മുഹമ്മദ് റഫി
സംഗീതലോകത്തെ നാദവിസ്മയം
– സി.പി. ആലിക്കോയ
ലോക സംഗീതത്തിന്റെ ഗായത്രിമന്ത്രമാണ് മുഹമ്മദ് റഫിയുടെ മധുരനാദം.
ഒരു കാലഘട്ടത്തിന്റെ നാദധാരയായി ലോകമെമ്പാടുമുള്ള ജനഹൃദയങ്ങളില്‍ ഒഴുകിയെത്തിയ നിര്‍മ്മല സംഗീതത്തിന്റെ നദിയാണ് മുഹമ്മദ് റഫി. ഓരോ കേള്‍വിയിലും മഴയായി പെയ്തിറങ്ങിയ മാസ്മരിക നാദം കേട്ട് എത്രയോ രാവുകളെ നാം ഉര്‍വ്വരമാക്കി. കാലം എത്തും മുമ്പേ കടന്നു പോയ അനശ്വര ഗായകന്റെ സംഗീത ജീവിതത്തെ അടയാളപ്പെടുത്തുന്ന സവിശേഷ കൃതി. സംഗീത ലോകത്തെ നിത്യവിസ്മയമായ റഫിയുടെ ജീവിതത്തിന്റെ അടരുകള്‍ക്ക് ജീവന്‍ പകരുകയാണ് ഈ ക്യതിയിലൂടെ.
അവതാരിക
ശ്രീ. സി.പി. ആലിക്കോയയുടെ ”മുഹമ്മദ് റഫി – സംഗീതലോകത്തെ നാദവിസ്മയം” എന്ന പുസ്തകം മഹാഗായകനായ മുഹമ്മദ് റഫിക്കുള്ള ഒരു ആരാധകന്റെ അശ്രുപൂജയാണ്. റഫിസാഹബിന്റെ മനോഹരഗാനങ്ങളും ജീവചരിത്രക്കുറിപ്പുകളും സമകാലികരായ മഹാന്മാരുടെ സ്‌നേഹവചനങ്ങളും ചേര്‍ന്ന ഈ പുസ്തകം റഫി ആരാധകര്‍ സൂക്ഷിച്ചുവെക്കേണ്ടഈ കൃതി, തടിയില്‍ പണിതീര്‍ത്ത ശില്‍പം പോലെ സുന്ദരവുമാണ്. ദാസേട്ടന്റെ കൂടെ സ്റ്റുഡിയോകളിലേക്കും മറ്റും യാത്ര ചെയ്യുമ്പോള്‍ അദ്ദേഹം റഫിയെപ്പറ്റിയാണ് കൂടുതലും സംസാരിക്കാറ്. അപ്പോഴൊക്കെ കാറില്‍ മുഴങ്ങിക്കേള്‍ക്കുന്നത് റഫി സംഗീതങ്ങളാവും. റഫിയുടെ കുറഞ്ഞ സംഭാഷണരീതിയും പതിഞ്ഞ ശബ്ദത്തിലുള്ള സംസാരവും, പാട്ടിനുവേണ്ടി മാത്രമുപയോഗിക്കുന്ന ആ മാസ്മരിക നാദത്തെപ്പറ്റിയും ദാസേട്ടന്‍ പറയാറുണ്ട്. ‘ബേട്ടെ’ എന്ന നമ്രമധുരമായ സംബോധന മറക്കില്ലെന്ന് ദാസേട്ടന്‍ പറയും. എന്റെ കുട്ടിക്കാലത്ത് ഫിലിപ്‌സിന്റെ വലിയ പത്തായം പോലെയുള്ള റേഡിയോയും വിവിധ്ഭാരതി, ബിനാക്കാ ഗീത്മാലാ പ്രോഗാം തുടങ്ങിയവയും എന്റെ ഏറ്റവും ഇഷ്ടപ്പെട്ടവയായിരുന്നു. ”സംഗം” സിനിമ ഇറങ്ങുന്നതിനുമുമ്പ് ‘യേ മേരാ പ്രേമംപത്ര് പട്ക്കര്‍, കെ തും നാരാസ് ന ഹോനാ’ എന്ന ഗാനം കേട്ടു പഠിച്ചത് നല്ല ഓര്‍മ്മയുണ്ട്. അക്കാലത്ത്തുടര്‍ച്ചയായിവരുന്ന റഫി ഗീതങ്ങളുടെ സൗന്ദര്യം എനിക്കത്ഭുതമായിരുന്നു. 1964 മുതല്‍ അണലക്കാട് ഇല്ലത്ത് നിന്നു കേട്ടുപരിചയിച്ച ഗാനങ്ങള്‍ എന്റെ കൗമാരത്തിന്റെ ഹരമായിരുന്നു. പിന്നീട് ദാസേട്ടന്റെ മലയാളഗാനങ്ങളിലായിരുന്നു കമ്പം. 1967ല്‍ തലശ്ശേരി ജീവിതത്തില്‍ അസംഖ്യം ഹിന്ദി ചിത്രങ്ങള്‍ കാണാന്‍ പ്രേരിപ്പിച്ചത് റഫി-ലത ഗാനങ്ങള്‍ തന്നെ. നീട്ടിപ്പറയുന്നില്ല. ഈ പുസ്തകം ഒന്നു വായിച്ചു നോക്കു. റഫിയെ ഏറെ ഇഷ്ടപെടുന്ന അനേകം ആരാധകര്‍ ഈ പുസ്തകതാളുകളിലൂടെ കടന്നുപോകുമ്പോള്‍ ആ ഗന്ധവ്വജീവിതത്തെ അടുത്തറിയാന്‍ ലഭിക്കുന്ന അവസരമാണ് ഈയൊരു പുസ്തകം ആരാധകര്‍ക്ക് നല്‍കുന്നതെന്ന കാര്യത്തില്‍ സംശയമില്ല.
– പത്മശ്രീ കൈതപ്രം ദാമോദരന്‍ നമ്പുതിരി
പ്രസാധകക്കുറിപ്പ്
ലോകസംഗീതത്തിന്റെ ഗായത്രിമന്ത്രമാണ് മുഹമ്മദ് റഫിയുടെ മധുരനാദം. ഒരു കാലഘട്ടത്തിന്റെ നാദധാരയായി ലോകമെമ്പാടുമുള്ള ജനഹൃദയങ്ങളില്‍ ഒഴുകിയെത്തിയ നിര്‍മ്മല സംഗീതത്തിന്റെ നദിയാണ് മുഹമ്മദ് റഫി. ഓരോ കേള്‍വിയിലും മഴയായി പെയ്തിറങ്ങിയ മാസ്മരിക നാദം കേട്ട് എത്രയോ രാവുകളെ നാം ഉര്‍വ്വരമാക്കി. കാലം എത്തും മുമ്പേ കടന്നുപോയ അനശ്വര ഗായകന്റെ സംഗീതജീവിതത്തെ അടയാളപ്പെടുത്തുന്ന സവിശേഷ കൃതിയാണ് ‘മുഹമ്മദ് റഫി: സംഗീതലോകത്തെ നാദവിസ്മയം’. സംഗീതം മനുഷ്യസമൂഹത്തെ, ദേശം, ഭാഷ, ജാതി മത ഭേദമില്ലാതെ ഒരുമിപ്പിക്കുന്നു. അങ്ങനെ കലയും സാഹിത്യവും സംഗീതവും ദേശീയ ഉദ്ഗ്രഥനത്തിന് ഏറെ ശക്തി പകരുന്നു. സംഗീതം ഈ ഭൂമിയില്‍ നില്‍ക്കുന്നിടത്തോളം കാലം മുഹമ്മദ് റഫി എന്ന അതുല്യ പ്രതിഭ സ്മരിക്കപ്പെടും. സംഗീതത്തെ ജീവവായുപോലെ തന്റെ ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്തി ദൈവവുമായി സംവദിക്കുന്ന, നന്മ ചൊരിയുന്ന ഒരു മനുഷ്യസ്‌നേഹിയുമാണ് റഫിസാഹബ്. ജീവിതത്തിന്റെ വിവിധ ഭാവങ്ങളായ ഭക്തി, പ്രണയം, വിരഹം, ദുഃഖം, പരിഭവം, ഹര്‍ഷം എന്നിവയും പ്രകൃതിയുടെ സ്പന്ദനങ്ങളും എല്ലാം ഒപ്പിയെടുത്ത് വൈകാരികത ഒട്ടും ചോരാതെ തന്റെ മാന്ത്രിക ശബ്ദത്തിലൂടെ അനശ്വരമാക്കിയ പ്രതിഭ. ഇളംമഞ്ഞിന്റെ കുളിര്‍മപോലെ ആ സംഗീതം, ഇന്നും ജനഹൃദയങ്ങളില്‍ നിലനില്‍ക്കുന്നു.
അനശ്വര പ്രതിഭയായ മുഹമ്മദ് റഫിയുടെ നൂറാം ജന്മവാര്‍ഷികം കടന്നുപോകുന്ന ഈ വേളയില്‍, അദ്ദേഹത്തിന്റെ ചലച്ചിത്ര സംഗീത ജീവിതത്തെ സമഗ്രമായി സ്പര്‍ശിക്കുന്ന ഈ ഗ്രന്ഥം പ്രസിദ്ധീകരിക്കാന്‍ സാധിച്ചതില്‍ ലിപി പബ്ലിക്കേഷന്‍സിന്് അതിയായ ആഹ്ലാദവും അഭിമാനവുമുണ്ട്. ഗ്രന്ഥകാരനായ സി.പി. ആലിക്കോയയ്ക്ക് വലിയ നന്ദി. തീര്‍ച്ചയായും ഇത് റഫി സാഹബിനെക്കുറിച്ചുള്ള വേറിട്ട ഒരു രചനയാണ്. കലയെയും സംഗീതത്തെയും സ്‌നേഹിക്കുന്ന റഫിയെ ആരാധിക്കുന്ന നന്മ നിറഞ്ഞ എല്ലാ മനുഷ്യരും ഈ കൃതി ഹൃദയപൂര്‍വ്വം സ്വീകരിക്കുമെന്ന് വിശ്വാസമുണ്ട്. ഇതിന്റെ പൂര്‍ണ്ണതയ്ക്ക് ഒപ്പം ചേര്‍ന്ന എഡിറ്റര്‍ എം. ഗോകുല്‍ദാസ്, ലേഔട്ട് നിര്‍വ്വഹിച്ച ജെയ്‌സല്‍ നല്ലളം, കവര്‍ ഡിസൈന്‍ ചെയ്ത രമേഷ് ജീവന്‍ എന്നിവര്‍ക്കും നന്ദി. നിറഞ്ഞ ചാരിതാര്‍ത്ഥ്യത്തോടെ ഈ കൃതി വായനക്കാര്‍ക്ക് സമര്‍പ്പിക്കുന്നു.
ലിപി അക്ബര്‍
ലിപി പബ്ലിക്കേഷന്‍സ്
Reviews
There are no reviews yet.