ഖുര്‍ആന്‍ കഥ പറയുന്ന ഗ്രന്ഥമല്ല; ജീവിതപാഠങ്ങളാണ് അതിന്റെ മുഖ്യ ഉള്ളടക്കം. മനുഷ്യന്റെ ജീവിതവിജയത്തിനു വേണ്ട സന്മാര്‍ഗ നിര്‍ദേശങ്ങളും പാഠങ്ങളും വിജ്ഞാനങ്ങളും തത്വദര്‍ശനങ്ങളും ഉള്ളടക്കം ചെയ്തിട്ടുള്ള അത്യപൂര്‍വമായ അക്ഷരഖനിയാണത്.
അത്യുന്നതമായ മാനുഷിക സംസ്‌കാര-നാഗരികതകള്‍ രൂപപ്പെടുത്തുന്നതിനു വേണ്ട ശാശ്വത നിര്‍ദേശങ്ങള്‍ ഒരുവശത്ത്. വിശുദ്ധിയുടെയും ത്യാഗത്തിന്റെയും സഹനത്തിന്റെയും അത്യുദാത്തമായ പൂര്‍വമാതൃകകളും, ദൈവീകമായ സഹായത്തിന്റെയും കോപത്തിന്റെയും നിഷ്‌കൃഷ്ടമായ നീതിനിര്‍വഹണത്തിന്റെയും അത്യസാധാരണമായ ചരിത്രമുഹൂര്‍ത്തങ്ങളും മറ്റൊരുവശത്ത്. മനുഷ്യധിഷണയെ എന്നുമെന്നും ചിന്തിപ്പിക്കുകയും പ്രചോദിപ്പിക്കുകയും പുതിയ ഉള്‍ക്കാഴ്ചകളിലേക്കും അന്വേഷണങ്ങളിലേക്കും കണ്ടെത്തലുകളിലേക്കും നയിക്കുകയും ചെയ്യുന്ന ജ്ഞാനത്തിന്റെ ആഴങ്ങളും അടരുകളും ഇനിയുമൊരുവശത്ത്….. ഇങ്ങനെ ഖുര്‍ആന്റെ പ്രതിപാദ്യത്തിന് പല തലങ്ങളുണ്ട്.
ഖുര്‍ആന്‍ ചിലപ്പോള്‍ നിര്‍ദേശങ്ങള്‍ മുമ്പോട്ടുവെക്കുന്നു. ചിലപ്പോള്‍ തത്വദര്‍ശനങ്ങള്‍ വിവരിച്ചുപോകുന്നു. ചിലപ്പോള്‍ വിദൂര ചരിത്രത്തില്‍നിന്ന് പ്രവാചകന്മാരുടെയും വിശുദ്ധരുടെയും കുറ്റവാളികളുടെയും അഹങ്കാരികളുടെയുമൊക്കെ വൈവിധ്യപൂര്‍ണമായ ജീവിതാനുഭവങ്ങളെ നമുക്കുമുമ്പില്‍ നിരത്തിവെക്കുന്നു-ജീവിച്ചിരിക്കുന്നവര്‍ക്കുള്ള പാഠങ്ങളായിട്ട്.
മറ്റൊരു വഴിയിലൂടെയും ലഭിക്കാന്‍ ഇടയില്ലാത്തവയാണ് അത്തരം പല ചരിതങ്ങളും. അവ ഖുര്‍ആന്റെ മഹത്വത്തിന്റെയും അമാനുഷികതയുടെയും തെളിവുകൂടിയാണ്. ഖുര്‍ആനില്‍ പലേടത്തായി ഇങ്ങനെ പരാമര്‍ശിച്ചുപോയ ചരിതങ്ങളില്‍ ചിലതാണ് ‘ഖുര്‍ആന്‍ പറഞ്ഞ കഥകള്‍’ എന്ന പേരില്‍ ഈ കൃതിയില്‍ പുനരാവിഷ്‌കരിച്ചിരിക്കുന്നത്. ഖുര്‍ആന്‍ പറഞ്ഞുപോയ സംക്ഷിപ്ത ചരിതങ്ങളെ അംഗീകൃത വ്യാഖ്യാനങ്ങളുടെ വെളിച്ചത്തില്‍, ഭാവനയുടെ അകമ്പടിയില്ലാതെ, സാധാരണ വായനക്കാര്‍ക്കുവേണ്ടി പുനരാനയിക്കുക മാത്രമാണ് ഇവിടെ ചെയ്തിട്ടുള്ളത്. ഭാഷ കഴിവതും ലളിതവും വിവരണം സംക്ഷിപ്തവുമാക്കാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്.
മനുഷ്യവര്‍ഗത്തിന് മഹത്തായ പാഠങ്ങള്‍ പ്രദാനംചെയ്യുന്ന ഖുര്‍ആന്‍ കഥകള്‍ മുസ്‌ലിംകള്‍ക്കു മാത്രമുള്ളതല്ല. അതുകൊണ്ടുതന്നെ, മത-ജാതി ഭേദമന്യെ എല്ലാതരം വായനക്കാര്‍ക്കും വേണ്ടിയാണ് ഈ പുസ്തകം ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഖുര്‍ആന്‍ മുമ്പോട്ടുവെക്കുന്ന ഈ അനശ്വരപാഠങ്ങള്‍ ഹൃദയത്തില്‍ ഉള്‍കൊള്ളാനും അതിലൂടെ ഉദ്ദേശിക്കപ്പെടുന്ന മഹിതസംസ്‌കാരത്തിന്റെ വിതാനങ്ങളിലേക്ക് സ്വന്തം ജീവിതത്തെ ഉയര്‍ത്തുവാനും ഇതിന്റെ വായനക്കാര്‍ക്കു കഴിയട്ടെ എന്ന് ആഗ്രഹിച്ചുകൊണ്ടും ആശംസിച്ചുകൊണ്ടും കഥകളിലേക്ക് സ്വാഗതം..
Reviews
There are no reviews yet.