മുരുകന്റെ രാത്രി യാത്രകള്‍
(കഥാസമാഹാരം)
വിശ്വനാഥന്‍ പി.വി.
‘മുരുകന്റെ രാത്രി യാത്രകള്‍’ എന്ന വിശ്വനാഥന്റെ പുതിയ കഥാസമാഹാരത്തിലെ കഥകളില്‍, കഥാതന്തു കടന്നുപോകുന്ന വഴികളില്‍ എനിക്കു കാണാന്‍ കഴിഞ്ഞ സാമ്യമാണ് എന്നെ വഴിനടത്തിയത്. കഥകള്‍ പതിനൊന്നാണെങ്കിലും മൂന്നു തരം അന്തര്‍ധാരകള്‍ അവയില്‍ കണ്ടെത്താനാകും. തികച്ചും വൈയക്തികമായ അനുഭവതലമാണ് അതിലൊന്ന്. ഭ്രമാത്മകമായതോ (Fantasy) അതിന്റെ സ്പര്‍ശമുള്ളതോ ആയ തലമാണ് മറ്റൊന്ന്. സമൂഹത്തിന്റെ ഉള്‍പ്പിരിവുകള്‍ക്കു ള്ളിലൂടെ നമ്മെ കൊണ്ടുപോകുന്നതാണ് മൂന്നാമത്തേത്.
മറ്റൊരാളുടെ ആസ്വാദനം ഇതേപാതകള്‍ പിന്തുടര്‍ന്നാകണമെന്നേയില്ല. പക്ഷേ, വായിക്കുന്നവരൊക്കെയും യോജിക്കുമെന്ന് വിശ്വാസമുള്ള ഒരു കാര്യമുണ്ട്- ആഴത്തിലും പ്രതലത്തിലും സഞ്ചരിക്കാനുള്ള ‘ഇടം’ (Space) തരുന്ന കഥകളാണ് ഈ പുസ്തകത്തില്‍. അതുകൊണ്ടുതന്നെ ‘മുരുകന്റെ രാത്രി യാത്രകള്‍’ നമുക്ക് പ്രിയപ്പെട്ട കഥാസമാഹാരമായിരിക്കും.
എസ്. ഹരിശങ്കര്‍
(അവതാരികയില്‍ നിന്ന്)
അവതാരിക
‘മുരുകന്റെ രാത്രി യാത്രകള്‍ക്ക്’
ഒരു സഹയാത്ര
അക്കങ്ങളിലൂടെ അക്ഷരങ്ങളിലേക്കോ, തിരിച്ചോ സഞ്ചരിക്കാനാകുമോ? ജീവിതത്തില്‍ പലപ്പൊഴും അതിന്റെ ആവശ്യമുണ്ടാകാറില്ല, തീരെയും എന്നല്ല. പോക്കുവരവിനായി സ്ഥിരമായി ഒരു വഴി വെട്ടിയിടേണ്ടിവരാറില്ല, പലര്‍ക്കും. എന്നാല്‍ ‘പലരില്‍’ എല്ലാവരും പെടില്ലല്ലോ! അങ്ങനെ പെടാത്ത ചിലര്‍ നിര്‍ഗ്ഗമന മാര്‍ഗങ്ങള്‍ തേടി അലയുന്നവരാകും, തുറക്കുന്നവരും. വിശ്വനാഥനെ ഞാന്‍ അക്കൂട്ടത്തില്‍ പെടുത്തുകയാണ്. എന്റെ മാതൃസ്ഥാപനമായ എസ്.ബി.റ്റിയില്‍ സഹപ്രവര്‍ത്തകന്‍, സങ്കീര്‍ണ്ണമായ കോര്‍പ്പറേറ്റ് ക്രെഡിറ്റില്‍ അതിവിദഗ്ദ്ധന്‍, തികഞ്ഞ ഒരു പ്രൊഫഷണല്‍ ബാങ്കര്‍ – ഇങ്ങനെ പദാവലിയില്‍ നിന്നും പല വിശേഷണങ്ങളും അദ്ദേഹത്തിന് നന്നായി ചേരും. പക്ഷേ, അതില്‍നിന്നൊക്കെവേറിട്ടു നില്‍ക്കുന്ന ഒരു വിശേഷണമാണ് ഇവിടെ യോജിക്കുക. ഒരു നല്ല കഥാകൃത്ത്.
ചുറ്റുമുള്ള ജീവിതങ്ങളില്‍നിന്നും നമ്മുടെയൊക്കെ ശ്രദ്ധ പതിയാതെ പോകുന്ന കാര്യങ്ങള്‍ ഒപ്പിയെടുത്ത്, മനസ്സിന്റെ ഉലയിലിട്ട് നീറ്റി, അവയ്ക്കു് മുന്നിലും പിന്നിലും നടന്നിരിക്കാനിടയുള്ള സംഭവങ്ങളിലൂടെ നടന്നു ചെന്ന്, പ്രേരകമായിത്തീര്‍ന്നിരിക്കാവുന്ന ചിന്തകളുടെ സഹചാരിയായി, എന്ത് -ആരിലൂടെ-എത്രമാത്രം എന്നീ ചോദ്യങ്ങള്‍ക്ക് ചേരുന്ന കഥാപാത്രങ്ങളെ സൃഷ്ടിച്ച്, സന്നിവേശിപ്പിച്ച് ആദി-മദ്ധ്യാന്തമുള്ള നല്ല കഥകള്‍ എഴുതുന്ന ഒരാള്‍! അതും കൂടിയാകുമ്പൊഴേ വിശ്വനാഥനെ നമുക്ക് ഏറെക്കുറെ മനസ്സിലാക്കാനാകൂ.
‘മുരുകന്റെ രാത്രിയാത്രകള്‍’ പതിനൊന്നു കഥകള്‍ അടങ്ങുന്ന അദ്ദേഹത്തിന്റെ രണ്ടാമത്തെ സമാഹാരമാണ്. സുഹൃത്തായ വിശ്വനാഥനില്‍ നിന്നും കഥാകൃത്തായ വിശ്വനാഥനെ കണ്ടെത്താനുള്ള എന്റെ യാത്രയാണ് ഈ കുറിപ്പ്. ഇടയ്ക്കു തങ്ങിയും, കഥാപാത്രങ്ങളുമായി സംവദിച്ചും, അവരുടെ ചെയ്തികളെ ചിലപ്പോഴൊക്കെ ചോദ്യം ചെയ്തും കടന്നു പോയ എന്റെ വായനാനുഭവം.
കഥകള്‍ പതിനൊന്നാണെങ്കിലും മൂന്നുതരം അന്തര്‍ധാരകള്‍ അവയില്‍ കണ്ടെത്താനാകും. തികച്ചും വൈയക്തികമായ അനുഭവതലമാണ് അതിലൊന്ന്. ഭ്രമാത്മകമായതോ (എമിമേ്യെ) അതിന്റെ സ്പര്‍ശമുള്ളതോ ആയ തലമാണ് മറ്റൊന്ന്. സമൂഹത്തിന്റെ ഉള്‍പ്പിരിവുകള്‍ക്കുള്ളിലൂടെ നമ്മെ കൊണ്ടുപോകുന്നതാണ് മൂന്നാമത്തേത്. വ്യക്തമായി പേരിട്ടു വിളിക്കാവുന്ന ഗണങ്ങളല്ല ഇവ മൂന്നും. എന്നാല്‍ വളരെ സൂക്ഷ്മമായി ഈ കഥകള്‍ നമ്മെ വഴിനടത്തുന്നത് ഈ വ്യത്യസ്ഥ പന്ഥാവുകളിലൂടെയാണെന്നതാണ് രചനാത്മകമായി നമുക്കു കണ്ടെത്താനാകുന്ന പ്രത്യേകത. പുസ്തകത്തില്‍ ഈ കഥകള്‍ ഏതു ക്രമത്തില്‍ വരുന്നു എന്നതനുസരിച്ച് അവയെക്കുറിച്ചു പ്രതിപാദിക്കാന്‍ മുതിരുന്നില്ല. എഴുത്തുകാരനും, വായനക്കാരനും സ്വതന്ത്രമായി പോകേണ്ട പാതകളില്‍ ആവശ്യമില്ലാത്ത ദിശാ സൂചികകള്‍ സ്ഥാപിച്ച് വഴികുഴക്കുന്നതുപോലെയാകും അത്. അതുകൊണ്ട് ക്രമനമ്പറുകളുടെ തടസ്സങ്ങളില്ലാതെ എന്റെ അനുഭവം എഴുതട്ടെ?
‘മ്മക്ക് മതിലു പൊളിക്കാ…’ എന്നു വടക്കന്‍ മലബാറിലെ സംസാര ശൈലിയില്‍ ഒരു കഥയുടെ തലക്കെട്ടുണ്ടാകുന്നത് രസകരമാണ്. പക്ഷേ അത്രയും പ്രത്യക്ഷത്തില്‍ മാത്രം. കഥയുടെ കാണാപ്പുറങ്ങളിലോ? ഭൂഗര്‍ഭത്തില്‍ നിന്നും ഉറന്നൊഴുകുന്ന ജലം ആരുടെ സ്വത്താണ്? നാലതിരു കല്ലുകള്‍ക്കുള്ളിലുള്ള ഒരു തുണ്ടു ഭൂമിയില്‍ ഒരു കിണറിന്റെ വൃത്താകാരത്തില്‍ വെളിപ്പെട്ടാല്‍ ഭൂവുടമ ആ ജലത്തിനും ഉടമയായിത്തീരുമോ, ഉറവ മറ്റെവിടെയോ ആണെന്നിരിക്കിലും? ഈ ചോദ്യമൊന്നും ഈ കഥ വാക്കുകളാല്‍ നമ്മോടു ചോദിക്കുന്നില്ല. ഒരേ മതിലിനിപ്പുറം നബീസുമ്മയുടെ കിണറില്‍ വേനലിലും വറ്റാതെ വെള്ളവും, അപ്പുറം രാജേഷിന് വറ്റിയ കിണറും! ജലത്തിന്റെ ഉത്ഭവം, ഉപഭോഗം, ഉടമസ്ഥത എന്നിവയെക്കുറിച്ചൊക്കെ ചില കാതലായ ചോദ്യങ്ങള്‍ ഈ വൈരുദ്ധ്യം ഉന്നയിക്കുന്നു – പരോക്ഷമായി. എന്നാല്‍ ‘മ്മക്ക് മതിലു പൊളിക്കാ…’ എന്ന് നബീസുമ്മ രാജേഷിനെ സമാധാനിപ്പിക്കുമ്പോള്‍ അത് ശക്തമായ ഒരാഹ്വാനമായാണ് സമൂഹത്തിനാകെ കേള്‍ക്കാറാവുക. അക്ഷാംശ-രേഖാംശങ്ങളായി ഭൂമിയെ അളന്നു തിരിച്ച് തിട്ടപ്പെടുത്തി അതില്‍ രാജ്യങ്ങളെ അടയാളപ്പെടുത്തി, വിശ്വാസങ്ങളുടെ വേലിക്കെട്ടുകള്‍ക്കുള്ളില്‍ ജനതയെ തളച്ചിട്ട്, ഞാന്‍ എന്റെയെന്ന് ചുരുക്കുന്ന പ്രതിലോമ ചിന്താധാരക്കെതിരെയുള്ള മുന്നറിയിപ്പാണ് ഈ കഥ.
വളരെ സാര്‍വത്രികവും, അതിനാല്‍ ജനകീയവുമായ ഒരു തീന്‍ വിഭവം മോഷണം പോകുന്നിടത്താണ് ‘പരിപ്പു വടയും തങ്കതിരുമുഖവും’ എന്ന കഥ തുടങ്ങുന്നത്. സാധാരണപോലെ പൊയ്‌ക്കൊണ്ടിരിക്കുന്ന ജീവിതത്തില്‍ പൊടുന്നനെ മാറ്റങ്ങളുണ്ടാക്കാന്‍ പൊട്ടിവീഴുന്ന വിശ്വാസങ്ങള്‍ക്ക് കഴിയും എന്ന് കാലം ഏറെത്തവണ തെളിയിച്ചിട്ടുള്ളതാണ്. അവിടെയാണ് കഥയുടെ ആദ്യ സംഘര്‍ഷം. വിശ്വാസ സംരക്ഷണത്തിന് പുലര്‍ത്തേണ്ടിവരുന്ന ആചാരങ്ങള്‍, അവ നടപ്പാക്കാന്‍ മാത്രമുള്ള കൈകാര്യക്കാര്‍, പിന്തുടര്‍ന്നെത്തുന്ന, വളരുന്ന വിശ്വാസി സമൂഹം, എല്ലാ വളര്‍ച്ചയിലും വിനിമയമുണ്ടെന്നും, എല്ലാ വിനിമയത്തിലും ലാഭം ഒളിഞ്ഞുകിടപ്പുണ്ടെന്നും കണ്ടറിയാന്‍ കെല്പുള്ള വണിക്കുകള്‍ അങ്ങിനെ കഥ വളരുമ്പോള്‍ രണ്ടാമത്തെ ആശയ സംഘര്‍ഷം പിറക്കുന്നു! മാറ്റങ്ങള്‍ ചെറുത്തുനിന്ന ജനകീയ തീന്‍ വിഭവമായ പരിപ്പുവട മത്സരത്തില്‍ പിന്തള്ളപ്പെട്ട്, മൂല്യമിടിഞ്ഞ്, നിലനില്‍പിനായി പാടുപെടുന്നു. പക്ഷേ, അപ്പോഴും അതിനെ മാത്രം സ്‌നേഹിച്ച്, മുറുകെപ്പിടിച്ച് മാറാതെ നില്‍ക്കുന്ന ചില സ്ഥായീഭാവക്കാര്‍ക്കായി ആ വിഭവം നിലകൊള്ളുന്നു. ഒരു ദിവസം എല്ലാ പ്രതീക്ഷകളും തകര്‍ത്ത് അതില്ലാതായാല്‍ – അതും ഇല്ലാതായതല്ല, മോഷ്ടിക്കപ്പെട്ടാല്‍? (മോഷ്ടിക്കപ്പെട്ടുവെന്നാല്‍ ‘എന്നില്‍’ നിന്നും സമ്മതം കൂടാതെ എടുത്തു മറ്റൊരാളിന്റെ മുതലാക്കി മാറ്റി എന്നര്‍ത്ഥം!) പ്രത്യക്ഷത്തില്‍ നിരന്തരം തിരസ്‌കരിക്കപ്പെട്ടു എന്ന് തോന്നിപ്പിച്ചെങ്കിലും ‘അസാന്നിദ്ധ്യത്തിലെ സാന്നിദ്ധ്യമായി’ പരിപ്പുവട നമ്മുടെ മുന്നില്‍ത്തന്നെ നില്‍ക്കുകയാണ്. നഷ്ടങ്ങളില്‍ മാത്രം ഒരുമിക്കുന്ന നാം ചിതറിക്കിടന്ന ദൂരങ്ങള്‍ താണ്ടി സംരക്ഷകരുടെ മേലങ്കിയുമണിഞ്ഞു വീണ്ടും അണി ചേരുന്നു. ചക്കു കാള വട്ടം ചുറ്റുന്നതുപോലെ സംഭവങ്ങള്‍ ആവര്‍ത്തിച്ചേക്കാം എന്ന സൂചനയുമായി കഥ നമ്മെ വിട്ടു പോകുന്നു. വ്യവസ്ഥിതിയെ, സഹജഭാവമായ ഉപേക്ഷയെ, പരിരക്ഷണമെന്ന പുറംകുപ്പായത്തെയൊക്കെ നിശിതമായി വിമര്‍ശിക്കുന്ന കഥയണ് ‘പരിപ്പുവടയും തങ്ക തിരുമുഖവും’.
ഏതു ഭാഷയിലായാലും ചില പദങ്ങളുടെ സംഗമം വ്യതിരിക്തമായ അര്‍ത്ഥങ്ങള്‍ പകരാന്‍ കെല്പുള്ളതാണ്. ‘നമ്മുടെ ആളാണെന്നോ’, ‘ഞാന്‍ നോക്കിക്കൊള്ളാമെന്നോ’, ‘നമുക്ക് കടപ്പാടുണ്ടെന്നോ’ അങ്ങനെ പല രീതിയില്‍ ശബ്ദങ്ങള്‍ ഒരുമിക്കാം. സമൂഹത്തിന്റെ വര്‍ത്തമാനകാല ചെയ്തികളുടെ നാള്‍വഴിയില്‍ അവയ്ക് ധ്വന്യാത്മകമായ അര്‍ത്ഥ പരിണാമം സംഭവിച്ചിരിക്കുന്നു. ‘മാളത്തിലെ എലികള്‍’ എന്ന കഥയിലെ ചില പദപ്രയോഗങ്ങള്‍ നമ്മെ ഒരു പരോക്ഷതലത്തിലേക്ക് കൂട്ടിക്കൊണ്ടു പോകാന്‍ പര്യാപ്തമാണ്. നാടുവാഴുന്ന രാഷ്ട്രീയ-സാമ്പത്തിക-സാംസ്‌കാരിക-ബൌദ്ധിക മേല്‍ക്കോയ്മകള്‍ തങ്ങളെ നിലനിര്‍ത്താന്‍ പണിയിച്ചും, അണിയിച്ചും, അര്‍ത്ഥവും ആയുധങ്ങളും നല്‍കി പരിപോഷിപ്പിച്ചും ശക്തരാക്കി, ഉന്മൂലനത്തിനോളം കെല്‌പേറ്റിയ പലരെയും കുറിച്ചാണ് ഈ കഥ; എക്കാലവും മാളങ്ങളില്‍ മാത്രം പാര്‍ക്കാന്‍, ഒളിവില്‍ മാത്രമൊതുങ്ങാന്‍ വിധിക്കപ്പെട്ടവരുടെ… അവരുടെ ജീവിതത്തിന്റെ, മരണത്തിന്റെ കഥ! നമുക്കറിയാവുന്നവരുടെ, പലപ്പോഴും നമ്മുടേതും.
ഈ മൂന്നു കഥകളിലും സമൂഹത്തില്‍ ഇന്ന് പ്രബലമായിക്കൊണ്ടിരിക്കുന്ന ചിന്തകളുടെയും, അവയിലൂന്നിയുള്ള ചെയ്തികളുടെയും വിശകലനമുണ്ട്. ഒച്ചവെച്ചു പറയാതെ പരാമര്‍ശങ്ങളിലൂടെ കഥാകൃത്ത് നമ്മെയും ആ വഴി ഒന്നു പോയിവരാന്‍ പ്രേരിപ്പിക്കുന്നു. നമ്മുടെ ചിന്തയുടെ ‘സര്‍ക്യൂട്ടുകളിലും’ അതേ പ്രസരമെത്തുന്നു.
ഈ സമാഹാരത്തില്‍ ഇതുപോലെയുള്ള കഥകള്‍ ഇനിയുമുണ്ടോ? ആ ചോദ്യത്തിനുത്തരം പറയാതെ വിടുകയാണ്, ആസ്വാദകന് അതു കണ്ടെത്താനും, യോജിക്കാനും, വിയോജിക്കാനും കഴിയും എന്നതുകൊണ്ട്.
ഈ സമാഹാരത്തിലെ ചില കഥകള്‍ തികച്ചും വൈയക്തിക തലങ്ങളെ സ്പര്‍ശിക്കുന്നവയാണ്. ‘മഞ്ചാടി മുത്തശ്ശിയും നാരങ്ങാ മിഠായികളും’ അതാണോര്‍മ്മിപ്പിച്ചത്. നമ്മുടെ ബാല്യകാലത്തിന്റെ പടിവാതില്‍ തുറന്നാണ് മുത്തശ്ശി വരുന്നത്, മധുരം തന്ന് വിജയത്തിന്റെ മധുരം ആസ്വദിക്കാന്‍ പ്രേരിപ്പിക്കുന്നത്, തോല്പിച്ചു ജയിക്കാനല്ല – അവനവനെ ജയിക്കാന്‍ ശീലിപ്പിക്കുന്നത്. ഞാനും, എന്റെ കുടുംബവും, വാതിലിന്റെ തഴുതും എന്നു ചുരുങ്ങുന്ന ബന്ധങ്ങള്‍ക്ക്, കാലവും ദൂരവും താണ്ടി നമ്മെ കൂട്ടിയിണക്കുന്ന കണ്ണിയായിത്തീരാന്‍ കരുത്തുണ്ടെന്ന് വിശ്വസിപ്പിക്കുന്നത്. അശരണരായി, തികച്ചും ഒറ്റപ്പെട്ടു പോകുന്നവരുടെ പാര്‍പ്പിടമായിത്തീരുന്ന ഇന്നത്തെ ലോകത്തില്‍ മുറുകെപ്പിടിക്കാവുന്ന, പ്രത്യാശ തരുന്ന ഈ കഥ ഒരാശ്വാസമാണ്, ഒരു കീറ് വെളിച്ചമാണ്.
ഭ്രമവും ഭാവനയും ഒന്നല്ലെന്നറിയുമ്പോഴും അവ പരസ്പരം അതിര് ലംഘിക്കുന്നതെവിടെയൊക്കെ എന്ന് മുന്‍കൂട്ടിയറിയാന്‍ കഴിയാറില്ല. ഒരു വേള ജീവിതത്തിന്റെ താളക്രമം തെറ്റാതിരിക്കാന്‍ ഈ കലരലിനും മാത്രകള്‍ കൊടുത്തിട്ടുണ്ടാകാം. അതു ജീവിതത്തിന്റെ കഥ. എന്നാല്‍ ഭ്രമാത്മക രചനകള്‍ പലതും ഭാവനയിലേക്ക് വല്ലാതെ കടന്നു കയറ്റം നടത്താറുണ്ട്. ഇത്രത്തോളം എന്നു നിയമങ്ങളൊന്നുമില്ലാത്തതിനാല്‍ അത്തരം ഉല്ലംഘനങ്ങള്‍ അളക്കുക എളുപ്പമല്ല. മനസ്സ് സഞ്ചരിക്കുന്നത് നിയതമായ പാതകളിലൂടെയാവണം എന്നില്ലല്ലോ. ആസ്വാദനം മെച്ചപ്പെടുത്തുന്നുവെങ്കില്‍ അത്തരം സൃഷ്ടികള്‍ അംഗീകരിക്കപ്പെടാറുമുണ്ട്.
ഭ്രമാത്മക രചനയോട് പല ദൂരങ്ങളില്‍ അടുത്തു നില്‍ക്കുന്ന കഥകളും ഈ പുസ്തകത്തിലുണ്ട്. ‘മുരുകന്റെ രാത്രിയാത്രകള്‍’ അങ്ങിനെയുള്ള ഒരു രചനയാണ്. മുരുകനെക്കുറിച്ചാണ് പ്രത്യക്ഷത്തില്‍ കഥ. ഓട്ടോ ഓടിച്ചാണ് ജീവിക്കുന്നതെങ്കിലും തരം കിട്ടിയാല്‍ അന്യന്റെ ചെറിയ മുതലുകള്‍ കൈവശപ്പെടുത്താന്‍ അയാള്‍ക്ക് അടക്കാനാകാത്ത ഉള്‍പ്രേരണയുണ്ടായിപ്പോകുമത്രെ! നഷ്ടപ്പെട്ട മുതലിന്റെ എളുപ്പത്തിലുള്ള ലഭ്യതയും, താരതമ്യേന കുറഞ്ഞ മൂല്യവും ഉടമകളെ തുടരന്വേഷണങ്ങളില്‍ നിന്നും വിലക്കിയിട്ടുണ്ടാകാം. ഏതായാലും പിടിക്കപ്പെടാതെ തന്നെ ആത്മസാക്ഷാത്കാരത്തിനായി മാത്രം മുരുകന്‍ മോഷണം തുടര്‍ന്നു പോന്നിരുന്നു എന്നു് കഥാകൃത്ത് പറഞ്ഞുവയ്ക്കുന്നു. പക്ഷേ ഒരു രാത്രിയിലെ മോഷണ ശ്രമം മുരുകന്റെ ജീവിതത്തെ മാറ്റി മറിക്കുന്നു. വിടര്‍ന്ന രണ്ടു കുഞ്ഞിക്കണ്ണുകള്‍ അയാളെ വിടാതെ പിന്തുടരുന്നു.
‘എന്നെക്കൂടി എടുക്കാത്തതെന്ത്?’ എന്നു ചോദിച്ചു കൂടെ വന്നതുപോലെ, അന്യന്റെ മുതല്‍ തന്റെ മോഷണ വസ്തുവായി മാറിപ്പോയ മോഷ്ടാവും, വിലമതിക്കാനാകാത്തതെങ്കിലും, പുനര്‍ ലഭ്യതയില്ലാതിരുന്നിട്ടും നഷ്ടപ്പെട്ടത് വീണ്ടെടുക്കാനാകാതെ വരുന്ന ഉടമയും, തെളിയിക്കപ്പെടാത്ത മോഷണത്തിലെ നഷ്ട വസ്തുവായി, മോഷ്ടാവിന്റെതായി മാറിയ മുതലും തമ്മില്‍ ഉടലെടുക്കുന്ന ആത്മബന്ധമാണ് ഈ കഥയുടെ തന്തു. ഈയൊരാത്മബന്ധവും, അതിലേക്ക് നമ്മെ കൂട്ടിക്കൊണ്ട് പോകുന്ന ഭ്രമാത്കമായ അബോധതലവുമാണ് സാധാരണ രാത്രികളില്‍ നിന്നും മോഷണങ്ങളില്‍ നിന്നും ‘മുരുകന്റെ രാത്രിയാത്രകളെ’ വ്യത്യസ്ഥമാക്കുന്നത്.
രാത്രി, ഒരു പശ്ചാത്തലത്തിലുപരി കഥാപാത്രമായി വരുന്ന കഥയാണ് ‘പൂക്കള്‍, ചുവന്ന പൂക്കള്‍’. അത്ര സുഖകരമല്ലാത്ത സ്വപ്‌നം തടസ്സപ്പെടുത്തിയ രാവുറക്കത്തില്‍ നിന്നും എഴുന്നേറ്റ് രാജന്‍ ഉറക്കവും കാത്ത് തന്റെ മുകള്‍ മുറിയുടെ മുകപ്പില്‍ ചെന്നു നില്‍ക്കുമ്പോള്‍ കണ്ട കാഴ്ചയും അതിന്റെ തുടര്‍ച്ചയുമാണ് ഇതിവൃത്തം.
വളരെ അകലെയല്ലാതെ റെയില്‍ പാതയെന്ന സമാന്തരങ്ങള്‍ക്കുമപ്പുറം അര്‍ദ്ധ പ്രാപ്തിയോടെ ഇരുളിന് പൊരുള്‍ കൊടുക്കുന്ന നിശാ വിളക്കിന്റെ വെട്ടത്തില്‍ ഒരു പാര്‍പ്പിട സമുച്ചയത്തിന്റെ മുകപ്പുകളിലൊന്നില്‍ നിന്ന് വലിച്ചെറിയപ്പെടുന്ന തുണിപ്പൊതിയും, ആര്‍ത്തലച്ചു പിന്നാലെയെത്തി എടുത്തെറിയപ്പെടുന്ന നിശാവസ്ത്രമണിഞ്ഞ സ്ത്രീ രൂപവും രാജേഷിന്റെ ഉറക്കം മാറാത്ത കണ്ണുകള്‍ കാണുന്നു. കണ്ടതിന്റെ ഞെട്ടലില്‍ നിന്നുണരാതെ, അത്രയും ഭയങ്കരമായ ചെയ്തി നടന്നുവെങ്കില്‍ പരോക്ഷമായെങ്കിലും ഒന്നിടപെടാനാകാതെ, ഇരയെ രക്ഷിക്കാന്‍ ശ്രമിക്കാതെ രാജന്‍ വീണ്ടും ഉറക്കത്തിലേക്ക് മടങ്ങുകയാണ്.
അവള്‍ എടുത്തെറിയപ്പെടുന്നതിനും, ആര്‍ത്തലച്ചു കരയുന്നതിനും മുന്‍പും അവളെ അയാള്‍ കാണുന്നുണ്ടായിരുന്നു. അന്യയാണെന്നറിഞ്ഞുകൊണ്ടു തന്നെ, കാഴ്ച്ചയുടെ ഉദ്ദീപനം മാത്രം ഉദ്ദേശിച്ച്… അവള്‍ അപ്പോഴും കരയുന്നുണ്ടായിരുന്നോ? സമാന്തരങ്ങളിലൊന്ന്, മറ്റൊന്നിന്റെ കുറുകെ കടന്ന് മട്ടക്കോണില്‍ തിരിഞ്ഞ് എന്നപോലെ ഒരു അതിജീവനം അവള്‍ ആഗ്രഹിച്ചിരുന്നോ? നോട്ടം പതിയുന്നിടത്ത് ലക്ഷ്യമായി അവള്‍ വന്നു നിന്നതാണോ? തുടര്‍ന്നുള്ള രാജന്റെ രാത്രികളില്‍ ഈ ചോദ്യങ്ങള്‍ നമ്മെ അലട്ടുന്നു. കഥ ഭ്രമാത്മകമായ തലത്തിലെത്തുന്നു. രാജന്റെ പകലുകള്‍ സംഭവ്യതയുടെ അതിരടക്കത്തോടെ അപ്പൊഴും പുലര്‍ന്നണയുന്നു.
കാണുക എന്നാല്‍ എന്താണ് എന്ന ചോദ്യം ഈ കഥ നമ്മോടുന്നയിക്കുന്നു. നേത്രാന്തരപടലത്തില്‍ പ്രതിഛായ പതിയുന്നതോ, അതോ ചിന്തയെ പ്രകോപിപ്പിക്കും വിധമുള്ള അനുഭവാംശം പ്രദാനം ചെയ്ത് പിന്തുടരുന്നതോ? നിരാകരണത്തിന്റെ ന്യായീകരണമാണ് ഉറക്കം; ബോധത്തില്‍ നിന്നും അബോധത്തിലേക്കുള്ള മനഃപൂര്‍വമായ യാത്രയും കൂടിയാണത്, പലപ്പോഴും എന്ന് ഒരു താക്കീതോടെ ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു.
കഥാതന്തു കടന്നുപോകുന്ന വഴികളില്‍ എനിക്കു കാണാന്‍ കഴിഞ്ഞ സാമ്യമാണ് എന്നെ വഴിനടത്തിയത്. മൂന്നു ശ്രേണിയിലാക്കിയുള്ള തരംതിരിവൊന്നും ഓരോകഥയിലേയും ‘കഥ’ കണ്ടെത്തി ആസ്വദിക്കാന്‍ അനിവാര്യമല്ല എന്ന അറിവോടെയാണ് ഇവിടെ അത്തരത്തില്‍ ഒരു അപഗ്രഥനത്തിനു മുതിര്‍ന്നത്. മറ്റൊരാളുടെ ആസ്വാദനം ഇതേ പാതകള്‍ പിന്തുടര്‍ന്നാകണമെന്നേയില്ല എന്നും അറിയുന്നു. വായിക്കുന്നവരൊക്കെയും യോജിക്കുമെന്ന് വിശ്വാസമുള്ള ഒരു കാര്യമുണ്ട് – ആഴത്തിലും പ്രതലത്തിലും സഞ്ചരിക്കാനുള്ള ‘ഇടം’ (ടുമരല) തരുന്ന കഥകളാണ് ഈ പുസ്തകത്തില്‍. അതുകൊണ്ടു തന്നെ ‘മുരുകന്റെ രാത്രിയാത്രകള്‍’ നമുക്ക് പ്രിയപ്പെട്ട കഥാ സമാഹാരമായിരിക്കും.
എസ്. ഹരിശങ്കര്‍
Reviews
There are no reviews yet.