ്ങള്‍, അമ്മയുടെ ആ കഠിന പരിശ്രമത്തിലൂടെ മാറിപ്പോയി. ഇന്ന് ഏതു വേദിയിലും ആത്മവിശ്വാസത്തോടെ സംസാരിക്കാന്‍ എനിക്ക് സാധിയ്ക്കുന്നതിന്റെ കാരണം അമ്മയുടെ അന്നത്തെ ആ പരിശ്രമമാണ്.
രണ്ടായിരത്തി മൂന്നിലാണ് മുരളിക എന്ന സംഗീത ആല്‍ബം ചെയ്യാന്‍ ഞാന്‍ തീരുമാനിക്കുന്നത്. അമ്മ നന്നായി എഴുതുമായിരുന്നു. അമ്പലപ്പുഴ കൃഷ്ണനെക്കുറിച്ച് അമ്മ ഒരു കവിത എഴുതി. ഞാനും കുറച്ചു പാട്ടുകള്‍ എഴുതി. ആകെ ഒന്‍പത് പാട്ടുകള്‍. ദേവരാജന്‍ മാസ്റ്ററെ കൊണ്ട് സംഗീതം ചെയ്യിക്കണമെന്നാണ് ആദ്യം കരുതിയതെങ്കിലും അപ്പോഴേക്കും അദ്ദേഹം സംഗീതസംവിധാനം അവസാനിപ്പിച്ചിരുന്നു. ദേവരാജന്‍ മാസ്റ്ററുടെ ശിഷ്യനും പ്രമുഖ ഗായകനുമായ സുദീപിനെയാണ് ദേവരാജന്‍ മാസ്റ്ററിലേക്ക് എത്താനായി ആദ്യം സമീപിച്ചത്. അത് നടക്കാതെ വന്നപ്പോള്‍ പിന്നീട് സുദീപിന്റെ സുഹൃത്തായ ഡോ. സന്തോഷ് അതിന് സംഗീത സംവിധാനം നിര്‍വഹിച്ചു. ഗള്‍ഫിലേക്ക് തിരിച്ചു പോകുന്ന ദിവസമാണ് ഈ ആല്‍ബത്തിന്റെ അഞ്ഞൂറ് കാസറ്റുകള്‍ എനിയ്ക്ക് റിക്കോര്‍ഡ് ചെയ്തു കിട്ടിയത്.
അതില്‍ ഒരെണ്ണം അപ്പോഴേ അമ്മയ്ക്ക് കൊടുത്തയച്ചു. അത് കേട്ടിട്ട് അമ്മയ്ക്ക് വളരെ സന്തോഷമായി. അതിനുശേഷം സിനിമയിലും ആല്‍ബങ്ങളിലും മാത്രമായി നൂറിലധികം ഗാനങ്ങള്‍ ഞാന്‍ എഴുതിയിട്ടുണ്ട്. പണ്ട് സ്‌കൂളില്‍ വച്ച് അമ്മ എന്നെ കവിതാ ലോകത്തേക്ക് കൈപിടിച്ചു കയറ്റിയിരുന്നില്ലെങ്കില്‍, ഇന്ന് അങ്ങനെയൊരു കഴിവ് ഞാന്‍ തിരിച്ചറിയുകയോ എഴുതുകയോ ചെയ്യുമായിരുന്നില്ല.
ഇന്ന് വളര്‍ന്നുവരുന്ന കുഞ്ഞുങ്ങളോട് എനിക്ക് പറയാനുള്ളത്, നിങ്ങളുടെ അമ്മയുടെ സ്‌നേഹത്തിന്റെ മൂല്യം നിങ്ങള്‍ തിരിച്ചറിയണം. അതോടൊപ്പം വളരെ പ്രധാനപ്പെട്ടതാണ് അമ്മയുടെ ഭക്ഷണത്തിന്റെ രുചിയും. അമ്മ ഉണ്ടാക്കുന്ന ചമ്മന്തിപ്പൊടി പോലെ സ്വാദുള്ള ഒരു ചമ്മന്തിപ്പൊടി മറ്റെവിടെ നിന്നും ഞാന്‍ ഇതുവരെ കഴിച്ചിട്ടില്ല. ഇപ്പോള്‍ കൊച്ചു കുട്ടികള്‍ക്ക് വേണ്ടി ഞങ്ങള്‍ ഡിസൈന്‍ ചെയ്തിരിക്കുന്ന കരിയര്‍ ഡിസൈന്‍ ക്ലാസുകളില്‍ ഒരെണ്ണം സ്വന്തം അമ്മയുടെ പാചകരീതി പഠിച്ചെടുക്കുക എന്നതാണ്. അമ്മ ഉണ്ടാക്കുന്ന ഒരു ഇരുപത്തിയഞ്ച് വിഭവങ്ങള്‍ സ്വന്തം അമ്മമാരുടെ കൂടെ നിന്ന് പഠിച്ചു എന്ന് കുട്ടികള്‍ ഉറപ്പാക്കണം. അതിന് കുട്ടികളുടെ സ്വന്തം അമ്മമാര്‍ തന്നെ സര്‍ട്ടിഫിക്കറ്റും തരണം.
അട്ടപ്പാടിയിലെ സ്‌കൂളില്‍ ഉള്‍പ്പെടെ നിരവധി സ്‌കൂളുകളില്‍ ഞങ്ങള്‍ നടപ്പാക്കുന്ന കരിയര്‍ ഡിസൈന്‍ പ്രോജക്റ്റിലെ ഒരു പാഠ്യപദ്ധതിയാണ് ഇത്. ഇത്തരത്തില്‍ അമ്മയുടെ പാചകം പഠിച്ചെടുക്കുന്ന ഒരു കുട്ടിക്ക് അമ്മയുടെ കാലശേഷവും ആ രുചി ആസ്വദിക്കാന്‍ സാധിക്കും. എനിക്ക് ചെയ്യാന്‍ ഭാഗ്യമില്ലാതെ പോയ ഒരു കാര്യമാണ് ഇത്. എന്റെ അമ്മയുടെ കൈപ്പുണ്യമുള്ള വിഭവങ്ങളുടെ രുചിയും അമ്മയോടൊപ്പം ഞങ്ങളില്‍ നിന്ന് മണ്‍മറഞ്ഞു പോയി. ആ അവസ്ഥ ഇനി നിങ്ങള്‍ക്ക് ഉണ്ടാവരുത്.
പ്രവാസ ജീവിതത്തിലെ തിരക്കുകള്‍ക്കിടയില്‍ അമ്മയുമായി അധികം സമയം ചെലവഴിക്കാന്‍ പറ്റിയില്ല എന്നുള്ളത് ഒരു സത്യമാണ്. ആ ഒരു വിഷമം എന്നും മനസ്സിലുണ്ടാവുകയും ചെയ്യും. എങ്കിലും അവധിക്ക് പോകുമ്പോഴെല്ലാം അമ്മയുടെ ഒപ്പം എനിയ്ക്ക് ഒരുപാട് സമയം ചെലവഴിക്കാന്‍ സാധിച്ചിട്ടുണ്ട്.
അച്ഛനെ എനിക്ക് ഒരിക്കലും ഗള്‍ഫിലേക്ക് കൊണ്ടുവരാന്‍ പറ്റിയില്ല. കാരണം ഗള്‍ഫില്‍ വന്നു കുറച്ചുനാള്‍ കഴിഞ്ഞപ്പോഴേ അച്ഛന്‍ മരിച്ചു. പക്ഷേ, അമ്മയെ ഗള്‍ഫിലേക്ക് കൊണ്ടുവരണം എന്നുള്ള വളരെ നാളത്തെ ആഗ്രഹം അവസാനം സാധിച്ചു എന്നുള്ളതാണ് ജീവിതത്തിലെ ഏറ്റവും വലിയ ഒരു സംതൃപ്തി. ഇവിടെ വന്ന് കുറച്ചുനാള്‍ അമ്മ ഒപ്പം താമസിച്ചു. എന്റെ ഭാര്യ അഭിനി ഏറ്റവും നല്ല രീതിയില്‍ ശുശ്രൂഷിച്ചു.
വളരെ സന്തോഷത്തിലാണ് അമ്മ തിരിച്ചു പോയത്. അന്ന് എന്റെ സമയം മുഴുവന്‍ അമ്മയോടൊപ്പം തന്നെ ചെലവഴിക്കാനും പറ്റി. ഗള്‍ഫിലെ എല്ലാ സ്ഥലവും അമ്മയെ കൊണ്ടുപോയി കാണിച്ചിരുന്നു. ഗള്‍ഫ് എന്താണെന്നുള്ളത് മനസ്സിലാക്കാനും അമ്മയ്ക്ക് കഴിഞ്ഞു. എന്തായാലും ആ ഒരു ആഗ്രഹം പൂര്‍ത്തിയാക്കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷം. പിന്നീട് ഞങ്ങളുടെ നാട്ടിലെ പല സ്ഥാപനങ്ങളുടേയും എംഡി ആയിട്ട് അമ്മയെ അപ്പോയിന്റ് ചെയ്യുകയായിരുന്നു. കമ്പനിയുടെ പേ റോളില്‍ അമ്മയെക്കൂടി ചേര്‍ത്തു.
പക്ഷേ അപ്പോഴേക്കും ആവശ്യത്തിലേറെ തുക പെന്‍ഷനായി കിട്ടിയിരുന്നതു കൊണ്ട് അധിക വരുമാനത്തിന്റെ ആവശ്യം അമ്മയ്ക്ക് തീരെ ഇല്ലാതെയായി. എങ്കിലും സംസ്‌കൃതം മാത്രം പഠിച്ചതുകൊണ്ട് ഒരിക്കലും ഹെഡ്മിസ്ട്രസ്സ് ആകാന്‍ കഴിയാതെ പോയ അമ്മയ്ക്ക് ഒരു മള്‍ട്ടി നാഷണല്‍ കമ്പനിയുടെ ഉന്നതസ്ഥാനത്ത് ഇരിയ്ക്കുകയും സ്ഥാപനത്തിന്റെ വിവിധ രേഖകളിലൊക്കെ ഒപ്പിടുകയും ചെയ്യുമ്പോഴുള്ള അഭിമാനബോധവും സന്തോഷവും വളരെ വലുതായിരുന്നു. ശമ്പളമായും പെന്‍ഷനായും അമ്മയ്ക്ക് ലഭിച്ച പണം മുഴുവന്‍ വ്യക്തിപരമായി ചിലവാക്കാതെ കുടുംബത്തിലെ എന്തെങ്കിലും കാര്യങ്ങള്‍ക്കും കൊച്ചുമക്കള്‍ക്കുമായി വീതിച്ചു നല്‍കുകയായിരുന്നു അമ്മ.
അവസാനകാലത്ത് അമ്മ ചേച്ചിയുടെ ഒപ്പമായിരുന്നു. ചേച്ചി അമ്മയെ വളരെ നന്നായി ശുശ്രൂഷിച്ചു.
ഞങ്ങളുടെയൊക്കെ സമയക്കുറവ് പരിഹരിച്ച് ഒരു ഡോക്ടര്‍ കൂടിയായ ചേച്ചിയുടെ ശുശ്രൂഷയില്‍ അമ്മ താമസിക്കുന്നു എന്നത് വളരെ വലിയ മനസ്സമാധാനമാണ് ഞങ്ങള്‍ക്ക് അന്ന് നല്‍കിയത്.
ഇവിടെ ഓര്‍ത്തുപറയേണ്ട മറ്റൊരു കാര്യം, പണ്ട് അച്ഛന്‍ മരിച്ചതിനു ശേഷം ഞങ്ങള്‍ മക്കളെല്ലാവരും ജോലിയുടെയും ബിസിനസിന്റെയും തിരക്കില്‍പ്പെട്ടുപോയ സമയത്ത്, ഞങ്ങളുടെ സ്ഥാനത്തുനിന്ന് അമ്മയ്ക്ക് വേണ്ട എല്ലാ സഹായങ്ങളും ചെയ്തു കൊടുത്തിരുന്നത്, ഒരു ജ്യേഷ്ഠ സഹോദരനു തുല്യമായി ഞങ്ങള്‍ ബഹുമാനിക്കുന്ന അയല്‍വാസി കൂടിയായ ശ്രീ നടരാജനാണ്. അച്ഛന്റെ ഒരു പൂര്‍വ്വ വിദ്യാര്‍ത്ഥി കൂടിയായിരുന്ന അദ്ദേഹം ട്രാന്‍സ്‌പോര്‍ട്ട് വകുപ്പില്‍ സ്റ്റേഷന്‍ മാസ്റ്റര്‍ ആയിരുന്നു. അദ്ദേഹവും ഭാര്യയും മക്കളുടെ സ്ഥാനത്തു നിന്ന് അമ്മയെ പരിചരിച്ചു. കുറേക്കാലം അവരുടെ വീട്ടില്‍ തന്നെയായിരുന്നു അമ്മ. അദ്ദേഹത്തിന്റെ മകന്‍ പ്രഭിരാജ് നടരാജന്‍ ഞങ്ങളുടെ കമ്പനിയിലെ മാനേജിംഗ് ഡയറക്ടറായി ഒപ്പമുണ്ട്. അവരുടെ മൂത്തമകനായ പൃഥ്വിരാജ്, ഞങ്ങളുടെ സ്ഥാപനത്തിലെ ഇരുപത് വര്‍ഷത്തെ സേവനത്തിനുശേഷം കഴിഞ്ഞവര്‍ഷമാണ് റിട്ടയര്‍ ചെയ്തത്.
റിട്ടയര്‍മെന്റിനു ശേഷവും അമ്മ വളരെ സന്തോഷവതിയായിരുന്നു. സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സിന്റെ പ്രവര്‍ത്തനങ്ങളുമായി വളരെ സജീവമായിരുന്നത് കൊണ്ട് അവസാന കാലഘട്ടം ഒരുതരത്തിലുള്ള വിഷമങ്ങളും അനുഭവിക്കാതെ തന്നെ കടന്നുപോയി.
2011 മെയ് നാലാം തീയതി എനിക്ക് അമേരിക്കയില്‍ ഒരു കോണ്‍ഫറന്‍സിന് അത്യാവശ്യമായി ചെല്ലേണ്ടതുണ്ടണ്ടായിരുന്നു. അപ്പോള്‍ അമ്മ ഹോസ്പിറ്റലിലാണ്. പോകുന്നതിനു തലേദിവസം അമ്മയുടെ അടുത്തു ചെന്ന് വളരെനേരം സംസാരിച്ചു. അമ്മ ആരോഗ്യം വീണ്ടെടുത്തു വരുന്നു എന്ന് ഉറപ്പിച്ചിട്ടാണ് അമേരിക്കയ്ക്ക് വിമാനം കയറിയത്. അമേരിക്കയില്‍ ഇറങ്ങിയപ്പോള്‍ത്തന്നെ മെസ്സേജ് വന്നു. അമ്മ മരിച്ചു എന്ന്. അടുത്ത വിമാനത്തില്‍ത്തന്നെ ഞാന്‍ തിരിച്ചു വരികയായിരുന്നു. ഞാന്‍ പുനലൂരെ വീട്ടില്‍ എത്തിയപ്പോഴും അമ്മയുടെ ഭൗതികശരീരം എറണാകുളത്ത് നിന്നു പുറപ്പെട്ട് പുനലൂര് എത്തിയിരുന്നില്ല. ഇടയ്ക്ക് അമ്മയുടെ നാടായ ഹരിപ്പാട്ടും ഭൗതികശരീരം പൊതുദര്‍ശനത്തിനു വച്ചിരുന്നു.
അവിടെയും പോയിട്ടാണ് പുനലൂരേയ്ക്ക് ഞാന്‍ അന്ന് വന്നത്. പണ്ട് അച്ഛന്‍ മരിച്ചപ്പോള്‍ ഭൗതിക ശരീരം പോലും കാണാനാവാതെ ഒരാഴ്ച കഴിഞ്ഞു മാത്രം നാട്ടിലെത്താന്‍ സാധിച്ച എന്നിലെ പ്രവാസിക്ക് സത്യം പറഞ്ഞാല്‍ എന്റെ സഹോദരനും സഹോദരിമാരും ഒക്കെ എത്തുന്നതിനു മുന്‍പ് തന്നെ അമേരിക്കയില്‍ നിന്നും പുനലൂരില്‍ എത്താന്‍ സാധിച്ചത് ഒരു വലിയ ഭാഗ്യമായി ഇന്നും കരുതുന്നു.
എന്നെ അമ്പരപ്പിച്ച, അമ്മയൊരിക്കലും എന്നോടു പറയാതിരുന്ന, മരണശേഷം അമ്മയുടെ ഡയറിക്കുറിപ്പുകളില്‍ നിന്നു മാത്രം വായിച്ചറിഞ്ഞ ഒരു സത്യം കൂടി ഇതിലുണ്ട്.. ഈ ഭൂമിയിലൊരിക്കലും പിറവി കൊള്ളാതെ പോകുമായിരുന്ന ഒരു നിയമവിരുദ്ധ സന്തതിയായിരുന്നു ഞാനെന്ന സത്യം…
സര്‍ക്കാരുദ്യോഗസ്ഥര്‍ക്ക് മൂന്നുമക്കള്‍ മാത്രം അനുവദിച്ചിരുന്ന കാലത്ത്, നാലാമതായി വരേണ്ടയെന്നെ, മാതാപിതാക്കളുടെ പെന്‍ഷന്‍ തടയപ്പെടാതിരിക്കാന്‍ വേണ്ടെന്നു മനസ്സുരുകി തീരുമാനിച്ച് ഹോസ്പിറ്റലിലെത്തിയ അമ്മയുടെ പുത്രനായി പിറന്ന നാടകീയ കഥ ഇനി അമ്മ തന്നെ പറയട്ടെ….
സംസ്‌കാരത്തിന്റേയും കലയുടേയും ആനന്ദത്തിന്റേയും ആത്മീയതയുടേയും പരിണാമത്തിന്റേയും പരാഗണത്തിന്റേയും സ്വാതന്ത്ര്യത്തിന്റേയും സ്‌നേഹത്തിന്റേയും നിറങ്ങളുടേയും പ്രതിരോധത്തിന്റേയും പ്രതീകമായി പാറി നടന്നു മധുനുകരുന്ന ഒരു ശലഭമായാണ് ഞാനെന്റെ അമ്മയെ എന്നും കണ്ടിട്ടുള്ളത് ഈ പുസ്തകം പ്രകാശനം ചെയ്യുന്നതോടെ എല്ലാവരുടെയും ഓര്‍മ്മപ്പൂക്കളില്‍ വന്നണയുന്ന ഒരു വര്‍ണ്ണശലഭമായി ഇനി അമ്മയുമുണ്ടാകും. അമ്മ എഴുതിവച്ചിരുന്ന ഡയറിക്കുറിപ്പുകള്‍ ഒരു പുസ്തകമാക്കണമെന്ന് ഒരുപാട് നാളായി വിചാരിക്കുന്നതാണ്. അതിന് ഒരു നിമിത്തമായത് ഷാര്‍ജ ബുക്ക് ഫെയറില്‍ കഴിഞ്ഞവര്‍ഷം ഞാന്‍ ഉദ്ഘാടനം ചെയ്ത ഒരു പുസ്തക പ്രകാശന കര്‍മ്മമാണ്.
മക്കള്‍ അവരുടെ അമ്മയെക്കുറിച്ച് ഒരു പുസ്തകം പ്രകാശിപ്പിക്കുന്ന ചടങ്ങായിരുന്നു അത്.
അപ്പോഴാണ് എന്റെ അമ്മയും ഒരുപാട് ഡയറിക്കുറിപ്പുകള്‍ എഴുതിയിട്ടുണ്ടല്ലോ എന്നും അതൊക്കെ പുസ്തകം ആക്കേണ്ടത് എത്രയും പെട്ടെന്ന് ചെയ്യേണ്ട ഒരു കടമയാണല്ലോ എന്നും ഞാന്‍ ഓര്‍ത്തത്.
അന്ന് ആ ചടങ്ങില്‍ത്തന്നെ ഞാന്‍ അനൗണ്‍സ് ചെയ്തു, അടുത്ത വര്‍ഷത്തെ ഷാര്‍ജ പുസ്തകോത്സവത്തില്‍ എന്റെ അമ്മയുടെ പുസ്തകവും ഉണ്ടാകുമെന്ന്.
ആ ഡയറിക്കുറിപ്പുകള്‍ ഇത്തരത്തില്‍ ഒരു പുസ്തകമാക്കാന്‍ എന്നോടൊപ്പം പ്രവര്‍ത്തിച്ച ഒരുപാട് സുഹൃത്തുക്കളുണ്ട്. അതില്‍ എടുത്തു പറയേണ്ട പേര് ശ്രീ. ഹരികുമാറിന്റേത് ആണ്. എന്റെ സമയക്കുറവ് പരിഹരിച്ചുകൊണ്ട് ഒരുപാട് സമയം ഈ പുസ്തകത്തിനായി ഹരി വിനിയോഗിച്ചു. ഒപ്പം അഭിലാഷ് സുകുമാരന്‍, ആവണി പ്രിയാംഗന അങ്ങനെ ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും നന്ദി. ഈ പുസ്തകം അമ്മയ്ക്ക് സമര്‍പ്പിക്കുന്നതിനോടൊപ്പം അമ്മയ്ക്ക് നല്ല നല്ല ഓര്‍മ്മകളും സ്‌നേഹവും സമ്മാനിച്ച എല്ലാവര്‍ക്കുമായി ഈ പുസ്തകം സമര്‍പ്പിക്കുന്നു.

സര്‍. സോഹന്‍ റോയ്. എസ്.കെ.

 

 

Brand

Sir Sohan Roy

സര്‍. സോഹന്‍ റോയ്പുനലൂര്‍ ഐക്കരക്കോണം ശ്രീവിലാസത്തില്‍ അദ്ധ്യാപക ദമ്പതിമാരായിരുന്ന ശ്രീ. കൃഷ്ണശാസ്ത്രിയുടേയും ശ്രീമതി കസ്തൂരിഭായിയുടെയും മകനായി 1967 മാര്‍ച്ച് 28 ന് ജനനം. കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നു നേവല്‍ ആര്‍ക്കിടെക്ക്ച്ചറില്‍ ബിരുദം എടുത്തതിനു ശേഷം ഏരിസ് മറൈന്‍ എന്ന പേരില്‍ ഒരു സ്ഥാപനം ആരംഭിക്കുകയും അതിനെ ഇരുപത്തിയൊന്‍പത് രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന എണ്‍പതോളം കമ്പനികള്‍ അടങ്ങുന്ന ഒരു ആഗോള വ്യവസായ സ്ഥാപനമായി വികസിപ്പിക്കുകയും ചെയ്തു. സമുദ്ര സംബന്ധിയായ വ്യാവസായിക മേഖലയില്‍ ആഗോളതലത്തിലെ മുന്‍നിരക്കാരായി മാറിയ ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ഫൗണ്ടര്‍ ചെയര്‍മാനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമാണ് ഇപ്പോള്‍ അദ്ദേഹം. ലോകം ഉറ്റു നോക്കുന്ന ഫോബ്സ് മാഗസിന്റെ അറബ് ലോകത്തിലെ ഇന്ത്യന്‍ വ്യവസായ പ്രമുഖരുടെ പട്ടികയിലും അദ്ദേഹം ഇടം പിടിച്ചിട്ടുണ്ട്. ഇന്ന് സാമുദ്രിക വിപണിയില്‍, അഞ്ചു വിഭാഗങ്ങളില്‍ ലോകത്തിലെ ഒന്നാം നമ്പര്‍ സ്ഥാനവും, പത്ത് വിഭാഗങ്ങളില്‍ ഗള്‍ഫ് മേഖലയിലെ ഒന്നാം നമ്പര്‍ സ്ഥാനവും ഏരീസ് ഗ്രൂപ്പിനാണ്. ഇത് കൂടാതെ, ഭാരതത്തിലെ സിനിമാ മേഖലയെ ഒരു കുടക്കീഴില്‍ ഒന്നിപ്പിച്ച് ഹോളിവുഡ് മാതൃകയില്‍ 'ഇന്‍ഡിവുഡ്' എന്ന ബ്രാന്‍ഡിന് കീഴില്‍ അണിനിരത്തുക എന്നതും അദ്ദേഹത്തിന്റെ സ്വപ്‌നമാണ്. ഇതിനായി പത്ത് ബില്ല്യണ്‍ അമേരിക്കന്‍ ഡോളര്‍ നിക്ഷേപ മൂല്യമുള്ള 'പ്രൊജക്റ്റ് ഇന്‍ഡിവുഡ്' എന്ന ഒരു പദ്ധതിക്കും അദ്ദേഹം തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി, ഇന്ത്യയിലെ ഏറ്റവും വലിയ ത്രീഡി മോഷന്‍ & അനിമേഷന്‍ സ്റ്റുഡിയോ ആയ ഏരീസ് എപ്പിക്ക, ഇന്ത്യയിലെ ഏറ്റവും വലിയ ശബ്ദമിശ്രണ സ്റ്റുഡിയോകളില്‍ ഒന്നായ ഏരീസ് വിസ്മയാസ് മാക്സ്, തിരുവനന്തപുരത്തെ അത്യന്താധുനിക സംവിധാനങ്ങളോട് കൂടിയ ഏരീസ് പ്ലെക്സ് എന്ന മള്‍ട്ടിപ്ലക്സ് തീയറ്റര്‍, പ്രിവ്യൂ തീയേറ്ററുകള്‍ മുതലായവയും അദ്ദേഹം ആരംഭിച്ചു. ദൃശ്യ മേഖലയിലെ സാന്നിധ്യമായി മാറിയ മറൈന്‍ ബിസ് ടിവി, മെഡിബിസ് റ്റി വി, ഇന്‍ഡി വുഡ്റ്റി വി എന്നീ ടെലിവിഷന്‍ ചാനലുകളും ഇന്ന് അദ്ദേഹത്തിന്റെ സ്ഥാപനങ്ങളുടെ ഭാഗമാണ്. അദ്ദേഹം രൂപം നല്‍കിയ 144 അടി നീളത്തില്‍ 141 തുഴക്കാര്‍ക്ക് ഇരിക്കാനാകുന്ന 'ഏരീസ് പുന്നമട ചുണ്ടന്‍' ലോകത്തിലെ തന്നെ ഏറ്റവും നീളം കൂടിയ ചുണ്ടന്‍ വള്ളമെന്ന ഗിന്നസ് വേള്‍ഡ് റിക്കോര്‍ഡ് കരസ്ഥമാക്കിയിട്ടുണ്ട്. രണ്ടായിരത്തി അഞ്ഞൂറിലധികം കപ്പലുകളെ പാരിസ്ഥിതിക സൗഹൃദപരമായ രീതിയിലേക്ക് മാറ്റിയെടുക്കാനും അദ്ദേഹത്തിന്റെ സ്ഥാപനമായ ഏരീസ് ഗ്രൂപ്പിന് സാധിച്ചു. സോഹന്‍ റോയ് സംവിധാനം ചെയ്ത ഹോളിവുഡ് സിനിമയായ 'ഡാം 999', മൂന്നു വിഭാഗങ്ങളിലായി അഞ്ച് പുരസ്‌കാരങ്ങള്‍ക്ക് ഓസ്‌കാറിന്റെ ചുരുക്കപ്പട്ടികയില്‍ ഇടം നേടിയിരുന്നു. അദ്ദേഹം തന്നെ എഴുതിയ പ്രസ്തുത സിനിമയുടെ തിരക്കഥ, ഓസ്‌കാര്‍ ലൈബ്രറിയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. പരിസ്ഥിതി സംബന്ധമായ വിവിധ പ്രശ്നങ്ങളെ വിഷയമാക്കിയ അദ്ദേഹത്തിന്റെ 'ഡാംസ് - ദ ലെത്തല്‍ വാട്ടര്‍ ബോംബ്‌സ്' എന്ന ഡോക്യുമെന്ററി, 23 അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയിരുന്നു. 2021 ല്‍ ആലപ്പാട് കരിമണല്‍ ഖനനം പ്രമേയമാക്കി അദ്ദേഹം സംവിധാനം ചെയ്ത 'ബ്ലാക്ക് സാന്‍ഡ്' എന്ന മറ്റൊരു ഡോക്യുമെന്ററി, ഇതുവരെ ഏഴുപത്തിയഞ്ചോളം അന്താരാഷ്ട്ര പുരസ്‌കാരങ്ങളും കരസ്ഥമാക്കി. അദ്ദേഹം രൂപം നല്‍കിയ ഏരീസ് മാരിടൈം റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (എ.ഐ.എം.ആര്‍.ഐ), ഇന്ന് ലോകത്തെ വിദ്യാഭ്യാസവും വ്യവസായ രംഗത്തെ പ്രൊഫഷണല്‍ സാങ്കേതിക വൈദഗ്ദ്ധ്യമുള്ളവരും തമ്മിലുള്ള വിടവ് ഇല്ലാതാക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുന്‍പന്തിയിലാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ആധുനിക വെര്‍ച്വല്‍ സാങ്കേതികവിദ്യയും സമന്വയിപ്പിച്ചുകൊണ്ട് രൂപം നല്‍കിയ ഇന്‍ഡസ്ട്രിയല്‍ മെറ്റാവേഴ്‌സ് യൂണിവേഴ്‌സിറ്റി, പുതുതലമുറ വിദ്യാഭ്യാസത്തെ വിപ്ലവാത്മകമായ രീതിയില്‍ മാറ്റിയെടുത്തിട്ടുണ്ട്. ട്രൈബല്‍ വിദ്യാര്‍ത്ഥികള്‍ ധാരാളമുള്ള അട്ടപ്പാടിയിലെ അഗളി സര്‍ക്കാര്‍ സ്‌കൂളില്‍ ഒരു പുതിയ എഡ്യൂക്കേഷണല്‍ ത്രീഡി തിയേറ്റര്‍ സ്ഥാപിച്ചുകൊണ്ട്, ആധുനിക ദൃശ്യ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി പരമ്പരാഗത സ്‌കൂള്‍ വിദ്യാഭ്യാസ രീതിയെ ക്രിയാത്മകമായി നവീകരിക്കാനുള്ള ഒരു പദ്ധതിയുടെ മാതൃകയും അദ്ദേഹം സൃഷ്ടിച്ചു. നിരവധി സാമൂഹിക പ്രതിബദ്ധതാപദ്ധതികളും ജീവനക്കാരുടെ ക്ഷേമം ലക്ഷ്യമിട്ടുള്ള നിരവധി നയങ്ങളും തന്റെ സ്ഥാപനത്തില്‍ അദ്ദേഹം നടപ്പില്‍ വരുത്തിയിട്ടുണ്ട്. ജീവനക്കാരുടെ രക്ഷകര്‍ത്താക്കള്‍ക്ക് പെന്‍ഷന്‍, അവരുടെ ജോലിയില്ലാത്ത പങ്കാളികള്‍ക്ക് ശമ്പളം, ശിശു സംരക്ഷണ അവധി, പെന്‍ഷനോടുകൂടിയ നേരത്തെയുള്ള വിരമിക്കല്‍ പദ്ധതികള്‍, വനിതാ സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള സാമ്പത്തിക സഹായം, അന്‍പത് ശതമാനം ഓഹരികള്‍ ജീവനക്കാര്‍ക്കായി സംവരണം ചെയ്തിരിക്കുന്നത്, വനിതാ കേന്ദ്രീകൃതമായ ഓഫീസുകള്‍, സ്ത്രീധനം, ലിംഗ വിവേചനം, ജാതി എന്നിവയ്ക്ക് എതിരെയുള്ള ശക്തമായ നയങ്ങള്‍ തുടങ്ങിയവയെല്ലാം മറ്റ് ഏതൊരു സ്ഥാപന മേധാവിയില്‍ നിന്നും അദ്ദേഹത്തെ വേറിട്ടു നിര്‍ത്തുന്ന വസ്തുതകളാണ്. സമൂഹമാധ്യമങ്ങളില്‍ കഴിഞ്ഞ ഏഴു വര്‍ഷത്തിലേറെയായി, ആനുകാലിക വിഷയങ്ങളെ ആസ്പദമാക്കി 'അണുകാവ്യം' എന്ന പേരില്‍ എല്ലാ ദിവസവും മുടങ്ങാതെ അദ്ദേഹം പങ്കുവയ്ക്കാറുള്ള നാലുവരിക്കവിതകള്‍, വേള്‍ഡ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടംനേടിയിട്ടുണ്ട്. ആയിരത്തൊന്ന് കവിതകള്‍ ഉള്‍പ്പെടുത്തി 'അണുമഹാകാവ്യം' ഉള്‍പ്പെടെ നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചു. രണ്ടായിരത്തി ഇരുപത്തി മൂന്നിലെ മാരിടൈം പേഴ്‌സണാലിറ്റി എന്ന ബഹുമതി, ഇന്റര്‍ നാഷണല്‍ അക്കാദമി ഓഫ് ടെലിവിഷന്‍ ആര്‍ട്‌സ് & സയന്‍സ് അംഗം, 2017ലെ പ്രവാസി എക്‌സ്പ്രസ്സ് നല്‍കിയ മലയാളി രത്‌ന പുരസ്‌കാരം, 2016ലെ നാഷണല്‍ അച്ചീവേഴ്‌സ് അവാര്‍ഡ്, സരസ്വതി വിദ്യാലയത്തിന്റെ ഇന്‍സ്പയറിംഗ് ഐക്കണ്‍ അവാര്‍ഡ്, ഏറ്റവും നല്ല തൊഴില്‍ ദാതാവിനുള്ള 'ആചാര്യ ഹസ്തി കരുണ എംപ്ലോയര്‍ അവാര്‍ഡ്, വയലാര്‍ പ്രവാസി സാഹിത്യ പുരസ്‌കാരം, ജര്‍മ്മന്‍ ഗ്ലോബല്‍ മലയാളി ഫെഡറേഷന്‍ പ്രവാസി പുരസ്‌കാരം, ഗാന്ധിഭവന്‍ ട്രസ്റ്റിന്റെ സത്യന്‍ നാഷണല്‍ ഫിലിം പുരസ്‌കാരം, മലയാള പുരസ്‌കാരം, ലളിതാംബിക അന്തര്‍ജ്ജനം ഫൌണ്ടേഷന്‍ പുരസ്‌കാരം, ഗോള്‍ഡന്‍ ബുക്ക് പുരസ്‌കാരം, വാഗ്‌ദേവതാ പുരസ്‌കാരം എന്നിങ്ങനെയുള്ള നിരവധി മറ്റു ബഹുമതികളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 'സര്‍' പദവിയായ ഇറ്റലിയിലെ 'നൈറ്റ്ഹുഡ് ഓഫ് പാര്‍ട്ടെ ഗ്വെല്‍ഫ' കരസ്ഥമാക്കുന്ന ആദ്യ ഇന്ത്യക്കാരന്‍ കൂടിയാണ് അദ്ദേഹം. പ്രശസ്ത ഫാഷന്‍ ഡിസൈനറും ഏരീസ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടറും ആയ അഭിനി സോഹന്‍ റോയ് ആണ് ഭാര്യ. മക്കള്‍: നിവേദ്യ സോഹന്‍, നിര്‍മ്മാല്യ സോഹന്‍. മരുമകന്‍: ഗില്‍ബെര്‍ട്ടോ.  

Reviews

There are no reviews yet.

Be the first to review “KASTHOORI SHALABHAM by Sir Sohan Roy”
Review now to get coupon!

Your email address will not be published. Required fields are marked *