വാക്കുകള്‍ വിരിയുന്ന കടവില്‍
(കവിതകള്‍)
നിമ്യ കെ. ഭാസ്
മധുരമായ ഒരു അന്വേഷണാത്മകത നിമ്യയുടെ പല രചനകളിലും കാണാം. കവിത ഇവിടെ ഹൃദയഭാഷയായി മാറുന്ന കാഴ്ച. കവിയുടെ ശൈലി ഉരുത്തിരിയുന്നത് ഇത്തരം രചനകളിലാണ്. ഭാവതീവ്രമായ അനേകം കവിതകളിലൂടെ ഈ സമാഹാരം വേറിട്ട ഒരു വഴിയാണ്. ബിംബകല്‍പനകളുടെ ധാരാളിത്തം നാമീ സമാഹാരത്തില്‍ അനുഭവിക്കുന്നു. ഭാവാത്മകതയും കാല്‍പനികതയും അടുത്ത കൂട്ടുകാരാണ് നിമ്യയുടെ കവിതകളില്‍. മനസ്സിനെ അപഗ്രഥിക്കുവാനുള്ള ത്വര പല രചനകളിലും പ്രകടമാണ്. ലളിതമാണീ രചനാരീതി. വായനക്കാരുടെ മനസ്സ് കീഴടക്കാനുള്ള ശേഷി ഇവയ്ക്കുണ്ട്.
അവതാരിക: ശ്രീധരനുണ്ണി
നന്ദി…
എന്നെ സ്വപ്‌നം കാണാന്‍
പഠിപ്പിച്ച അദൃശ്യകരങ്ങളുള്ള അച്ഛന്…
വൈകിയെങ്കിലും അറിയാന്‍ ശ്രമിച്ച,
വഴികളിലെനിയ്ക്കു കൂട്ടായി വന്ന,
വൈരുദ്ധ്യങ്ങള്‍ക്കിടയിലും
കൂട്ടുകാരിയായി നിന്നുതന്ന
തായ് വേരായ അമ്മയ്ക്ക്…
എന്റെ സ്വപ്‌നങ്ങളെ, യാത്രകളെ
പ്രകാശിപ്പിക്കുന്ന സൂര്യന്,
അരുണിന്….
ആമുഖം
എവിടെ തുടങ്ങണം എവിടെ അവസാനിപ്പിക്കണം എന്ന ആശങ്കയില്ലാതെ വന്നുചേരുന്ന അക്ഷരങ്ങള്‍… വാക്കുകള്‍ കൊണ്ട് മായാജാലം സൃഷ്ടിക്കുന്നവരുടെ അക്ഷരങ്ങളെ അത്ഭുതത്തോടെ നോക്കിയിട്ടുണ്ട്… വാക്കുകളും പ്രവൃത്തിയും അകവും, ഭിന്നമായി പോവാതെ സൂക്ഷിക്കാന്‍ ശ്രമിക്കുന്നു.
ഓരോ പുസ്തകവും ഓരോ യാത്രയാണ്.
ഓരോ യാത്രയും ഓരോ അനുഭവങ്ങളാണ്.
ഓരോ അനുഭവവും ഓരോ പാഠങ്ങളാണ്.
പുസ്തകാനുഭവവും യാത്രാനുഭവവും ജീവിതാനുഭവവും ചേര്‍ന്ന് പരുവപ്പെടുന്ന ‘ഞാന്‍’ എന്ന വ്യക്തി തന്റെ അകത്തേക്ക് നോക്കി പുറത്തിറങ്ങി ജീവിക്കുമ്പോള്‍ സംഭവിച്ചത്….
ഈ കൃതിക്ക് മനോഹരമായ അവതാരിക എഴുതി അനുഗ്രഹിച്ച പ്രശസ്ത കവി ശ്രീ. പി.പി. ശ്രീധരനുണ്ണി സാറിനും ഈ പുസ്തകം സാധ്യമാക്കിയ ലിപി പബ്ലിക്കേഷന്‍സിനും അതിന്റെ സാരഥി ശ്രീ. ലിപി അക്ബറിനും നന്ദി.
-നിമ്യ കെ. ഭാസ്
അവതാരിക
മധുരമായ ഒരു അന്വേഷണാത്മകത
-ശ്രീധരനുണ്ണി
നിമ്യ കെ. ഭാസ് എഴുതിയ ഹൃദ്യമായ ഏതാനും ഭാവഗീതങ്ങളുടെ സമാഹാരമാണ് എന്റെ മുമ്പിലുള്ള ‘വാക്കുകള്‍ വിരിയുന്ന കടവില്‍’ എന്നത്. അക്ഷരാര്‍ത്ഥത്തില്‍ ഭാവഗീതം എന്ന കാവ്യരീതിയില്‍ പെടുത്താവുന്ന രചനകളാണ് ഇവ. ഓരോ കവിതയും ഏതാനും ഈരടികളില്‍ ഒതുക്കി ആശയപ്രകാശനം നടത്തുന്ന രീതിയാണിതു. ഏകാഗ്രതയാണ് ഇവയുടെ മുഖമുദ്ര എന്ന് നമുക്കറിയാമല്ലോ.
ഈ ആവിഷ്‌ക്കാരപ്രക്രിയയില്‍ കവിമനസ്സ് അതിസൂക്ഷ്മത പുലര്‍ത്തേണ്ടിയിരിക്കുന്നു. ആ സൂക്ഷ്മത മിക്ക കവിതകളിലും ദീക്ഷിച്ചുകാണുന്നത് ഏറെ സന്തോഷകരം തന്നെ. പൂവിന്റെ ജന്മപുണ്യത്തെ നിര്‍വ്വചിക്കുന്ന സാഫല്യം എന്ന കവിതയില്‍ കവി അത് പ്രകടമാക്കുന്നുണ്ട്.
കള്ളമതില്‍ തീര്‍ത്ത് നനഞ്ഞൊലിക്കുന്ന യൗവനം എന്നും മറ്റും കവിതയില്‍ കാണുമ്പോള്‍ അത് പുതുകാലവീക്ഷണത്തിന്റെ അളവുകോല്‍ കൊണ്ട് അളക്കണം.
ലയനം എന്ന കവിതയില്‍ നമ്മള്‍ ആണ് പാത്രങ്ങള്‍. ഞാനും നീയും ‘നാം നമ്മോടടുക്കുന്ന വേളയില്‍ നന്മയില്‍ അഭയം’ എന്നാണ് ഈരടി. നന്മയിലാണ് അഭയം എന്നത് ഒരു ദര്‍ശനം. ഗീതകങ്ങളില്‍ ആ ലയനം ഉണ്ടാവണമെന്ന് ഗീതാഞ്ജലി നമ്മെ പഠിപ്പിക്കുന്നുണ്ടല്ലോ.
വീട്ടിലേക്കുള്ള വഴി ഏതിരുട്ടിലും തെളിയും. വീട്ടിനെക്കുറിച്ചുള്ള ചിന്തയാണല്ലോ ഗൃഹാതുരത. ഒരിക്കലും മറക്കാത്ത വഴിയിലൂടെ നാം വീട്ടില്‍ തിരിച്ചെത്തും. അത് നമ്മള്‍ മറന്നുവെയ്ക്കാത്ത ഇടമാണെന്നത് കവിഭാഷ്യം.
മധുരമായ ഒരു അന്വേഷണാത്മകത നിമ്യയുടെ പല രചനകളിലും കാണാം. കവിത ഇവിടെ ഹൃദയഭാഷയായി മാറുന്ന കാഴ്ച. കവിയുടെ ശൈലി ഉരുത്തിരിയുന്നത് ഇത്തരം രചനകളിലാണ്. എവിടെ ഞാന്‍ എന്ന കവിത ഒരു ഉദാഹരണം മാത്രം. അതില്‍ കവി ചോദിക്കുന്നത് എവിടെ ഞാന്‍ എന്നാണ്. ഉത്തരം വേണമെന്നില്ല. ചോദ്യം മാത്രം നിലനില്‍ക്കും.
ഇത്തരത്തില്‍ ഭാവതീവ്രമായ അനേകം കവിതകളിലൂടെ ഈ സമാഹാരം വേറിട്ട ഒരു വഴിയാണ്. കവിതയുടെ രസതന്ത്രത്തെക്കുറിച്ച് നിമ്യ പ്രത്യേകം സൂചിപ്പിക്കുന്നുണ്ട്.
‘ഞെട്ടറ്റു വീഴും മുമ്പ്
മണ്ണിലലിഞ്ഞ് ചേരുന്നതിനിടയില്‍
ഒരു പച്ചിലക്കരുത്ത്’
ബിംബ കല്‍പനകളുടെ ധാരാളിത്തം നാമീ സമാഹാരത്തില്‍ അനുഭവിക്കുന്നു.
ഭാവാത്മകതയും കാല്‍പനികതയും അടുത്ത കൂട്ടുകാരാണ് നിമ്യയുടെ കവിതകളില്‍. ബിംബകല്‍പനകളുടെ ധാരാളിത്തം കവിയ്ക്ക് അനുഗ്രഹമായി വര്‍ത്തിക്കുന്നു. മനസ്സിനെ അപഗ്രഥിക്കുവാനുള്ള ത്വര പല രചനകളിലും പ്രകടമാണ്. പഴയ കാലത്തുണ്ടായിരുന്ന മുക്തകങ്ങളിലേക്ക് ഞാന്‍ ഒരു നിമിഷം തിരിച്ചുപോയി. ആ സാന്ദ്രതയും മൂര്‍ച്ചയും നാമിതില്‍ അനുഭവിക്കുന്നു.്യു
ഈ സമാഹാരത്തിലെ എല്ലാ കവിതകളേയും പറ്റി പ്രതിപാദിക്കുന്നില്ല. ലളിതമാണീ രചനാരീതി. വായനക്കാരുടെ മനസ്സ് കീഴടക്കാനുള്ള ശേഷി ഇവയ്ക്കുണ്ട്. നിമ്യയ്ക്ക് ഭാവുകങ്ങള്‍ നേര്‍ന്നുകൊണ്ട്
‘വാക്കുകള്‍ വിരിയുന്ന കടവില്‍’ എന്ന ഗ്രന്ഥം സഹൃദയസമക്ഷം സമര്‍പ്പിക്കുന്നു.














Reviews
There are no reviews yet.