വെള്ളാരങ്കല്ലുകള്‍
(കഥകള്‍)
സുലേഖ അജി
സ്മൃതിയുടെ ഇരുട്ടും വെട്ടവും നിറഞ്ഞ ജീവിതത്തിന്റെ ഇടനാഴികകളിലൂടെ ഗൃഹാതുരതയുടെ വെള്ളാരങ്കല്ലുകള്‍ തേടിയുള്ള ഒരു യാത്രയാണിത്. ആതുര സേവനത്തിന്റെ സ്നേഹസാന്ദ്രമായ വെളിച്ചം കൊളുത്തിവെച്ച് ലോക മാനവികതയെ ഭ്രമിപ്പിച്ച ഫ്ളോറന്‍സ് നൈറ്റിംഗേലിന്റെ റാന്തലിനൊപ്പമുള്ള ഒരു അനുയാത്രയുടെ അക്ഷരപ്പെടലാണത്. ആത്മനിഷ്ഠമായ ഈ ഓര്‍മ്മക്കുറിപ്പുകള്‍ക്ക് സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും, വിമലീകരിക്കപ്പെട്ട ലാവണ്യസൗന്ദര്യമുണ്ട്. ആ അര്‍ത്ഥത്തില്‍ വായനയുടെ വസന്തം തീര്‍ക്കുന്ന രചനയാണ് സുലേഖ അജിയുടെ കന്നി പുസ്തകമായ വെള്ളാരങ്കല്ലുകള്‍.
അവതാരിക: പ്രേമന് ഇല്ലത്ത്
ആമുഖം
സ്വന്തമായി ഒരു പുസ്തകം എന്ന എന്റെ ചിരകാല ആഗ്രഹം ഇവിടെ പൂവണിയുകയാണ്.
ഒരു നഴ്സ് എന്ന നിലയില്‍ എന്നെ സ്പര്‍ശിച്ച കുറച്ച് അനുഭവങ്ങള്‍ കല്പനകള് കൊണ്ട് ചായം നിറച്ച് ആരുടെയും സ്വകാര്യതകള്‍ക്ക് ഭംഗം വരുത്താതെ നിങ്ങളുടെ മുന്നിലേക്കെത്തിക്കുകയാണ്.
ചൂണ്ടുവിരല്‍ തുമ്പിനാല്‍ മണല്‍ത്തരികളിലൂടെ അക്ഷരങ്ങളുടെ ലോകത്തേക്ക് കൈപിടിച്ചു നടത്തിയ കൃഷ്ണന് ആശാനും വായനയുടെ വര്‍ണ്ണ പ്രപഞ്ചത്തിലേക്ക് നയിച്ച പ്രിയപ്പെട്ട അച്ഛനും, എന്റെ ഓരോ എഴുത്തുകളുടെയും കേള്‍വിക്കാരായി എന്നെ പ്രോത്സാഹിപ്പിച്ച അജി അണ്ണനെയും അര്‍ജുനെയും പോപ്പിയെയും, എഴുതുവാന്‍ പ്രോത്സാഹിപ്പിച്ച സുഹൃത്തുക്കളെയും, കുവൈറ്റ് മിനിസ്ട്രിയെയും, എന്റെ ലേബര്‍റൂം കുടുംബത്തെയും, സര്‍വോപരി പരമകാരുണികനായ ദൈവത്തെയും സ്മരിച്ചുകൊണ്ട് എന്റെ ആദ്യ പുസ്തകം ‘വെള്ളാരങ്കല്ലുകള്‍’ നിങ്ങള്‍ക്ക് മുന്നില്‍ സമര്‍പ്പിക്കുന്നു.
ഇതിനായി എല്ലാ സഹായങ്ങളും ചെയ്തു കൂടെനിന്ന് അവതാരിക എഴുതിയ പ്രേമന് ഇല്ലത്ത് മാഷിനോടും, ബിജു മാഷിനോടും, ലിപി പബ്ലിക്കേഷന്‍സിനോടും, പുസ്തക പ്രകാശനത്തിനു അവസരം നല്കിയ ‘സാരഥി കുവൈറ്റിനോടും’ എന്റെ നന്ദി അറിയിക്കുന്നു.
സസ്നേഹം…
സുലേഖ അജി
അവതാരിക
സൃഷ്ടിയുടെ വെള്ളാരങ്കല്ലുകള്‍
പ്രേമന് ഇല്ലത്ത്
പിറവി, അഥവാ ‘സൃഷ്ടി’ ധ്വനിപ്പിക്കുന്നത് ജനനമാണ്. മാതൃത്വത്തിന്റെ ജീവന് ഊറ്റിയെടുത്താണ് അത് സംഭവിക്കുന്നത്. സ്നിഗ്ധമായ ആ ജൈവാത്മകസന്ധിയുടെ പ്രഭവം, മറികടക്കാനാവാത്ത നൊമ്പരമാണ്. സര്‍ഗ്ഗാത്മകതയുടെ ഈ ആത്മനൊമ്പരത്തിന്റെ ഹൃദയഹാരിയായ ആവിഷ്കാരമാണ് സുലേഖ അജി എന്ന എഴുത്തുകാരിയുടെ കന്നി പുസ്തകമായ ‘വെള്ളാരങ്കല്ലുകള്‍’ അനുഭവവേദ്യമാക്കുന്നത്.
സ്മൃതിയുടെ ഇരുട്ടും വെട്ടവും നിറഞ്ഞ ജീവിതത്തിന്റെ ഇടനാഴികകളിലൂടെ ഗൃഹാതുരതയുടെ വെള്ളാരങ്കല്ലുകള്‍ തേടിയുള്ള ഒരു യാത്രയാണിത്. ആതുരസേവനത്തിന്റെ സ്നേഹസാന്ദ്രമായ വെട്ടം കൊളുത്തിവെച്ച്, ലോകമാനവികതയെ ഭ്രമിപ്പിച്ച, ഫ്ളോറന്‍സ് നൈറ്റിംഗേലിന്റെ റാന്തലിനൊപ്പമുള്ള ഒരു അനുയാത്രയുടെ അക്ഷരപ്പെടല്.
ആത്മനിഷ്ഠമായ ഈ ഓര്‍മ്മക്കുറിപ്പുകള്‍ക്ക് ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും സ്നേഹത്തിന്റെയും വിമലീകരിക്കപ്പെട്ട ലാവണ്യസൗന്ദര്യമുണ്ട്.
ക്ലോറിന്റെയും, ഡെറ്റോളിന്റെയും മണം പരക്കുന്ന തണുത്ത ചുവരുകള്‍ക്കിടയില്‍ രോഗിയും നഴ്സും പിന്നെ ദൈവവും മാത്രം ബാക്കിയാവുന്ന സന്നിഗ്ദ്ധതയില്‍, ആരും കൊളുത്തിവെക്കാതെ തന്നെ മുനിഞ്ഞു കത്തുന്നൊരു വെട്ടത്തിലാണ് ആതുരസേവനത്തിന്റെ സഹനവേഗങ്ങള് കരുത്താര്‍ജ്ജിക്കുന്നത്.
ഏകാന്തതയുടെ ഗര്‍ത്തങ്ങളില്‍ ആരുടെയൊക്കെയോ പ്രാര്‍ത്ഥനാ മൗനങ്ങളില്‍ ഇറ്റിറ്റുവീഴുന്ന വേപഥുക്കളുടെ രാത്രിമഴകള്‍ സാന്ത്വനമാകുമ്പോഴും ഈ രാത്രിയിരുണ്ട് വെളുപ്പ് പരക്കാതായിപ്പോകുമോയെന്ന് സംന്ത്രാസപ്പെട്ടുപോകുന്ന നിമിഷങ്ങളുടെ കൂട്ടുകാരികളുമായ നഴ്സ് ജീവിതത്തിന്റെ സംഗ്രഹം കൂടിയാണ് സുലേഖ അജി കാല്‍പ്പനികതയുടെ സര്‍ഗ്ഗസിദ്ധിയില്‍ വരച്ചിടുന്നത്.
ഐ.സി.യു.വില്‍ ആദ്യമരണക്കാഴ്ചയ്ക്ക് സാക്ഷിയാവേണ്ടിവന്ന ദുര്‍നിമിഷം മുതല്‍ ലോറയെന്ന പെണ്‍കുട്ടിയുടെ പ്രസവം വരെയുള്ള വായനയുടെ ആര്ദ്രവീഥികള് ഉള്ളുലയ്ക്കുന്നതാണ്. പ്രസവകിടക്കയിലെത്തിയ പെണ്‍കുട്ടി സ്വതേ സുന്ദരിയായിട്ടും, അമിതമായി മേക്കപ്പിട്ട് പ്രസവിക്കാനെത്തിയതില് അനിഷ്ടം പ്രകടിപ്പിച്ചതും അവളുടെ ശുഷ്ക്കിച്ചുപോയ കാലുകള്‍ കണ്ടപ്പോള്‍ ഹൃദയം പൊടിഞ്ഞുപോയതും, പിന്നീട് ലോറ അവളുടെ കദനകഥ പറഞ്ഞുവെയ്ക്കുന്നതും സുലേഖ വായനക്കാരെ അനുഭവിപ്പിക്കുകയാണ്.
രണ്ടല്ല, ഏതാനും തൂവലുകള്‍ നഷ്ടപ്പെട്ടാലും പക്ഷികള്‍ പറക്കാതിരിക്കുന്നില്ല. പരാജയങ്ങള്‍ ഒരു കുറവല്ല, അത് മുന്നോട്ടു തന്നെ പോകാനുള്ള ഊര്ജ്ജസ്ഥലിയാകണമെന്ന് ലോറ പറയുന്നത് വായനയെ അവിസ്മരണീയമാക്കുന്നു.
കയ്പ്പേറിയ കുടുംബജീവിതത്തിന്റെ തിളച്ചുമറിയലില്‍ ഒറ്റപ്പെട്ടു ശബ്ദം നിലച്ചുപോയ ‘സിനി’യുടെ ജീവിതകഥയും ഉള്ളുലയ്ക്കുന്നതാണ്.
നഴ്സിംഗ് പഠനത്തിന്റെ ആദ്യനാളുകളിലെ കൗതുകങ്ങള്‍ മുതല്‍ നാട്ടിലേയും കുവൈറ്റിലേയും ആതുരാലയങ്ങളില്‍ തണുത്തുറഞ്ഞുപോയ അനുഭവങ്ങളുടെ വീണ്ടെടുക്കല്‍ കൂടിയാവുന്നു വെള്ളാരങ്കല്ലുകള്‍.
”വിശന്നുവലഞ്ഞുവരുന്ന ഏതൊരന്യനും ഒരു ചായ കുടിക്കാനുള്ള കാശ് കൊടുക്കാന്‍ ഒരിക്കലും മടിക്കരുതെന്ന്” ഉപദേശിച്ച പിതാവിന്റെ ഉണ്മയേറിയ വാക്കുകള്‍ മുറുകെ പിടിക്കുന്ന സഹജീവിബോധം, സുലേഖ അജിയുടെ എഴുത്തിന്റെ അകംപൊരുളാണെന്ന സാക്ഷ്യപ്പെടുത്തല്‍ കൂടിയാണ് വെള്ളാരങ്കല്ലുകള്‍.















6 reviews for VELLARANGALLUKAL Stories by SULEKHA AJI