തട്ടാരക്കുന്നിനപ്പുറത്ത്
(ഓര്‍മ്മക്കുറിപ്പുകള്‍)
മുഹമ്മദ് ഹനീഫ് തളിക്കുളം
ഇത് മനസ്സിന്റെ മുഖക്കുറിപ്പാണ്. നന്മ, സ്‌നേഹം, തിരിച്ചറിവ്, ഓര്‍മ്മകള്‍ ഇവയുടെയെല്ലാം മധുരം ഈ കൃതിയിലുണ്ട്. മനുഷ്യന്റെ ആരാധനയുടെയും വിശ്വാസങ്ങളുടെയും പേരില്‍ മതില്‍കെട്ടി വേര്‍തിരിക്കുന്ന വര്‍ത്തമാനകാലത്ത് അതല്ല ശരിയെന്ന് വിളിച്ചുപറയാന്‍ തരിമ്പും മടികാണിക്കാത്ത ചിലരെങ്കിലും നമുക്കിടയില്‍ ഇനിയും ബാക്കിയുണ്ടെന്ന് ഹനീഫ് നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. ഗള്‍ഫ് പ്രവാസത്തിന്റെ കദനങ്ങള്‍ പങ്കുവെച്ചതും, ബി. അബ്ദുല്‍ നാസറിനെ പരിചയപ്പെടുത്തിയതും, എടശ്ശേരി മൗലവിയും, പ്രിയപ്പെട്ട പുഷ്പാംഗദന്‍ മാഷും, സഖാവും, മദനന്റെ വീട്ടിലെ കദീശുവുമൊക്കെ ഒറ്റയിരുപ്പില്‍ വായിച്ചു പോകുന്ന കുറിപ്പുകള്‍. സമൂഹത്തിലെ കാന്‍സറായി മാറുന്ന മയക്കുമരുന്നും, പാഴാക്കി കളയുന്ന ഭക്ഷണവുമൊക്കെ വായിച്ചു പോകുമ്പോള്‍ ഒരു നിമിഷമെങ്കിലും നമ്മുടെ ഉള്ളൊന്ന് പൊള്ളുന്നുണ്ട്. ഹരിതകാന്തി പടര്‍ത്തുന്ന കൃതി.
ടി.എന്‍. പ്രതാപന്‍
(അവതാരികയില്‍ നിന്ന്)
ആമുഖം
ഞാന്‍ അനുഭവിച്ചറിഞ്ഞ, തൊട്ടറിഞ്ഞ എന്റെ ചെറിയ ബോധ്യങ്ങളാണ് ഈ കുറിപ്പുകള്‍. ചെറിയൊരു ക്യാന്‍വാസാകുന്ന എന്റെ ലോകത്ത് ഞാന്‍ കണ്ട മനുഷ്യര്‍, ഞാന്‍ കണ്ട നന്മകള്‍, പറയണമെന്ന് ഞാന്‍ ആഗ്രഹിച്ച വാക്കുകള്‍.. അത്രയേ തട്ടാരക്കുന്നിനപ്പുറത്ത് എന്ന ഈ കുഞ്ഞു പുസ്തകത്തില്‍ നിങ്ങളെ കാത്തിരിക്കുന്നുള്ളൂ. തട്ടാരക്കുന്ന് ഞാന്‍ വളര്‍ന്ന എന്റെ നാട്ടിന്‍പുറമായ തളിക്കുളത്തെ എരണേഴുത്ത് അമ്പലപ്പറമ്പിലെ ഒരു കുന്നാണ്.. അവിടെ നിന്നാണ് പലപ്പോഴും ഞാന്‍ എന്റെ ലോകം കണ്ട് തുടങ്ങിയത്.. ആ കു ന്നില്‍ മലര്‍ന്നു കിടന്നാണ് ഞാന്‍ ആകാശം കണ്ടത്, നക്ഷത്രങ്ങളും സ്വ പ്‌നങ്ങളും കണ്ടത്.. അതുകൊണ്ട് തന്നെയാണ് തട്ടാരക്കുന്നിനപ്പുറത്ത് എന്ന് ഈ പുസ്തകത്തിന് പേര് നല്‍കിയതും. സോഷ്യല്‍ മീഡിയയില്‍ പലപ്പോഴായി വിഷയ സംബന്ധിയായി കോറിയിട്ടതാണ് ഇതിലെ അക്ഷരങ്ങള്‍.. ഒരു പുസ്തകമാക്കാന്‍ നിര്‍ബന്ധിച്ചത് പ്രിയപ്പെട്ട സുഹൃത്തുക്കളാണ്.. എഴുതാനുള്ള ഓരോ ശ്രമവും വാക്കുകളോടുള്ള എന്തെന്നില്ലാത്ത പ്രണയം കൊണ്ട് സംഭവിക്കുന്നതാണ്..
എഴുതാനും പറയാനുമൊക്കെ എപ്പോഴും പ്രചോദനം തരുന്ന, പുസ്തകത്തിന് ഹൃദയാക്ഷരങ്ങള്‍ കൊണ്ട് അവതാരിക കുറിച്ചിട്ട പ്രിയപ്പെട്ട പ്രതാപേട്ടന്‍, ഓരോ അദ്ധ്യായത്തിനും മനോഹരമായ കരിക്കേച്ചറുകള്‍ വരച്ചിട്ട പ്രിയ സുഹൃത്ത് റിയാസ് ടി അലി, പ്രേരണ കൊണ്ടും പ്രോത്സാഹനം കൊണ്ടും കരള് പകുത്ത് തന്ന സ്‌നേഹബന്ധങ്ങള്‍.. എല്ലാവരെയും എന്റെ നെഞ്ചോട് ചേര്‍ത്ത് പിടിക്കുന്നു..
ഒരു തുടക്കക്കാരന്റെ എല്ലാ പരിമിതികളും പോരായ്മകളും ഞാന്‍ എന്നെത്തന്നെ ബോധ്യപ്പെടുത്തിക്കൊണ്ട്, നാളെ എഴുതാന്‍ ഒരു പ്രേരണയോ പ്രചോദനമോ ആയി ഇത് മാറുമെങ്കില്‍ അങ്ങനെയാവട്ടെ എന്ന് മാത്രം കരുതിയും സ്വയം ആശ്വസിച്ചും ഞാനിത് സ്‌നേഹപൂര്‍വ്വം ഇവിടെ സമര്‍പ്പിക്കുന്നു.
മുഹമ്മദ് ഹനീഫ് തളിക്കുളം
Reviews
There are no reviews yet.