ഇതെന്റെ ആറാമത്തെ പുസ്തകമാണ്. കഴിഞ്ഞ അഞ്ച് പുസ്തകങ്ങളും നിങ്ങള്‍ ഇരുകൈയുംനീട്ടി സ്വീകരിച്ചതിന് വാക്കുകളിലൊതുങ്ങാത്ത നന്ദിയുണ്ട്. നിങ്ങളുടെ നല്ല വായനകൊണ്ടാണ് അവ ഏഴും അഞ്ചും പതിപ്പുകള്‍ പിന്നിട്ടതെന്ന് ഞാന്‍ വിശ്വസിക്കുന്നു. ‘പ്രണയ വൈറസ്’ പത്ത് കഥകളുടെ സമാഹാരമാണ്. വളരെ ലളിതമായി കഥ പറഞ്ഞ് പോകുന്ന ശൈലിയാണ് ഇതിലും ഞാന്‍ സ്വീകരിച്ചിട്ടുള്ളത്. അങ്ങനെ കഥ പറയാനേ എനിക്ക് അറിയൂ എന്നതാണ് സത്യം. പക്ഷേ, അവ പലതും അനുഭവങ്ങളുടെ നിര്‍വ്വചനമാണ്. നാമീ ഭൂമിയില്‍ ജീവിക്കാനുള്ള കാരണങ്ങളില്‍ ഒന്ന് പ്രണയമല്ലാതെ മറ്റൊന്നുമല്ല എന്ന ചിന്തയാണ് ഈ കഥാസമാഹാരം സമ്മാനിക്കുന്നത്. ഇങ്ങനെയൊക്കെയാണെങ്കിലും പ്രണയത്തെ സ്വീകരിക്കാനുള്ള പക്വത നമ്മുടെ സമൂഹത്തിന് ഇനിയും കൈവന്നിട്ടില്ല എന്ന സങ്കടവും ഈ പുസ്തകം പങ്കുവെക്കുന്നു.
പുസ്തകപ്രസാധനം ഏറ്റെടുത്ത ലിപി അക്ബറിന് കൂപ്പുകൈ. പുസ്തകത്തിന് അര്‍ത്ഥവത്തായ വിലയിരുത്തല്‍ നല്‍കിയ പ്രശസ്ത കവിയും വാഗ്മിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ആലങ്കോട് ലീലാകൃഷ്ണന് അളവറ്റ കടപ്പാട് അറിയിക്കുന്നു. ഇതിലെ കഥകള്‍ക്ക് ചിത്രപരിഭാഷ നല്‍കിയ ആത്മമിത്രം ഗിരീഷ് മൂഴിപ്പാടത്തിന് നന്ദി. പുസ്തകം കമനീയമെങ്കില്‍ അത് രാജേഷ് ചാലോടിന്റെ കവര്‍ ചിത്രത്തിന്റെ മിടുക്ക്. നന്ദിയും വിലപ്പെട്ട സ്‌നേഹവും അറിയിക്കുന്നു.
ഈ പുസ്തകം എഴുതിത്തുടങ്ങുമ്പോള്‍ ഞങ്ങളുടെ പ്രിയപ്പെട്ട ഉപ്പ ഒപ്പമുണ്ടായിരുന്നു. എന്നാല്‍ എഴുത്തിന്റെ വേളയില്‍ എപ്പഴോ മറിഞ്ഞുപോയ ഒരു പുസ്തകത്താളുപോലെ ആ സ്‌നേഹം ഞങ്ങളെയും പ്രിയപ്പെട്ട ഉമ്മയെയും തനിച്ചാക്കി കടന്നുപോയി. അതുകൊണ്ട്തന്നെ ഈ പുസ്തകം ഉപ്പയുടെ ഓര്‍മ്മകളില്‍ ജീവിക്കുന്ന ഉമ്മാക്ക് സമര്‍പ്പിക്കുന്നു.
സ്‌നേഹാദരങ്ങള്‍,
എം.എ. സുഹൈല്‍
Reviews
There are no reviews yet.