നൂറുല്‍ മുനീറുല്‍ പൂര്‍ണ്ണാനന്ദ
(നോവല്‍)
നിസാര്‍ ഇല്‍ത്തുമിഷ്
കോഴിക്കോട്ടെ ഒരു ഉള്‍ഗ്രാമത്തില്‍ സമൃദ്ധമായ ബാല്യവും കൗമാരവും ആഘോഷിച്ച മുനീര്‍ എന്ന യുവാവ് ഒരു സുപ്രഭാതത്തില്‍ കാശിയിലെ ശ്മശാനഘാട്ടില്‍ എത്തിച്ചേര്‍ന്ന ജീവിതയാത്രയുടെ കഥ. ദൈവത്തിന്റെ പൊരുള്‍ അന്വേഷിച്ച് ഇറങ്ങുന്നവന്‍ അജ്മീറിലും, വേളാങ്കണ്ണിയിലും, ബുദ്ധഗയയിലും, അമൃതസറിലുമെല്ലാം പല ജന്മങ്ങള്‍ ജീവിച്ചുതീര്‍ക്കുവാന്‍ വിധിക്കപ്പെടുന്നു. നൂറുല്‍ മുനീറുല്‍ പൂര്‍ണ്ണാനന്ദ എന്ന നഗ്നസന്യാസിയായി രൂപാന്തപ്പെടുന്നു. മുനീറിന്റെ ഗൃഹാതുരമായ ബാല്യവും, നഷ്ടമായ ഗ്രാമീണ നന്മകളും, സൗഹൃദത്തിന്റെ അഗാധമായ ആഴങ്ങളും, ഭൗതികതയുടെ നശ്വരതയും, അതിജീവനങ്ങളും ഇടകലര്‍ന്ന ആഖ്യാനം നവ്യമായ ഒരു വായനാനുഭവം നല്‍കുമെന്ന് തീര്‍ച്ചയാണ്.
ആമുഖം
പണ്ട് പണ്ടൊരിക്കല്‍ (അന്ന് ആകാശത്തിനും ഭൂമിക്കുമൊന്നും പേരില്ലായിരുന്നു) മൂന്ന് ജ്ഞാനികള്‍ ഒരു യാത്ര പുറപ്പെട്ടു. ആകാശവും ഭൂമിയും സൃഷ്ടിക്കപ്പെട്ടിട്ട് അധികം വര്‍ഷങ്ങളൊന്നുമായിട്ടില്ല. സൃഷ്ടികല്‍പനയുടെ അപൂര്‍ണ്ണഭാവത്തില്‍ പ്രപഞ്ചം വിവസ്ത്രയായി നില്പായിരുന്നു. നക്ഷത്രങ്ങളില്ലാത്ത ആകാശം പോലെ തരിശായിരുന്നു ഭൂമിയും. മനുഷ്യന്റെ പരമ്പര പിറവിയെടുത്തിട്ട് നാലോ അഞ്ചോ തലമുറകള്‍ ആയിട്ടേ ഉള്ളൂ. ഇതിനോടകം തന്നെ അവര്‍ ഗോത്രങ്ങളായി തിരിയാനും പാറക്കല്ലിന്റെ കൂര്‍പ്പ് കൊണ്ട് പരസ്പരം യുദ്ധം ചെയ്യാനും മിടുക്ക് പ്രാപിച്ചിരുന്നു. ജ്ഞാനികള്‍ യാത്ര തുടങ്ങിയിട്ട് അന്നേക്ക് ആയിരം അമാവാസി കഴിഞ്ഞു. ഭൂമിയുടെ മദ്ധ്യത്തിലെത്തിയവര്‍ മൂന്ന് ദിക്കിലേക്കായി വഴി തിരിയാന്‍ തീരുമാനിച്ചു. യാത്ര പറഞ്ഞ് പിരിയുമ്പോള്‍ അവര്‍ കരയുകയും ചേര്‍ത്തുപിടിക്കുകയും നെറുകയില്‍ ചുംബിക്കുകയും ചെയ്തു. ആയിരാമത്തെ പൂര്‍ണ്ണചന്ദ്രനെ കാണുന്ന നാള്‍ മൂവരും അതേ സ്ഥലത്ത് വെച്ച് വീണ്ടും കണ്ടുമുട്ടുമെന്ന് വാക്ക് നല്‍കി. ഹൃദ്യമായി പുഞ്ചിരിക്കുന്നവന്‍ കിഴക്കോട്ടും കടല്‍പോലെ സഹിഷ്ണുതയുള്ളവന്‍ വടക്കോട്ടും ആകാശത്തോളം സ്‌നേഹമുള്ളവന്‍ പടിഞ്ഞാറോട്ടും നടന്നു. തെക്ക് ശൂന്യമായി കിടന്നു.
പുഞ്ചിരി തൂകിയവന്‍ നടന്ന് നടന്ന് ഒരു ചെറിയ ഗ്രാമത്തിലെത്തി. ഗ്രാമവാസികളെല്ലാം ഒരു കൊലപാതകം നടന്നതിന്റെ നടുക്കത്തിലായിരുന്നു. മകന്‍ സ്വന്തം പിതാവിനെ കഴുത്തറുത്ത് കൊന്നിരിക്കുന്നു. എല്ലാവരുംകൂടി മകനെ പാറക്കല്ല് കൊണ്ട് ചതച്ച് കൊല്ലാന്‍ ഒരുക്കം കൂട്ടുകയാണ്. ജ്ഞാനി ഇടപെട്ടു. കര്‍മ്മഫലത്തെ കുറിച്ച് നിങ്ങള്‍ക്കെന്തറിയാം?
ജനങ്ങള്‍ അജ്ഞതയോടെ പരസ്പരം നോക്കി. അവരുടെ കണ്ണുകളിലെല്ലാം വിഷാദവും നൈരാശ്യവും നിഴലിച്ച് കണ്ടു. അവരുടെ ഹൃദയങ്ങള്‍ അസ്വസ്ഥമായിരുന്നു. ജ്ഞാനി ഒരു ആല്‍ത്തറയില്‍ കയറിയിരുന്നു. അദ്ദേഹത്തെ ശ്രവിക്കാനായി ഗ്രാമവാസികള്‍ നിലത്ത് ചമ്രംപടിഞ്ഞിരുന്നു.
കുരുക്ഷേത്രയുദ്ധം കഴിഞ്ഞ് എല്ലാവരും പാളയത്തില്‍ തന്നെ തകര്‍ന്നിരിപ്പായിരുന്നു. യുദ്ധഭൂമിയുടെ പകുതി ഭാഗവും കൗരവപുത്രന്മാരുടെ ശരീരഭാഗങ്ങള്‍ ചിതറിക്കിടന്നു. തനിക്കെന്തേ ഇങ്ങനെ ഒരു വിധി? നൂറ് മക്കളും നഷ്ടമാകാന്‍ മാത്രം എന്ത് മഹാപാപമാണ് താന്‍ ചെയ്തത്? ധൃതരാഷ്ട്രര്‍ കൃഷ്ണനോട് ചോദിച്ചു. കൃഷ്ണന് അന്നേ ആ കുസൃതിച്ചിരി ഉണ്ടായിരുന്നു. അദ്ദേഹം ആ വൃദ്ധരാജാവിന്റെ തോളില്‍ കൈ അമര്‍ത്തി.
അന്‍പത് ജന്മങ്ങള്‍ക്ക് മുമ്പ് താങ്കള്‍ ഒരു വേടനായിരുന്നു. വിനോദത്തിനായി താങ്കള്‍ ഒരു കാട്ടുതാറാവിനെ അമ്പെയ്തു. പക്ഷേ, ലക്ഷ്യം തെറ്റിയതിനാല്‍ ആ താറാവ് കാട്ടിലേക്കോടി രക്ഷപ്പെട്ടു. ക്ഷിപ്രകോപി ആയിരുന്ന താങ്കള്‍ അതിനെ പിന്‍തുടര്‍ന്ന് അതിന്റെ വാസസ്ഥലത്തെത്തി. മാടത്തിനുള്ളില്‍ കൊഞ്ചിക്കളിച്ച നൂറ് കുഞ്ഞുങ്ങളെയും നിഷ്‌കരുണം താങ്കള്‍ കൊന്ന് തള്ളി. കണ്‍മുന്നില്‍ വെച്ച് മക്കളെല്ലാം ഞെരിഞ്ഞില്ലാതാകുന്നത് ആ പിതാവിന് നോക്കിനില്‍ക്കേണ്ടിവന്നു. അതിന്റെ കര്‍മ്മഫലമാണ് ഇപ്പോള്‍ താങ്കള്‍ അനുഭവിച്ച് കഴിഞ്ഞത്.
ധൃതരാഷ്ട്രരുടെ നെഞ്ച് പിടച്ചു. ഗാന്ധാരിയുടെ കണ്ണില്‍ കെട്ടിയ കറുത്ത പട്ട് നനഞ്ഞ് കുതിര്‍ന്നു. എന്തൊരു യോഗമാണിത്! അന്ധദമ്പതികള്‍ തങ്ങളുടെ വിധിയെ പഴിച്ച് നിലവിളിച്ചു.
”പ്രഭോ, എന്നാലും എന്റെ മുജ്ജന്മത്തിലെ കര്‍മ്മഫലം അനുഭവിക്കാന്‍ അന്‍പത് ജന്മങ്ങള്‍ കാത്തിരിക്കേണ്ടിവന്നത് എന്താണ്?”
”കഴിഞ്ഞ അന്‍പത് ജന്മങ്ങള്‍ താങ്കള്‍ നൂറ് പുത്രന്മാര്‍ ഉണ്ടാകുന്നതിനുള്ള പുണ്യം നേടുകയായിരുന്നു.”
കര്‍മ്മത്തിന്റെയും കര്‍മ്മഫലത്തിന്റെയും കൊടുക്കല്‍ വാങ്ങലുകള്‍ കേട്ട് ഗ്രാമീണര്‍ അന്തംവിട്ടിരുന്നു. അവര്‍ക്ക് കാര്യമായൊന്നും മനസ്സിലായില്ലെങ്കിലും ചത്തവന്‍ അത്ര മുന്തിയവനല്ല എന്ന് ബോധ്യമായി. അവര്‍ രണ്ട് ചേരിയായി തിരിഞ്ഞ് കൊന്നവനേയും കൊല്ലപ്പെട്ടവനേയും ന്യായീകരിച്ചു. ജ്ഞാനിയില്‍ നിന്ന് കേട്ട മുറിവാക്കുകള്‍ വെച്ച് അവര്‍ കര്‍മ്മഫലത്തെക്കുറിച്ച് വാചാലരായി. ജ്ഞാനി നടത്തം തുടര്‍ന്നു.
വടക്കോട്ട് പോയ സഹിഷ്ണുതയുള്ളവന്‍ എത്തിച്ചേര്‍ന്നത് മരുഭൂമിയിലാണ്. ദൂരെ കണ്ട കാഫിലക്കൂട്ടത്തിനരികിലേക്ക് അയാള്‍ നടന്നു. അത് ഒരു കച്ചവട സംഘമായിരുന്നു. കറുത്ത് തടിച്ച അരോഗദൃഡഗാത്രര്‍ക്കൊപ്പം അതിസുന്ദരനായ ഒരു ബാലനുമുണ്ടായിരുന്നു. ആത്മാവിന്റെ വിശുദ്ധി മുഴുക്കെ അവന്റെ മുഖത്ത് കാണാമായിരുന്നു. ബാലന്‍ ജ്ഞാനിയെ നോക്കി പുഞ്ചിരിച്ചു.
”ഹേ യാത്രക്കാരേ, ഈ ബാലനെയും കൂട്ടി നിങ്ങള്‍ എങ്ങോട്ട് പോകുന്നു?”
അവര്‍ ഈജിപ്തിലേക്കായിരുന്നു. വഴിയില്‍ കണ്ട ഒരു പൊട്ടക്കിണറ്റില്‍ നിന്ന് രക്ഷപ്പെടുത്തിയ ബാലനെ അടിമച്ചന്തയില്‍ വില്‍ക്കാനുള്ള യാത്രയാണ്. ബാലന്‍ ഒരു പ്രവാചകനാണെന്നോ, ദൈവദൂതനാ ണെന്നോ അവര്‍ക്കറിയില്ലായിരുന്നു.
”സഹോദരങ്ങളേ, ഇത് സാധാരണ ബാലനല്ല. ഇദ്ദേഹം പ്രവാചകനാണ്. മരിക്കുന്നതിന് മുന്നേ നിങ്ങളെല്ലാവരും ഇദ്ദേഹത്തെ അംഗീകരിക്കുകയും വാഴ്ത്തുകയും ചെയ്യും. പക്ഷേ, ഇത് ഞാന്‍ നിങ്ങളോട് പറഞ്ഞെന്ന് കരുതി നിങ്ങള്‍ ഈ ബാലനെ വില്‍ക്കാതിരിക്കില്ല. നിങ്ങള്‍ ജനിക്കും മുന്നേ ഈ വിധി നിര്‍ണ്ണയിക്കപ്പെട്ടിരിക്കുന്നു. ആയതിനാല്‍ നിങ്ങള്‍ യാത്ര തുടരുക.”
കാഫിലക്കൂട്ടം മുന്നോട്ട് നീങ്ങി. മനുഷ്യര്‍ക്ക് നിയന്ത്രിക്കാന്‍ പറ്റാത്ത കര്‍മ്മത്തിന്റെ ഗതിവിഗതികളുടെ പൊരുളറിയാതെ അവര്‍ ജ്ഞാനിയെ പരിഹസിച്ചു. അനന്തമായി നീളുന്ന കര്‍മ്മത്തിന്റെ ചങ്ങലക്കണ്ണികളില്‍ തങ്ങളും കുരുങ്ങിയിട്ടുണ്ടെന്ന വസ്തുത അവര്‍ അറിഞ്ഞതേയില്ല. അവര്‍ പോയ വഴിയേ ജ്ഞാനി നോക്കി. കര്‍മ്മപരമ്പരയുടെ ചാക്രികചലനത്തില്‍ ആ ബാലന്‍ വളര്‍ന്ന് വലുതാകുന്നതും ഈജിപ്തിന്റെ സര്‍വ്വാധികാരി ആകുന്നതും കണ്ടുനിന്നു. അദ്ദേഹം തന്നെ കിണറ്റിലെറിഞ്ഞ സഹോദരങ്ങള്‍ക്ക് മാപ്പ് നല്‍കുകയും, സന്മാര്‍ഗ്ഗത്തിന്റെ പാതയിലേക്ക് കണ്‍തുറപ്പിക്കുകയും ചെയ്തു. അയാളുടെ കഥകളില്‍ പുനര്‍ജന്മങ്ങളില്ലായിരുന്നു. കര്‍മ്മങ്ങള്‍ക്കുള്ള ഫലം അന്ത്യനാളില്‍ അള്ളാഹു എന്ന നാമത്തിലുള്ള ദൈവം നീതിയുക്തമായി നല്‍കുമെന്നാണ് പ്രബോധനം ചെയ്തത്. ജന്മജന്മാന്തരങ്ങള്‍ മാറി മാറി ജീവിക്കാതെ തന്നെ കര്‍മ്മഫലം സിദ്ധിക്കാമെന്ന് കേട്ടപ്പോള്‍ കുറെയേറെ പേര്‍ അയാളുടെ പിന്നാലെ കൂടി. അവര്‍ മരുഭൂമിയിലെ മണല്‍ത്തരികളെക്കാള്‍ വര്‍ദ്ധിക്കുവാന്‍ തുടങ്ങി.
ആകാശത്തോളം സ്‌നേഹമുള്ള ഹൃദയവുമായി മൂന്നാമത്തവന്‍ പടിഞ്ഞാറ് ദേശത്തെത്തി. പറുദീസ നഷ്ടമായവരായി ജനിക്കുന്ന ആദം സന്തതികളെയെല്ലാം അയാള്‍ ഒന്നിച്ച് കൂട്ടി.
”നിങ്ങള്‍ തെറ്റുകളില്‍ നിന്നും പശ്ചാത്തപിച്ച് മടങ്ങണം.” അയാള്‍ ആദിപാപത്തിന്റെ കഥ പറഞ്ഞ് കൊടുത്തു.
”ആദി പിതാവും മാതാവും ചെയ്ത പാപത്തിന്റെ ഫലം ഞങ്ങളെന്തിന് പേറണം? ഞങ്ങളനുഭവിക്കുന്ന ദുരിതങ്ങള്‍ക്കും ക്ലേശങ്ങള്‍ക്കും മരണങ്ങള്‍ക്കും കാരണം ആദിപാപമെങ്കില്‍ ആ പാപഭാരം ഞങ്ങളുടെ തലമുറയുടെ ശിരസ്സില്‍ നിന്നെങ്കിലും ഇറക്കിവെക്കൂ.”
ജനിക്കും മുന്നേ എഴുതിവെക്കപ്പെട്ട കര്‍മ്മങ്ങളും കര്‍മ്മഫലങ്ങളും അനുഭവിക്കുന്നതിനോട് പലരും എതിര്‍പ്പ് കാണിച്ചു. പക്ഷേ, വാഗ്ദത്ത സ്വര്‍ഗ്ഗത്തിന്റെ വര്‍ണ്ണനകള്‍ കേട്ട് അവര്‍ അന്തംവിട്ട് പോയി. അവര്‍ ജ്ഞാനിക്ക് മുന്നില്‍ സ്‌നാനം ചെയ്യപ്പെട്ടു. അയാളുടെ പാദസേവ ചെയ്യാന്‍ ആളുകള്‍ ഊഴം കാത്ത് കിടന്നു.
ആയിരാമത്തെ പൂര്‍ണ്ണചന്ദ്രന്‍ ഉദിച്ച രാവില്‍ മുന്‍ നിശ്ചയിച്ച പ്രകാരം അവര്‍ ഭൂമിയുടെ മദ്ധ്യത്തില്‍ വെച്ച് സന്ധിച്ചു. ഓരോരുത്തര്‍ക്കും പിന്നിലായി വിവിധ അടയാളങ്ങള്‍ പേറിയ അനേകം പേര്‍ അണിനിരന്നിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ട്മുട്ടിയവര്‍ പരസ്പരം ആലിംഗനം ചെയ്തു. ആലിംഗനത്തിന്റെ പൊരുളറിയാത്തവര്‍ തങ്ങളുടെ ഗുരുവിനെ കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമിക്കുകയാണെന്ന് തെറ്റിദ്ധരിച്ച് അന്യോന്യം വെട്ടിയും കുത്തിയും മരിച്ച് വീണു. ജ്ഞാനികള്‍ പരസ്പരം നോക്കി. എന്താണ് സംഭവിച്ചത്? എവിടെയാണ് പിഴവ് പറ്റിയത്? അവര്‍ തലപുകഞ്ഞാലോചിച്ചു. പഠിപ്പിച്ചതെല്ലാം നന്മ മാത്രമാണല്ലോ! അക്രമത്തെയും ഹിംസയേയും വെടിയാനാണല്ലോ നിത്യവും അണികളോട് ഉപദേശിച്ചത്. തങ്ങളുടെ ദൈവം മാത്രമാണ് സത്യമെന്ന അചഞ്ചലമായ വിശ്വാസം ഊട്ടിയുറപ്പിച്ചിരുന്നല്ലോ! അതില്‍ അവര്‍ക്ക് ആത്മവിശ്വാസവും ഊര്‍ജ്ജവും ഉണ്ടായിരുന്നല്ലോ! പിന്നെ എവിടെയാണ് പിഴച്ചത്?
****
ഭൂമിയുടെ മദ്ധ്യത്തില്‍ തീര്‍ത്ത ചോരച്ചാലിലൂടെ സങ്കരയിനം രക്തബിന്ദുക്കള്‍ പ്രകൃതിയുടെ കല്ലിച്ച ഞരമ്പിലൂടെ അങ്ങോളമിങ്ങോളം വ്യാപിച്ചു. ഭാഷയും വേഷവും സംസ്‌കാരവും നോക്കാതെ സകല മനുഷ്യരിലും ആ രക്താണുക്കള്‍ പടര്‍ന്ന് കേറി. ജ്ഞാനികളുടെ ഹൃദ്യമായ പുഞ്ചിരിയും സഹാനുഭൂതിയും നിര്‍മ്മലമായ സ്‌നേഹവുമായി ഭൂമുഖത്തേക്ക് പിറന്ന് വീഴുന്ന ഓരോ കുഞ്ഞിലും ആ രക്തബിന്ദുക്കള്‍ ഉറങ്ങി കിടന്നു. ജീവിതത്തിന്റെ ഒരു പ്രത്യേക ഘട്ടമെത്തുമ്പോള്‍ അവ ഉണരുകയും കര്‍മ്മപരമ്പരയുടെ ചങ്ങലക്കണ്ണികള്‍ക്ക് ഇളക്കം വെച്ച് തുടങ്ങുകയും ചെയ്യും. ഈ പ്രക്രിയ അനാദികാലത്തോളം തുടരുകയും ചെയ്യും.
***
ഒരു വാക്ക് കൂടി
നൂറുല്‍ മുനീറുല്‍ പൂര്‍ണ്ണാനന്ദയെ ഞാന്‍ ആദ്യമായി കാണുന്നത് കാശിയുടെ ജരാനര ബാധിച്ച ഇരുണ്ട ഗല്ലികളിലൊന്നില്‍ വെച്ചായിരുന്നു. ആ കാഴ്ച ഇത്രയും കാലം എന്റെ ഉറക്കം കെടുത്തിയെങ്കില്‍ അതൊരു വെറും കാഴ്ചയല്ല എന്ന തോന്നലില്‍ നിന്നാണ് ഈ കഥ പിറക്കുന്നത്. എന്നോട് ക്ഷമിക്കുക. അങ്ങയുടെ സ്വാസ്ഥ്യം കെടുത്തിയതിന്. ഇനിയും അങ്ങയുടെ പൂര്‍വ്വാശ്രമം തേടി ഞാന്‍ അലയില്ല. സത്യം. ഒരു ജന്മത്തില്‍ തന്നെ പല ജീവിതങ്ങള്‍ ജീവിക്കുവാന്‍ വിധിക്കപ്പെട്ട നൂറുല്‍ മുനീറുല്‍ പൂര്‍ണ്ണാനന്ദമാര്‍ക്ക് ഈ പുസ്തകം സമര്‍പ്പിക്കുന്നു.
1 review for Noorul Muneerul Poornananda Novel by Nizar Ilthumish