അ..അധ്യാപിക…അമ്മ
നവതിവേളയില്‍ പൊന്നാനിയുടെ ഗൗരി ടീച്ചര്‍ക്ക് അക്ഷരദക്ഷിണ
എഡിറ്റിംഗ്, ഏകോപനം
കൃഷ്ണകുമാര്‍ നാവാമുകുന്ദ,
ബാബു പി. രമേഷ്
വര
ഭാസ്‌ക്കര്‍ദാസ് വടക്കത്ത്
അക്ഷരദക്ഷിണയെപ്പറ്റി…
നവതി നിറവില്‍ എത്തിനില്‍ക്കുന്ന പൊന്നാനിയുടെ അധ്യാപിക മുത്തശ്ശി ഗൗരി ടീച്ചര്‍ക്ക് (ഞങ്ങളിരുവരുടേയും അമ്മയ്ക്ക്) തൊണ്ണൂറാം പിറന്നാള്‍ ദിനത്തില്‍ ശിഷ്യരും വേണ്ടപ്പെട്ടവരും ചേര്‍ന്നൊരുക്കുന്ന ഓര്‍മ്മപ്പൂച്ചെണ്ടാണ്… അക്ഷരദക്ഷിണയാണ് ഈ പുസ്തകം.
ഒരു ദേശത്തിന്റെ തന്നെ അധ്യാപികയുടെ ഏഴുപതിറ്റാണ്ടിലധികമായി പരന്നുകിടക്കുന്ന കര്‍മ്മമണ്ഡലവും ശിഷ്യരോടുള്ള മാതൃവാത്സല്യവുമാണ് നിരവധി പേരുടെ ഓര്‍മ്മകളില്‍ നിറയുന്നത്.
ഓര്‍മ്മത്തുണ്ടുകളുടെ ആല്‍ബം എന്നതിലുപരിയായി ഇത് ഒരധ്യാപികയുടെ ജീവചരിത്രം കൂടിയാണ്. നൂറില്‍പരം പേര്‍ ഒരേ മനസ്സോടെ പ്രിയഗുരുനാഥയ്ക്ക്, അമ്മയ്ക്ക് ആയുസ്സും ആരോഗ്യവും സമാധാനവും നേര്‍ന്നുകൊണ്ട് ഒരുമിച്ചെഴുതിയ ജീവചരിത്രം!
പൊന്നാനിയുടെ വിദ്യാഭ്യാസ, സാംസ്‌കാരിക ചരിത്രവും ഈ പുസ്തകത്തിലൂടെ അടുത്തറിയാനാവും. അതുകൊണ്ടുതന്നെ പൊന്നാനിത്തമുള്ള ഉചിതമായ പശ്ചാത്തലചിത്രങ്ങളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ചിത്രകാരന്‍ ടീച്ചറമ്മയുടെ പ്രിയ ശിഷ്യനാകയാല്‍ അക്ഷരദക്ഷിണ ഒരര്‍ത്ഥത്തില്‍ ‘വര’ദക്ഷിണ കൂടിയാണ്.
തുടര്‍ച്ചയായി വായിച്ചുപോകേണ്ട ഒരു പുസ്തകമല്ല ഇത്. അവതാരികയും, അവലോകനവും, പിന്‍കുറിപ്പും, ഏതാനും ചില തുടക്കക്കുറിപ്പുകളും വായിച്ചശേഷം… പിന്നെ ഇഷ്ടാനുസാരം അവിടുന്നും ഇവിടുന്നുമായി പലപ്പോഴായി വായിയ്ക്കുമ്പോഴായിരിയ്ക്കും ഒരു പക്ഷേ, ഇതിലെ ഉള്ളടക്കം കൂടുതല്‍ ഹൃദ്യമായി തോന്നുക.
പൊന്നാനിക്കാര്‍ക്ക് മാത്രമല്ല, പഴയകാല അധ്യാപകരെപ്പറ്റി ഗൃഹാതുര ഓര്‍മ്മകളുള്ള ഏതൊരാള്‍ക്കും ഈ പുസ്തകത്തോട് മമത തോന്നിയേയ്ക്കാം.
അതു കൂടാതെ ഇപ്പോഴത്തേയും വരുംതലമുറകളിലേയും അധ്യാപകര്‍ക്ക് വഴികാട്ടിയും, കൈപ്പുസ്തകവും, പ്രചോദനവുമാവാന്‍ ഈ പുസ്തകത്തിന് കഴിയുമെന്നും പ്രത്യാശിയ്ക്കുന്നു.
കൃഷ്ണകുമാര്‍ നാവാമുകുന്ദ
ബാബു പി. രമേഷ്
Reviews
There are no reviews yet.