മനുഷ്യഹൃദയത്തിലെ ഈശ്വരസ്വത്വത്തെ നീലവര്‍ണ്ണത്തിലുള്ള അഗ്നിനാളമായാണ് ജിബ്രാന്‍ ഭാവദര്‍ശനം ചെയ്യുന്നത്. മേസിയാദയോടുള്ള ജിബ്രാന്റെ ആത്മീയവും അതീന്ദ്രിയവുമായ നിത്യാനുരാഗത്തിന്റെ പ്രതീകം കൂടിയാണ് ഈ നീല അഗ്നിനാളം. ഈ നീല അഗ്നിനാളത്തില്‍ തെളിയുന്ന പ്രപഞ്ചസര്‍വാധിശയത്വത്തിനു മുമ്പിലെ ദാര്‍ശനികമായ വിഹ്വലതകളെയും, വിസ്മയങ്ങളെയും പറ്റി മൂടല്‍മഞ്ഞിലൊളിച്ച രാവിന്റെ നിശ്ശബ്ദതയില്‍ അനന്തവിദൂരതയില്‍ നിന്നൊഴുകിയെത്തുന്ന ദിവ്യസംഗീതമായി മേസിയാദയെ ഹൃദയത്തില്‍ സാന്നിദ്ധ്യവല്‍ക്കരിച്ചുകൊണ്ട് ജിബ്രാന്‍ അവളോട് സംവദിക്കുന്നു.
ന്യൂയോര്‍ക്കിലും കെയ്‌റോവിലുമായി ജന്മത്തിലൊരിക്കല്‍പോലും കണ്ടിട്ടില്ലാത്ത, പത്തൊമ്പതു വര്‍ഷത്തോളം എഴുത്തുകുത്തുകളിലൂടെ മാത്രം നിലനിന്ന ബന്ധം, സൂഫിസത്തിലെ വിശ്വദേവതാ സങ്കല്‍പത്തിലെ പ്രണയമാണത്. മനുഷ്യന് ആത്മസാക്ഷാത്കാരത്തിനുള്ള ഏകമായ വഴി പ്രണയത്തില്‍ അന്തര്‍ലീനമായിരിക്കുന്നു എന്ന ജിബ്രാനിയന്‍ ദര്‍ശനത്തില്‍ സൂഫിസത്തിന്റെ അര്‍ത്ഥവിവക്ഷകളുണ്ട്. ജലാലുദ്ദീന്‍ റൂമി പ്രണയത്തെ നിര്‍വചിക്കുന്നതോര്‍മ്മിക്കുക. ‘പ്രണയമെന്നത് നീ ഞാനായി മാറുമ്പോള്‍, ഞാന്‍ നീയായി മാറുമ്പോള്‍; അനുഭവവേദ്യമാകുന്ന സത്യമാകുന്നു.’
Reviews
There are no reviews yet.